ബള്‍ഗേറിയയില്‍ കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണത്തിന് നേതൃത്വം നല്‍കി ഫ്രാന്‍സിസ് പാപ്പാ

ബള്‍ഗേറിയയിലെ 245-ഓളം കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണത്തിന് നേതൃത്വം നല്‍കി ഫ്രാന്‍സിസ് പാപ്പാ. റാക്കോവ്‌സ്‌കിയിലെ തിരുഹൃദയ ദേവാലയത്തിലാണ് കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണം നടന്നത്.

ദൈവത്തിന് നിങ്ങളെ ആവശ്യമുണ്ട്. ഓരോ ദിവസവും ദിവ്യകാരുണ്യ ഈശോയിലേയ്ക്ക് നിങ്ങള്‍ കൂടുതല്‍ വളരണം എന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. ഈശോയുമായുള്ള സൗഹൃദത്തിലേയ്ക്ക് നിങ്ങള്‍ വളരുകയും നിങ്ങള്‍ക്ക് അനുഭവേദ്യമാകുന്ന സന്തോഷം, മറ്റുള്ളവരിലേക്ക് പകരുകയും വേണം. വിശുദ്ധ കുര്‍ബാന സ്വീകരിച്ച കുട്ടികളെ പാപ്പാ ഓര്‍മ്മിപ്പിച്ചു.

നിങ്ങളുടെ കുടുംബങ്ങളില്‍, കൂട്ടുകാരുടെ ഇടയില്‍, നിങ്ങളായിരിക്കുന്ന സമൂഹത്തില്‍ നിങ്ങളിലൂടെ അത്ഭുതം പ്രവര്‍ത്തിക്കുവാന്‍ ഈശോ ആഗ്രഹിക്കുന്നു. അതിനായി നിങ്ങളെ പ്രത്യേകം തിരഞ്ഞെടുത്ത നിമിഷമാണ് ആദ്യമായി ഈശോയെ സ്വീകരിച്ച ഈ നിമിഷം. ആദ്യമായി ഈശോയെ സ്വീകരിച്ച ഈ ദിവസത്തെ അതേ ആവേശത്തോടെയും തീക്ഷ്ണതയോടെയും കൂടെ തന്നെ വേണം മരണം വരെയും ദിവ്യകാരുണ്യ ഈശോയെ സ്വീകരിക്കുവാന്‍. പാപ്പാ ചൂണ്ടിക്കാട്ടി.

അഞ്ചപ്പവും രണ്ടു മീനും കൊണ്ട് അയ്യായിരം പേരെ തൃപ്തിപ്പെടുത്തിയ അത്ഭുതം ഇവിടെയും സംഭവിക്കാന്‍ പോവുകയാണ്. അന്ന് അവിടെ അത്ഭുതം സംഭവിച്ചത് ഒരു കൊച്ചുകുഞ്ഞിന്റെ കയ്യിലെ അപ്പത്തില്‍ നിന്നും മീനില്‍ നിന്നുമാണ്. ആ കൊച്ചുകുഞ്ഞിനെപ്പോലെ നിങ്ങളും നിങ്ങളായിരിക്കുന്ന ഇടങ്ങളില്‍ അത്ഭുതം സംഭവിക്കുന്നതിന് സഹായകമാകുന്ന വ്യക്തികളായി വര്‍ത്തിക്കണം.

പാപ്പായുടെ നേതൃത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ പതിനായിരക്കണക്കിന് ആളുകളാണ് ദേവാലയത്തിലും പരിസരങ്ങളിലുമായി ഒരുമിച്ചുകൂടിയത്.