പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 104 – ബനഡിക്റ്റ് III (810-858)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 855 സെപ്റ്റംബർ 29 മുതൽ 858 ഏപ്രിൽ 17 വരെയുള്ള കാലയളവിൽ സഭയെ നയിച്ച മാർപാപ്പയാണ് ബനഡിക്റ്റ് മൂന്നാമൻ. റോമിൽ ജോൺ എന്നയാളുടെ മകനായി എ.ഡി. 810 -ലാണ് ബനഡിക്റ്റ് മാർപാപ്പയുടെ ജനനം. അദ്ദേഹം റോമിൽ തന്നെ ജീവിച്ച് അവിടെ വിദ്യാഭ്യാസം നേടി എന്ന് ചരിത്രരേഖകൾ സാക്ഷിക്കുന്നു. പഠനത്തിൽ സമർത്ഥനും ഭക്തിയിൽ അഗ്രഗണ്യനുമായിരുന്ന ബനഡിക്റ്റ്, വൈദികവൃത്തിക്കായി സ്വയം സമർപ്പിച്ചു. പിന്നീട് ലിയോ നാലാമൻ മാർപാപ്പ അദ്ദേഹത്തെ സാൻ കലിസ്റ്റോ ദേവാലയത്തിലെ കർദ്ദിനാൾ പുരോഹിതനായി നിയമിച്ചു.

ലിയോ നാലാമൻ മാർപാപ്പ കാലം ചെയ്തപ്പോൾ റോമിലെ വൈദികരും ജനങ്ങളും സാൻ മാർക്കോ ബസിലിക്കയിലെ പുരോഹിതനായിരുന്ന ഹേഡ്രിയനെ മാർപാപ്പയായി തിരഞ്ഞെടുത്തു. എന്നാൽ അദ്ദേഹം ഈ സ്ഥാനം ഏറ്റെടുക്കാൻ വിസമ്മതിച്ചപ്പോൾ ഭക്തനും ജ്ഞാനിയുമായ ബനഡിക്റ്റിനെ ആ സ്ഥാനത്തേയ്ക്ക് കൊണ്ടുവരുന്നതിന് അവർ പരിശ്രമിച്ചു. അദ്ദേഹവും ഈ സ്ഥാനം നിരസിച്ചു. പിന്നീട് ജനങ്ങൾ സാൻ കലിസ്റ്റോ ദേവാലയത്തിൽ ഒളിച്ചിരുന്ന ബനഡിക്റ്റിനെ കണ്ടുപിടിച്ച് ലാറ്ററൻ ബസിലിക്കയിൽ കൊണ്ടുവരികയും എ.ഡി. 855 ജൂലൈ 20 -ന് മാർപാപ്പയായി വാഴിക്കുകയും ചെയ്തു. ഈ സമയം ഫ്രാങ്കിഷ്‌ ചക്രവർത്തിയെ അനുകൂലിക്കുന്ന ചിലർ ലിയോ നാലാമൻ മാർപാപ്പ പുറത്താക്കിയ അനസ്താസിയൂസ് എന്ന പുരോഹിതനെ ഈ സ്ഥാനത്തേയ്ക്ക് കൊണ്ടുവരാൻ പരിശ്രമിച്ചുകൊണ്ട് ബെനെഡിക്റ്റിനെ പുറത്താക്കി. എന്നാൽ റോമിലെ ജനങ്ങളുടെ എതിർപ്പ് കാരണം ബനഡിക്റ്റിനെ തന്നെ ചക്രവർത്തി അംഗീകരിക്കുകയും അങ്ങനെ സെപ്റ്റംബർ 29 -ന് അദ്ദേഹം മാർപാപ്പയുടെ ചുമതലകൾ ഏറ്റെടുക്കുകയും ചെയ്തു. അനസ്താസിയൂസ് അടുത്ത മാർപാപ്പ തിരഞ്ഞെടുപ്പുകളിലെല്ലാം തന്റെ സ്വാധീനം ഉപയോഗിച്ച് തിരികെ വരാൻ ശ്രമിച്ചെങ്കിലും റോമിലെ ജനങ്ങൾ അതെല്ലാം പരാജയപ്പെടുത്തി. ഈ പ്രശ്നങ്ങൾ യഥാർത്ഥത്തിൽ ചക്രവർത്തിക്ക് റോമിന്റെ മേലുള്ള സ്വാധീനം കുറക്കുന്നതിന് കാരണമായിത്തീർന്നു.

ബനഡിക്റ്റ് പാപ്പായെക്കുറിച്ച് ചരിത്രപരമായ വിരളമായ വിവരങ്ങളെ നമുക്ക് ലഭ്യമായിട്ടുള്ളൂ. അന്നത്തെ സാഹചര്യത്തിൽ പല പ്രശ്നങ്ങളിലും പാപ്പായുടെ ഇടപെടൽ ആവശ്യമായിരുന്നു. എന്നാൽ റോമിലെ ദേവാലയങ്ങളുടെ സംരക്ഷണത്തിന് മാർപാപ്പ പ്രത്യേക ശ്രദ്ധ കൊടുത്തിരുന്നു. എ.ഡി. 858 ഏപ്രിൽ 17 -ന് കാലം ചെയ്ത ബെനഡിക്റ്റ് മൂന്നാമൻ മാർപാപ്പയെ വി. പത്രോസിന്റെ ബസിലിക്കയിൽ അടക്കിയിരിക്കുന്നു. ബനഡിക്റ്റ് മാർപാപ്പയുടെ കാലയളവിൽ സംഭവിച്ചുവെന്ന് അവകാശപ്പെട്ടു കൊണ്ട് മധ്യകാല യുഗത്തിൽ “പോപ്പ് ജൊവാൻ” എന്ന പേരിൽ ഒരു കഥ എഴുതപ്പെട്ടിട്ടുണ്ട്. ഒരു സ്ത്രീ, പുരുഷനായി അഭിനയിച്ച് മാർപാപ്പയാവുകയും അവസാനം പിടിക്കപ്പെടുകയും ചെയ്യുന്നതാണ് ഈ കഥയുടെ ഉള്ളടക്കം.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.