ദൈവത്തെ തേടി യാത്ര നടത്തിയ ചൈനീസ് യുവാവ് കത്തോലിക്കാ വിശ്വാസിയായിത്തീർന്ന കഥ

മതപീഡനങ്ങൾ ഏറെയുള്ള നാടാണ് ചൈന. ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ജീവിക്കുവാൻ ഏറ്റവും പ്രയാസമേറിയ നാട്. എന്നാൽ അടിച്ചമർത്തലുകൾക്കും പീഡനങ്ങൾക്കുമിടയിൽ കത്തോലിക്കാ വിശ്വാസത്തിലേയ്ക്ക് എത്തുന്നവരുടെ എണ്ണം കൂടുകയാണ്. അതിനുദാഹരണമാണ് ഫ്രാൻസിസ് പോൾ യാങ് എന്ന 27-കാരന്റെ പരിവർത്തനം. നിരീശ്വരവാദത്തെക്കുറിച്ച് പഠിക്കുകയും ദൈവത്തിൽ വിശ്വാസമില്ലാതെ ജീവിക്കുകയും ചെയ്ത ഈ യുവാവ് തന്റെ ജീവിതത്തിന്റെ അര്‍ത്ഥം തേടിയുള്ള യാത്രയിലാണ് ദൈവത്തെ അറിയുന്നതും കത്തോലിക്കാവിശ്വാസം സ്വീകരിക്കുന്നതും. വായിക്കാം ഈ യുവാവിന്റെ ജീവിത സാക്ഷ്യം…

കഴിഞ്ഞ ആഴ്ച മാതാവിന്റെ അമലോത്ഭവ തിരുനാളിനോട് അനുബന്ധിച്ചാണ് ഫ്രാൻസിസ് മാമ്മോദീസ സ്വീകരിച്ച് സത്യദൈവത്തിലുള്ള തന്റെ വിശ്വാസം പ്രഖ്യാപിച്ചത്. പ്രത്യേകിച്ച് മതവിശ്വാസമോ ദൈവവിശ്വാസമോ ഒന്നുംതന്നെ ഇല്ലാത്ത ഒരു കുടുംബപശ്ചാത്തലമായിരുന്നു ഫ്രാൻസിസിന്റേത്. അതിനാൽത്തന്നെ ദൈവത്തെക്കുറിച്ച് അറിയുന്നതിനുള്ള ശ്രമങ്ങളും കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കുന്നതുവരെ ഫ്രാൻസിസിന്റെ ഭാഗത്തുനിന്നും ഉണ്ടായതുമില്ല. മികച്ച രീതിയിൽ പഠിക്കുമായിരുന്നു ഈ യുവാവ്, പ്രശസ്തമായ നാൻജിംഗ് സർവകലാശാലയിൽ നിന്ന് തത്വശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം നേടി. തത്വശാസ്ത്രത്തിൽ ഉപരിപഠനം പൂർത്തിയാക്കി ജോലിയും ലഭിച്ചു. ഒരു യുവാവിന്റെ ജീവിതത്തിൽ ലഭിക്കാവുന്ന സൗഭാഗ്യങ്ങളെല്ലാം ലഭിച്ചിട്ടും തന്റെ ജീവിതത്തിൽ എന്തോ ഒരു ശൂന്യത അവന് അനുഭവപ്പെട്ടുതുടങ്ങി. ജീവിതത്തിന് അർത്ഥമില്ലാത്തതുപോലെ. അതിനു കാരണം അവൻ അന്വേഷിച്ചു തുടങ്ങി.

തത്വശാസ്ത്രം ശരിയായ രീതിയിൽ പഠിക്കുവാൻ തുടങ്ങിയ നിമിഷം മുതൽ ജ്ഞാനം എന്താണെന്ന് അന്വേഷിച്ചു തുടങ്ങി. അതുവരെ താൻ പഠിച്ച അല്ലെങ്കിൽ കേട്ടുകേൾവിയുള്ള ചൈനീസ് തത്വശാസ്ത്രമോ കൺഫ്യൂഷ്യൻ തത്വചിന്ത തുടങ്ങിയവയിൽ നിന്നൊക്കെ വ്യത്യസ്തമായ ആശയങ്ങൾ ആ യുവാവിൽ വന്നുനിറയുവാൻ തുടങ്ങി. ആ പഠനവും ജ്ഞാനത്തിനായുള്ള തേടലും ഫ്രാൻസിസിനെ എത്തിച്ചത് വി. തോമസ് അക്വീനാസിലേയ്ക്ക്. അവിടെ നിന്നും ഫ്രാൻസിസിന്റെ ജീവിതത്തിന്റെ ഗതി മാറുകയായിരുന്നു. പല വിശുദ്ധരെയും അവരുടെ പഠനങ്ങളെയും കുറിച്ച് പഠിക്കുവാൻ അവസരം ലഭിച്ചു.

ആദ്യമൊക്കെ ഫ്രാൻസിസിന് ഒന്നും മനസിലാകുന്നുണ്ടായിരുന്നില്ല. അതുവരെ അവൻ ജീവിച്ചുവന്നതും പഠിച്ചുവന്നതുമായ ചൈനീസ് പാരമ്പര്യം കത്തോലിക്കാ സഭയുടെ പഠനങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമായിരുന്നു. എങ്കിലും ക്രൈസ്തവമൂല്യങ്ങളിൽ അവനുണ്ടായ ആകർഷണം കൂടുതൽ പഠിക്കുവാനായി അവനെ പ്രേരിപ്പിച്ചു. നിർബന്ധപൂർവം കാര്യങ്ങളെ മനസിലാക്കുവാൻ ശ്രമിച്ചപ്പോഴൊക്കെ പരാജയമായിരുന്നു ഫലം. അതിനാൽ, തന്നെ ഇവിടം വരെ എത്തിച്ച ദൈവത്തിന് തന്റെ ജീവിതത്തിലും പ്രവർത്തിക്കുവാൻ അവൻ ഇടം നൽകി. ഒരോ കാര്യങ്ങളും വായിക്കുമ്പോഴും പഠിക്കുമ്പോഴും അതൊക്കെ ദൈവം നിശ്ചയിക്കുന്നതുപോലെ തന്റെ ജീവിതത്തിലും പ്രവർത്തികമാകട്ടെ എന്ന് ഫ്രാൻസിസ് കരുതി.

ദൈവഹിതം തിരിച്ചറിയുവാൻ തീരുമാനിച്ചതു മുതലുള്ള ഫ്രാൻസിസിന്റെ ജീവിതം വളരെ അത്ഭുതകരമായ രീതിയിലാണ് മുന്നോട്ടു പോയത്. വ്യത്യസ്തമായ ഒരു പാരമ്പര്യത്തിലും വിശ്വാസത്തിലും ജനിച്ചുവളർന്ന ഫ്രാൻസിസിന് ക്രൈസ്തവ വിശ്വാസത്തെ സംബന്ധിച്ച് ധാരാളം സംശയങ്ങൾ ഉണ്ടായിരുന്നു. അതെല്ലാം മാറ്റിക്കൊടുക്കുവാൻ സമയാസമയം ദൈവം ആളുകളെ നിയോഗിച്ചിരുന്ന അത്ഭുതകരമായ അനുഭവമാണ് അവനെ കാത്തിരുന്നത്. അങ്ങനെ ദൈവവുമായുള്ള ഒരു ബന്ധത്തിലേയ്ക്ക് വളരുവാനും കൂടുതൽ അടുക്കുവാനും അത് കാരണമായി. ദൈവത്തെ തിരിച്ചറിഞ്ഞ, ആ സ്നേഹം അനുഭവിച്ച ഫ്രാൻസിസിന് അടങ്ങിയിരിക്കുവാൻ കഴിഞ്ഞില്ല. അവൻ മാമ്മോദീസ സ്വീകരിച്ച് സത്യവിശ്വാസം പ്രഖ്യാപിച്ചു.

വിവര്‍ത്തനം: മരിയ ജോസ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.