നിരവധി അബോർഷനുകൾ നടത്തിയ ഡോക്ടർ; ഇന്ന് സജീവ പ്രോ-ലൈഫ് പ്രവർത്തക

പ്രസവം കഴിഞ്ഞ് ആറു ആഴ്ചകൾക്കു ശേഷമാണ് കാത്തി ഓൾട്ട്മാൻ ഫ്ലോറിഡയിലെ ഗെയ്‌നെസ്‌വില്ലെയിലെ ഗർഭച്ഛിദ്ര ക്ലിനിക്കിൽ ജോലിക്ക് തിരിച്ചെത്തിയത്. ഡോക്ടറാകാനുള്ള പഠനത്തിനിടയിൽ പണം സമ്പാദിക്കാനായി വാരാന്ത്യങ്ങളിൽ ഗർഭച്ഛിദ്രം നടത്തുന്ന ക്ലിനിക്കുകളിൽ ജോലി ചെയ്തിരുന്ന ഒരു വ്യക്തിയായിരുന്നു അവർ.

“ഗർഭച്ഛിദ്രം ഒരു സ്ത്രീയുടെ അവകാശമാണെന്ന് അന്നെനിക്കു തോന്നി. ഞാൻ ഗർഭിണിയായിരുന്നപ്പോൾ പോലും മറ്റു സ്ത്രീകൾക്ക് ഗർഭച്ഛിദ്രം നടത്തിയിരുന്നു. എനിക്ക് എന്റെ കുഞ്ഞിനെ വേണമായിരുന്നു. എന്നാൽ, മറ്റുള്ളവരുടെ കുഞ്ഞിനെ സംരക്ഷിക്കുക എന്നത് എന്റെ ആവശ്യമായി എനിക്ക് തോന്നിയില്ല. മറ്റുള്ളവരുടെ കുഞ്ഞിനെ ഗർഭച്ഛിദ്രം ചെയ്യാൻ അവർ ആഗ്രഹിക്കുന്നുവെങ്കിൽ അത് അവരുടെ അവകാശമാണ്. ഇതായിരുന്നു എന്റെ കാഴ്ചപ്പാട്” – ഓൾട്ട്മാൻ പറയുന്നു. ഈ കാഴ്ചപ്പാടിൽ നിന്നും ജീവനെ സംരക്ഷിക്കുന്നതിനായി എന്തും ചെയ്യാൻ തയ്യാറാവുന്ന കാത്തി ഓൾട്ട്മാൻ എന്ന പ്രോ ലൈഫ് പ്രവർത്തകയിലേക്കുള്ള ഇവരുടെ പരിവർത്തനത്തിന്റെ കഥയാണ് ഇത്.

സ്വന്തം കുഞ്ഞിനെ പ്രസവിച്ച ശേഷം അവനെ ശുശ്രൂഷിക്കുമ്പോൾ മുതലാണ് അവളുടെ ജീവിതത്തിൽ മാറ്റങ്ങൾ സംഭവിക്കാൻ തുടങ്ങിയത്. പ്രസവാവധിക്കു ശേഷം ഗർഭച്ഛിദ്രം നടത്തിയപ്പോൾ വ്യത്യസ്തമായ ഒരു അനുഭവമായിരുന്നുവെന്ന് ഓൾട്ട്മാൻ ഓർമ്മിക്കുന്നു. അവളുടെ ജീവിതത്തിൽ ആദ്യമായി, ഗർഭച്ഛിദ്രം നടത്തുന്നത് ജീവനുള്ള ഒരു കുഞ്ഞിനെ ആണെന്ന ചിന്ത ഉണ്ടായി. സ്വന്തം കുട്ടിയുമായി അതിനെ താരതമ്യം ചെയ്യുന്നതിലേക്ക് ആ ചിന്ത അവളെ നയിച്ചു. അവളുടെ പ്രസവാവധി കഴിഞ്ഞ് തിരിച്ചുവന്നപ്പോഴുള്ള അനുഭവം വളരെ വ്യത്യസ്തമായിരുന്നു. ഒരു പ്രോ-ലൈഫ് പ്രവർത്തക ആകാനുള്ള അവളുടെ യാത്രയുടെ തുടക്കം അവിടെ നിന്നായിരുന്നു. പ്രോ-ലൈഫ് അനുകൂല നിലപാടുകൾക്കായി വാദിക്കുന്ന വ്യക്തിയായി പിന്നീടവൾ മാറി.

ഇന്ന്, ഓൾട്ട്മാൻ സംസ്ഥാന-കോൺഗ്രസ് ബോഡികൾക്കും സംസ്ഥാന കോടതികൾക്കും മുമ്പാകെ പ്രോ-ലൈഫ് പ്രശ്നങ്ങളെക്കുറിച്ച് വാദിക്കാറുണ്ട്. കൂടാതെ, ഗർഭച്ഛിദ്രവുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്നതിന് വിവിധ അഭിഭാഷകരെയും നീതിന്യായ വകുപ്പിനെയും സഹായിക്കുന്നു. വാഷിംഗ്ടണിലെ 2019 -ലെ ‘മാർച്ച് ഫോർ ലൈഫി’ൽ അവൾ ഒരു മുഖ്യപ്രഭാഷകയായിരുന്നു. അമേരിക്കയിൽ ഗർഭച്ഛിദ്രത്തിനുള്ള ഫെഡറൽ പരിരക്ഷയെ അട്ടിമറിക്കാൻ സാധ്യതയുള്ള മിസിസിപ്പിയിൽ നിന്നുള്ള ഒരു കേസ് ഡോബ്സ് വേഴ്സസ് ജാക്സൺ വിമൻസ് ഹെൽത്ത് ഓർഗനൈസേഷനെ പിന്തുണച്ച് അമിക്കസ് ബ്രീഫ് ഒപ്പിട്ട 240 പ്രോ-ലൈഫ് സ്ത്രീകളിൽ ഒരാളാണ് ഓൾട്ട്മാൻ.

‘ഞാൻ ആ കുഞ്ഞുങ്ങളെ വ്യക്തികളായി പരിഗണിച്ചില്ല’

ഓൾട്ട്മാന് വളരെ ചെറുപ്പത്തിൽ തന്നെ സയൻസ് വിഷയങ്ങളോട് താല്‍പര്യമുണ്ടായിരുന്നു. മെത്തഡിസ്റ്റ് പ്രഭാഷകനായ പിതാവ് മീൻ പിടിക്കാൻ പോയി വരുമ്പോൾ അവയെ വൃത്തിയാക്കാൻ അവളും സഹായിച്ചിരുന്നു. മത്സ്യത്തിന്റെ ആന്തരികാവയവങ്ങളും കണ്ണുകളും പരിശോധിക്കുന്നത് ഓൾട്ട്മാന് വളരെ ഇഷ്ടമായിരുന്നു. ഓൾട്ട്മാന്റെ അമ്മായി ഒരു ബയോ എഞ്ചിനീയറായിരുന്നു. ഓൾട്ട്മാൻ നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ അവൾ അമ്മായിയുടെ ലാബ് സന്ദർശിച്ചു. അതവൾക്ക് വളരെ ഇഷ്ടപ്പെട്ടു. അവിടെ വച്ചു  തന്നെ തനിക്ക് ഒരു ശാസ്ത്രജ്ഞയാകണമെന്ന് അവൾ തീരുമാനിച്ചു.

1972 -ൽ ഡ്രൂ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തരബിരുദം നേടിയ ശേഷം ഓൾട്ട്മാൻ പിഎച്ച്ഡി -യിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. അക്കാലയളവിൽ വൈദ്യശാസ്ത്രമാണ് അവൾ പഠിക്കാനായി തിരഞ്ഞെടുത്തത്. കാരണം ഈ മേഖല ഗവേഷണത്തേക്കാൾ സുരക്ഷിതമായ തൊഴിൽസാധ്യതകൾ നൽകുന്നതായി അവൾ മനസിലാക്കി. ഓൾട്ട്മാൻ തന്റെ പഠനത്തിന്റെ ആദ്യവർഷം ന്യൂജേഴ്‌സിയിൽ ആയിരുന്നു. എന്നാൽ, പിന്നീട് ഫ്ലോറിഡ യൂണിവേഴ്സിറ്റിയിലേക്ക് മാറാൻ അവൾ തീരുമാനിച്ചു. അവളുടെ കാമുകനുമായി കൂടുതൽ അടുത്തായിരിക്കാനാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തത്. പുതിയ അധ്യയനവർഷം ആരംഭിക്കുന്നതിനു മുമ്പു തന്നെ അവൾ ഗർഭിണിയായി.

“കുഞ്ഞിനെ ജീവിക്കാൻ അനുവദിച്ചാൽ എനിക്ക് ഒരു ഡോക്ടറാകാൻ കഴിയില്ല. ഞങ്ങൾ വിവാഹിതരായാൽ വിവാഹമോചനത്തിൽ അവസാനിക്കുമോ എന്ന് ഞാൻ ഭയപ്പെട്ടു. കാരണം, എന്റെ കുടുംബവും സുഹൃത്തുക്കളും എന്തു വിചാരിക്കും എന്നോർത്ത് എനിക്ക് ആകുലതയുണ്ടായിരുന്നു” – ഓൾട്ട്മാൻ വെളിപ്പെടുത്തുന്നു.

‘അതിനാൽ ഞാൻ ഗർഭച്ഛിദ്രം നടത്താൻ തീരുമാനിച്ചു’

1977 -ൽ മെഡിക്കൽ പഠനം പൂർത്തിയാക്കിയ ശേഷം പ്രസവചികിത്സ, ഗൈനക്കോളജി എന്നീ വിഭാഗത്തിലായിരുന്നു അവൾക്ക് കൂടുതൽ താല്‍പര്യം ഉണ്ടായിരുന്നത്. പ്രസവം എടുക്കുന്നതും ശസ്ത്രക്രിയകൾ നടത്തുന്നതും ഒരു സ്ത്രീ ഗർഭിണിയാണോ എന്നറിയുന്നതും ഒക്കെ യഥാർത്ഥത്തിൽ അവൾ ആസ്വദിക്കുകയായിരുന്നു. ഗർഭച്ഛിദ്രത്തെക്കുറിച്ചുള്ള തന്റെ വ്യക്തിപരമായ അനുഭവം ഈ മേഖലയെ കൂടുതൽ ആകർഷകമാക്കിയിട്ടുണ്ടെന്നും ഓൾട്ട്മാൻ പറയുന്നു.

എല്ലാ സാധാരണ OB-GYN പ്രോഗ്രാമുകളിലും ഗർഭച്ഛിദ്രത്തെക്കുറിച്ചുള്ള പരിശീലനം ഉൾപ്പെടുന്നുണ്ട്. എങ്കിലും മെഡിക്കൽ വിദ്യാർത്ഥികൾ തന്നെയാണ് ഇത് തിരഞ്ഞെടുക്കണോ, വേണ്ടയോ എന്നുള്ള തീരുമാനം എടുക്കുന്നത്. അവളുടെ ക്ലാസിലെ ചിലർ ഗർഭച്ഛിദ്രത്തെ എതിർക്കുകയും അത് എങ്ങനെ ചെയ്യണമെന്ന് പഠിക്കുക പോലും ചെയ്തിട്ടില്ല. എന്നാൽ, ഗർഭച്ഛിദ്രം ഒരു സ്ത്രീയുടെ അവകാശമാണെന്ന് ഓൾട്ട്മാന് തോന്നി. പ്രത്യേകിച്ച് സ്വന്തം അനുഭവത്തിനു ശേഷം. ആദ്യത്തെ മൂന്നു മാസം ഗർഭച്ഛിദ്രം എങ്ങനെ ചെയ്യാമെന്ന് അവൾ ഒരു ആവേശത്തോടെ തന്നെയാണ് മനസിലാക്കിയത്. പിന്നീടുള്ള കാലയളവിൽ  ഗർഭച്ഛിദ്രം, ശിഥിലീകരണ ഗർഭച്ഛിദ്രം എന്നിവ എങ്ങനെ ചെയ്യാമെന്ന് കൂടുതൽ അറിയാൻ അവൾ തന്റെ പ്രോഗ്രാമിനു പുറത്ത് പ്രത്യേക പരിശീലനം തുടർന്നു. മെഡിക്കൽ ലൈസൻസ് ലഭിച്ചതിനു ശേഷം, ഓൾട്ട്മാൻ അവളുടെ OB-GYN റെസിഡൻസി സമയത്ത് ബില്ലുകൾ അടയ്ക്കാൻ ഗർഭച്ഛിദ്ര ക്ലിനിക്കിൽ നിന്നുള്ള വരുമാനം ഉപയോഗിച്ചു തുടങ്ങി.

‘എനിക്ക് ഇത് ചെയ്യാൻ ആഗ്രഹമില്ല’

അവളുടെ ആദ്യത്തെ കുട്ടിയുടെ ജനനത്തിനു ശേഷം ഗർഭച്ഛിദ്രം നടത്താൻ ചെന്ന ഓൾട്ട്മാൻ ആദ്യം ചെയ്യാൻ തുനിഞ്ഞെങ്കിലും അത് ചെയ്യാൻ അവൾക്ക് ബുദ്ധിമുട്ടായിരുന്നു. ആദ്യം അവളെ സമീപിച്ച സ്ത്രീ വളരെ ചെറുപ്പമായിരുന്നു. ആൾട്ട്മാൻ അവളെ തിരിച്ചറിഞ്ഞു. കാരണം അവൾ ഇതിനകം മൂന്ന് ഗർഭച്ഛിദ്രങ്ങൾ നടത്തിയിരുന്നു. അന്ന് വിമുഖത കാട്ടിയെങ്കിലും ആദ്യമായാണ് ഇത് ഒരു കൊലപാതകമാണ് എന്നുള്ള തിരിച്ചറിവ് അവൾക്കുണ്ടായത്. എങ്കിലും ഒരു സ്ത്രീക്ക് സംഭവിക്കാവുന്ന ഏറ്റവും മോശമായ കാര്യം അനാവശ്യ ഗർഭധാരണമാണെന്ന ചിന്തയിൽ അവൾ ഉറച്ചു തന്നെ നിന്നു. എന്നാൽ, പതിയെ ഗർഭച്ഛിദ്രത്തെക്കുറിച്ച് ഞാൻ വിശ്വസിക്കുന്നതെല്ലാം ശരിക്കും സത്യമാണോ എന്ന് ഞാൻ ചിന്തിക്കാൻ തുടങ്ങി” – ഓൾട്ട്മാൻ കൂട്ടിച്ചേർത്തു. പിന്നീട് ഗർഭച്ഛിദ്രത്തെ എതിർക്കുന്ന ലേഖനങ്ങളും ആശയങ്ങളും വിശകലനം ചെയ്തു. പതിയെ താൻ ചെയ്തുകൊണ്ടിരിക്കുന്നതും കൊലപാതകങ്ങൾ തന്നെയാണെന്ന സത്യം അവൾ മനസിലാക്കി.

ഓൾട്ട്മാന്റെ തിരിച്ചുവരവ് 

അങ്ങനെ 1995 -ൽ ഓൾട്ട്മാൻ ഒരു പ്രോ-ലൈഫ് പ്രവർത്തക ആയിത്തീർന്നു. അഥവാ ജീവന്റെ സംരക്ഷക. ഗർഭച്ഛിദ്രവുമായി ബന്ധപ്പെട്ട അവളുടെ മുൻകാല പ്രവർത്തനങ്ങളിൽ നിന്നും തിരിഞ്ഞുനടക്കാനും തന്നോട് തന്നെ ക്ഷമിക്കാനും അവൾ ഒരു വർഷം കൂടിയെടുത്തു. ആ വർഷത്തിൽ അവൾ ജാക്സൺവില്ലിലെ ക്രിസ്ത്യൻ ഹീലിംഗ് സെന്റർ സന്ദർശിച്ചു. അവൾ ദൈവത്തോട് ചെയ്തുപോയ തെറ്റിന് മാപ്പപേക്ഷിച്ചു. അവൾ യേശുവുമായി വ്യക്തിപരമായ ഒരു ബന്ധം സ്ഥാപിച്ചു. ഈശോ അവളോട് സംസാരിക്കുന്നതായി അവൾക്കു തോന്നി. “ഞാൻ നിന്നോട് ക്ഷമിച്ചിട്ടും എന്തുകൊണ്ടാണ് സ്വയം ക്ഷമിക്കാൻ നിനക്ക്  കഴിയാത്തത്.” താമസിയാതെ, ഗർഭച്ഛിദ്രത്തിനെതിരെയും പ്രത്യേകിച്ച് ഭാഗികജനന ഗർഭച്ഛിദ്രത്തിനെതിരെയും സംസാരിച്ചുകൊണ്ട് ആൾട്ട്മാൻ പരസ്യമായി തന്റെ നിലപാടുകൾ വ്യക്തമാക്കി.

പതിയെ അവൾ വേർപിരിഞ്ഞ ഭർത്താവിനോടും കാര്യങ്ങൾ തുറന്നുപറഞ്ഞു. അവർ വീണ്ടും ഒന്നിച്ചുജീവിക്കാൻ തുടങ്ങി. 2000 -ൽ ഈ ദമ്പതികൾ വീണ്ടും കണ്ടുമുട്ടിയപ്പോൾ ആൾട്ട്മാൻ തന്റെ കഥ അവനുമായി പങ്കിടാൻ കാത്തിരുന്നുവെന്ന് ഭർത്താവ് കോംബ്സ് ഓർക്കുന്നു. കോംബ്സ് തന്റെ ഭാര്യയുടെ പ്രോ-ലൈഫ് പ്രവർത്തനങ്ങളോട് വളരെ നന്നായി പ്രതികരിക്കുന്ന വ്യക്തിയാണ്.

കുറച്ചു നാളായി രോഗം മൂലം പ്രവർത്തനങ്ങളിൽ നിന്നെല്ലാം വിട്ടുനിൽക്കേണ്ടി വന്നു. കുറച്ചു നാൾ ആഫ്രിക്കയിൽ പോയി സേവനം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങൾ മൂലം അത് സാധ്യമായില്ല. എന്നെങ്കിലും അത് സാധ്യമാകുമെന്നുള്ള പ്രതീക്ഷയിലാണ് ഓൾട്ട്മാൻ.

ശക്തമായ ഒരു പ്രോ-ലൈഫ് സാക്ഷ്യം 

2019 ജനുവരി 18 -ന്, വാഷിംഗ്ടണിലെ നാഷണൽ മാർച്ച് ഫോർ ലൈഫിലെ ഒരു സ്റ്റേജിന് മുന്നിൽ ഒരു കൂട്ടം പ്രോ-ലൈഫ് അനുകൂലികൾ ഒന്നിച്ചുകൂടി. “എന്റെ പേര് ഡോ. കാത്തി ഓൾട്ട്മാൻ” അവൾ ആരംഭിച്ചു. “ഞാൻ ഒരു റിട്ടയേർഡ് OB-GYN ആണ്. ഞാൻ ഗർഭച്ഛിദ്രം ചെയ്യാറുണ്ടായിരുന്നു. പക്ഷേ ദൈവകൃപയാൽ ഞാൻ ഇപ്പോൾ ജീവന് അനുകൂലമാണ്.” അവളുടെ കഥ ആ വേദിയിൽ പങ്കുവച്ചു. ഗർഭച്ഛിദ്രത്തിന് അനുകൂലമായ നിലപാടിൽ നിന്നും വ്യതിചലിക്കാൻ അവൾ ആ ജനക്കൂട്ടത്തോട് ആഹ്വാനം ചെയ്തു.

ഇന്ന്, ഓൾട്ട്മാന് രണ്ട് പെൺമക്കളുണ്ട്. അവൾ ഇപ്പോഴും ഫ്ലോറിഡയിൽ ഭർത്താവിനൊപ്പം താമസിക്കുന്നു.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.