പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 103 – ലിയോ IV (790-855)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 847 ഏപ്രിൽ 10 മുതൽ 855 ജൂലൈ 17 വരെ മാർപാപ്പയായിരുന്നു ലിയോ നാലാമൻ. എ.ഡി. 790 -ൽ റോമിൽ ജനിച്ച് വി. പത്രോസിന്റെ ബസിലിക്കയക്ക് അടുത്തുള്ള വി. മാർട്ടിന്റെ ആശ്രമത്തിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ ആളാണ് ലിയോ. ഇക്കാലഘട്ടത്തിൽ ലിയോയുടെ കഴിവുകളിൽ മതിപ്പു തോന്നിയ ഗ്രിഗറി നാലാമൻ മാർപാപ്പ അദ്ദേഹത്തെ ഒരു സബ് ഡീക്കനായി ഉയർത്തി. പിന്നീട് സേർജിയൂസ് രണ്ടാമൻ സാന്തി ഖ്വാത്രോ കോറോണാത്തി ദേവാലയത്തിലെ കർദ്ദിനാൾ പുരോഹിതനായി നിയമിച്ചു.

എ.ഡി. 847 -ൽ അറബികൾ റോമാ നഗരത്തെ ആക്രമിച്ച് ദേവാലയങ്ങൾ കൊള്ളയടിച്ചത് ആളുകളുടെ മനോവീര്യം തകർത്ത സംഭവമായിരുന്നു. ഈ സമയത്ത് പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ കഴിവുള്ളവൻ എന്ന നിലയിൽ ലിയോയെ മാർപാപ്പയായി ഏകകണ്ഠമായി തിരഞ്ഞെക്കുകയായിരുന്നു. അതിനാൽ തന്നെ ഫ്രാങ്കിഷ്‌ ചക്രവർത്തിയുടെ അനുവാദത്തിന് കാത്തുനിൽക്കാതെ തിരഞ്ഞെടുപ്പിനൊപ്പം അദ്ദേഹത്തെ മാർപാപ്പയായി വഴിക്കുകയും ചെയ്തു. അധികാരമേറ്റയുടൻ അറബികൾ നാശം വരുത്തിയ റോമിലെ പള്ളികൾ പുനർനിർമ്മിക്കാനുള്ള പരിശ്രമങ്ങൾ മാർപാപ്പ ആരംഭിച്ചു. ഇതിൽ ഏറ്റം പ്രധാനപ്പെട്ടത് വി. പത്രോസിന്റെയും വി. പൗലോസിന്റെയും ബസിലിക്കയുടെ പുനർനിർമ്മാണമായിരുന്നു. അതുപോലെ തന്നെ യൂറോപ്പിലെ ക്രിസ്തീയരാജാക്കന്മാരോട് അറബികളെ ഐക്യത്തോടെ നേരിടാനും മാർപാപ്പ ആവശ്യപ്പെട്ടു. റോമൻ നഗരത്തിന്റെ മതിലുകൾ പുതുക്കിപ്പണിയുകയും ചിലതൊക്കെ പുതിയതായി നിർമ്മിക്കുകയും ചെയ്തു. ആദ്യമായി വത്തിക്കാൻ നഗരത്തിനു ചുറ്റും മതിൽ നിർമ്മിച്ചത് ലിയോ നാലാമൻ മാർപാപ്പയാണ്. ഈ മതിലിനുള്ളിൽ വരുന്ന സ്ഥലം “ലിയോണൈൻ നഗരം” എന്ന പേരിൽ അറിയപ്പെട്ടിരുന്നു.

എ.ഡി. 849 -ൽ റോമാ നഗരം വീണ്ടും അക്രമിക്കാനായി വന്ന അറബി സരസീൻ സൈന്യത്തെ ഇറ്റലിയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള പ്രാഗത്ഭ്യം നേടിയ നാവികരുടെ സഹായത്തോടെ ഓസ്തിയ തുറമുഖത്തു വച്ച് പരാജയപ്പെടുത്തി. ഇവരെ ഒന്നിപ്പിക്കുന്നതിന് നേതൃത്വം നൽകിയത് ലിയോ മാർപാപ്പയായിരുന്നു. ഇത് മാർപാപ്പയുടെ നേതൃത്വത്തിന്റെ വലിയ വിജയമായി റോമാക്കാർ ആഘോഷിച്ചു. പത്രോസ് തന്റെ ഗുരുവിനെ തള്ളിപ്പറഞ്ഞതിനു ശേഷം പശ്ചാത്തപിച്ചതിനെ അനുസ്മരിപ്പിക്കുന്നതിനു വേണ്ടി പഴയ പത്രോസിന്റെ ദേവാലയത്തിനു മുകളിലായി ഒരു പൂവൻകോഴിയുടെ രൂപം മാർപാപ്പ സ്ഥാപിച്ചു. അദ്ദേഹത്തിന്റെ പിൻഗാമിയായ നിക്കോളാസ് ഒന്നാമൻ ദേവാലയങ്ങളുടെ മുകളിൽ ഈ രൂപം സ്ഥാപിക്കുന്നതിനെ പ്രോത്സാഹിപ്പിച്ചു. തത്ഫലമായി ഇന്നും യൂറോപ്പിലെ പല ദേവാലയങ്ങളുടെയും മുകളിലായി ഈ രൂപം കാണാവുന്നതാണ്. എ.ഡി. 855 ജൂലൈ 17 -ന് കാലം ചെയ്ത ലിയോ മാർപാപ്പയെ വി. പത്രോസിന്റെ ബസിലിക്കയിലാണ് അടക്കിയിരിക്കുന്നത്.

ഫാ. മാത്യു ചാർത്താക്കുഴയിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.