തെറ്റുകള്‍ സമാധാനമാക്കുന്നതെങ്ങനെ? ഫ്രഞ്ച് ഗ്ലാമര്‍ താരത്തിന്റെ ജീവിതം പഠിപ്പിക്കും

ഇരുപതാം നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ ജീവിച്ചിരുന്ന വനിതയാണ് ഈവ് ലാവലിയേര്‍. നാടക നടിയായിരുന്ന അവര്‍, സര്‍വ്വ ഐശ്വര്യവും സമ്പത്തും ആരോഗ്യവും സൗന്ദര്യവും കഴിവും പ്രശസ്തിയും ഉണ്ടായിരുന്ന വ്യക്തിയായിരുന്നു. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ അസൂയയോടെ നോക്കിക്കണ്ടിരുന്ന ജീവിതത്തിന് ഉടമ.

എന്നാല്‍, സമാധാനം എന്തെന്ന് താന്‍ അറിഞ്ഞിട്ടില്ലെന്നാണ് അവസാന നാളുകളില്‍ അവര്‍ വെളിപ്പെടുത്തിയിട്ടുള്ളത്. ആരാധകരും സൗന്ദര്യവും പണവും ആവോളം ഉണ്ടായിരുന്നെങ്കിലും പാപത്തിന്റെ ആഴക്കടലിലേയ്ക്ക് മാത്രമേ അവയെല്ലാം തന്നെ എത്തിച്ചിട്ടുള്ളൂ എന്നും അവര്‍ കൂട്ടിച്ചേര്‍ക്കുകയുണ്ടായി. കഴിഞ്ഞുപോയ നാളുകളിലെ മുറിവുകളുടെയും തെറ്റുകളുടെയും ഒരു കൂമ്പാരമായിരുന്നു തന്റെ മനസെന്നും അവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

തകര്‍ന്ന ഒരു കുടുംബത്തിലാണ് ഈവ് ജനിച്ചത്. മദ്യപാനിയായ പിതാവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. വലിയ ഭയത്തിലേയ്ക്കും നിരാശയിലേയ്ക്കും വീണുപോയെങ്കിലും പിന്നീട് കരിയറിലുണ്ടായ വിജയം അവരെ പിടിച്ചുനിര്‍ത്തി. അതാകട്ടെ താല്‍ക്കാലികമായിരുന്നു. ജീവിതം എല്ലാവിധത്തിലും ആഘോഷമാക്കിയ അവര്‍ക്ക് ഒരിടത്തും, തന്റെ നഷ്ടപ്പെട്ട സന്തോഷം വീണ്ടെടുക്കാനായില്ല. കൂടുതല്‍ വേദന മാത്രമാണ് അവയെല്ലാം നല്‍കിയതും.

നിരാശയും ആത്മഹത്യാചിന്തയും കൂടിവന്ന സമയത്താണ് ഒരു വൈദികന്റെ നിര്‍ദ്ദേശപ്രകാരം അവര്‍ വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിച്ചു തുടങ്ങിയത്. അത് അവരുടെ ജീവിതത്തില്‍ വലിയ മാറ്റം കൊണ്ടുവന്നു. ധ്യാനാത്മകമായ ഒരു ജീവിതത്തിലേയ്ക്ക് അവര്‍ പ്രവേശിച്ചു. അങ്ങനെ രോഗപീഡനകള്‍ കൊണ്ട് 1929-ല്‍ മരിക്കുന്ന സമയത്ത് – അതുവരെ അവരോടൊപ്പമുണ്ടായിരുന്ന സൗഭാഗ്യങ്ങളൊന്നും കൂടെ ഉണ്ടായിരുന്നില്ലെങ്കിലും ഒന്നുണ്ടായിരുന്നു – സമാധാനം. അങ്ങനെ ശാന്തമായ മരണം വരിക്കാന്‍ അവര്‍ക്ക് സാധിച്ചു.

മരിക്കുന്ന സമയത്ത് അവര്‍ കൂടെയുണ്ടായിരുന്നവരോട് ആവര്‍ത്തിച്ചുകൊണ്ടിരുന്നു, ‘ഇന്ന് ഈ ലോകത്തില്‍ ഏറ്റവും കൂടുതല്‍ സമാധാനവും സന്തോഷവും അനുഭവിക്കുന്നത് ഞാനാണ്’ എന്ന്. വലിയൊരു പാഠമാണ് ഈവിന്റെ ജീവിതം നമ്മുടെ മുമ്പില്‍ വയ്ക്കുന്നത്. വചനം പഠിപ്പിക്കുന്നതുപോലെ ഈ ലോകത്തിന്റെ നശ്വരതകളില്‍ ആനന്ദം തേടാതെ സ്വര്‍ഗത്തിലേക്ക് നിക്ഷേപം കരുതിവയ്ക്കുക എന്ന്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.