ഇറാഖിലെ വൈദികനായി മാറിയ ക്യാബറെ മ്യുസീഷ്യൻ

ജീവിതം അത് സൃഷ്ടാവായ ദൈവത്തിനുള്ള സമർപ്പണമാണ് എന്ന് തിരിച്ചറിയാൻ ഒരു പക്ഷെ യുവത്വത്തിന്റെ തിളപ്പിൽ നമുക്ക് കഴിഞ്ഞെന്ന് വരില്ല. എന്നാൽ ദൈവത്താൽ തിരഞ്ഞെടുക്കപെട്ടവരാണ് നാം എങ്കിൽ തന്നിലേക്ക് ഉള്ള വഴി അവൻ തന്നെ നമുക്കായി ഒരുക്കും.

ഇത്തരത്തിൽ അത്ഭുതകരമായ ഒരു പരിവർത്തനത്തിന്റെ ജീവിതാനുഭവമാണ് ഫ്രഞ്ച് വൈദികനായ ജീൻ മാരി ബെഞ്ചമിനു പങ്കുവയ്ക്കുവാനുള്ളത്. വൈദികനാകുന്നതിനു മുൻപ് ഇദ്ദേഹം ഒരു ക്യാബറെ സംഗീതജ്ഞനായിരുന്നു. ഇദ്ദേഹത്തിന്റെ പരിവർത്തനത്തിനു വഴി തെളിച്ചതോ വിശുദ്ധനായ പാദ്രെ പിയോയും. ജീൻ മാരി ബെഞ്ചമിന്റെ ജീവിതത്തിലൂടെ നമുക്കും കടന്നു പോകാം.

ലൗകിക സുഖങ്ങൾക്കിടയിലും ഉള്ളിൽ സൂക്ഷിച്ച ആത്മീയ വെളിച്ചം

പാരീസിലെ ഭക്ഷണ ശാലകളിൽ രാത്രിയുടെ നിശബ്ദതയെ സംഗീതമയമാക്കിയവൻ ജീൻ മാരി ബെഞ്ചമിൻ. പ്രായം ഇരുപത്. യുവത്വത്തിന്റേതായ ആവേശവും അഭിനിവേശങ്ങളും എല്ലാം ജീൻ മാരി ബെഞ്ചമിൻ എന്ന ഫ്രഞ്ച് യുവാവിൽ നിറഞ്ഞിരുന്ന സമയം. തിരക്കിനിടയിലും അടിച്ചു പൊളികൾക്കിടയിലും ചില പുസ്തകങ്ങളിലൂടെ ആത്മീയമായ ഒരു പ്രകാശം ആ യുവാവ് ഉള്ളിൽ സൂക്ഷിച്ചിരുന്നു.

എന്നാൽ അതിനെ കുറിച്ചു ചിന്തിക്കുവാനോ ദൈവവുമായുള്ള തന്റെ ബന്ധം മെച്ചപ്പെടുത്തുവാനോ ഒന്നും ആദ്ദേഹം മുതിർന്നില്ല. ഒരു നെരിപ്പോട് കണക്കെ ഉള്ളിൽ കിടന്നിരുന്ന ആ ആത്മീയ ദാഹത്തെ ഒരുപക്ഷെ അയാൾ തിരിച്ചറിഞ്ഞില്ല എന്ന് വേണമെങ്കിൽ പറയാം.

പാദ്രെ പിയോയിലൂടെ വഴിതെളിച്ച ദൈവം

അങ്ങനെ ഇരിക്കെ ഒരിക്കൽ സുഹൃത്തിന്റെ വീട്ടിൽ ഭക്ഷണം കഴിക്കുവാനായി ക്ഷണിക്കപ്പെട്ടു. അവിടെ എത്തിയ ആ യുവാവിൽ മേശപ്പുറത്ത് ഇരുന്ന പാദ്രെ പിയോയുടെ ചിത്രമുള്ള ഒരു പുസ്തകം ശ്രദ്ധയിൽ പെട്ടു. ആ ചിത്രത്തിൽ കണ്ട ആളോട് എന്തോ ഒരു ആകർഷണം തോന്നിയ ജീൻ തിരികെ പോരുമ്പോൾ ആ പുസ്തകം കൂടെ കൊണ്ട് പോന്നു. അന്ന് രാത്രി തന്നെ ആ പുസ്തകം അവൻ വായിച്ചു തീർത്തു. വായിച്ചു കഴിഞ്ഞപ്പോൾ മുതൽ ആ വിശുദ്ധനായ വൈദികന്റെ അടുത്ത് എങ്ങനെയും എത്തിയാൽ മതി എന്ന ചിന്ത ആ യുവാവിനെ കീഴ്‌പ്പെടുത്തി. എങ്ങനെയും ഇറ്റലിയിൽ എത്തണം. അത് മാത്രമായി ചിന്ത…

അങ്ങനെ ജീൻ ഇറ്റലിയിലെ സാൻ ജിയോവന്നി റൊട്ടോണ്ടോയിലെത്തി. ഇറ്റാലിയൻ സാഹിത്യ പ്രൊഫസറായ മാർക്കോയുടെ സഹായത്തോടെ പാദ്രെ പിയോ കുമ്പസാരിപ്പിക്കുന്ന സമയവും മറ്റും അറിഞ്ഞു. എന്നാൽ അദ്ദേഹത്തിന്റെയടുത്ത് കുമ്പസാരിക്കുവാൻ സമയം കിട്ടുമോ എന്ന കാര്യത്തിൽ മാർക്കോ സംശയം പ്രകടിപ്പിച്ചു. കാരണം വിദേശികളായ ആളുകളെ പാദ്രെ പിയോ അവരുടെ ഭാഷകളിൽ സംസാരിക്കുന്ന വൈദികരുടെ പക്കലേയ്ക്ക് അയക്കുകയാണ് ചെയ്തിരുന്നത്.

എന്ത് തന്നെയായാലും പാദ്രെ പിയോയുടെ പക്കൽ പോകുവാൻ ജീൻ തീരുമാനിച്ചു. പിറ്റേന്ന് രാവിലെ സുഹൃത്തിന്റെ നിർദ്ദേശമനുസരിച്ച് ദേവാലയത്തിൽ ചെന്നപ്പോൾ പ്രായം ഏറെയായി, വീൽചെയറിൽ ക്രിസ്തുവിന്റെ പീഡാസഹനങ്ങളെ ധ്യാനിച്ചു കൊണ്ട് ഇരിക്കുന്ന പാദ്രെ പിയോയെ ജീൻ കണ്ടു. അദ്ദേഹം അന്ന് അർപ്പിച്ച വിശുദ്ധ കുർബാനയിൽ ആ യുവാവും പങ്കെടുത്തു. ആ ബലിയർപ്പണം പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതിയാണ് ജീനിൽ പകർന്നത്. വലിയ ഒരു ആത്മീയ മാറ്റം അവിടെ ഉണ്ടായിരുന്ന എല്ലാവരിലും അനുഭവവേദ്യമായി.

എന്തിന്, ആ ദേവാലയത്തിൽ പറന്നു വന്നിരുന്ന കിളികൾ പോലും പാദ്രെ പിയോ വിശുദ്ധ കുർബാന അർപ്പിക്കുവാൻ തുടങ്ങിയ നിമിഷം മുതൽ നിശബ്ദമായി. എല്ലായിടത്തും ഒരു സ്വർഗ്ഗീയ അനുഭൂതി നിറഞ്ഞു. അടുത്ത മൂന്നു ദിവസവും ജീൻ പളളിയിൽ പോയി എങ്കിലും കുമ്പസാരിക്കുവാൻ പറ്റിയില്ല. കാരണം പാദ്രെ പിയോ അതീവ ക്ഷീണിതനായിരുന്നു. എങ്കിലും ജീൻ മടുത്തില്ല. ഞായറാഴ്ച ദേവാലയത്തിൽ നേരത്തെ എത്തുകയും കുമ്പസാരിക്കാൻ ഉള്ളവരുടെ മുൻ നിരയിൽ സ്ഥാനം പിടിക്കുകയും ചെയ്തു. ജീനിനെ കണ്ട മാത്രയിൽ ഈ ആൾക്ക് ഇറ്റാലിയൻ അറിയില്ല എന്ന് പാദ്രെ പിയോയ്ക്കു മനസിലായി.

അദ്ദേഹം ജീനോട് എത്ര നാളായി കുമ്പസാരിച്ചിട്ട് എന്ന് ചോദിച്ചു? ‘അറിയില്ല’ എന്നതായിരുന്നു ജീൻ നൽകിയ ഉത്തരം. കാരണം നാളുകളായായിരുന്നു ജീൻ കുമ്പസാരിച്ചിട്ട്. ജീനിന്റെ മറുപടി കേട്ട ഉടനെ പാദ്രെ പിയോ യുവാവിന്റെ മുഖത്തിനു മുന്നിലൂടെ മൂന്നു നാല് തവണ കൈ വീശി. എന്നിട്ടു ജീൻ അവസാനമായി കുമ്പസാരിച്ച വർഷവും തീയതിയും മാസവും വ്യക്തമായി പറഞ്ഞു കൊടുത്തു. അത്ഭുതസ്തബ്ധനായി എന്ത് പറയണം എന്നറിയാതെ നിന്ന ജീനോട് ‘ഒരു ഫ്രഞ്ച് വൈദികനെ സമീപിക്കുക’ എന്ന് പാദ്രെ പിയോ പറഞ്ഞു. കുമ്പസാരം നടന്നില്ല എങ്കിലും ആ വാക്കുകൾ ജീനിൽ വലിയ ഒരു ആത്‌മീയ ഉണർവ് ഉണ്ടാക്കി. ജീൻ തിരികെ വീട്ടിലേയ്ക്കു പോന്നു.

കുമ്പസാരത്തിനായി പോകുന്നു

ആ വർഷം സെപ്റ്റംബർ 23 അദ്ദേഹത്തെ തേടി ഒരു സങ്കട വാർത്ത എത്തി. വിശുദ്ധനായ ആ വൈദികൻ മരണമടഞ്ഞു എന്ന വാർത്തയായിരുന്നു അത്. വളരെ സങ്കടത്തോടെ ആ യുവാവ് തിരികെ വീട്ടിൽ എത്തി. ആ വിശുദ്ധ വൈദികനെ കണ്ടത് മുതലുള്ള ചിന്തകൾ ആയിരുന്നു മനസ്സിൽ. അപ്പോഴാണ് ഒരു കാര്യം ഓർത്തത്. അന്ന് ഒരു ഫ്രഞ്ച് വൈദികന്റെ പക്കൽ പോകാൻ പാദ്രെ പിയോ പറഞ്ഞതാണ്. ഇതുവരെയും പോയിട്ടില്ല. പെട്ടെന്ന് തന്നെ ജീൻ ഒരുങ്ങി പള്ളിയെ ലക്ഷ്യമാക്കി നടന്നു.

പള്ളിയിൽ എത്തിയപ്പോൾ അവിടെ കുമ്പസാരം നടക്കുന്നുണ്ടായിരുന്നു. ഒന്നുരണ്ട് ആളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവർക്കു ശേഷം ജീൻ കുമ്പസാരിക്കാൻ വൈദികന്റെ പക്കൽ ചെന്നു. ആശീർവാദം നൽകി പാപങ്ങൾ കേൾക്കാൻ ചെവി ചായിച്ച വൈദികനോട് ജീൻ പറഞ്ഞു “അച്ചാ എനിക്ക് എങ്ങനെ കുമ്പസാരിക്കണം എന്ന് അറിയില്ല. പക്ഷെ എന്നെ പാദ്രെ പിയോ അയച്ചതാണ്”. വൈദികൻ ജീനിനു പറയാനുള്ളത് മുഴുവൻ കേട്ടു. ശേഷം വൈദികൻ പറഞ്ഞു തുടങ്ങി ” നിങ്ങളുടെ ജീവിതത്തിൽ സംഭവിച്ചതെല്ലാം മനോഹരമാണ്. ഞാൻ നിങ്ങളെ ശരിയായി മനസിലാക്കിയിട്ടുണ്ടെങ്കിൽ, എന്നെ കാണാനായി ആരും നിങ്ങൾക്ക് എന്റെ പേര് നൽകിയിട്ടില്ല. മറിച്ചു പാദ്രെ പിയോ ആണ് നിങ്ങളെ ഇവിടേയ്ക്ക് നയിച്ചത്. എന്തുകൊണ്ടാണ് ഞാൻ ഇത് പറയുന്നതെന്ന് നിങ്ങൾക്കറിയാമോ? കാരണം ഞാൻ ഫാ. റെവിൽഹാക്ക് ആണ്. പാദ്രെ പിയോയുടെ ആശുപത്രിയിലേയ്ക്ക് ഫണ്ട് ശേഖരിക്കുന്നത് ഞാൻ ആണ്. അദ്ദേഹത്തെ എപ്പോഴും ഞാൻ കാണുന്നതാണ്.”

മാറ്റങ്ങൾ വരുത്തിയ കുമ്പസാരം

വൈദികൻ സംസാരം നിർത്തി അദ്ദേഹത്തിന് ആശീർവാദം നൽകി. ആ കുമ്പസാരം പിന്നീട് ജീനിനു ഒരു ആത്‌മീയ പിതാവിനെ സമ്മാനിക്കുകയായിരുന്നു. അവർ തമ്മിലുള്ള സൗഹൃദം ജീനിനെ ദൈവവിളി മനസിലാക്കുവാൻ സഹായിച്ചു. ഒരിക്കൽ ജീൻ വൈദികനെ സമീപിച്ച് തനിക്കും പുരോഹിതൻ ആകണം എന്ന ആഗ്രഹം അറിയിച്ചു. എന്നാൽ അദ്ദേഹം ജീനിനോട് പ്രാർത്ഥിക്കുവാൻ ആവശ്യപ്പെട്ടു. പക്വമായ ഒരു തീരുമാനം എടുക്കട്ടേ എന്ന് അദ്ദേഹം കരുതി. 1983 ൽ തനിക്കു വൈദികനെ ആകണം എന്ന ആഗ്രഹം ജീൻ വീണ്ടും അറിയിച്ചു. അത് ആ വൈദികൻ അംഗീകരിച്ചു.

1991 ൽ അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു. ഇറാനിലെ മിഷനറി വൈദികനായി. 1995 ൽ പാദ്രെ പിയോയെ കുറിച്ച് ആദ്യ ചിത്രം അദ്ദേഹം സംവിധാനം ചെയ്തു. ഇന്നും ഫാ. ജീൻ മാരി ബെഞ്ചമിൻ ഇറാഖിലെ മാനുഷിക പ്രവർത്തനങ്ങൾക്ക് വേണ്ടി തൻ്റെ ജീവിതം മാറ്റി വെച്ചിരിക്കുകയാണ്. അതിനു കാരണം വിശുദ്ധ പാദ്രെ പിയോയിൽ നിന്ന് പകർന്നു കിട്ടിയ ആർദ്രത തന്നെ.