പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 108 – മരിനൂസ് I (830-884)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 882 ഡിസംബർ 16 മുതൽ 884 മെയ് 15 വരെയുള്ള കാലയളവിൽ സഭയെ നയിച്ച മാർപാപ്പയാണ് മരിനൂസ്. ഇറ്റലിയിലെ വിത്തെർബോയ്ക്കടുത്തുള്ള ഗല്ലെസെ പ്രദേശത്ത് ഒരു പുരോഹിതന്റെ മകനായിട്ട് എ.ഡി. 830 -ൽ മരിനൂസ് ജനിച്ചു. മഹാനായ നിക്കോളാസ് ഒന്നാമൻ മാർപാപ്പയാണ് അദ്ദേഹത്തെ ഒരു ഡീക്കനായി വാഴിക്കുന്നത്. റോമിലെ ആർച്ചുഡീക്കനും ഖജാന്‍ജിയുമായി സേവനമനുഷ്ഠിക്കുന്ന സമയത്താണ് അദ്ദേഹത്തെ റോമിൽ നിന്ന് അൻപത് കിലോമീറ്റർ ദൂരത്തിലുള്ള ചെർവത്തേറി പ്രദേശത്തെ ബിഷപ്പായി നിയമിച്ചത്. തന്റെ ജീവിതത്തിൽ വളരെ ഉന്നതദൗത്യങ്ങൾ സഭയ്ക്കു വേണ്ടി നിർവ്വഹിക്കാൻ പലപ്പോഴും അദ്ദേഹം നിയോഗിക്കപ്പെട്ടിട്ടുണ്ട്. തന്റെ മുൻഗാമികളായിരുന്ന മൂന്ന് മാർപാപ്പമാർ അവരുടെ പ്രതിനിധിയായി മരിനൂസിനെ കോൺസ്റ്റാന്റിനോപ്പിളിൽ അയച്ചു. മൂന്ന് പ്രാവശ്യവും ഫൊത്തിയോസ്‌ ഒന്നാമൻ പാത്രിയർക്കീസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ദൗത്യം. എ.ഡി. 882 -ൽ ജോൺ എട്ടാമൻ മാർപാപ്പയുടെ പ്രതിനിധിയായി നേപ്പിൾസിലെ ഡ്യൂക്കായിരുന്ന അനസ്താസിയോസിനെ സന്ദർശിച്ച് മുസ്ലീങ്ങളുമായി വ്യാപാരം നടത്തരുതെന്ന് ആവശ്യപ്പെട്ടു.

അന്നത്തെ സഭാനിയമം അനുസരിച്ച് ഒരു രൂപതയിലെ മെത്രാന് മറ്റൊരു രൂപതയിലേക്ക് സ്ഥലം മാറിപോകുന്നതിന് സാധിക്കുമായിരുന്നില്ല. അതിന് മാറ്റം വരുന്നത് ബിഷപ്പായിരുന്ന മരിനൂസ് റോമിന്റെ ബിഷപ്പും സഭയുടെ തലവനുമായി തിരഞ്ഞെടുക്കപ്പെട്ടപ്പോഴാണ്. ജോൺ എട്ടാമൻ മാർപാപ്പ കാലം ചെയ്തപ്പോൾ എ.ഡി. 882 ഡിസംബർ 16 -ന് ഏകകണ്ഠമായിട്ടാണ് മരിനൂസിനെ അടുത്ത മാർപാപ്പയായി തിരഞ്ഞെടുത്തത്. ഫ്രാങ്കിഷ്‌ ചക്രവർത്തി ചാൾസ് മൂന്നാമന്റെ അംഗീകാരം വാങ്ങാതെയായിരുന്നു ഈ മാർപാപ്പ തിരഞ്ഞെടുപ്പും സ്ഥാനാരോഹണവും നടന്നത്. എന്നാൽ ഈ സമയത്ത് ചക്രവർത്തി റോം സന്ദർശിക്കുകയും മാർപാപ്പയോട് സ്നേഹത്തോടെയും സൗഹൃദത്തോടെയും പെരുമാറുകയും പല കാര്യങ്ങളിലും യോജിച്ചു പ്രവർത്തിക്കുന്നതിന് അവർ തീരുമാനിക്കുകയും ചെയ്തു.

കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയർക്കീസുമായി നല്ല ബന്ധം സൂക്ഷിക്കുന്നതിനും മാർപാപ്പ പരിശ്രമിച്ചു. ജോൺ എട്ടാമൻ മാർപാപ്പ പുറത്താക്കുകയും പിന്നീട് പുനപ്രതിഷ്ഠിക്കുകയും ചെയ്തയാളാണ് ഫൊത്തിയൂസ് പാത്രിയർക്കീസ്. മൗറിനൂസ് മാർപാപ്പ ഫൊത്തിയൂസിന്റെ ഒരു സുഹൃത്തിനെ പേപ്പൽ ഗ്രന്ഥാലയവിചാരകനായി നിയമിച്ചത് രണ്ടുപേരുടെയും സൗഹൃദത്തിന്റെ തെളിവായി കരുതപ്പെടുന്നു. ഇംഗ്ലണ്ടിലെ രാജാവായ മഹാനായ ആൽഫ്രഡുമായും മാർപാപ്പ നല്ല ബന്ധം ഉണ്ടാക്കുകയും അവർ റോമിന് കൊടുക്കേണ്ടിയിരുന്ന നികുതികളെല്ലാം നിർത്തലാക്കുകയും ചെയ്തു. എ.ഡി. 884 മെയ് 15 -ന് കാലം ചെയ്ത മൗറിനൂസ് ഒന്നാമൻ മാർപാപ്പയെ അടക്കിയിരിക്കുന്നത് വി. പത്രോസിന്റെ ബസിലിക്കയിലാണ്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.