ഡൊമിനിക്കൻ സന്യാസ വൈദികനെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നതിനുള്ള നടപടികൾക്ക് തുടക്കമായി

മികച്ച ദൈവശാസ്ത്ര ചിന്തകനും പ്രാസംഗികനും ഡൊമിനിക്കൻ സന്യാസ വൈദികനുമായ ഫാ. മാരി ഈറ്റിയെന്ന വസ്സിയേറെയുടെ വിശുദ്ധ പദവിയിലേക്കുള്ള നടപടികൾക്ക് തുടക്കമായി. ഇന്നത്തെ വിശ്വാസികളുടെ ഇടയിൽ ഈ വിശുദ്ധ ജീവിതം അത്ര സുപരിചിതൻ അല്ലെങ്കിലും വസ്സിയേറെയുടെ കണ്ടെടുക്കപ്പെട്ട എഴുത്തുകളും കത്തുകളും അദ്ദേഹത്തിന്റെ വിശുദ്ധ ജീവിതത്തിനു കൂടുതൽ തെളിമ നല്കുന്നതാണെന്ന് ഫ്രാൻസിലെ ബിഷപ്പുമാരുടെ സംഘടന അറിയിച്ചു.

1940 -കളിൽ ഫ്രാൻസിലെ പ്രോവെൻസിൽ വിശ്വാസികളുടെ ജീവിതത്തിൽ തൻെറ പ്രസംഗങ്ങൾ കൊണ്ടും പ്രവർത്തനങ്ങൾക്കൊണ്ടും വലിയ മാറ്റങ്ങൾ സൃഷ്ടിക്കുവാൻ സാധിച്ച പുരോഹിതൻ ആണ് വസ്സിയേറെ എന്ന് റോമിലെ വിശുദ്ധ തോമസ് അക്വിനാസിന്റെ നാമധേയത്തിലുള്ള പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിലെ ദൈവശാസ്ത്ര വിഭാഗത്തിന്റെ സെക്രട്ടറിയും ഡൊമിനിക്കൻ വൈദികനുമായ ഫാ. സെർജ് തോമസ് ബോണിനോ പറഞ്ഞു.

1864 ഒക്ടോബർ 29 -ന് ജനിച്ച അദ്ദേഹത്തിന് നാലാം വയസ്സിൽ തന്റെ മാതാപിതാക്കളെ നഷ്ടപ്പെട്ടു. തന്റെ പിതാവിന്റെ സഹോദരിയുടെ സംരക്ഷണത്തിൽ വളർന്ന വസ്സിയേറെ പത്തു വയസ്സുള്ളപ്പോഴാണ് ആദ്യമായി പൗരോഹിത്യ ദൈവവിളിയോട് താത്പര്യം തോന്നുന്നത്. ഒരു മൃതസംസ്കാര ശുശ്രൂഷയിൽ അൾത്താര ബാലനായി പ്രാർത്ഥനകൾ ചൊല്ലുന്നതിനിടയിലായിരുന്നു അത്. അദ്ദേഹം പിന്നീട് സെമിനാരിയിൽ ചേരുകയും ചെയ്തു. തന്റെ വൈദിക പഠനകാലഘട്ടത്തിന്റെ അവസാന നാളുകളിൽ സെറിബ്രൽ അനീമിയ ബാധിക്കുകയും പഠന കാലഘട്ടം വളരെ ദുഷ്കരമായി മാറുകയും ചെയ്തു. എങ്കിലും അദ്ദേഹം 1892 -ൽ പൗരോഹിത്യം സ്വീകരിച്ചു.

പിന്നീട് രോഗം ഏൽപ്പിച്ച കഠിനമായ ക്ഷീണവും മാനസിക സമ്മർദ്ദവും താങ്ങുവാനാകാത്ത ഒരു അവസ്ഥ അദ്ദേഹത്തിന് അഭിമുഖീകരിക്കേണ്ടി വന്നു. ആഗ്രഹിച്ചതുപോലെ വിശ്വാസ ജീവിതത്തിൽ അനേകർക്ക്‌ വേണ്ടി ഒന്നും ചെയ്യുവാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. അതിനാൽ തന്നെ ഏറ്റവും ലളിതമായ ജീവിതാവസ്ഥയിൽ അദ്ദേഹം ജീവിച്ചു. അങ്ങനെ ദൈവം തനിക്ക് സമ്മാനമായി നൽകിയ എല്ലാ അവസ്ഥകളിലും ദൈവേഷ്ടം കണ്ടെത്തി. പിന്നീട് മഗ്ദലേന മേരിയുടെ ഗ്രോട്ടോയുടെ രക്ഷാധികാരിയായി ചുമതലയേൽക്കുകയും 30 വർഷത്തോളം വിശ്വാസ ജീവിതത്തിലെ യഥാർത്ഥ ആത്മീയതയെ മറ്റുള്ളവരിലേക്ക് പ്രസരിപ്പിക്കുകയും ചെയ്തു.

“വിശുദ്ധിയിലേക്കുള്ള സാർവത്രികമായ ആഹ്വാനത്തിന്റെ തുടക്കാരിൽ ഒരാളായിരുന്നു ഫാ. വസ്സിയേറെ. കാരണം, വിശുദ്ധി എല്ലാവർക്കുമുള്ളതാണെന്ന് പ്രസംഗിച്ച ഒരു സന്യാസ ശ്രേഷ്ഠനായിരുന്നു അദ്ദേഹം,” -ഫാ. ബോണിനോ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.