പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 106 – അഡ്രിയാൻ II (792-872)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 867 ഡിസംബർ 14 മുതൽ 872 ഡിസംബർ 14 വരെ സഭയെ നയിച്ച മാർപാപ്പയാണ് അഡ്രിയാൻ രണ്ടാമൻ. റോമിലെ ഒരു പ്രഭുകുടുംബത്തിൽ 792 -ൽ അഡ്രിയാൻ ജനിച്ചു. ചെറുപ്പത്തിൽ അദ്ദേഹം സ്റ്റെഫാനിയ എന്ന യുവതിയെ വിവാഹം കഴിക്കുകയും അവരിൽ ഒരു പുത്രി ജനിക്കുകയും ചെയ്തു. ഇതിന് മുൻപ് രണ്ടു പ്രാവശ്യം മാർപാപ്പ സ്ഥാനത്തേയ്ക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും അദ്ദേഹം സ്ഥാനം നിരസിക്കുകയാണുണ്ടായത്. എന്നാൽ മൂന്നാം പ്രാവശ്യം സാൻ മാർക്കോ ബസിലിക്കയിൽ കർദ്ദിനാൾ പുരോഹിതനായിരിക്കുമ്പോൾ ഉണ്ടായ ഈ തിരഞ്ഞെടുപ്പ് അദ്ദേഹത്തിന് അംഗീകരിക്കേണ്ടിവന്നു. ഇത് റോമിലെ ജനങ്ങൾൾക്ക് അഡ്രിയാനോടുള്ള വലിയ സ്നേഹത്തിന്റെ അടയാളം കൂടിയായിരുന്നു.

തന്റെ മുൻഗാമിയായിരുന്ന മഹാനായ നിക്കോളാസ് ഒന്നാമന്റെ നയങ്ങൾ തുടരാനാണ് അഡ്രിയാൻ പരിശ്രമിച്ചത്. എന്നാൽ പ്രായാധിക്യവും വിവിധ രോഗങ്ങളും കാരണം അദ്ദേഹത്തിന് പ്രശ്നകലുഷിതമായ ആ കാലഘട്ടത്തിൽ പലപ്പോഴും ഉറച്ച തീരുമാനങ്ങൾ എടുക്കുന്നതിന് കഴിഞ്ഞിരുന്നില്ല. സ്‌പോലെതോയിലെ ഡ്യൂക്കായിരിക്കുന്ന ആർസെനിയൂസ് ഇക്കാലയളവിൽ റോമിനെ ആക്രമിച്ചു കൊള്ളയടിച്ചു. മാർപാപ്പയുടെ മകൾ ഉൾപ്പെടെയുള്ളവർ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഈ സമയത്ത് രാജ്യത്ത് പല പ്രശ്നങ്ങളും ഉടലെടുത്തുവെങ്കിലും ലൂയിസ് രണ്ടാമൻ രാജാവുമായി നല്ല ബന്ധം പുലർത്തുന്നതിന് അഡ്രിയാൻ ശ്രദ്ധിച്ചിരുന്നു. അതിന്റെ പ്രധാന കാരണം ഇറ്റലിയുടെ തെക്കൻ പ്രദേശങ്ങളിൽ മുസ്ലീങ്ങളിൽ നിന്നും ഉണ്ടായിക്കൊണ്ടിരുന്ന ഭീഷണി നേരിടുന്നതിന് രാജാവിന്റെ സഹായം വേണ്ടിയിരുന്നതിനാലാണ്.

ബൈസന്റൈൻ പാത്രിയർക്കീസ് തന്റെ മുൻഗാമിയായ മഹാനായ നിക്കോളാസ് ഒന്നാമനെ പുറത്താക്കിയ കത്ത് അഡ്രിയാൻ മാർപാപ്പയ്ക്ക് ലഭിച്ചു. അതിനോട് പ്രത്യുത്തരിക്കുന്നതിനായി എ.ഡി. 869 -ൽ മാർപാപ്പ റോമിൽ ഒരു സിനഡ് വിളിച്ചുകൂട്ടി പാത്രിയർക്കീസിന്റെ ഈ പ്രവൃത്തിയെ അപലപിക്കുകയും അദ്ദേഹത്തെ സഭയിൽ നിന്നു പുറത്താക്കുകയും ചെയ്തു. എന്നാൽ നാലാം കോൺസ്റ്റാന്റിനോപ്പിൾ കൗൺസിലിലേക്ക് മാർപാപ്പ തന്റെ പ്രതിനിധികളെ അയക്കുകയും അവിടെ റോമിനു ശേഷം കോൺസ്റ്റാന്റിനോപ്പിളിന് രണ്ടാം സ്ഥാനം നൽകുന്ന നടപടിയെ അംഗീകരിക്കുകയും ചെയ്യുന്നു. ഇതുവരെയും അലക്സാണ്ഡ്രിയൻ പാത്രിയർക്കേറ്റാണ് രണ്ടാം സ്ഥാനത്ത് എന്നതായിരുന്നു റോമൻ നിലപാട്. ഈ നടപടി വഴി കോൺസ്റ്റാന്റിനോപ്പിളുമായുള്ള ബന്ധത്തെ മെച്ചപ്പെടുത്തുന്നതിന് സഹായിച്ചു. പ്രായവും രോഗവും കാരണം അഡ്രിയാൻ മാർപാപ്പ അവസാന നാളുകളിൽ വളരെ അവശനായിരുന്നു. 872 ഡിസംബർ 14 -നു കാലം ചെയ്ത അഡ്രിയാൻ രണ്ടാമൻ മാർപാപ്പയെ വി. പത്രോസിന്റെ ബസിലിക്കയിലാണ് അടക്കിയിരിക്കുന്നത്.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.