പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 11 – വി. അനിസെറ്റസ് (92-168)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 157 മുതൽ 168 വരെ റോമൻ സഭയുടെ അദ്ധ്യക്ഷനായിരുന്നു വി. അനിസെറ്റസ്. സിറിയയിൽ നിന്നുള്ള ആദ്യ മാർപാപ്പയായ അനിസെറ്റസ് ജനിച്ചത് എമെസ്സാ എന്ന പട്ടണത്തിലാണ്. ഇന്ന് ദമാസ്‌ക്കസിനും ആലപ്പോയ്ക്കും ശേഷം സിറിയായിലെ മൂന്നാമത്തെ വലിയ പട്ടണമാണ് ഹോംസ് എന്നറിയപ്പെടുന്ന എമെസ്സാ. അക്കാലത്തെ പ്രശസ്തനായ ഒരു ക്രിസ്തീയ പണ്ഡിതൻ കൂടിയായിരുന്നു ഇദ്ദേഹം. അതിനാൽ തന്നെ വളർന്നുവരുന്ന വേദവിപരീതങ്ങളെ നേരിടുന്നതിന് പ്രാപ്തിയുള്ള ഒരാളായിരിക്കണം അടുത്ത സഭാദ്ധ്യക്ഷൻ എന്ന ചിന്തയിൽ നിന്നുമാണ് അനിസെറ്റസ് മാർപാപ്പയുടെ തിരഞ്ഞെടുപ്പ്. ഗലീലയിലെ നസറേത്തിൽ നിന്നും ക്രിസ്തീയവിശ്വാസത്തിലേക്ക് വന്ന ചരിത്രകാരനായിരുന്ന വി. ഹഗേസിപ്പുസ് (110–180) അനിസെറ്റസ് മാർപാപ്പയുടെ ഭരണകാലത്ത് റോമിൽ വരികയും ക്രിസ്തീയവിശ്വാസത്തിലെ പാഷണ്ഡതകൾക്കെതിരെ എഴുതുകയും ചെയ്തു.

ഇക്കാലത്തെ സഭാചരിത്രത്തിലെ വലിയ സംഭവമായിരുന്നു ഏഷ്യയിലെയും റോമിലെയും സഭകളിലെ ക്രിസ്തീയ ആചാരങ്ങളിലെ തർക്കങ്ങൾ പരിഹരിക്കുന്നതിന് തന്റെ ദേശക്കാരനായ വി. പൊളിക്കാർപ്പിനെ മാർപാപ്പ റോമിലേക്ക് ക്ഷണിച്ചത്. സ്മിർണായിലെ ബിഷപ്പായിരുന്ന പൊളിക്കാർപ്പ് യോഹന്നാൻ ശ്ലീഹായുടെ ശിഷ്യനായിരുന്നു. നീസാൻ മാസം തുടങ്ങി (മാർച്ച്-ഏപ്രിൽ) പതിനാലാം ദിവസം യഹൂദ പെസഹായുടെ ദിവസം തന്നെ ക്രിസ്ത്യാനികൾ പെസഹായും തുടർന്ന് ഈസ്റ്ററും ആഘോഷിക്കണമെന്ന് പൊളിക്കാർപ്പ് വാദിച്ചു. അനിസെറ്റസ് മാർപാപ്പ റോമിൽ നിലവിലുണ്ടായിരുന്ന മാർച്ച് മാസത്തിലെ ആദ്യത്തെ വെളുത്തവാവിനു ശേഷം വരുന്ന ഞായറാഴ്ച ഈസ്റ്റർ തുടർന്നും ആഘോഷിക്കുമെന്നും തീരുമാനിച്ചു. എന്നാൽ ഈ വ്യത്യസ്ത നിലനിർത്തിക്കൊണ്ട് സഭകൾ തമ്മിൽ ഐക്യത്തിൽ പോകുന്നതിനും തന്റെ റോമിലെ പള്ളിയിൽ കുർബാന അർപ്പിക്കുന്നതിനും വി. പൊളിക്കാർപ്പിനെ മാർപാപ്പ അനുവദിക്കുകയും ചെയ്തു.

അനിസെറ്റസ് മാർപാപ്പ നടപ്പാക്കിയ മറ്റൊരു പരിഷ്‌ക്കാരം പുരോഹിതന്മാർ മുടി നീട്ടിവളർത്തുന്നത് നിരോധിച്ചതായിരുന്നു. അതിന്റെ പ്രധാന കാരണം, പാഷണ്ഡത പഠിപ്പിക്കുന്ന ജ്ഞാനവാദികളിൽ തങ്ങളുടെ അനന്യതയുടെ ഭാഗമായി ഇങ്ങനെ ചെയ്തിരുന്നുവെന്നതാണ്. ചക്രവർത്തിമാരായ ലൂസിയസിന്റെയും മർക്കസ് ഔറേലിയസിന്റെയും കാലത്ത് രക്തസാക്ഷി മകുടം ചൂടിയ മാർപാപ്പയാണ് അനിസെറ്റസ്. റോമൻ ദൈവങ്ങൾക്കു പകരം ക്രിസ്തീയദൈവത്തിന്റെ ആരാധനയ്ക്ക് ജനത്തെ പ്രേരിപ്പിച്ചുവെന്നതായിരുന്നു അദ്ദേഹത്തിന്റെ കുറ്റം. റോമിലെ കലിസ്റ്റസ് മാർപാപ്പയുടെ പേരിലറിയപ്പെടുന്ന ശ്‌മശാനത്തിലെ കല്ലറയിലാണ് അദ്ദേഹത്തെ അടക്കിയിരിക്കുന്നത്. ഏപ്രിൽ 17-ന് പൗരസ്ത്യസഭകളും 20-ന് പാശ്ചാത്യസഭയും വി. അനിസെറ്റസിന്റെ തിരുനാൾ ആഘോഷിക്കുന്നു.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.