പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 105 – വി. നിക്കോളാസ് I (800-867)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 858 ഏപ്രിൽ 24 മുതൽ 867 നവംബർ 13 വരെയുള്ള കാലഘട്ടത്തിൽ സഭയ്ക്ക് ശക്തമായ നേതൃത്വം നല്കിയ മാർപാപ്പയാണ് നിക്കോളാസ് ഒന്നാമൻ. ചരിത്രത്തിൽ വി. ലിയോ, വി. ഗ്രിഗറി മാർപാപ്പമാർക്കു ശേഷം “മഹാൻ” എന്ന് വിളിക്കപ്പെടുന്ന മൂന്നാമത്തേതും അവസാനത്തേതുമായ മാർപാപ്പയാണ് നിക്കോളാസ്. മാർപാപ്പ സ്ഥാനത്തിന്റെ മഹത്വം ഉന്നതിയിലെത്തിച്ച വിശുദ്ധനും ഭരണനൈപുണ്യമുള്ളതുമായ വലിയ വ്യക്തിത്വമായിരുന്നു വി. നിക്കോളാസിന്റേത്.

റോമിലെ പ്രശസ്തമായ ഒരു കുടുംബത്തിൽ ഡിഫൻസോർ തിയഡോറിന്റെ മകനായി എ.ഡി. 800 -ൽ അദ്ദേഹം ജനിച്ചു. പഠനത്തിൽ സമർത്ഥനായ നിക്കോളാസിന് മാതാപിതാക്കൾ നല്ല വിദ്യാഭ്യാസം നല്കുകയും ദൈവവേലക്കായി സമർപ്പിക്കുകയും ചെയ്തു. സേർജിയൂസ് രണ്ടാമൻ മാർപാപ്പ അദ്ദേഹത്തെ സബ് ഡീക്കനായും ലിയോ നാലാമൻ മാർപാപ്പ ഡീക്കനായും അഭിഷേകം ചെയ്തു. ബെനഡിക്റ്റ് മൂന്നാമൻ മാർപാപ്പ കാലം ചെയ്തപ്പോൾ ഇറ്റലിയുടെ രാജാവായിരുന്ന ലൂയിസ് രണ്ടാമൻ, മാർപാപ്പ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനായി റോമിൽ വന്നു. എന്നാൽ റോമാക്കാർ ഏകകണ്ഠമായി നിക്കോളാസിനെ മാർപാപ്പയായി തിരഞ്ഞെടുത്തു. എ.ഡി. 858 ഏപ്രിൽ നാലാം തീയതി വി. പത്രോസിന്റെ ബസിലിക്കയിൽ രാജാവിന്റെ സാന്നിധ്യത്തിൽ അദ്ദേഹം തന്റെ സ്ഥാനം ഏറ്റെടുത്തു. വലിയ ആത്മീയതകർച്ചയും രാഷ്ട്രീയ അസ്ഥിരതയും നിലനിന്ന യൂറോപ്പിനെ നവീകരിക്കാൻ നിക്കോളാസ് മാർപാപ്പ നല്കിയ അസാധാരണ നേതൃത്വം അദ്ദേഹത്തെ മഹാനാക്കി. യൂറോപ്പ് അന്ന് നേരിട്ട ഏറ്റം വലിയ പ്രശ്നം മുസ്ലീം ആക്രമണമായിരുന്നു. ഇതിനായി ക്രിസ്തീയവിശ്വാസത്തെ ബലപ്പെടുത്തുന്നതോടൊപ്പം രാഷ്ട്രീയസ്ഥിരത കൈവരിക്കാനും മാർപാപ്പ രാജാക്കന്മാരെ സഹായിച്ചു. ലൂയിസ് രണ്ടാമൻ ചക്രവർത്തിയുമായും ബൈസന്റൈൻ ഭരണാധികാരികളുമായി സഹകരിച്ച് ഇറ്റലിയുടെ തെക്കുഭാഗത്തുള്ള മുസ്ലിം അധിനിവേശത്തിന് അദ്ദേഹം തടയിട്ടു.

റെവെന്നായിലെ ആർച്ചുബിഷപ്പായിരുന്ന ജോൺ, തന്റെ അധികാരപരിധിയിലുള്ള ബിഷപ്പുമാരോട് നിലവിട്ടു പെരുമാറുകയും പുരോഹിതരെ നിയമവിരുദ്ധമായി തടവിലാക്കുകയും ചെയ്തപ്പോൾ നിക്കോളാസ് മാർപാപ്പ അദ്ദേഹത്തിന് താക്കീത് നൽകി. എന്നാൽ തുടർന്നും കള്ളരേഖകൾ ഉണ്ടാക്കുകയും വിചാരണ നേരിടാൻ വിസമ്മതിക്കുകയും ചെയ്തപ്പോൾ അദ്ദേഹത്തെ സഭയിൽ നിന്നും പുറത്താക്കി. മാർപാപ്പ റെവെന്നായിൽ നേരിട്ട് ചെന്ന് കാര്യങ്ങൾ ശരിയാക്കി. ഇതുപോലെ തന്നെ ജർമ്മനിയിലെ ട്രിയറിലെയും കോളോണിലെയും ആർച്ചുബിഷപ്പുമാർ അനുസരണക്കേടു കാട്ടിയപ്പോൾ അവരെ പുറത്താക്കി. പിന്നീട് അവർ തെറ്റ് തിരുത്തിയപ്പോൾ സഭയിൽ തിരികെയെടുത്തു.

സഭയുടെ എല്ലാ മേഖലയിലും അച്ചടക്കം ഉണ്ടാക്കുന്നതിന് നിക്കോളാസ് മാർപാപ്പ ശ്രമിച്ചു. അക്കാലത്ത് പല രാജാക്കന്മാരും പ്രഭുക്കന്മാരും നിയമാനുസൃതമല്ലാത്ത വിവാഹബന്ധത്തിൽ ഏർപ്പെടുകയും ഭാര്യമാർ ജീവിച്ചിരിക്കെത്തന്നെ മറ്റു വിവാഹങ്ങൾ കഴിക്കുകയും ചെയ്തിരുന്നു. അക്കൂട്ടത്തിൽ ഏറ്റം പ്രശസ്തമായത് ലൊത്തെയർ രണ്ടാമൻ രാജാവ് തന്റെ ഭാര്യ തെയൂത്ബർഗയെ ഉപേക്ഷിച്ച് വെപ്പാട്ടിയായ വാൾദ്രാദയെ വിവാഹം കഴിച്ചതാണ്. ജർമ്മനിയിലെ ആഹനിൽ കൂടിയ കൗൺസിൽ എ.ഡി. 826 ഏപ്രിൽ 28 -ന് സഭയുടെ നിയമത്തിന് വിരുദ്ധമായി ഈ വിവാഹത്തെ അംഗീകരിച്ചു. എന്നാൽ മാർപാപ്പയുടെ നേതൃത്വത്തിൽ റോമിൽ കൂടിയ കൗൺസിൽ ഈ വിവാഹം അസാധുവായി പ്രഖ്യാപിച്ചു. ഇതറിഞ്ഞ ലൊത്തെയർ രണ്ടാമൻ രാജാവ് ഒരു സൈന്യവുമായി റോമിൽ വരികയും നഗരം ഉപരോധിക്കുകയും രണ്ടു ദിവസം ഭക്ഷണം നല്കാതെ മാർപാപ്പയെ വി. പത്രോസിന്റെ ബസിലിക്കയിൽ തടവിലാക്കുകയും ചെയ്തു. പക്ഷേ, നിക്കോളാസ് മാർപാപ്പ തന്റെ തീരുമാനത്തിൽ അടിയുറച്ചു നിൽക്കുന്നുവെന്നു മനസിലാക്കിയ രാജാവ് ഒന്നും ചെയ്യാതെ തിരികെപോയി.

പൗരസ്ത്യസഭയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും നിക്കോളാസ് മാർപാപ്പ മുൻകൈയെടുത്തു. ഈ സമയത്ത് കോൺസ്റ്റാന്റിനോപ്പിളിൽ ഉണ്ടായ പാത്രിയാക്കൽ തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ തർക്കത്തിൽ മാർപാപ്പ ഇടപെടുകയും തന്റെ അഭിപ്രായം അറിയിക്കുകയും ചെയ്തു. എന്നാൽ പൗരസ്ത്യസഭ മാർപാപ്പയുടെ പരമാധികാരത്തെ അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. എ.ഡി. 867 -ൽ കോൺസ്റ്റാന്റിനോപ്പിളിൽ കൂടിയ കൗൺസിൽ മാർപാപ്പയുടെ സഭ മുഴുവനുമുള്ള അധികാരത്തെ തള്ളിപ്പറയുകയും നിക്കോളാസ് മാർപാപ്പയെ പുറത്താക്കുകയും ചെയ്തു.

ഇക്കാലയളൽ ബൾഗേറിയായിലെ രാജാവ് ബോറിസ് ഒന്നാമൻ ക്രിസ്തുമതം സ്വീകരിക്കാൻ തയ്യാറായി. എ.ഡി. 863 -ൽ ബൈസന്റൈൻ സാമ്രജ്യത്തിൽ പട്ടിണി ഉണ്ടായപ്പോൾ അവർ ബൾഗേറിയ അക്രമിക്കുകയും ബോറിസ് രാജാവ് പിന്നീട് ബൈസന്റൈൻ ആരാധനാക്രമം അനുസരിച്ച് മാമ്മോദീസ സ്വീകരിക്കുകയും ചെയ്തു. ഇതിന് ബൈസന്റൈൻ ചക്രവർത്തി അദ്ദേഹത്തിന്റെ തലതൊട്ടപ്പന്‍ ആയി വന്നു. പിന്നീട് ബോറിസ് രാജാവ് വിശ്വാസകാര്യങ്ങളിൽ സംശയം ദൂരീകരിക്കുന്നതിനായി സഭയുടെ ദൈവശാസ്ത്രവുമായി ബന്ധപ്പെട്ട 106 ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് മാർപാപ്പയ്ക്ക് കത്തയച്ചു. ഇതിന് മാർപാപ്പ വ്യക്തമായ ഉത്തരങ്ങൾ നല്കുകയും ഫോർമോസൂസിന്റെ നേതൃത്വത്തിൽ (പിന്നീട് മാർപാപ്പ) മിഷൻ പ്രവർത്തനത്തിനായി ഒരു സംഘത്തെ അയക്കുകയും ചെയ്തു. ഇതു കൂടാതെ ജർമ്മനിയിലും യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലും സുവിശേഷപ്രഘോഷണത്തിനും മാർപാപ്പ നേതൃത്വം നല്കി. തന്റെ വ്യക്തിജീവിതത്തിൽ വിശുദ്ധിയും ഒരു സന്യാസിക്ക് ചേർന്ന കഠിനവൃതങ്ങളും അദ്ദേഹം അനുഷ്ഠിച്ചു. വി. പത്രോസിന്റെ ബസിലിക്കയിൽ അടക്കിയിരിക്കുന്ന വി. നിക്കോളാസിന്റെ തിരുന്നാൾ നവംബർ 13 -ന് സഭ കൊണ്ടാടുന്നു.

ഫാ. മാത്യു ചാർത്താക്കുഴിയിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.