പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 111 – ഫോർമോസൂസ് (816-896)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 891 ഒക്ടോബർ 6 മുതൽ 896 ഏപ്രിൽ 4 വരെ മാർപാപ്പ ആയിരുന്ന ആളാണ് ഫോർമോസൂസ്. എ.ഡി. 816 -ൽ റോമൻ നഗരത്തിൽ ജനിച്ച അദ്ദേഹത്തിന്റെ ജീവിതം സംഭവബഹുലമായിരുന്നു. പോർത്തോ രൂപതയുടെ ബിഷപ്പായും ബുൾഗേറിയായിലും ഫ്രാൻസിലും ജർമ്മനിയിലും മാർപാപ്പയുടെ പ്രതിനിധിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു. ചാൾസ് ദ ബാൾഡ് ചക്രവർത്തിയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശ്നങ്ങൾ കാരണം ജോൺ എട്ടാമൻ മാർപാപ്പ ഫോർമോസൂസ് മെത്രാപ്പോലീത്തായെ സഭയിൽ നിന്നും പുറത്താക്കി. എ.ഡി. 872 -ൽ നടപ്പാക്കിയ ഈ തീരുമാനം 878 -ൽ പിൻവലിച്ചെങ്കിലും അദ്ദേഹത്തെ റോമിലേക്ക് തിരികെ വരാൻ അനുവദിച്ചില്ല. പിന്നീട് എ.ഡി. 883 -ൽ മറിനൂസ് ഒന്നാമൻ മാർപാപ്പ ഫോർമോസൂസിനെ പോർത്തൂസ് രൂപതയുടെ മെത്രാൻസ്ഥാനത്ത് പുനഃസ്ഥാപിച്ചു. സ്റ്റീഫൻ മാർപാപ്പ 891 -ൽ കാലം ചെയ്തപ്പോൾ ഫോർമോസൂസിനെ ഐക്യകണ്ഠേന അടുത്ത മാർപാപ്പയായി തിരഞ്ഞെടുത്തു.

എല്ലായിടത്തും പ്രശ്നങ്ങൾ എന്നതായിരുന്നു അക്കാലയളവിലെ സ്ഥിതിവിശേഷം. കോൺസ്റ്റാന്റിനോപ്പിളിലെ ഫോത്തിയൂസ് ഒന്നാമൻ പാത്രിയർക്കീസിനെ സ്റ്റീഫൻ അഞ്ചാമൻ മാർപാപ്പ സഭയിൽ നിന്നും പുറത്താക്കിയിരുന്നു. അതിനാൽ അദ്ദേഹം നൽകിയ പൗരോഹിത്യപട്ടങ്ങൾ അസാധുവാണെന്ന് ഫോർമോസൂസ് പ്രഖ്യാപിച്ചു. എന്നാൽ ഈ തീരുമാനം കോൺസ്റ്റാന്റിനോപ്പിളിലെ ഭൂരിപക്ഷം മെത്രാന്മാരും അംഗീകരിച്ചില്ല. ഇക്കാലയളവിൽ ഇംഗ്ലണ്ടിലെയും ജർമ്മനിയിലെയും സഭയെ ശക്തിപ്പെടുത്തുന്നതിന് മാർപാപ്പ പരിശ്രമിച്ചതുവഴി അവിടുത്തെ സഭയ്ക്ക് വലിയ വളർച്ച ഉണ്ടായി. അസാധാരണ ബുദ്ധിയും കഴിവും വിശുദ്ധിയും വിളങ്ങിയിരുന്ന ഒരു ജീവിതമായിരുന്നു ഫോർമോസൂസ് മാർപാപ്പയുടേതെങ്കിലും തന്റെ സഭാഭരണകാലത്ത് എടുത്ത ചില തീരുമാനങ്ങൾ കാരണം ധാരാളം ശത്രുക്കളും ഉണ്ടായിരുന്നു.

ലാംബെർട്ട് ചക്രവർത്തിയും അദ്ദേഹത്തിന്റെ അമ്മയും ഫോർമോസൂസ് തങ്ങളുടെ എതിരാളിയെ പിന്തുണച്ചു എന്ന കാരണത്താൽ സ്റ്റീഫൻ ആറാമൻ മാർപാപ്പയെ സ്വാധീനിച്ച് ഫോർമോസൂസ് മാർപാപ്പ കാലം ചെയ്ത് ഒൻപതു മാസങ്ങള്‍ക്കു ശേഷം മൃതശരീര വിചാരണ നടത്തി. “കഡാവർ സിനഡ്” എന്നറിയപ്പെടുന്ന ഈ സംഭവത്തിൽ മാർപാപ്പയുടെ ശരീരം അംശവസ്ത്രങ്ങൾ അണിയിച്ച് കസേരയിൽ ഇരുത്തി വിചാരണ ചെയ്തു കുറ്റക്കാരനായി വിധിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ മൃതശരീരം വികൃതമാക്കി ടൈബർ നദിയിൽ ഒഴുക്കി. എന്നാൽ ഒരു സന്യാസി ഇത് വീണ്ടെടുത്ത് കല്ലറയിൽ അടക്കം ചെയ്തു. പിന്നീട് തിയഡോർ രണ്ടാമൻ മാർപാപ്പ 897 -ൽ ഫോർമോസൂസ് മാർപാപ്പയെ കുറ്റവിമുക്തനാക്കുകയും എല്ലാ ബഹുമതിയോടെയും വി. പത്രോസിന്റെ ബസിലിക്കയിൽ അടക്കം ചെയ്യുകയും ചെയ്തു. ഇക്കാരണത്താലായിരിക്കാം ചരിത്രത്തിൽ പിന്നീട് വന്ന മാർപാപ്പമാർ ആരും തന്നെ ഫോർമോസൂസ് എന്ന പേര് സ്വീകരിക്കാതിരുന്നത്.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.