പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 102 – സേർജിയൂസ് II (790-847)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 844 ജനുവരി 25 മുതൽ 847 ജനുവരി 27 വരെയുള്ള കാലയളവിൽ സഭയെ നയിച്ച മാർപാപ്പയാണ് സേർജിയൂസ് രണ്ടാമൻ. റോമിലെ ഒരു പ്രഭുകുടുംബത്തിലാണ് എ.ഡി. 790 -ൽ സേർജിയൂസിന്റെ ജനനം. അക്കാലത്തെ പ്രസിദ്ധമായ “സ്കോള കന്തോരം” എന്ന കുട്ടികളുടെ പേപ്പൽ ഗായസംഘത്തിൽ അംഗമായിരുന്നു സേർജിയൂസ്. പിന്നീട് റോമിലെ ലാറ്ററനിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി വൈദികനായതിനു ശേഷം വി. മാർട്ടിന്റെയും വി. സിൽവസ്റ്ററിന്റെയും ദേവാലയത്തിലെ കർദ്ദിനാൾ പുരോഹിതനായി പാസ്കൽ ഒന്നാമൻ മാർപാപ്പ അദ്ദേഹത്തെ നിയമിക്കുന്നു. തുടർന്ന് ഗ്രിഗറി നാലാമൻ മാർപാപ്പ ഇദ്ദേഹത്തെ ആർച്ചുപ്രീസ്റ്റ് എന്ന പേരിൽ സ്ഥാനക്കയറ്റവും നൽകുന്നു.

ഗ്രിഗറി നാലാമൻ മാർപാപ്പ കാലം ചെയ്തപ്പോൾ റോമിലെ പ്രമുഖന്മാർ സെർജിയൂസിനെ മാർപാപ്പയായി തിരഞ്ഞെടുത്തപ്പോൾ റോമിലെ ജനങ്ങൾ ഡീക്കൻ ജോണിനെ തങ്ങളുടെ മാർപാപ്പ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. രണ്ടു കൂട്ടരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ ഡീക്കൻ ജോണിന്റെ ജീവൻ രക്ഷിക്കാൻ സേർജിയൂസ് ഇടപെടുകയും അദ്ദേഹത്തെ സുരക്ഷിതമായി ഒരു ആശ്രമത്തിലേക്ക് മാറ്റുകയും ചെയ്തു. ഫ്രാങ്കിഷ്‌ ചക്രവർത്തിയുടെ അനുവാദമില്ലാതെ മാർപാപ്പ സ്ഥാനം ഏറ്റെടുത്തത് അദ്ദേഹത്തിന്റെ അപ്രീതിക്ക് കാരണമായി. ഇത് 824 -ൽ നടപ്പിൽവരുത്തിയ ഉടമ്പടിയുടെ ലംഘനമാണെന്ന് അവകാശപ്പെട്ടുകൊണ്ട് ലോത്തെയർ ഒന്നാമൻ ചക്രവർത്തി തന്റെ മകനെ സൈന്യസമേതനായി റോമിൽ അയക്കുന്നു. എന്നാൽ രാജാവിന്റെ എല്ലാ അവകാശവാദങ്ങൾക്കും വഴങ്ങിക്കൊടുക്കാൻ മാർപാപ്പ തയ്യാറായില്ല. പിന്നീട് രണ്ടു കൂട്ടരും രമ്യതയിൽ എത്തുകയും ലൂയിസിന്റെ അഭ്യർത്ഥന മാനിച്ച് അദ്ദേഹത്തെ രാജാവായി വാഴിക്കാൻ മാർപാപ്പ സന്നദ്ധനാവുകയും ചെയ്തു.

റോമിന്റെ വളർച്ചയ്ക്ക് കാര്യമായ സംഭാവന നല്കിയ മാർപാപ്പയാണ് സേർജിയൂസ്. റോമിലെ ജലവിതരണ സംവിധാനം നവീകരിച്ച് കൂടുതൽ മെച്ചപ്പെടുത്തുകയും ലാറ്ററൻ ബസിലിക്ക ഉൾപ്പെടെയുള്ള ദേവാലയങ്ങൾ പുതുക്കിപ്പണിയുകയും ചെയ്തു. മാർപാപ്പയുടെ സഹോദരൻ ബെനഡിക്ട് ഇക്കാര്യങ്ങളിൽ അദ്ദേഹത്തെ സഹായിച്ചിരുന്നു. എ.ഡി. 846 -ൽ അറബികൾ റോം ആക്രമിക്കുകയും വി. പത്രോസിന്റെയും വി. പൗലോസിന്റെയും നാമത്തിലുള്ള ദേവാലയങ്ങൾ കൊള്ളയടിക്കുകയും ചെയ്തു. ഇക്കാര്യത്തിൽ നേരത്തെ മുന്നറിയിപ്പുകൾ കിട്ടിയിരുന്നെങ്കിലും സേർജിയൂസ് മാർപാപ്പയ്ക്ക് കാര്യമായി ഒന്നും ചെയ്യാൻ കഴിയുന്ന അവസ്ഥയിലായിരുന്നില്ല. അതിന്റെ പേരിൽ അദ്ദേഹത്തിന് പിന്നീട് വലിയ വിമർശനങ്ങളും നേരിടേണ്ടിവന്നിട്ടുണ്ട്. ഈ സംഭവത്തിന് ആറു മാസത്തിനു ശേഷം എ.ഡി. 847 ജനുവരി 27 -ന് കാലം ചെയ്ത സേർജിയൂസ് മാർപാപ്പയെ വി. പത്രോസിന്റെ ബസിലിക്കയിൽ അടക്കിയിരിക്കുന്നു.

ഫാ. മാത്യു ചാർത്താക്കുഴിയിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.