കൊലപാതകിയിൽ നിന്നും തെറാപ്പിസ്റ്റിലേക്ക് – ദൈവത്തെ തൊട്ടറിഞ്ഞ വ്യക്തിയുടെ ജീവിതസാക്ഷ്യം

അയൽവാസികൾക്കു മുഴുവനും മാരേക് സിഡ്‌ലോയെ ഭയമായിരുന്നു. ചെറിയ മോഷണത്തിൽ തുടങ്ങിയ അവൻ പിന്നീട് വലിയ കൊലപാതകി വരെ ആയി. എന്നാൽ, ഒരു തിരിഞ്ഞുനടപ്പിന് ആരംഭം കുറിച്ചതോടെ അദ്ദേഹത്തിന്റെ മാനസാന്തരത്തിലേക്കുള്ള വഴി തുറന്നു. ഇന്ന് അദ്ദേഹം മദ്യത്തിനും മയക്കുമരുന്നിനും അടിമകളായവരെ അതിൽ നിന്നും പിന്തിരിപ്പിക്കുന്ന തെറാപ്പിസ്റ്റ് ആണ്. അദ്ദേഹത്തിന്റെ മാനസാന്തരത്തിന്റെ കഥ വായിച്ചറിയാം…

പോളണ്ടിലാണ് മാരേക് ജനിച്ചത്. അവന്റെ കുട്ടിക്കാലം അത്ര സന്തോഷപ്രദമായിരുന്നില്ല. പിതാവ് മദ്യത്തിന് അടിമയായിരുന്നു. കുടുംബത്തിന്റെ സാമ്പത്തികസ്ഥിതിയും വളരെ മോശമായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ വർദ്ധിച്ചതിനെ തുടർന്ന് മാരേക്കിന്റെ അമ്മ ചെക്കോസ്ലോവാക്യയിലേക്ക് പോയി. “അച്ഛൻ പണമെല്ലാം മദ്യപാനത്തിന് ചെലവഴിച്ചു. ഞങ്ങൾ പട്ടിണി കിടന്ന ദിവസങ്ങളുണ്ടായിരുന്നു. അങ്ങനെയാണ് മോഷണം തുടങ്ങിയത്. മോഷണത്തിനു ശേഷം ഞാൻ വീട്ടിൽ വന്നു പറയും, ‘ദൈവമേ, ഞാൻ മോഷ്ടിക്കരുത് എന്ന ഒരു കൽപന മാത്രമേ ലംഘിച്ചിട്ടുള്ളൂ” എന്ന് – മാരേക് ഓർമ്മിക്കുന്നു.

കുട്ടിക്കാലത്ത് പള്ളിയിൽ പോയി ജപമാല പ്രാർത്ഥനയിൽ പങ്കെടുക്കുമായിരുന്നു. എന്നാൽ കാലക്രമേണ, അവൻ നല്ല കാര്യങ്ങൾ ചെയ്യുന്നതും ദൈവത്തിൽ വിശ്വസിക്കുന്നതും നിർത്തി.

ഒരു ദിവസം ഞായറാഴ്ച കുർബാന കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുമ്പോൾ, അവൻ താമസിക്കുന്ന ബ്ലോക്കിനു മുന്നിൽ വച്ച് കുറച്ച് സുഹൃത്തുക്കളെ കാണാനിടയായി. അവർ അവനോട് എവിടെ നിന്നാണ് വരുന്നതെന്നു ചോദിച്ചു, ‘പള്ളിയിൽ പോയി വരികയാണ്’ എന്ന് അവൻ അവർക്കു മറുപടി നൽകി. അവർ പൊട്ടിച്ചിരിച്ചു കൊണ്ട് അവനെ കളിയാക്കി. മാരേക്കിന് ഇത് വലിയ നാണക്കേടായി തോന്നി. അങ്ങനെ അവന് വിശ്വാസപരമായ കാര്യങ്ങളിലുള്ള താത്പര്യം കുറയുകയും പള്ളിയിൽ പോകുന്നത് അവസാനിപ്പിക്കുകയും ചെയ്തു.

ദിനംപ്രതി മാരേക്കിന്റെ പിതാവിന്റെ മദ്യപാനം വർദ്ധിച്ചുവന്നു. മാരേക്കിനും സഹോദരങ്ങൾക്കും ആവശ്യമായ അടിസ്ഥാന സാധനങ്ങൾ പോലും അദ്ദേഹം വാങ്ങിക്കൊടുക്കാൻ തയ്യാറായില്ല. പലപ്പോഴും മക്കളെ മർദ്ദിക്കുകയും ചെയ്യുമായിരുന്നു.

“എനിക്ക് 18 വയസ്സുള്ളപ്പോൾ എന്റെ പിതാവ് കാരണമില്ലാതെ എന്നെ മർദ്ദിച്ചു. എനിക്ക് അദ്ദേഹത്തോട് ഭയങ്കര വെറുപ്പായിരുന്നു. ലഹരിവസ്തുക്കളായിരുന്നു എന്റെ ദൈവം. അപ്പോഴേക്കും ഞാൻ വിവിധ ഉത്തേജക മരുന്നുകൾക്ക് അടിമയായി മാറിയിരുന്നു” – മാരേക് പറയുന്നു.

അയൽവാസികളെല്ലാം അവനെ ഭയപ്പെട്ടു. അയൽപക്കത്തുള്ള ‘ജുമ’ (ഉയർന്ന മൂല്യമുള്ള സാധനങ്ങൾ മോഷ്ടിച്ച് പോളണ്ടിലേക്ക് കടത്താൻ ജർമ്മനിയിലേക്ക് അതിർത്തി കടന്ന കുറ്റവാളികൾ) യുടെ രാജാവായി അവൻ മാറി.

മാരേക്ക് മോഷ്ടിച്ച സാധനങ്ങൾ നിരവധി ഇടങ്ങളിൽ വിറ്റഴിച്ചു. കുറ്റകൃത്യങ്ങളിലൂടെ അയാൾ ധാരാളം പണം സമ്പാദിച്ചു. ഒരു കാർ വാങ്ങുകയും അതിന് ഒരു സ്വകാര്യ ഡ്രൈവറെ നിയമിക്കുക പോലും ചെയ്തു. തന്റെ ജീവിതശൈലി മൂലമുണ്ടാകുന്ന സമ്മർദ്ദത്തോട് വഴക്കുകളിലൂടെയും തെറ്റിലൂടെയുമാണ് മാരേക്ക് പ്രതികരിച്ചത്.

“എന്റെ ജീവിതം ഒരു വലിയ ശൂന്യതയായിരുന്നു. ഞാൻ എന്നിൽ നിന്നും ഓടിപ്പോകുകയായിരുന്നു. എനിക്ക് മൃഗങ്ങളെ ഇഷ്ടമായിരുന്നു. പക്ഷേ എന്റെ പ്രിയപ്പെട്ട നായയെ പോലും അമിതമായി ഉപദ്രവിക്കുന്ന തരത്തിലേക്ക് എന്റെ മനസ് മാറി. ഞാൻ ചെയ്യുന്ന കാര്യങ്ങളിൽ എനിക്ക് നിയന്ത്രണമില്ലായിരുന്നു” – അദ്ദേഹം പറയുന്നു.

‘നിന്റെ സ്വഭാവം മാറിപ്പോയി’ എന്ന് ആരെങ്കിലും പറഞ്ഞാൽ അവരുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കും. തെറ്റിന് കൂട്ടു നിൽക്കുന്നവരെ മാത്രം സുഹൃത്തുക്കളായി കണ്ടു. ബാക്കിയുള്ള കൂട്ടുകാർ അവനെ ഒരു നേതാവായി കണ്ടു. ബിസിനസ്സ് കുതിച്ചുയർന്നു. അവൻ കൂടുതൽ ശക്തമായ മയക്കുമരുന്നുകൾ ഉപയോഗിക്കാൻ തുടങ്ങി.

“ഞാൻ ഒരു ഭയങ്കര ഭൗതികവാദിയായി, കള്ളനായി, കള്ളക്കടത്തുകാരനായി. അവസാനം കൊലപാതകിയും” – മാരേക് വിശദീകരിക്കുന്നു.

ആളുകളെ അനാവശ്യമായി ഉപദ്രവിക്കുന്നതും അദ്ദേഹത്തിന് ഒരു ഹരമായിരുന്നു. പത്തു വർഷത്തോളം ജുമയിൽ മാരേക്കിന്റെ പങ്കാളിത്തം തുടർന്നു. ജർമ്മൻ അതിർത്തി കടന്ന് മോഷണം തുടർന്നു. ഇതിൽ വൈദഗ്ധ്യം നേടിയ ഒരു പ്രത്യേക ഗ്രൂപ്പ് പോലും അദ്ദേഹം ആരംഭിക്കുകയും തന്റെ സുഹൃത്തുക്കളെയും പരിചയക്കാരെയും അതിൽ പങ്കാളികളാക്കുകയും ചെയ്തു. പോളണ്ടിലേക്ക് മടങ്ങുന്ന വേളയിൽ കാറപകടം സംഭവിച്ചെങ്കിലും മാരേക്ക് അത്ഭുതകരമായി രക്ഷപ്പെട്ടു. ആർക്കും തന്നെ ഭീഷണിപ്പെടുത്താൻ കഴിയാത്തതിനാൽ സ്വയം രാജാവാണ് താനെന്ന അഹങ്കാരത്തിൽ അദ്ദേഹം ജീവിച്ചു.

കൂട്ടുകാരിലൊരാൾക്ക് മാരേക്കിന്റെ ഭാര്യയുമായി അവിഹിതബന്ധമുണ്ടെന്ന് അറിഞ്ഞപ്പോൾ അയാൾ ഭ്രാന്തനെപ്പോലെ ആയി. ആ അപമാനം മറക്കാൻ അമിതമായി മദ്യപിക്കുകയും മയക്കുമരുന്ന് കഴിക്കുകയും ചെയ്തു. ആത്മഹത്യ ചെയ്യാൻ വരെ അദ്ദേഹം തീരുമാനിച്ചു. എങ്കിലും ഉത്തേജക മരുന്നുകളുടെ ലഹരിയിൽ പെട്ടെന്ന് മനസു മാറി. ഭാര്യയുടെ കാമുകനെ കൊല്ലാൻ മാരേക് തീരുമാനിച്ചു.

കാമുകനായ മാർസിൻ എന്ന തന്റെ സുഹൃത്തിനെയും അന്വേഷിച്ച് അയാൾ ഒരു കത്തിയെടുത്ത് വീട്ടിൽ നിന്നിറങ്ങി. വഴിയിൽ വച്ച് ചില പരിചയക്കാരെ കണ്ടു. അവരുടെ കൂട്ടത്തിൽ മാർസിനും ഉണ്ടായിരുന്നു. കൂട്ടുകാരോടൊപ്പം തമാശ പറഞ്ഞു നിൽക്കുകയായിരുന്ന അദ്ദേഹത്തെ കൈയ്യിൽ സൂക്ഷിച്ചിരുന്ന കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തി.

“കെട്ടിപ്പിടിക്കുന്നതു പോലെ ഞാൻ എന്റെ സുഹൃത്തിന്റെ കഴുത്തിൽ കൈ വച്ചു. അതിനു ശേഷം അവന്റെ ഹൃദയത്തിലേക്ക് കത്തി കുത്തിയിറക്കി. അവൻ മരിക്കേണ്ടിയിരുന്നില്ല എന്ന് ഇന്നെനിക്കറിയാം. എപ്പോഴും പുഞ്ചിരിക്കുന്ന, ഭക്തനായ ഒരു മനുഷ്യനായിരുന്നു മാർസിൻ” – മാരേക്ക് ഓർമ്മിക്കുന്നു.

മരിക്കുന്നതിനു മുൻപ് മാർസിൻ മാരേക്കിനോട് ക്ഷമിച്ചു. എങ്കിലും കോടതി അദ്ദേഹത്തെ 12 വർഷത്തെ തടവിനു ശിക്ഷിച്ചു. ജയിലിലും അദ്ദേഹത്തിന്റെ ആക്രമണസ്വഭാവത്തിന് മാറ്റമൊന്നും ഉണ്ടായില്ല. അങ്ങനെ കൂടുതൽ ആക്രമണകാരിയായി തുടരുന്നതിനിടെ ഒരു ദിവസം ബൈബിൾ വായിക്കാനിടയായി. “പാവപ്പെട്ടവൻ നിലവിളിച്ചു. കർത്താവ് അവനെ കേട്ടു…” (സങ്കീ. 34:6). അതായിരുന്നു ബൈബിളിൽ നിന്നും വായിച്ചത്. അതുവരെയുള്ള തന്റെ ജീവിതത്തിലേക്ക് അവൻ സത്യസന്ധതയോടെ തന്നെ തിരിഞ്ഞുനോക്കി. തനിക്ക് ഒന്ന് കുമ്പസാരിക്കണമെന്ന് അദ്ദേഹം സ്വയം തീരുമാനിച്ചു. ഇത് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവിന് തുടക്കം കുറിച്ചു.

അവൻ പുരോഹിതന്റെ മുമ്പിൽ മുട്ടു കുത്തി, ക്രൂശിതരൂപത്തിലേക്കു നോക്കി തന്റെ പാപങ്ങൾ ഏറ്റുപറഞ്ഞു. “ഞാൻ നിങ്ങളുടെ പാപങ്ങൾ ക്ഷമിക്കുന്നു” എന്ന പുരോഹിതന്റെ വാക്കുകൾ കേട്ടപ്പോൾ മാരേക് യേശുവിന്റെ കണ്ണുകളിലേക്ക് നോക്കിയിട്ട് എന്നതുപോലെ കരയാൻ തുടങ്ങി. അതിനു ശേഷം അവൻ തന്റെ സെല്ലിലേക്ക് മടങ്ങി. തന്റെ ജീവിതത്തെക്കുറിച്ച് സ്വയം ചിന്തിച്ചു. ദൈവം തന്നെ ശരിക്കും സ്‌നേഹിക്കുന്നുവെന്നും തന്റെ കൂടെ എപ്പോഴും ഉണ്ടായിരുന്നുവെന്നും തിരിച്ചറിഞ്ഞു.

മാരേക് മറ്റൊരു മനുഷ്യനാകാൻ തീരുമാനിച്ചപ്പോൾ അയാൾക്ക് ഭ്രാന്താണെന്ന് സുഹൃത്തുക്കൾ പറഞ്ഞു; അവർ അവന്റെ മാനസാന്തരത്തിൽ വിശ്വസിച്ചില്ല.

ജയിൽമോചിതനായ ശേഷം പഠനം പൂർത്തിയാക്കി ഒരു അഡിക്ഷൻ തെറാപ്പിസ്റ്റായി. മുൻപ് കുറ്റവാളികൾ ആയിരുന്നവരെ സഹായിക്കുന്ന ‘തുലിപ്’ എന്ന ഫൗണ്ടേഷനിൽ അദ്ദേഹം പ്രവർത്തിച്ചു. ഇന്ന് അദ്ദേഹം ജയിലുകളും ജുവനൈൽ ഹോമുകളും സന്ദർശിച്ച് സാക്ഷ്യം നൽകുന്നു. “ദൈവത്തിന്, ഒന്നും അസാധ്യമല്ല” – മാരേക്‌ പറയുന്നു.

വർഷങ്ങൾക്കു ശേഷം, മാരേക് തന്റെ മരിച്ചുപോയ പിതാവിനോട് ക്ഷമിച്ചു. കുറച്ച് വർഷങ്ങൾക്കു മുമ്പ് അദ്ദേഹം ഫാത്തിമയിൽ നിന്ന് ലൂർദ്ദിലേക്ക് ഒരു തീർത്ഥാടനം നടത്തി. 1,800 മൈലിലധികം കാൽനടയായിട്ടായിരുന്നു ആ യാത്ര.

ജീവിതത്തിൽ വന്ന വീഴ്ചകളിൽ നിന്നുള്ള തിരിച്ചുവരവിൽ അനേകർക്ക് ഇന്നൊരു പ്രചോദനമാണ് അദ്ദേഹം; ദൈവത്തിന്റെ കരങ്ങളിലെ നല്ലൊരു ഉപകരണം.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.