ഈസ്റ്റര്‍ ചലഞ്ചുമായി ഫ്രാന്‍സിസ് പാപ്പാ

പ്രതീക്ഷകള്‍ നഷ്ടപ്പെടുത്തുകയും പാപത്തിന് അടിമകളാക്കുകയും ചെയ്യുന്ന കല്ലുകളെ ഉരുട്ടിമാറ്റി ക്രിസ്തുവില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ പാപ്പായുടെ ആഹ്വാനം. ഈസ്റ്റര്‍ ദിനത്തിലെ വിശുദ്ധ കുര്‍ബനയിലാണ് പാപ്പാ ക്രിസ്തുവില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുവാന്‍ ലോകം മുഴുവനോടും ആഹ്വാനം ചെയ്തത്.

ഒപ്പം ഒരു വെല്ലുവിളിയും പാപ്പാ മുന്നോട്ടുവച്ചു. നിങ്ങളെ പാപത്തിലേയ്ക്ക് നയിക്കുന്ന, പ്രത്യാശയില്ലാത്തവരാക്കി മാറ്റുന്ന കല്ലുകളെ നിങ്ങളുടെ ജീവിതത്തില്‍ നിന്ന് ഉരുട്ടിമാറ്റുവാന്‍ നിങ്ങള്‍ക്ക് കഴിയുമോ? ഇതാണ് പാപ്പാ മുന്നോട്ടുവച്ച വെല്ലുവിളി. കല്ലറയുടെ പാളികള്‍ തള്ളിമാറ്റി വിജയശ്രീലാളിതനായി ഉത്ഥിതനായ മിശിഹായെ അനുസ്മരിക്കുന്ന തിരുനാളാണ് ഈസ്റ്റര്‍. അങ്ങനെ നമ്മുടെ പ്രത്യാശകള്‍ക്കെതിരായ മരണത്തിന്റെയും പാപത്തിന്റെയും ഭയത്തിന്റെയുമൊക്കെ കല്ലുകള്‍ ദൈവം എടുത്തുമാറ്റും. പാപ്പാ ഓര്‍മിപ്പിച്ചു.

ഉത്ഥിതനായ ക്രിസ്തു മരണത്തിന്റെ ദൈവമല്ല. ജീവന്റെയും ജീവിക്കുന്നവരുടെയും ദൈവമാണ്. പാപത്തെയും നിരുത്സാഹപ്പെടുത്തലുകളെയും അതിജീവിക്കുന്നവരുടെ ദൈവം. അതിനാല്‍ത്തന്നെ ഉത്ഥിതനായ ക്രിസ്തുവിനെപ്പോലെ പാപസാഹചര്യങ്ങളെ അതിജീവിക്കാന്‍ ക്രിസ്തുശിഷ്യരായ നമുക്ക് കഴിയണം. പാപ്പാ കൂട്ടിച്ചേര്‍ത്തു.