പോളിയോ വാക്സിൻ നിർമ്മാണത്തിലേയ്ക്ക് വഴികാട്ടിയായ ഫ്രാൻസിസ്കൻ ആശ്രമം

  ഒരുകാലത്ത് മഹാമാരി കണക്കെ ലോകത്തെ വേട്ടയാടിയ ഒന്നാണ് പോളിയോ രോഗം. ആറ്റം ബോംബ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ ഭയക്കുന്ന ഒരു അവസ്ഥയായി ഈ രോഗം മാറി. അങ്ങനെ ഭീകരാവസ്ഥയിൽ കഴിയുന്ന സമയത്താണ് ജോനാസ് സാൽക്ക് പോളിയോയ്ക്കുള്ള വാക്സിൻ കണ്ടുപിടിക്കുന്നത്. ചരിത്രത്തിലെ തന്നെ നിർണ്ണായകമായ ഈ കണ്ടുപിടിത്തത്തിലേയ്ക്ക് സാൽക്കിനെ നയിച്ചത് ഒരു സന്യാസാശ്രമമമാണ്. പതിമൂന്നാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ആ ആശ്രമം ഇന്ന് അറിയപ്പെടുന്നത് ‘ബസിലിക്ക ഓഫ് സാൻ ഫ്രാൻസെസ്കോ ഡി അസിസി’ എന്നാണ്.

  പോളിയോയ്ക്കുള്ള വാക്സിൻ ഒറ്റ ദിവസം കൊണ്ട് ഉണ്ടായതല്ല. വർഷങ്ങളുടെ കഠിനാദ്ധ്വാനം, പഠനം, പരീക്ഷണം, മൃഗങ്ങളിലും തുടർന്ന് മനുഷ്യരിലും നടത്തിയ പരീക്ഷണം ഇതിന്റെയൊക്കെ ഫലമായിട്ടാണ് വാക്സിൻ കണ്ടെത്തിയത്. വാക്സിനേഷൻ വ്യാപകമായി നൽകിത്തുടങ്ങിയപ്പോൾ പോളിയോ രോഗം ഗണ്യമായി കുറയുകയും സാൽക്കിനെ “അത്ഭുത പ്രവർത്തകൻ” ആയി കണക്കാക്കുകയും ചെയ്തു. വാസ്തവത്തിൽ ഈ വാക്സിന്റെ വികസനം ദൈവികമായ ഒരു പ്രചോദനത്തിൽ നിന്നാണ്.

  പലപ്പോഴും വായൂരവമായ പരീക്ഷണങ്ങൾ പലതും നമ്മൾ ഉദ്ദേശിക്കുന്നതുപോലെ ഉടൻ തന്നെ വിജയകരമാകണമെന്നില്ല. പരാജയങ്ങൾ പലതും സംഭവിക്കാം. സാൽക്കിന്റെ പരീക്ഷണത്തിലും ഇത്തരത്തിൽ പരാജയങ്ങൾ തുടർക്കഥയായപ്പോൾ ഇനി എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥയിൽ അദ്ദേഹം എത്തിച്ചേർന്നു. മറ്റു വഴികളൊന്നും കാണാത്തതിനാൽ ഇതുവരെയുള്ള ഗവേഷണങ്ങൾ ഒക്കെയും ഉപേക്ഷിക്കുവാൻ അദ്ദേഹം തീരുമാനിച്ചു. അങ്ങനെ തീരുമാനിച്ച നിമിഷമാണ് ആ ദൈവികമായ പ്രചോദനം അദ്ദേഹത്തിന്റെ ഉള്ളിലേയ്ക്ക് കടന്നുവരുന്നത്. എല്ലാം മടുത്തപ്പോൾ അതുവരെ തുടർന്നിരുന്ന പരീക്ഷണങ്ങളിൽ നിന്ന് സാൽക്കിന് ഒരു ഇടവേള എടുക്കണമെന്നു തോന്നി. അദ്ദേഹം മധ്യ ഇറ്റലിയിലെ ശാന്തമായ കുന്നുകളിലേയ്ക്കു പോയി. അവിടെ അദ്ദേഹം പതിമൂന്നാം നൂറ്റാണ്ടിലെ ഫ്രാൻസിസ്കൻ ആശ്രമത്തിൽ താമസിച്ചു.

  മനോഹരമായ കലയും വാസ്തുവിദ്യയും കൊണ്ട് ചുറ്റപ്പെട്ട അസീസിയിൽ വച്ചാണ് സാൽക്കിന് തന്റെ പരീക്ഷണം തുടരുവാനുള്ള പ്രചോദനം ലഭിച്ചത്. “അവിടത്തെ വാസ്തുവിദ്യയുടെ ആത്മീയത വളരെയധികം പ്രചോദനം നൽകുന്നവയായിരുന്നു. കഴിഞ്ഞ കാലങ്ങളിൽ ഞാൻ ചെയ്തതിലും അപ്പുറത്ത് അവബോധജന്യമായ ചിന്ത നടത്താൻ എനിക്ക് കഴിഞ്ഞു” – സാൽക്ക് രേഖപ്പെടുത്തിയിരിക്കുന്നു. ആ ചരിത്രപരമായ സ്ഥലത്തിന്റെ സ്വാധീനത്തിൽ പോളിയോയ്ക്കുള്ള വാക്സിൻ കണ്ടെത്താൻ കഴിയുമെന്ന് അദ്ദേഹത്തിന് ഉറപ്പായി. അതിനായുള്ള എല്ലാ കാര്യങ്ങളും മനസ്സിൽ കരുതി. തന്റെ കണക്കുകൂട്ടലുകൾ കൃത്യമാണോ എന്നറിയാൻ ഉടൻ തന്നെ അദ്ദേഹം ലബോറട്ടറിയിലേയ്ക്കു പോയി. വൈകാതെ തന്നെ അവ ശരിയാണെന്നു കണ്ടെത്തുകയും ലോകം കാത്തിരുന്ന വാക്സിൻ നിർമ്മിക്കുകയും ചെയ്തു.

  ഒന്നുകിൽ ആ ആശ്രമത്തിന്റെ രൂപകൽപനയും അവിടുത്തെ പാരിസ്ഥിതിക പ്രത്യേകതകളും അദ്ദേഹത്തെ ആ വാക്സിന്‍ നിർമ്മാണത്തിന് പ്രചോദിപ്പിച്ചു. അതല്ലെങ്കിൽ അവിടെ വച്ച്, ആ ആശ്രമത്തിന്റെ ശാന്തതയിൽ അദ്ദേഹത്തിൽ ചിന്തകൾ ശരിയായ പാതയിലെത്തി. രണ്ടായാലും അവിടെ ഉണ്ടായിരുന്ന ദൈവികമായ സാന്നിധ്യം അദ്ദേഹത്തെ ശരിയായ ലക്ഷ്യത്തിലേയ്ക്കു നയിച്ചു.

  വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

  അഭിപ്രായങ്ങൾ

  വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.