വൈദികനാകുവാനുള്ള തീവ്രമായ ആഗ്രഹം; എയർഫോഴ്സ് ഉദ്യോഗസ്ഥന്‍ ഇനി കർത്താവിന്റെ പുരോഹിതൻ

“വൈദികനാകണമെന്ന് ആഗ്രഹിക്കുന്നവർ അത് നേടുംവരെ മടി കാണിക്കരുത്. പൗരോഹിത്യത്തെ അടുത്തറിയാനും നമ്മുടെ ദൈവവിളി എത്രമാത്രം പ്രധാനപ്പെട്ടതും സവിശേഷതയുള്ളതുമാണെന്ന് തിരിച്ചറിയാനുമുള്ള കാലഘട്ടമാണ് സെമിനാരി ജീവിതം” – പറയുന്നത് നിക്കോളാസ് എന്ന വൈദികനാണ്.

ദൈവവിളിക്ക് ആമ്മേൻ പറയുമ്പോൾ അദ്ദേഹം ഒരു എയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്നു. എന്നാൽ, ക്രിസ്തുവിനെ തിരിച്ചറിഞ്ഞ അദ്ദേഹത്തിന് തന്റെ എയർഫോഴ്സ് ഉദ്യോഗം ഒരു തടസമായിരുന്നു. അത് വലിച്ചെറിഞ്ഞ് ലാളിത്യത്തിന്റെ കുർബാന കുപ്പായം സ്വീകരിച്ചു. ഇന്ന് അദ്ദേഹം ഒരു പുരോഹിതനാണ്. ലോകം, മണ്ടന്‍ എന്നു വിളിച്ചപ്പോഴും അതൊന്നും കാര്യമാക്കാതെ തന്റെ ദൈവവിളിയെ സ്വീകരിച്ച അദ്ദേഹം മെയ് 23-നാണ് വൈദികനായത്.

റോൺ – മേരി ദമ്പതികളുടെ മകനായി ചാൾസ് സിറ്റിയില്‍ ജനിച്ചുവളർന്ന നിക്കോളാസ് റാഡ്‌ലോഫിനെ കുഞ്ഞുനാള്‍ മുതൽലേ കൊതിപ്പിച്ചിരുന്ന ദൃശ്യമാണ് അൾത്താരയിൽ വിശുദ്ധ കുർബാന അർപ്പിച്ചിരുന്ന വൈദികന്റേത്. തീവ്രമായ ഒരു ആഗ്രഹമായിരുന്നുവെങ്കിലും ആ ആഗ്രത്തിലേയ്ക്ക് എത്തിച്ചേർന്നത് ഏറെ സഞ്ചരിച്ചതിനു ശേഷവും. ഡൈഴ്‌സ് വില്ലയിലെ ബെക്കുമൻ ഹൈസ്‌കൂളിലെ പഠനശേഷം നിക്കോളാസ്, സെന്റ് ലൂയിസ് യൂണിവേഴ്‌സിറ്റിയിൽ എയ്‌റോസ്‌പെയ്‌സ് എൻജിയനിയറിങ് പഠനം പൂർത്തിയാക്കി. പഠിച്ചുകൊണ്ടിരുന്ന സമയത്ത് പലതവണ ദൈവവിളി ക്യാമ്പിൽ സംബന്ധിക്കുവാന്‍ തീരുമാനിച്ചുവെങ്കിലും അതൊന്നും നടന്നില്ല. പഠനം പൂർത്തിയാക്കിയശേഷം ഉടൻതന്നെ എയർഫോഴ്‌സിലേയ്ക്കും കയറി.

തുടർന്ന്, നീണ്ട ഏഴു വർഷക്കാലം എയർഫോഴ്സ് ഉദ്യോഗസ്ഥനായി സേവനം ചെയ്തു. എന്നാൽ, ഈ കാലയളവിൽ തനിക്കു ചേരുന്നത് ഇതല്ല ഇന്ന് അദ്ദേഹം മനസ്സിലാക്കുകയായിരുന്നു. അതേ തുടർന്ന് ജോലിക്കാലത്തു തന്നെ തിയോളജി പഠനം ആരംഭിച്ചു. 2015-ൽ ജോലിയിൽ നിന്ന് സ്വയം വിരമിച്ച് ഡുബുക്കിലെ സെന്റ് പയസ് ടെൻസ് സെമിനാരിയിൽ വൈദികപഠനം ആരംഭിച്ചു. ഒടുവിൽ ഈ കഴിഞ്ഞ മെയ് മാസം ഇരുപത്തിമൂന്നാം തീയതി അയോവ സംസ്ഥാനത്തെ ഡുബുക്ക് സെന്റ് റാഫേൽ കത്തീഡ്രലിൽ വച്ച് പൗരോഹിത്യം സ്വീകരിച്ചു. ദൈവസ്നേഹത്തിനു മുന്നിൽ ഈ ലോകം സമ്മാനിക്കുന്ന നേട്ടങ്ങൾ ഒന്നും ഒന്നുമല്ല എന്ന വലിയ സന്ദേശമാണ് ഈ വൈദികൻ തന്റെ ജീവിതം കൊണ്ട് പകർന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.