ഫ്രാൻസിൽ ആക്രമണം നടത്തിയത് ടുണീഷ്യൻ അഭയാർഥി

നീസിലെ നോട്രഡാം കത്തീഡ്രലിൽ ലോക മനസാക്ഷിയെ ഞെട്ടിപ്പിച്ചു കൊണ്ട് നടന്ന ഭീകരാക്രമണം നടത്തിയത് ടുണീഷ്യൻ അഭയാർഥി. ദിവസങ്ങൾക്കു മുൻപ് ഫ്രാൻ‌സിൽ എത്തിയ 21 കാരനായ ഇയാൾ കഴിഞ്ഞ മാസം ഇറ്റലിയിലെ ലാംപെദൂസ ദ്വീപിലേക്ക് എത്തിയ കുടിയേറ്റക്കാരിൽ ഉൾപ്പെട്ടിരുന്നു എന്ന് ഒരു ഇറ്റാലിയൻ റെഡ്ക്രോസ് രേഖയിൽ വെളിപ്പെടുത്തുന്നു. ‘അള്ളാഹു അക്ബര്‍’ എന്നു പറഞ്ഞു കൊണ്ട് കഴുത്തറത്ത ഇയാള്‍ ഇസ്ലാം മത വിശ്വാസിയാണ്.

ആക്രമണത്തിനിടെ പോലീസ് വെടിയേറ്റ ഇയാളുടെ നില ഗുരുതരമാണ്. ആക്രമണത്തിൽ ദൈവാലയത്തിൽ ഉണ്ടായിരുന്ന വിശ്വാസികളിൽ ഒരാളെ ഇയാൾ തലയറുത്തു കൊലപ്പെടുത്തി. ദൈവാലയത്തിൽ നടന്ന ആക്രമണം ഒരു ഇസ്ലാമിക ഭീകര പ്രവർത്തനം ആണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കി. ആക്രമണത്തെ തുടർന്ന് പള്ളികളും സ്കൂളുകളും പോലുള്ള പൊതു സ്ഥലങ്ങൾ സംരക്ഷിക്കാൻ വിന്യസിച്ചിരിക്കുന്ന സൈനികരുടെ എണ്ണം 3,000 ൽ നിന്ന് 7,000 ആയി ഉയർത്തുമെന്നും തീവ്രവാദ വിരുദ്ധ പ്രോസിക്യൂട്ടർമാർ അന്വേഷണം ആരംഭിച്ചു എന്നും പ്രസിഡന്റ് മാക്രോൺ അറിയിച്ചു. ഒപ്പം ദേശീയ സുരക്ഷാ സംവിധാനങ്ങൾ അതിന്റെ ഏറ്റവും ഉയർന്ന തലത്തിലേയ്ക്കും ഉയർത്തിയിരിക്കുകയാണ്.

മുഹമ്മദ് നബിയുടെ വിവാദ കാർട്ടൂണുകൾ കാണിച്ചു എന്നതിന്റെ പേരിൽ ഫ്രഞ്ച് അധ്യാപകനായ സാമുവൽ പാറ്റിയെ കഴുത്തറത്തു കൊലപ്പെടുത്തിയതിന്റെ ഞെട്ടലിൽ നിന്നും മോചിതരാകുന്നതിനു മുൻപ് തന്നെ നടന്ന ഈ ആക്രമണവും ഫ്രാൻസിലെ ജനങ്ങളെ ഭയചകിതരാക്കിയിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.