പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 112 – ബോനിഫസ് VI (806-896)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം ഏപ്രിൽ 896 -ൽ പതിനഞ്ച് ദിവസം നീണ്ടുനിന്ന ചരിത്രത്തിലെ രണ്ടാമത്തെ ഹ്രസ്വമായ മാർപാപ്പ ഭരണമായിരുന്നു ബോനിഫസ് അഞ്ചാമന്റേത്. എ.ഡി. 806 -ൽ റോമിൽ ജനിച്ച് അവിടെ സ്കൂൾ വിദ്യാഭ്യാസവും വൈദികപരിശീലനവും പൂർത്തിയാക്കിയ ബോനിഫസ്, റോമിലെ വിവിധ ഇടവകകളിൽ സേവനം അനുഷ്ഠിച്ചതിനു ശേഷമാണ് ഈ സ്ഥാനത്തേക്ക് വരുന്നത്. ചരിത്രത്തിൽ ഏറ്റം ചുരുങ്ങിയ കാലം മാർപാപ്പ സ്ഥാനത്തിരുന്നയാൾ ഉർബൻ അഞ്ചാമൻ (1521-1590) മാർപാപ്പയാണ്. ഔദ്യോഗിക സ്ഥാനാരോഹണത്തിനു മുമ്പ് കാലം ചെയ്ത ഉർബൻ അഞ്ചാമൻ മാർപാപ്പയുടെ ഭരണം കേവലം പന്ത്രണ്ടു ദിവസം മാത്രമായിരുന്നു. ബോനിഫസ് മാർപാപ്പയുടെ ഭരണകാലയളവിനെക്കുറിച്ച് കാര്യമായ ചരിത്രരേഖകൾ നമുക്കിന്ന് ലഭ്യമല്ല.

ജോൺ എട്ടാമൻ മാർപാപ്പയുടെ കാലത്ത് രണ്ടു പ്രാവശ്യം ശിക്ഷണനടപടി നേരിടേണ്ടി വന്ന ആളാണെന്ന് ചില രേഖകളിൽ കാണുന്നു. ഒരിക്കൽ സബ്ഡീക്കൻ ആയിരുന്നപ്പോഴും പിന്നീട് പുരോഹിതനായിരുന്നപ്പോഴുമാണ് ഇത് സംഭവിച്ചത്. അതിന്റെ കാരണമെന്തെന്ന് എവിടെയും പറഞ്ഞുകാണുന്നില്ല. ഫോർമോസൂസ് മാർപാപ്പ കാലം ചെയ്തപ്പോൾ പെട്ടെന്ന് ഒരു പിൻഗാമിയെ തിരഞ്ഞെടുക്കാൻ സാധിക്കില്ല എന്നു ചിന്തിച്ച റോമിലെ ആളുകൾ കാലാപത്തിലേക്ക് നീങ്ങുന്ന അവസ്ഥ സംജാതമാക്കി. അങ്ങനെ സംഭവിക്കാതിരിക്കാൻ എ.ഡി. 896 ഏപ്രിൽ 4 -നോ, 11 -നോ ബോനിഫസ് അഞ്ചാമൻ മാർപാപ്പയുടെ തിരഞ്ഞെടുപ്പ് നടന്നു. അതിനു ശേഷം വന്ന ഞായറാഴ്ച അദ്ദേഹത്തിന്റെ സ്ഥാനാരോഹണവും നടത്തി. ഇറ്റലിയുടെ ഭരണാധികാരിയായ കരോലിന്ജ്യൻ ചക്രവർത്തി കരിന്ത്യയിലെ അർനുൾഫിന്റെ (850-899) ഭരണത്തോടുള്ള പ്രതിഷേധമായിട്ടും ഈ തിരഞ്ഞെടുപ്പിനെ കാണുന്നവരുണ്ട്. അദ്ദേഹത്തിന്റെ ഇടപെടൽ തിരഞ്ഞെടുപ്പിൽ ഉണ്ടാവാതിരിക്കാനാണ് ഫോർമുസൂസ് മാർപാപ്പ കാലം ചെയ്തയുടനെ ബോണിഫസിനെ മാർപാപ്പയായി തിരഞ്ഞെടുത്തത്.

മാർപാപ്പ ആകുന്നതിനു മുമ്പു തന്നെ സന്ധിവാതം ഉൾപ്പെടെയുള്ള കലശലായ രോഗങ്ങൾ അലട്ടിയിരുന്ന ആളായിരുന്നു ബോനിഫസ്. അതിനാൽ തന്നെ മാർപാപ്പയായി എന്തെങ്കിലും പ്രവർത്തിക്കുന്നതിനു മുൻപ് അദ്ദേഹം കാലം ചെയ്തു. അന്നത്തെ പതിവനുസരിച്ച് വി. പത്രോസിന്റെ നാമത്തിലുള്ള ബസിലിക്കയിലാണ് ബോനിഫസ് അഞ്ചാമൻ മാർപാപ്പയെ അടക്കിയിരിക്കുന്നത്. പിന്നീട് ജോൺ ഒൻപതാമൻ മാർപാപ്പയുടെ കാലയളവിൽ ഈ തിരഞ്ഞെടുപ്പിനെക്കുറിച്ച് അന്വേഷണം നടത്തുകയും എ.ഡി. 898 -ൽ ബോണിഫസിന്റെ തിരഞ്ഞെടുപ്പ് അസാധുവാണെന്ന് വിധിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ മാർപാപ്പ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില നിയമങ്ങൾ നടപ്പാക്കുകയും ചെയ്തു. എന്നിരുന്നാലും സഭയുടെ ഔദ്യോഗിക പട്ടികയിലുള്ള മാർപാപ്പ തന്നെയാണ് ബോനിഫസ് അഞ്ചാമൻ.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.