ഫ്രയർ ജൂസപ്പെ ഗെസി: ദൈവസ്നേഹം പ്രചരിപ്പിക്കാൻ സമ്പന്നജീവിതം ഉപേക്ഷിച്ച ഫ്രാൻസിസ്കൻ സന്യാസി

ഫ്രയർ ജൂസപ്പെ ഗെസി എന്ന ഫ്രാൻസിസ്കൻ സന്യാസി ദൈവസ്നേഹം പങ്കുവച്ചു കൊടുക്കാൻ എന്തും ഉപേക്ഷിക്കാൻ തയ്യാറായിരുന്നു. അതിനായി അദ്ദേഹം സമ്പത്തെല്ലാം ഉപേക്ഷിച്ച് ഇറ്റലിയിലെ തെരുവിലൂടെ നിശബ്ദമായും പ്രാർത്ഥനയോടെയും നടന്നുനീങ്ങി. “നിങ്ങൾ നിങ്ങൾക്കു വേണ്ടി തന്നെ ജീവിക്കരുത്, ദൈവത്തിനു വേണ്ടി ജീവിക്കുവിൻ” – അദ്ദേഹം എപ്പോഴും പറയുമായിരുന്നു.

1872 ആഗസ്റ്റ് 19 -ന് ഇറ്റലിയിലെ ലെസെ നഗരത്തിലാണ് ജൂസെപ്പെ ഗെസി ജനിച്ചത്. കാർപിഗ്നാനോ പ്രഭുക്കന്മാരുടെ കുടുംബത്തിൽപ്പെട്ട അദ്ദേഹത്തിന്റെ രണ്ട് അമ്മാവന്മാർ ജെസ്യൂട്ട് മിഷനറിമാർ ആയിരുന്നു. ജെസ്യൂട്ട് മിഷനറിമാർ നടത്തുന്ന കോളേജിലാണ് അദ്ദേഹം പഠിച്ചിരുന്നത്. വളരെ ചെറുപ്പത്തിൽ തന്നെ രോഗബാധിതനായതിനാൽ അദ്ദേഹത്തിന്റെ പഠനം തടസ്സപ്പെട്ടു. പോംപൈയിലെ പരിശുദ്ധ കന്യകാമാതാവിനോട് നൊവേന ചൊല്ലി പ്രാർത്ഥിച്ചതിന്റെ ഫലമായി രോഗസൗഖ്യം ലഭിച്ചു.

ജൂസെപ്പെയെ അറിയാവുന്നവർ അദ്ദേഹത്തെ വളരെ നല്ല ചെറുപ്പക്കാരൻ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഇടവകയിലെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവസാന്നിധ്യമായിരുന്നു ജൂസെപ്പെ. ചെറുപ്പം മുതലേ, ബുദ്ധിമുട്ട് അനുഭവിക്കുന്ന സഹോദരങ്ങൾക്ക് സഹായമായി അദ്ദേഹം നിലകൊണ്ടു. നിയമവും ചിത്രകലയും പഠിക്കുകയും ഒഴിവുസമയങ്ങളിൽ ഈശോയുടെ മനുഷ്യാവതാര രംഗങ്ങളുടെ നിർമ്മാണത്തിനായി സമയം ചിലവഴിക്കുകയും ചെയ്തു. ഏകദേശം മുപ്പതു വയസ്സുള്ളപ്പോൾ, ഫ്രാൻസിസ്കൻ സന്യാസിയാകുവാൻ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും അത് തിരസ്ക്കരിക്കപ്പെട്ടു. ലെക്സിലെ ബിഷപ്പ് അദ്ദേഹത്തെ രൂപതാ വൈദികനാകുവാൻ ക്ഷണിച്ചെങ്കിലും ഒരു സന്യാസ വൈദികനാകുവാനാണ് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചത്.

1906 ആഗസ്റ്റ് രണ്ടിന് അദ്ദേഹത്തെ ഫ്രാൻസിസ്കൻ ഓർഡറിൽ ഒരു ബ്രദറായി പ്രവേശിപ്പിച്ചു. പരിശീലന കാലഘട്ടത്തിലും പിന്നീടും വളരെ വിനീതനായി അദ്ദേഹം ജീവിച്ചു. അടുക്കളയിലും സഹോദരങ്ങളോടൊപ്പമുള്ള സമയത്തും ഒരിക്കൽപ്പോലും തന്റെ കഴിവുകളോ കുടുംബമഹിമയോ അദ്ദേഹം പ്രകടിപ്പിച്ചില്ല. രണ്ട് ലോകമഹായുദ്ധങ്ങളുടെ കാലഘട്ടത്തിൽ ജീവിച്ച വ്യക്തിയാണ് അദ്ദേഹം. അതിനാൽ യുദ്ധത്തിന്റെ ഫലമായി അനേകർക്ക് ഉണ്ടായ നിരവധി വേദനകൾക്കും സഹനങ്ങൾക്കും പകരമായി ദൈവത്തിന് തന്നെത്തന്നെ സ്വയം സമർപ്പിക്കാൻ അദ്ദേഹം മടി കാണിച്ചില്ല.

അദ്ദേഹത്തിന്റെ മോശം ആരോഗ്യം പലപ്പോഴും ശാരീരികമായ നിരവധി സഹനങ്ങളെ സ്വീകരിക്കാൻ ഇടയാക്കി. അവയെല്ലാം വളരെ ശാന്തയോടും ക്ഷമയോടും കൂടി അദ്ദേഹം സഹിച്ചു. 1948 മുതൽ, കാൽ ഒടിഞ്ഞതു മൂലം അദ്ദേഹത്തിന് നടക്കുവാൻ സാധിക്കുമായിരുന്നില്ല. ആശ്രമത്തിലെ അദ്ദേഹത്തിന്റെ മുറിയിലായിരുന്നു പിന്നീട് അദ്ദേഹം കഴിഞ്ഞത്. 1955 ഏപ്രിൽ ഒൻപതിന് അദ്ദേഹം ആ ചെറിയ മുറിയിൽ നിന്ന് ദൈവഭവനത്തിലേക്ക് യാത്രയായി. 2000 ഡിസംബർ 18 -ന് ജോൺപോൾ രണ്ടാമൻ പാപ്പാ അദ്ദേഹത്തെ ധന്യൻ പദവിയിലേക്ക് ഉയർത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.