പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 10 – പീയൂസ് I (81-154)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 140 മുതൽ 154 വരെ സഭയെ നയിച്ച മാർപാപ്പയാണ് വി. പീയൂസ് ഒന്നാമൻ. വടക്കേ ഇറ്റലിയിലെ അക്വീലൈയ്യ എന്ന ചെറുപട്ടണത്തിൽ റൂഫിനുസിന്റെ മകനായി ക്രിസ്തുവർഷം 81-ൽ അദ്ദേഹം ജനിച്ചു. ‘ഹെർമ്മാസിന്റെ ഇടയൻ’ എന്ന പ്രസിദ്ധ ഗ്രന്ഥത്തിന്റെ രചയിതാവായ ഹെർമ്മാസ്, ഇദ്ദേഹത്തിന്റെ സഹോദരനാണെന്ന് രണ്ടാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ചില ഗ്രന്ഥങ്ങളിൽ കാണുന്നു. അതിനാൽ തന്നെ ഹെർമ്മാസിനെപ്പോലെ വി. പീയൂസും സ്വാതന്ത്ര്യം ലഭിച്ച അടിമകളായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. അതല്ല സാധാരണ ജോലികൾ ചെയ്തു ജീവിച്ചിരുന്നവർ എന്ന അർത്ഥത്തിലാണ് ‘അടിമകൾ’ എന്ന പ്രയോഗം മനസ്സിലാക്കേണ്ടതെന്ന് വാദിക്കുന്നവരുമുണ്ട്.

വി. പീയൂസിന്റെ സഭാഭരണ കാലയളവിൽ അദ്ദേഹമെടുത്ത പ്രധാനപ്പെട്ട ഒരു തീരുമാനം മാർച്ച് മാസത്തിൽ വെളുത്തവാവിനു ശേഷം വരുന്ന ഒന്നാമത്തെ ഞായറാഴ്ച ക്രിസ്ത്യാനികൾ ഈസ്റ്റർ ആഘോഷിക്കണമെന്നതായിരുന്നു. റോമൻ സമൂഹം നടപ്പാക്കിയ ഈ തീരുമാനം പിന്നീട് മറ്റ് സഭാസമൂഹങ്ങളും ഏറ്റെടുക്കുകയായിരുന്നു. വി. പീയൂസിന്റെ മറ്റു സഭാസമൂഹങ്ങളുടെ മേലുള്ള അധികാരത്തെയും സ്വാധീനത്തേയുമാണ് ഇത് വെളിവാക്കുന്നത്. അതുപോലെ റോമിലെ അതിപുരാതന ദേവാലയങ്ങളിലൊന്നായ സാന്താ പ്രൂഡൻസിയാ ആരംഭിച്ചതും വി. പീയൂസാണ്. രണ്ടാം നൂറ്റാണ്ടിൽ ക്രിസ്തീയവിശ്വാസം സ്വീകരിച്ച ഒരാളുടെ ഭവനം ദേവാലയമാക്കിയതാണെന്ന് അതിന്റെ ഇപ്പോഴത്തെ ചരിത്രരേഖകളിൽ പറയുന്നു. പുരാതനസഭയിലെ പ്രസിദ്ധ ചിന്തകരിൽ ഒരാളായ, രക്തസാക്ഷിയായ ജസ്റ്റിൻ റോമിൽ വരുന്നത് വി. പീയൂസ് മാർപാപ്പയുടെ കാലത്താണ്.

സഭയുടെ ശരിയായ പ്രബോധനങ്ങൾ വിശ്വാസികളിൽ എത്തിക്കുന്നതിന് കഠിനമായി പരിശ്രമിച്ച മാർപാപ്പയാണ് വി. പീയൂസ്. അതിനാൽ തന്നെ അക്കാലത്തെ പ്രസിദ്ധരായ ജ്ഞാനവാദികളെയും വാലന്റീനിയൻ വേദവിപരീതികളെയും അദ്ദേഹത്തിന് നേരിടേണ്ടിവന്നിട്ടുണ്ട്. പുതിയനിയമം പഴയനിയമത്തിന്റെ തുടർച്ചയല്ലായെന്നു മാത്രമല്ല, അതിനെ പൂർണ്ണമായും പുനഃസ്ഥാപിക്കുന്നു എന്നതായിരുന്നു അവരുടെ തെറ്റായ പഠിപ്പിക്കൽ. ക്രിസ്തീയത യഹൂദമതത്തിന്റെ പൂർത്തീകരണമല്ല, പിന്നെയോ പൂർണ്ണമായ പുനഃസ്ഥാപനമാണ് എന്നും അവർ പ്രചരിപ്പിച്ചു. ഭൗതീകവസ്തുക്കളെക്കുറിച്ചും ശരീരത്തെക്കുറിച്ചും തെറ്റായ ചിന്തകളും യേശു മനുഷ്യനായിരുന്നില്ല എന്ന പ്രബോധനങ്ങളും അവർ നടത്തി. പീയൂസ് ഒന്നാമൻ മാർപാപ്പയുടെ നേതൃത്വത്തിൽ റോമിൽ കൂടിയ സമ്മേളനത്തിൽ ക്രിസ്തുവർഷം 144-ൽ ഇവരുടെ പ്രബോധനങ്ങളെ സഭ തള്ളിക്കളയുകയും ഇവരെ സഭയിൽ നിന്നും പുറത്താക്കുകയും ചെയ്തു. വി.പീയൂസ് ഒന്നാമൻ രക്തസാക്ഷിയായെന്നും വത്തിക്കാനിൽ അടക്കപ്പെട്ടുവെന്നും വിശ്വസിക്കപ്പെടുന്നു. ജൂലൈ 11-ന് പീയൂസ് മാർപാപ്പയുടെ തിരുനാൾ ആഘോഷിക്കുന്നു.

ഫാ. മാത്യു ചാർത്താക്കുഴിയിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.