പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 100 – വാലന്റൈൻ (780-827)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 827 ആഗസ്റ്റ് 31 മുതൽ ഒക്ടോബർ 10 വരെ സഭയ്ക്ക് നേതൃത്വം നൽകിയ മാർപാപ്പയാണ് വാലന്റൈൻ. കേവലം നാല്പത്തിയൊന്ന് ദിവസം നീണ്ടുനിന്ന ചരിത്രത്തിലെ ചുരുങ്ങിയ മാർപാപ്പാഭരണങ്ങളിൽ ഒന്നായിരുന്നു ഇത്. പുരാതന റോമിലെ പ്രശസ്ത സ്ഥലങ്ങളിലൊന്നായ വിയ ലാത്തയിൽ അവിടുത്തെ പ്രഭുക്കന്മാരിലൊരാളായ ലെയോന്തിയൂസിന്റെ മകനായി എ.ഡി. 780 -ൽ വാലന്റൈൻ ജനിച്ചു. ചെറുപ്പത്തിൽ തന്നെ മതപരമായ കാര്യങ്ങളിൽ അതീവശ്രദ്ധയുള്ളവനായിരുന്നു വാലന്റൈൻ. പഠനത്തിൽ സമർത്ഥനായിരുന്ന അദ്ദേഹത്തെ റോമിലെ ലാറ്ററൻ അരമനയോട് ചേർന്നുള്ള സ്കൂളിൽ ചേർത്തു. പിന്നീട് പാസ്‌ക്കൽ ഒന്നാമൻ മാർപാപ്പ ഇദ്ദേഹത്തെ സഭയിലെ ഒരു ഡീക്കനായി അഭിഷേകം ചെയ്തു. വാലന്റൈന്റെ ഭക്തിയിലും വിശ്വാസത്തിലും ധർമ്മബോധത്തിലും ആകൃഷ്ടനായ മാർപാപ്പ അദ്ദേഹത്തെ ഒരു ആർച്ചുഡീക്കനായും ഉയർത്തി.

എവുജീൻ രണ്ടാമൻ മാർപാപ്പയുടെ വളരെ അടുത്ത സഹകാരിയായിരുന്ന വാലന്റൈൻ ലാറ്ററൻ ബസിലിക്കയിലെയും അരമനയിലെയും എല്ലാവരുടെയും സ്നേഹത്തിനും ആദരവിനും പാത്രീഭൂതനായിരുന്നു. അതിനാൽ തന്നെ ഇദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പിന് റോമിലെ പ്രഭുക്കന്മാരുടെയും പുരോഹിതന്മാരുടെയും ജനങ്ങളുടെയും പിന്തുണയുണ്ടായിരുന്നു. എവുജീൻ മാർപാപ്പ കാലം ചെയ്തപ്പോൾ ഇവരെല്ലാവരും കൂടി വാലന്റൈന്റെ എതിർപ്പ് വകവയ്ക്കാതെ അദ്ദേഹത്തെ അടുത്ത മാർപാപ്പയായി തിരഞ്ഞെടുത്തു. മരിയ മജോറെ ബസിലിക്കയിൽ നിന്നും വാലന്റൈനെ എല്ലാവരും കൂടി ആഘോഷമായി ലാറ്ററൻ ബസിലിക്കയിൽ കൊണ്ടാക്കി.

എന്നാൽ ജനങ്ങളുടെ ആവേശത്തിൽ ചരിത്രത്തിൽ ആദ്യമായി പുരോഹിതനായി അഭിഷേകം ചെയ്യുന്നതിനു മുമ്പു തന്നെ അദ്ദേഹത്തെ മാർപാപ്പയായി അവർ അവരോധിച്ചു. ഈ അബദ്ധം തിരുത്തുന്നതിന് തൊട്ടടുത്ത ഞായറാഴ്ച അദ്ദേഹത്തെ പുരോഹിതനും ബിഷപ്പുമായി അഭിഷേകം ചെയ്യുകയും അങ്ങനെ മാർപാപ്പയുടെ ചുമതലകൾ വഹിക്കാൻ വാലന്റൈൻ യോഗ്യനായിത്തീരുകയും ചെയ്തു. (ഇത്തരത്തിൽ ഒരിക്കൽ കൂടി ബെനഡിക്ട് മൂന്നാമൻ മാർപാപ്പയുടെ കാലത്തും സംഭവിക്കുന്നുണ്ട്). അക്കാലത്തെ നടപ്പനുസരിച്ച് ഫ്രാങ്കിഷ്‌ ചക്രവർത്തിയെ മാർപാപ്പ തിരഞ്ഞെടുപ്പ് അറിയിക്കുകയും പരസ്പരം ആശംസകൾ കൈമാറുകയും ചെയ്യുന്ന പതിവുണ്ടായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിനു ശേഷം അഞ്ചാഴ്‌ചക്കുള്ളിൽ മാർപാപ്പ കാലം ചെയ്തതിനാൽ ഇവർ തമ്മിൽ എന്തെങ്കിലും ആശയവിനിമയം നടന്നതായി ചരിത്രരേഖകളിൽ കാണുന്നില്ല. ഇക്കാലയളവിൽ റോമിലെ പ്രഭുക്കന്മാരുടെ ഇടപെടൽ മാർപാപ്പ തിരഞ്ഞെടുപ്പിൽ ഉണ്ടാവുകയും അത് പ്രശ്നങ്ങളിലേക്ക് നീളുകയും ചെയ്യുന്നുണ്ട്. എ.ഡി. 827 ഒക്ടോബർ 10 -ന് കാലം ചെയ്ത വാലന്റൈൻ മാർപാപ്പയെ വി. പത്രോസിന്റെ ബസിലിക്കയിൽ അടക്കിയിരിക്കുന്നു.

ഫാ. മാത്യു ചാർത്താക്കുഴിയിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.