“ഫ്രത്തെല്ലി തൂത്തി” ചാക്രികലേഖനം: ഒരു ആമുഖപഠനം

ആമുഖം

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ഫ്രാൻസിസ് മാർപാപ്പ 2020 ഒക്ടോബർ 4-നു പ്രസിദ്ധീകരിച്ച “ഫ്രത്തെല്ലി തൂത്തി” എന്ന സാമൂഹിക ചാക്രികലേഖനം ആനുകാലിക വിഷയങ്ങളോടുള്ള സഭയുടെ ആത്മീയപ്രതികരണമാണ്. ലോകമാസകലം കോവിഡ്-19 എന്ന പകർച്ചവ്യാധിയുടെ പിടിയിലമർന്നിരിക്കുന്ന ഈ പ്രത്യേക സാഹചര്യത്തെ ഒരുമയോടെ നേരിടണമെന്ന് ലോകനേതാക്കളോട് അഭ്യർത്ഥിക്കുന്നതോടൊപ്പം നീതിയും സാഹോദര്യവും വിളയുന്ന ഒരു നവ ലോകനിർമ്മിതിക്കായി ഒരുമിക്കണമെന്നും ഈ തിരുവെഴുത്തിലൂടെ മാർപാപ്പ ആഹ്വാനം ചെയ്യുന്നു. 2013-ൽ പ്രസിദ്ധീകരിച്ച “ലുമെൻ ഫിദെയി” (വിശ്വാസത്തിന്റെ വെളിച്ചം) എന്ന ഫ്രാൻസിസ് മാർപാപ്പയുടെ ഒന്നാമത്തെ ചാക്രികലേഖനം വിശ്വാസതലത്തിൽ നിന്നുകൊണ്ട് മനുഷ്യന്റെ ദൈവബന്ധത്തെ മനസ്സിലാക്കുന്നതിന് പരിശ്രമിക്കുന്നു. 2015-ൽ പ്രസിദ്ധീകരിച്ച “ലൗദാത്തോ സീ” (അങ്ങേയ്ക്ക് സ്തുതി) മനുഷ്യകുലത്തിന്റെ പൊതുഭവനമായ ഭൂമിയോടും ഇവിടുത്തെ പ്രകൃതിയോടുമുള്ള മനുഷ്യബന്ധത്തെയും അതിന്റെ പരിപാലനത്തെയും കുറിച്ചുള്ളതാണ്. ഫ്രാൻസിസ് മാർപാപ്പയുടെ മൂന്നാമത്തെ ചാക്രികലേഖനത്തിൽ, മനുഷ്യന് തന്റെ സഹോദരങ്ങളോടുള്ള ബന്ധം എങ്ങനെയായിരിക്കണമെന്ന് വിശദീകരിക്കാനുള്ള ഒരു പരിശ്രമമാണ് നടത്തുന്നത്. ഈ ചാക്രികലേഖനത്തെക്കുറിച്ചുള്ള വിശദമായ പഠനത്തിന് ഒരു പൊതു മുഖവുര നൽകുക എന്നതാണ് ഈ ലേഖനത്തിന്റെ ഉദ്ദേശം.

ചാക്രികലേഖനം

ഓരോ കാലഘട്ടത്തിലും മാറിവരുന്ന ലോകക്രമത്തിൽ “കാലത്തിന്റെ അടയാളങ്ങൾ”ക്കനുസരിച്ച് സഭയുടെ നിലപാടുകൾ വ്യക്തമാക്കുന്നതിനായി മാർപാപ്പമാർ അനുശാസനങ്ങൾ നൽകാറുണ്ട്. ആധുനിക കാലഘട്ടത്തിലെ സഭാനവീകരണത്തിന്റെ “മാഗ്ന കാർട്ട” എന്നറിയപ്പെടുന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ പോലെയുള്ള സമ്മേളനങ്ങൾ എപ്പോഴും നടത്തുക പ്രയോഗികമല്ലാത്തതിനാൽ മെത്രാൻ സിനഡുകളിലൂടെയുള്ള പ്രബോധനങ്ങളും, മാർപാപ്പാമാരുടെ ചാക്രികലേഖനങ്ങൾ പോലെയുള്ള ഔദ്യോഗിക തിരുവെഴുത്തുകളുമാണ് സഭാനിലപാടുകൾ ജനങ്ങളിലേയ്ക്ക് എത്തിക്കുന്നത്തിനുള്ള മാർഗ്ഗങ്ങൾ. ഇതു കൂടാതെ, അപ്പസ്തോലിക പ്രബോധനങ്ങൾ (Apostolic Exhortaion), അപ്പസ്തോലിക നിയമങ്ങൾ (Apostolic Constitution), അപ്പസ്തോലിക ഉത്തരവുകൾ (Papal Bull), അപ്പസ്തോലിക തിരുവെഴുത്തുകൾ (Apostolic Letter) എന്നിവയൊക്കെ കാലാകാലങ്ങളിൽ ഓരോ ആവശ്യങ്ങൾക്കനുസരിച്ച് മാർപാപ്പാമാർ പ്രസിദ്ധീകരിക്കാറുണ്ട്.

ചാക്രികലേഖനത്തിന്റെ ലത്തീൻ പദമായ “എൻസിക്ലിയോസ്” (encyclios) അർത്ഥമാക്കുന്നത്  “വിജ്ഞാപനം” “ചാക്രികം” “സാര്‍വ്വത്രികം” എന്നൊക്കെയാണ് (എൻസൈക്ലോപീഡിയ എന്ന വാക്കിന്റെയും അടിസ്ഥാനവും  ഇവിടെയാണ്). ആദ്യകാലങ്ങളിൽ സഭയുടെ ചില പ്രദേശങ്ങൾക്കു മാത്രമായും പിന്നീട് സഭാധികാരികൾക്കായും അയച്ചിരുന്ന ഇത്തരം ലിഖിതങ്ങൾ ഇന്ന് ആഗോളസഭയ്ക്കു മുഴുവനായി പ്രസിദ്ധീകരിക്കുന്നതാണ്. ഫ്രാൻസിസ് മാർപാപ്പയുടെ രണ്ടാമത്തെ ചാക്രികലേഖനം “ലൗദാത്തോ സീ” ചരിത്രത്തില്‍ ആദ്യമായി “നന്മ ആഗ്രഹിക്കുന്ന എല്ലാ മനുഷ്യരെയും” പൊതുവായി ഉദ്ദേശിച്ചുള്ളതായിരുന്നു. ലിയോ പതിമൂന്നാമൻ മാർപാപ്പയുടെ “റേരും നൊവാരും” പോലെയുള്ള ചാക്രികലേഖനങ്ങൾ ലോകസാമൂഹിക പരിവർത്തനത്തിന്റെ നെടുംതൂണുകളായി ഇന്നും നിലനിൽക്കുന്നു. എല്ലാ ചാക്രികലേഖനങ്ങളും കാലഘട്ടത്തിന്റെ ആവശ്യങ്ങളോടുള്ള സഭയുടെ പ്രതികരണമാണ് പ്രകടമാക്കുന്നത്. സാമൂഹിക – രാഷ്ട്രീയ – ധാർമ്മിക – ആത്മീയവിഷയങ്ങളിൽ ബൈബിളിന്റെയും സഭാപ്രബോധനങ്ങളുടെയും അടിസ്ഥാനത്തിൽ നടത്തുന്ന ആനുകാലിക വിശകലനങ്ങളാണ് ഇവയെല്ലാം. ഇത് സഭാംഗങ്ങൾ വായിക്കുകയും പഠിക്കുകയും ഓരോ സ്ഥലത്തും അതിന് ആവശ്യമായ മാറ്റങ്ങൾ ഇതിന്റെ വെളിച്ചത്തിൽ വരുത്തുകയും ചെയ്യണമെന്ന് സഭ ആഗ്രഹിക്കുന്നു.

“ഫ്രത്തെല്ലി തൂത്തി” എന്ന തലക്കെട്ട്

ഫ്രാൻസിസ് മാർപാപ്പ ഒരു പുതിയ ചാക്രികലേഖനം “ഫ്രത്തെല്ലി തൂത്തി” എന്ന പേരിൽ പ്രസിദ്ധീകരിക്കാൻ പോകുന്നു എന്ന് 2020 സെപ്റ്റംബർ 5-ന് ഔദോഗികമായ അറിയിപ്പുണ്ടായി. അന്നുമുതൽ ഇന്നു വരേയും വിവിധ കോണുകളില്‍ നിന്നും, സ്ത്രീകളോട് വിവേചനം കാണിക്കുന്ന ഒരു ഭാഷയാണ് ഇതെന്ന് വിമർശനമുയർന്നു. ഭാഷയെക്കുറിച്ചുള്ള അറിവില്ലായ്മയും, ആശയം സംവേദനം ചെയ്യുന്നതിൽ ഭാഷയ്ക്കുള്ള പരിമിതികൾ മനസ്സിലാക്കുന്നതിലുള്ള തുറവിയില്ലായ്മയുമാണ് ഇത്തരം അനാവശ്യ വിമർശനങ്ങളുടെ അടിസ്ഥാനം. മാത്രമല്ല, തങ്ങളുടെ വ്യക്തിതാല്‍പര്യങ്ങൾക്കനുസരിച്ച് സഭാപ്രബോധനങ്ങളെ വികലമാക്കി കാണിക്കാനുള്ള ചിലരുടെയെങ്കിലും ഗൂഢലക്ഷ്യങ്ങളും ഇതിനു പിന്നിലുണ്ട്.

മാർപാപ്പാമാർ പ്രസിദ്ധീകരിക്കുന്ന എല്ലാ പ്രബോധനങ്ങളും അറിയപ്പെടുന്നത്, അത് ആരംഭിക്കുന്ന രണ്ടോ മൂന്നോ  വാക്കുകളിലൂടെയാണ്. വി. ഫ്രാൻസിസ് അസീസി തന്റെ സന്യാസ സഹോദരങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടു നടത്തിയ  ആറാം അനുശാസനം ആരംഭിക്കുക്കുന്നത് “ഫ്രത്തെല്ലി തൂത്തി” എന്ന അഭിസംബോധനയോടെയാണ്. വി. ഫ്രാൻസിസ് തന്റെ സഹോദരങ്ങളോടുള്ള ഉപദേശം ഇപ്രകാരം ആരംഭിക്കുന്നു: “പ്രിയ സഹോദരങ്ങളെ, നമുക്കെല്ലാവർക്കും തന്റെ ആടുകളെ രക്ഷിക്കുന്നതിനുവേണ്ടി കുരിശിൽ പീഢയനുഭവിച്ച നല്ലിടയനിലേയ്ക്കു നോക്കാം.” ഫ്രാൻസിസ് അസീസി ഇറ്റാലിയൻ ഭാഷയിൽ “ഫ്രത്തെല്ലി തൂത്തി” എന്നു പറയുമ്പോൾ അത് “എല്ലാ സഹോദരങ്ങളുമേ” (എല്ലാവരും സഹോദരർ) എന്ന് മലയാളത്തിൽ വിവർത്തനം ചെയ്യാവുന്നതാണ്. ഈ ഇറ്റാലിയൻ പ്രയോഗം “ഫ്രാത്രസ്‌ ഓംനെസ്” (Fratres Omnes) എന്ന രണ്ടു ലത്തീൻ വാക്കുകളുടെ പരിഭാഷയാണ്. ഇത് പുരുഷനെയും സ്ത്രീയെയും ഒരുപേലെ ഉദ്ദേശിച്ചു പറഞ്ഞിരിക്കുന്നതാണ്. ഇറ്റാലിയൻ ഭാഷയിൽ ഇന്നും എത്ര സഹോദരീസഹോദരന്മാർ ഉണ്ടെന്ന് ഒരാൾ ചോദിക്കുന്നത് “ക്വാന്തി ഫ്രത്തെല്ലി ആയി?” (എത്ര സഹോദരങ്ങൾ ഉണ്ട്?) എന്നാണ്. കൂടാതെ, ആധുനിക ലിംഗസമത്വഭാവന ജീവിതശൈലിയ്ക്ക് അനുയോജ്യമായ പുതിയ പദങ്ങൾ ഇനിയും കണ്ടുപിടിച്ച് പ്രയോഗത്തിലാകും വരെയും ഇത്തരം ഭാഷാപ്രശ്നങ്ങൾ ഉയർന്നുവരികയും ചെയ്യും.

വി. ഫ്രാൻസിസ് അസ്സീസിയുടെ സ്വാധീനം

പേരിൽ മാത്രമല്ല പെരുമാറ്റത്തിലും പ്രവർത്തനശൈലിയിലും പ്രബോധനരീതിയിലും ഫ്രാൻസിസ് മാർപാപ്പ വി. ഫ്രാൻസിസ് അസ്സീസിയുടെ വഴിയിലൂടെയാണ് സഞ്ചരിക്കാൻ ശ്രമിക്കുന്നതെന്ന് വലിയ സൂക്ഷ്മനിരീക്ഷണമില്ലാതെ തന്നെ ആർക്കും മനസ്സിലാക്കാൻ സാധിക്കും. വത്തിക്കാനിലെ സിസ്റ്റീൻ ചാപ്പലിൽ പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാൻ കൂടുന്ന കർദ്ദിനാളന്മാർ പുതിയ പാപ്പായെ തിരഞ്ഞെടുത്താൽ, കർദ്ദിനാളന്മാരുടെ ഡീൻ നിയുക്ത മാർപാപ്പയോടു ചോദിക്കുന്ന ആദ്യ ചോദ്യം “മാർപാപ്പ ആയുള്ള (Supreme Pontiff) കാനോനികമായ തിരഞ്ഞെടുപ്പിനെ അങ്ങ് അംഗീകരിക്കുന്നുവോ?” എന്നതാണ്. അതെ എന്ന് ഉത്തരം നൽകിക്കഴിയുമ്പോൾ അടുത്ത ചോദ്യം: “അങ്ങ് ഏതു നാമത്തിലാണ്   വിളിക്കപ്പെടാൻ ആഗ്രഹിക്കുന്നത്?” പുതിയ പാപ്പ സ്വീകരിക്കുന്ന പേര് അദ്ദേഹത്തിന്റെ പ്രവർത്തനശൈലി ലോകത്തിനു മുമ്പിൽ വെളിപ്പെടുത്തുന്നതാണ്. തെക്കേ അമേരിക്കയിലെ അർജന്റീനയിൽ നിന്നും വന്ന കർദ്ദിനാൾ ജോർജ് മാരിയോ ബർഗോഗ്ലിയോ പത്രോസിന്റെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അദ്ദേഹം സ്വീകരിച്ച പുതിയ നാമവും തിരഞ്ഞെടുപ്പു പോലെതന്നെ അപ്രതീക്ഷിതമായിരുന്നു. ചരിത്രത്തിൽ ആദ്യമായി ഒരു മാർപാപ്പ, ഫ്രാൻസിസ് എന്ന പേര് സ്വീകരിച്ചപ്പോൾ ആ പേരിനെ അന്വർത്ഥമാക്കുന്ന പ്രവർത്തനശൈലിയാണ് പിന്നീട് മാർപാപ്പയിൽ നാം കാണുന്നത്.

മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം ഇത് നാലാം തവണയാണ് ഫ്രാൻസിസ് പാപ്പാ അസ്സീസിയിലേയ്ക്ക് സന്ദർശനം നടത്തുന്നത്. അതുപോലെ കൊറോണ എന്ന മഹാമാരിയുടെ വ്യാപനത്തിനുശേഷം റോമിനു പുറത്തേയ്ക്ക് മാർപ്പാപ്പ നടത്തിയ ആദ്യ ഔദ്യോഗിക യാത്രയുമായിരുന്നു ഇത്. റോമിന് പുറത്തുവച്ച് കൈയ്യൊപ്പിട്ടിരിക്കുന്ന വളരെ വിരളമായ ചാക്രികലേഖനങ്ങളിൽ ഒന്നായി ഇത് മാറുകയും ചെയ്തു. വി. ഫ്രാൻസിസ് അസ്സീസിയുടെ കബറിടത്തിൽ വിശുദ്ധ ബലിയർപ്പിച്ച്, അവിടുത്തെ അൾത്താരയിൽ വച്ചാണ് മാർപാപ്പ ഈ ചാക്രികലേഖനം ഒപ്പിട്ടത്. പിറ്റേ ദിവസം വി. ഫ്രാൻസിസിന്റെ തിരുനാൾ ദിനം റോമിലെ ഞായറാഴ്‌ച ഉച്ചയ്ക്കുള്ള ത്രികാലജപ പ്രാർത്ഥനയുടെ സമയത്ത്  ഇത് പരസ്യപ്പെടുത്തുകയും ചെയ്തു. പ്രകൃതിയെ സംബന്ധിച്ച മാർപാപ്പയുടെ  “ലൗദാത്തോ സീ” എന്ന ചാക്രികലേഖനത്തിന്റെ തലക്കെട്ടും ഈ ലോകത്തിലെ ജീവജാലങ്ങളെയും മറ്റു സൃഷ്ടികളെയുംപ്രതി ദൈവത്തെ പ്രകീർത്തിക്കുന്ന വി. ഫ്രാൻസിസിന്റെ കീർത്തനത്തിൽ നിന്നും കടംകൊണ്ടിട്ടുള്ളതാണ്.

വളരെ ചരിത്രപ്രാധാന്യമുള്ള മറ്റൊരു സാമ്യം കൂടി വി. ഫ്രാൻസിസിന്റെ ജീവിതവുമായി ഈ ചാക്രികലേഖനത്തിനുണ്ട്. ഏതാണ്ട് 800 വർഷങ്ങൾക്കപ്പുറം 1219-ൽ മെഡിറ്ററേനിയൻ കടലിനടുത്ത് നൈൽ നദിയുടെ തീരത്തുള്ള ദാമിയെത്ത എന്ന തുറമുഖ നഗരത്തിൽ സുൽത്താൻ അൽ മാലിക്ക് അൽ കമിലുമായി വി. ഫ്രാൻസിസ് കൂടിക്കാഴ്ച്ച നടത്തി. വിശുദ്ധനാട്ടിലുള്ള മുസ്ലീങ്ങളുടെ മാനസാന്തരം എന്ന വി. ഫ്രാൻസിസിന്റെ ലക്ഷ്യം ഈ കൂടിക്കാഴ്ചയിലൂടെ സാധിച്ചില്ലെങ്കിലും സുൽത്താനും ഫ്രാൻസിസും നല്ല സുഹൃത്തുക്കളായി പിരിയുകയാണ് ചെയ്തത്. 2019 ഫെബ്രുവരി 4-ന് ഫ്രാൻസിസ് മാർപാപ്പ തന്റെ അബുദാബിയിലേയ്ക്കുള്ള ഔദ്യോഗിക സന്ദർശനവേളയിൽ ഇമാം അൽ അസർ അഹമ്മദ് എൽ തയ്യെബുമായി ലോകസമാധാനത്തിനും മനുഷ്യസാഹോദര്യത്തിനുമായി ഒരു ഡോക്യുമെന്റ് പ്രസിദ്ധീകരിക്കുകയുണ്ടായി. അതുകൊണ്ടു തന്നെ ഈ ചാക്രികലേഖനത്തിന്റെ വലിയൊരു പ്രചോദനമായി ഫ്രാൻസിസ് മാർപാപ്പ പറയുന്നത് അബുദാബിയിൽ വച്ച് മുസ്ലിം നേതാവുമായുള്ള കൂടിക്കാഴ്ചയാണ്.

ഇതര സ്വാധീനങ്ങൾ

ഈ ചാക്രികലേഖനത്തിന്റെ അവസാനഭാഗത്ത് വി. ഫ്രാൻസിസ് അസ്സീസിയെക്കൂടാതെ തന്നെ സ്വാധീനിച്ച മഹദ് വ്യക്തികളുടെ പേരുകൾ മാർപാപ്പ പേരെടുത്തു പറയുന്നുണ്ട്. എന്നാൽ ഏതു തരത്തിലാണ് അവർ സ്വാധീനിച്ചതെന്നുമാത്രം ഇവിടെ പറയുന്നില്ല. ഒരുപക്ഷേ, നീതിക്കും സമാധാനത്തിനും വേണ്ടി പേരാടി വിജയം വരിച്ചവരും അതിനുവേണ്ടി ജീവത്യാഗം ചെയ്യാൻ വരെ തയ്യാറായവർ എന്ന നിലയിലുമായിരിക്കാം ഇവർ മാർപാപ്പയെ ഈ ചാക്രികലേഖന രചനയിൽ ഇത്രമാത്രം സ്വാധീനിച്ചത്. ഒന്നാമതായി അമേരിക്കയിലെ കറുത്തവർഗ്ഗക്കാരുടെ അവകാശങ്ങൾക്കുവേണ്ടി വാദിക്കുകയും അവസാനം രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ (1929–1968) ആണ്. തന്റെ ക്രിസ്തീയവിശ്വാസത്തിലും മഹാത്മാഗാന്ധിയുടെ അക്രമരഹിത സമരമുറകളിലും അടിസ്ഥാനപ്പെടുത്തിയുള്ള പ്രതിഷേധത്തിലൂടെയായിരുന്നു അടിച്ചമർത്തപ്പെട്ട തന്റെ ജനത്തിനുവേണ്ടി അദ്ദേഹം പോരാടിയത്. രണ്ടാമതായി, ദക്ഷിണ ആഫ്രിക്കയിലെ ആംഗ്ലിക്കൻ ആർച്ചുബിഷപ്പും സമാധാന നൊബേൽ സമ്മാനജേതാവുമായ ഡെസ്മണ്ട് ടുട്ടുവിന്റേതാണ്. ആഫ്രിക്കയിലെ കറുത്തവർക്കെതിരെയുള്ള വർണ്ണവിവേചനത്തിനെതിരെ ക്രിസ്തീയമാർഗ്ഗത്തിലൂടെ പോരാടിയ വ്യക്തിയാണ് അദ്ദേഹം. മൂന്നാമതായി ഫ്രാൻസിസ് പാപ്പാ പറയുന്ന നാമം നമ്മുടെ ഭാരതത്തിന്റെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടേതാണ് (1869-1948). തന്റെ പ്രസിദ്ധമായ അഹിംസാ സിദ്ധാന്തത്തിലൂടെ നൂറ്റാണ്ടുകൾ നീണ്ടുനിന്ന ബ്രിട്ടീഷ് കോളനി ഭരണത്തിന് അറുതി വരുത്തുകയും ഭാരതത്തിന് സ്വാതന്ത്ര്യം നേടിത്തരികയും ചെയ്ത മഹാത്മാവാണ് അദ്ദേഹം.

ഇവരെക്കൂടാതെ കത്തോലിക്കാ സഭയിലെ തന്നെ ഫ്രാൻ‌സിൽ നിന്നുള്ള വാഴ്ത്തപ്പെട്ട ചാൾസ് ദേ ഫുക്കോയുടെ (1858-1916) ദൈവാശ്രയത്തെയും പാവങ്ങളോടുള്ള താതാത്മ്യത്തെയും ആഫ്രിക്കയിലെ മരുഭൂമി ജീവിതത്തെയും കുറിച്ച് മാർപാപ്പ പറയുന്നു. പാവങ്ങളോട് താതാത്മ്യപ്പെട്ടുകൊണ്ടാണ് അദ്ദേഹം തന്റെ സാർവത്രിക സാഹോദര്യം എന്ന ലക്ഷ്യം നേടിയെടുത്തത്. ഈ ചാക്രികലേഖനത്തിന്റെ അവസാനഭാഗത്ത് എല്ലാവരുടെയും സഹോദരൻ ആയിത്തീരുക എന്ന ചാൾസ് ദേ ഫുക്കോയുടെ മനോഭാവം നമുക്കെല്ലാം ഉണ്ടാകണമെന്നും മാർപാപ്പ ആഗ്രഹിക്കുന്നു.

പ്രതിപാദ്യ വിഷയങ്ങൾ

ഒറ്റവാക്കിൽ പറഞ്ഞാൽ മനുഷ്യകുലത്തിന്റെ സഹോദര്യത്തിനുള്ള ഒരു ആഹ്വാനമാണ് എട്ട് അദ്ധ്യായങ്ങളിലായി നൽകപ്പെട്ടിരിക്കുന്ന ഈ പ്രബോധനം. ഇന്നത്തെ ലോകത്തിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പരസ്പര സഹകരണവും സ്നേഹസൗഹൃദവും ഫ്രാൻസിസ് മാർപാപ്പയെ വളരെയധികം ആകുലപ്പെടുത്തുന്നുവെന്ന് “ഫ്രത്തെല്ലി തൂത്തി” വിളിച്ചുപറയുന്നു. പരസ്പരവിശ്വാസത്തില്‍ അധിഷ്ഠിതമായ സംഭാഷണത്തിന്റെ അഭാവത്തിൽ സംഘട്ടനങ്ങൾ എല്ലായിടത്തും പൊട്ടിപ്പുറപ്പെടുന്നു. അതിനുള്ള ഏകപരിഹാരം കൂട്ടായ പരിശ്രമത്തിലൂടെ ഐക്യത്തിൽ മുന്നേറുന്നതിനുള്ള നടപടികൾ കൈക്കൊള്ളുക എന്നതാണ്.

കൊറോണ വൈറസ് മൂലം സംജാതമായിരിക്കുന്ന വലുതായ അരക്ഷിതാവസ്ഥയുടെ ഈ സമയത്ത് മനുഷ്യജീവിതത്തിൽ വിശ്വാസവെളിച്ചം പകരുന്ന ഒരു സന്ദേശമാണ് ഈ ചാക്രികലേഖനം നൽകുന്നത്. വിഭജനത്തിന്റെയും ഭീഷണിയുടെയും സ്വരം എല്ലായിടത്തും ഉയരുമ്പോൾ സ്നേഹത്തിനും സാഹോദര്യത്തിനുമുള്ള ആഹ്വാനമാണ് മാർപാപ്പ നടത്തുന്നത്. അരക്ഷിതാവസ്ഥ അനുഭവിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ രോഗികളും വേദനിക്കുന്നവരും പ്രായമായവരുമൊക്കെ നമ്മുടെ മുമ്പിലുള്ള വലിയ “പ്രശ്നമല്ല.” പിന്നെയോ, മനുഷ്യകുടുംബത്തിലെ അംഗങ്ങളും നമ്മുടെ സഹോദരീ-സഹോദരന്മാരുമാണ്. ഇക്കഴിഞ്ഞ മാർച്ച് മാസം കൊറോണ വൈറസിന്റെ വ്യാപനസമയത്ത് എല്ലാവരും തങ്ങളുടെ ഭവനങ്ങളിൽ അടച്ചിരിക്കാൻ വിധിക്കപ്പെട്ടപ്പോൾ വി. പത്രോസിന്റെ ബസിലിക്കയുടെ മുമ്പിൽ ഏകനായി ലോകത്തിന്റെ മുഴുവൻ പുരോഹിതനായി നിന്നുകൊണ്ട് വേദനിക്കുന്നവർക്കും മുറിവേറ്റവർക്കും വേണ്ടി ദൈവത്തോട് മനമുരുകി പ്രാർത്ഥിച്ച ഫ്രാൻസിസ് പാപ്പായുടെ നന്മപ്രവൃത്തിയുടെ തുടർച്ചയാണ് ഈ ചാക്രികലേഖനവും. ലോകജനതയോട്, വിശ്വാസത്തിൽ അടിയുറച്ച് പ്രത്യാശ നഷ്ടപ്പെടാതെ ജീവിക്കാൻ അന്ന് മാർപ്പാപ്പ ചെയ്ത ആഹ്വാനം ഇവിടെയും ആവർത്തിക്കുന്നു. വലുതായി മുറിവേറ്റിരിക്കുന്ന, വിഭജിക്കപ്പെട്ടിരിക്കുന്ന ഇന്നത്തെ ലോകത്തിലെ ജനങ്ങളുടെ പ്രശ്നഗങ്ങളെ സ്നേഹത്തോടെയും സാഹോദര്യത്തോടെയും നേരിടുന്നതിനുള്ള ഒരു വെല്ലുവിളിയാണ് ഈ ചാക്രികലേഖനത്തിലൂടെ മാർപ്പാപ്പ നൽകുന്നത്.

“ലൗദാത്തോ സീ” എന്ന ചാക്രികലേഖനം പോലെ ഇതും ലോകത്തിലുള്ള എല്ലാ മനുഷ്യരെയും ഉദ്ദേശിച്ചു എഴുതപ്പെട്ടിരിക്കുന്നതാണ്. ആധുനിക ജീവിത ശൈലിയിലെ എല്ലാത്തിനെയും “വലിച്ചെറിയുന്ന സംസ്ക്കാരത്തെ” (throwaway culture) മാർപ്പാപ്പ നിശിതമായി വിമർശിക്കുന്നു. പാവങ്ങളെയും, ബലഹീനരെയും, വാർദ്ധക്യത്തിലായിരിക്കുന്നവരെയും വലിച്ചെറിയാനുള്ളവരല്ല, സംരക്ഷണവും കരുതരലും ഏറ്റം കൊടുക്കേണ്ടവരായിട്ടാണ് മാർപ്പാപ്പ കാണുന്നത്. ഇവിടെ കരുതലിന്റെ മാർപ്പാപ്പ നൽകുന്ന മാതൃക സുവിശേഷത്തിലെ നല്ല സമറിയക്കാരനാണ്. നമുക്ക് ബന്ധമില്ലാത്തവരും, അടുപ്പമില്ലാത്തവരും, എന്തിന് ശത്രുക്കൾപോലും നമ്മുടെ അയൽക്കാരനാവുന്ന അവസ്ഥ!

ഫ്രാൻസിസ് മാർപ്പാപ്പ വംശീയതയെക്കുറിച്ചും, കുടിയേറ്റത്തെക്കുറിച്ചും, അഭയാർത്ഥികളെക്കുറിച്ചുമെല്ലാം വളരെ ശക്തമായിത്തന്നെ ഇവിടെ സംസാരിക്കുന്നു. ഇത് വിശ്വാസത്തിന്റെയും മാനുഷിക നീതിയുടെയും വെളിച്ചത്തിൽ കാണേണ്ടുന്ന വിഷയങ്ങളായിട്ടാണ് മാർപ്പാപ്പ അവതരിപ്പിക്കുന്നത്. രാഷ്ട്രീയം ഇന്നത്തേതിൽ നിന്നും മെച്ചപ്പെടുത്തണമെന്നും, ആളുകളുടെ വികാരങ്ങളെ ചൂഷണം ചെയ്തു നേതൃസ്ഥാനങ്ങളിൽ എത്തിപ്പെടാനും, അതിൽ തുടർന്നുപോവാനുമുള്ള പ്രവണത തെറ്റാണെന്നും മാർപ്പാപ്പ പറയുന്നു. ധാർമ്മികത ഇല്ലാത്തതും അവരവരുടെ താത്പര്യങ്ങൾക്കനുസരിച്ചു സത്യത്തെ വ്യാഖ്യാനിക്കുന്നതും നന്മയെക്കാൾ കൂടുതൽ ദോഷമാണ് വിളിച്ചുവരുത്തുന്നതെന്ന് മാർപ്പാപ്പ പറയുന്നു. ഈ ചാക്രിക ലേഖനത്തിലെ ഏറ്റം ചർച്ചചെയ്യപ്പെടാൻ സാധ്യതയുള്ള രണ്ടു വിഷയങ്ങളാണ് യുദ്ധത്തിനെതിരെയും, വധശിക്ഷക്കെതിരെയുമുള്ള സഭയുടെ നിലപാട്. പണ്ട് ഒരു പരിധിവരെ അംഗീകരിച്ചിരുന്ന “നീതിപൂർവ്വകമായ യുദ്ധം” (just war) എന്നൊരാശയത്തെ പൂർണ്ണമായും ഇവിടെ മാർപ്പാപ്പ തള്ളിപ്പറയുന്നു. വധശിക്ഷയ്‌ക്കെതിരെ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ നിലപാട് താനും ആവർത്തിക്കുന്നു എന്നും മാർപ്പാപ്പ പറയുന്നു. വിവിധ മത നേതൃത്വത്തോടുള്ള മാർപ്പാപ്പയുടെ അഭ്യർത്ഥന പരസ്പര ധാരണയും സഹകരണവും വളർത്തുകയും, മതപരമായ സ്വാതന്ത്ര്യത്തിനുള്ള എല്ലാവരുടെയും അവകാശത്തെ അംഗീകരിക്കുക എന്നതുമാണ്. എല്ലാ മതസ്ഥരും പരസ്പര സഹകരണത്തിൽ വളരുന്നതിനുള്ള വഴികൾ അന്വേഷിക്കുകയും ചെയ്യണമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ പറയുന്നു.

ചരിത്രപരമായ മുന്നറിയിപ്പ്

ലിയോ പതിമൂന്നാമൻ മാർപാപ്പയുടെ “റേരും നൊവാരും” (വിപ്ലവകരമായ മാറ്റം) എന്ന ചാക്രികലേഖനത്തിന്റെ നാല്പതാം വാർഷികം ആഘോഷിച്ചപ്പോൾ 1931 മെയ് മാസത്തിൽ പീയൂസ് പതിനൊന്നാമൻ മാർപ്പാപ്പ “ക്വാദ്രേജെസ്സിമോ അന്നോ” (നാല്പതാം വർഷത്തിൽ) എന്ന പേരിൽ ഒരു ചാക്രികലേഖനം പ്രസിദ്ധീകരിച്ചു. സഭയുടെ സാമൂഹികപഠനത്തെ ഈ രണ്ടു ചാക്രികലേഖനങ്ങളും പുതിയ തലത്തിൽ എത്തിച്ചു. “ക്വാദ്രേജെസ്സിമോ അന്നോ” എഴുതിയ രാഷ്ട്രീയ-സാമൂഹിക ചുറ്റുപാട് വളരെ പ്രസക്തമാണ്. മുസോളിനി എന്ന ഏകാധിപതി ഇറ്റലിയിൽ അടക്കിവാഴുകയും സാമ്പത്തിക അരാജകത്വം ആരംഭിക്കുകയും ചെയ്യുന്ന സമയമാണത്. ജർമ്മനിയിൽ നാത്സികൾ പിടിമുറുക്കുകയും അധികം താമസിയാതെ ലോകം കണ്ട ഏറ്റം വലിയ സ്വേച്ഛാധിപതിയായ അഡോൾഫ് ഹിറ്റ്ലർ ഭരണത്തിൽ ഏറുകയും ചെയ്തു. പീയൂസ് പതിനൊന്നാമൻ മാർപാപ്പ ഒരു പ്രവാചകനെപ്പോലെ തന്റെ ചാക്രികലേഖനത്തിലൂടെ ഒരു വലിയ ബോംബ് പൊട്ടിത്തെറിക്കുന്നതിനു മുമ്പേ അത് നിർവീര്യമാക്കാനുള്ള പരിശ്രമം നടത്തുന്നു. എന്നാൽ പിന്നീടുള്ള ലോകചരിത്രം മാർപാപ്പയുടെ വാക്കുകൾക്ക് ചെവികൊടുക്കാതിരുന്നപ്പോൾ മാനവരാശിക്കുണ്ടായ വലിയ നഷ്ടത്തെക്കുറിച്ചു പറയുന്നു.

നാം ജീവിക്കുന്ന ഇക്കാലഘട്ടത്തിലെ നവ-ലിബറൽ ചിന്താഗതികളും അമിത ദേശീയവാദവും വലിയ പ്രതിസന്ധിക്കു കാരണമാകുമെന്ന് ഫ്രാൻസിസ് പാപ്പാ പറയുന്നു. യുക്തിയെ മാത്രം കേന്ദ്രീകരിച്ചിരിക്കുന്ന തത്വശാസ്ത്രത്തിൽ നിന്നും സമൂഹനന്മയ്ക്കായി ഒരുമിച്ച് സ്നേഹത്തോടെ പ്രവർത്തിക്കണമെന്ന സന്ദേശം വളരെ വ്യക്തമായി മാർപാപ്പ നൽകുന്നു. അങ്ങനെ നോക്കിയാൽ ഏതാണ്ട് തൊണ്ണൂറു വർഷങ്ങൾക്കു മുമ്പ് പിയൂസ് പതിനൊന്നാമൻ മാർപ്പാപ്പ എഴുതിയ “ക്വാദ്രേജെസ്സിമോ അന്നോ” എന്ന സാമൂഹിക പ്രബോധനരേഖയുടെ വഴിയേ ആണ് “ഫ്രത്തെല്ലി തൂത്തി”യും സഞ്ചരിക്കുന്നതെന്നു പറയേണ്ടിയിരിക്കുന്നു. മുമ്പിലുള്ള ഇരുണ്ടവഴികളെ ഇപ്പോഴേ മാർപാപ്പ കാണുന്നു. എന്നാൽ ഇവിടെ ഓരോ ക്രിസ്തീയവിശ്വാസിക്കും ക്രിസ്തുവിന്റെ വെളിച്ചത്തിന്റെ പ്രതിഫലനമാകാനുള്ള ഒരു വലിയ ദൗത്യം നിവ്വഹിക്കാനുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിനു മുമ്പ് വരാനിരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പതിനൊന്നാം പീയൂസ് മാർപ്പാപ്പ പറഞ്ഞപ്പോൾ ആരെങ്കിലും ശ്രദ്ധിച്ചിരുന്നെങ്കിൽ എന്ന് പിന്നീട് പലരും പറഞ്ഞു. അതുപോലെ ഇവിടെ സംഭവിക്കാതിരിക്കട്ടെയെന്നു നമുക്ക് പ്രാർത്ഥിക്കാം.

ഉപസംഹാരം

എന്തു പറയുന്നു എന്നതുപോലെ തന്നെ, ഫ്രാൻസിസ് മാർപാപ്പ അത് എങ്ങനെ പറഞ്ഞിരിക്കുന്നു എന്നതും ഇവിടെ പ്രസക്തമാണ്. സാഹോദര്യത്തിന്റെ ഉൾക്കാഴ്ചയുള്ള സാമൂഹികപ്രതിബദ്ധതയുടെ ക്രിസ്തുഭാഷയാണ് മാർപാപ്പയുടേത്. സ്നേഹത്തിന്റെ ഈ സുവിശേഷം അക്രമത്തെ നിരുത്സാഹപ്പെടുത്തുന്നതും പരസ്പര സഹകരണത്തെ പ്രോത്സാഹിപ്പിക്കുന്നതുമാണ്. ഇന്നത്തെ അന്ധകാരലോകത്തിൽ അറിവിന്റെയും സ്നേഹത്തിന്റെയും വിശ്വാസത്തിന്റേതുമായ ആത്മീയവെളിച്ചം പ്രസരിപ്പിക്കാനുള്ള ഒരു പരിശ്രമമാണ് ഇവിടെ മാർപാപ്പ നടത്തുന്നത്. വലിയ പ്രതിസന്ധിയിലൂടെ ലോകം കടന്നുപോകുമ്പോൾ നമ്മുടെ വഴിയിൽ തെളിയുന്ന ദീപനാളമാണ് “ഫ്രത്തെല്ലി തൂത്തി.” മനുഷ്യകുലം മുഴുവനും ഒരുമയോടെ തങ്ങളുടെ കരങ്ങൾ ചേർത്തുപിടിച്ചു കൊണ്ട് ഈ വെളിച്ചത്തിന്റെ പ്രഭയിൽ സഞ്ചരിച്ച് അന്ധകാരത്തിലെ ഈ തുരങ്കത്തിൽ നിന്നും പുറത്തുകടക്കുന്നതിന് സാധിക്കട്ടെയെന്ന് നമുക്കും പ്രാർത്ഥിക്കാം.

റവ. ഡോ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.