കണ്ണാന കണ്ണേ… കണ്ണാന കണ്ണേ… പാട്ടുമായി കോമഡി ഉത്സവവേദിയില്‍ തരംഗമായ ഇടക്കെട്ടച്ചൻ

    മരിയ ജോസ്

    കോമഡി ഉത്സവത്തിലെത്തി സോഷ്യല്‍ മീഡിയയില്‍ താരമായ വൈദികനാണ് ഫാ. വിപിൻ കുരിശുതറ സി.എം.ഐ.  അര്‍പ്പിച്ച  വിശുദ്ധ കുർബാന യൂട്യൂബിൽ വന്നതോടെയാണ്, അദ്ദേഹം അറിയപ്പെട്ടു തുടങ്ങിയത്. “പത്താം ക്ലാസ് വരെ, ഞാൻ പാടും എന്നുപോലും എനിക്ക് അറിയില്ലായിരുന്നു. എന്നിലെ സംഗീതത്തെ കണ്ടെത്തിയത് സെമിനാരി പരിശീലനമായിരുന്നു. സംഗീതലോകത്തിൽ ഞാന്‍  ഇന്ന് അറിയപ്പെടാന്‍ കാരണം വിശുദ്ധ കുർബാനയായാണ്.” ആ ജീവിതം നമുക്ക് വായിക്കാം.

    നിഷ്കളങ്കമായ പുഞ്ചിരിയോടെ ക്യാമറക്കണ്ണുകളിലേയ്ക്ക് പതിയെ നടന്നുവന്ന ഒരു ഇടക്കെട്ടച്ചൻ. നീലവെളിച്ചത്താല്‍ പൂരിതമായ വേദിയുടെ മധ്യത്തിൽ നിന്ന് അദ്ദേഹം പാടിത്തുടങ്ങി  “കണ്ണാന കണ്ണേ … കണ്ണാന കണ്ണേ …എൻമീതു സായവാ…”  ആ സംഗീതം ഒഴുകിത്തുടങ്ങിയപ്പോൾ ആദ്യം കരഘോഷത്തോടെ സ്വീകരിച്ച സദസ്സ് പിന്നെ ഒരു നീണ്ട നിശബ്ദതയിലേക്ക് കടന്നു. ആ നിശബ്ദതയിൽ ഒഴുകിയെത്തുന്ന മാന്ത്രികസംഗീതത്തെ അവർ തലയാട്ടി ഹൃദയത്തിലേയ്ക്ക് സ്വീകരിച്ചു.

    കഴിഞ്ഞ ദിവസം ഫ്ളവേഴ്സ് കോമഡി ഉത്സവവേദി സാക്ഷ്യം വഹിച്ചത് ആസ്വാദനത്തിന്റെ, ആലാപനത്തിന്റെ വേറിട്ട അനുഭവങ്ങൾ പകർന്ന ഒരു വൈദിക ശബ്ദത്തിനായിരുന്നു. ആ ശബ്ദത്തിന് ഉടമയാണ് ഫാ. വിപിൻ കുരിശുതറ സി.എം.ഐ. കോമഡി ഉത്സവത്തിലേയ്ക്കുള്ള തന്റെ വരവിനെക്കുറിച്ചും അതിന് കാരണമായിത്തീർന്ന തന്റെ ദൈവ വിളിയെക്കുറിച്ചും പങ്കുവെച്ചു കൊണ്ട് ലൈഫ്ഡേയ്ക്ക് ഒപ്പം ചേരുകയാണ് ഫാ. വിപിൻ കുരിശുതറ.

    കോമഡി ഉത്സവവേദിയിലേയ്ക്ക് വഴിയൊരുക്കിയ ഗാനമേള

    നോർത്ത് പാണാപള്ളി സെന്റ് ജോസഫ് ദേവാലയത്തിൽ വികാരിയായി സേവനം ചെയ്യുന്ന ഫാ. വിപിൻ കുരിശുതറയ്ക്ക് കോമഡി ഉത്സവവേദിയിലേയ്ക്കുള്ള വീഥി ഒരുക്കിയത് തന്റെ ഇടവകയിൽ മെയ് മാസത്തിലെ പെരുനാളിനോട് അനുബന്ധിച്ച് നടന്ന ഒരു പരിപാടിയിലൂടെയാണ്. അന്ന് നാഗർകോവിൽ മെഗാ വോയിസിന്റെ ഗാനമേളാ പരിപാടിയിൽ അച്ചൻ പാടിയ ഒരു പാട്ടിൽ നിന്നാണ് കോമഡി ഉത്സവ വേദിയിലേയ്ക്കുള്ള അച്ചന്റെ യാത്ര ആരംഭിക്കുന്നത്. അന്ന് പെരുനാളിന് പാടിയ പാട്ട് ശ്രദ്ധിക്കപ്പെട്ടതോടെ അച്ചൻ ആയിരിക്കുന്ന മണപ്പുറം ലിറ്റിൽ ഫ്‌ളവർ ആശ്രമം ഉൾപ്പെടുന്ന ഇടവകയിലെ പാരീഷ് കൗൺസിൽ അംഗങ്ങൾ ആ ഇടവകയിലെ തന്നെ പാടുന്ന ആളുകളെ ഒരുമിച്ചു കൂട്ടി ഒരു മത്സരം നടത്താമോ എന്ന ചോദ്യവുമായി അച്ചനെ സമീപിച്ചു. അവരുടെ ആവശ്യത്തിന് സമ്മതം പറഞ്ഞ് കൈകൊടുത്ത വിപിൻ അച്ചൻ, ആ ഗാനമേള മത്സരത്തിൽ “കണ്ണാന കണ്ണേ… കണ്ണാന കണ്ണേ… ” എന്ന ഗാനം ആലപിച്ചു. ആ ഗാനത്തിന്റെ ദൃശ്യങ്ങളാണ് അനേകായിരം മനസുകൾ കീഴടക്കി ഒടുവിൽ കോമഡി ഉത്സവത്തിൽ വന്നുനിന്നത്.

    പാട്ടു പാടുമ്പോൾ ഒരിക്കൽപ്പോലും അത് വൈറൽ ആകുമെന്നോ കോമഡി ഉത്സവത്തിലേയ്ക്കുള്ള വാതിൽ തുറക്കുന്നതിന് കാരണമാകുമെന്നോ കരുതിയിരുന്നില്ല. അതിനാൽ കോമഡി ഉത്സവവേദിയിലേയ്ക്ക് അച്ചൻ എത്തിയത് പടപടാ മിടിക്കുന്ന ഹൃദയവുമായാണ്. മുൻപ് ഇത്തരം ഒരു വേദിയെ അഭിമുഖീകരിച്ചിട്ടില്ലാത്ത അച്ചൻ, തനിക്ക് ലഭിച്ച അംഗീകാരത്തിനെല്ലാം നന്ദി പറയുന്നത് പൗരോഹിത്യത്തിലേയ്ക്ക് തന്നെ ഉയർത്തിയ ദൈവത്തിനു തന്നെ.

    സംഗീതലോകത്തിലേയ്ക്ക് കൈപിടിച്ചു നടത്തിയ സെമിനാരി ജീവിതം

    കോമഡി ഉത്സവവേദിയില്‍ എത്തിയ അച്ചന്റെ സംഗീത പാരമ്പര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഉത്തരം വളരെ പെട്ടന്നായിരുന്നു. “പത്താം ക്ലാസ് വരെ, ഞാൻ പാടും എന്നുപോലും എനിക്ക് അറിയില്ലായിരുന്നു.” ശരിയാണ് സംഗീതം എന്ന അനന്ത സാഗരത്തിനു മുമ്പിൽ തപസ്സിരുന്ന ഒരു വ്യക്തിയായിരുന്നില്ല ഫാ.വിപിന്‍. ഒരു സാധാരണ വിദ്യാർത്ഥി. ആ സാധാരണ കുട്ടിയിൽ ഉറങ്ങിക്കിടന്നിരുന്ന സംഗീതത്തെ കണ്ടെത്തിയത് സെമിനാരി പരിശീലനമായിരുന്നു.

    സെമിനാരിയിലേയ്ക്കുള്ള വിപിനച്ചന്റെ യാത്ര ആരംഭിക്കുന്നത് ബാല്യത്തിലാണ്. തോമസ് -ഏലിയാമ്മ ദമ്പതികളുടെ മൂന്ന് മക്കളിൽ മൂത്ത മകനായ വിപിനിൽ ഏതാണ്ട് അഞ്ചാം ക്ലാസ് മുതൽ തന്നെ വൈദികനാകണം എന്ന ആഗ്രഹം മുളപൊട്ടിയിരുന്നു. ക്ലാസിൽ ടീച്ചറുടെ, ആരാകണം എന്ന ചോദ്യത്തിന് ഡോക്ടർ, നഴ്സ്, എഞ്ചിനീയർ തുടങ്ങിയ ഉത്തരശൃംഖലയിൽ വൈദികൻ എന്ന ആഗ്രഹവുമായി കാത്തുനിന്ന ആ കുട്ടിയെ അദ്ധ്യാപകർ അത്ഭുതത്തോടെയായിരുന്നു കണ്ടിരുന്നത്. തൈക്കാട്ടുശേരി സെന്റ് ആന്റണീസ് ഇടവകയിൽ മാറിമാറി വന്നിരുന്ന അച്ചന്മാരുടെ ജീവിത ശൈലിയും കുടുംബത്തിലെ അച്ചന്മാരുടെയും സന്യസ്തരുടെയും സാന്നിധ്യവും വൈദികനാവുക എന്ന ആഗ്രഹത്തിന് ആഴം നൽകി.

    ആദ്യം വൈദികനാകണം എന്നതു മാത്രമായിരുന്നു ആഗ്രഹമെങ്കിൽ പിന്നീട് ചാവറയച്ചന്റെ ജീവിതദർശനങ്ങളെയും സിഎംഐ സന്യാസ സമൂഹത്തെയും കുറിച്ച് കൂടുതൽ അറിഞ്ഞതോടെ ഒരു സിഎംഐ അച്ചൻ ആകണം എന്ന ആഗ്രഹത്തിലേയ്ക്ക് വളരുകയായിരുന്നു. അങ്ങനെയാണ് സെമിനാരിയിൽ ചേരുന്നത്. സെമിനാരി പരിശീലന കാലഘട്ടത്തിലാണ് വൈദികർ വിപിൻ അച്ചന്റെ ഉള്ളിലെ സംഗീതത്തെ കണ്ടെത്തുന്നത്. ആ സംഗീതത്തെ വളർത്തുന്നതിന് ആവശ്യമായ എല്ലാ പിന്തുണയും സിഎംഐ സന്യാസ സമൂഹം നൽകി. അവരിലൂടെയാണ് സംഗീത ലോകത്തിലേയ്ക്ക് അച്ചൻ കടന്നുവരുന്നത്. ശാസ്ത്രീയമായി സംഗീതം അഭ്യസിക്കുവാൻ സന്യാസ സമൂഹത്തിൽ നിന്നും പിന്തുണ ലഭിക്കുന്നുണ്ട് എങ്കിലും സമയക്കുറവ് മൂലം ഇതുവരെ അതിന് സാധിച്ചിട്ടില്ല. എങ്കിലും സംഗീത റിയാലിറ്റി ഷോകളും മറ്റും കണ്ട് അതിലെ മത്സരാർത്ഥികൾക്ക് നൽകുന്ന നിർദ്ദേശങ്ങളും തിരുത്തലുകളും ഒക്കെ ശ്രദ്ധിക്കും. അതാണ് ആകെയുള്ള സംഗീതപഠനം. തന്റെ സംഗീതജീവിതത്തെക്കുറിച്ച് അദ്ദേഹം ലൈഫ് ഡേ യോട് പറഞ്ഞുനിർത്തി.

    വൈദികജീവിതത്തിയിലേയ്ക്ക് അനിയനും

    കുരിശുതറ കുടുംബത്തിൽ വിപിനച്ചന് പിന്നാലെ അനിയൻ വിനിൽ അച്ചനും വൈദികജീവിതം തിരഞ്ഞെടുത്തു. എന്നെപ്പോലെ തന്നെ ഇടവകയിലെ വൈദികരുടെ ജീവിതം, കുടുംബത്തിലെ വൈദികർ, മാതാപിതാക്കളുടെ ജീവിതമാതൃക ഇവയൊക്കെ തന്നെ ആയിരിക്കാം ക്ലരീഷ്യൻ സന്യാസ സമൂഹത്തിൽ അംഗമായ അനിയനെയും പൗരോഹിത്യത്തിലേയ്ക്ക് നയിച്ചത് എന്ന് വിപിനച്ചൻ പറയുന്നു. അനിയനും സംഗീതം വഴങ്ങും എന്ന് ബോധ്യപ്പെട്ടത് ക്ലരീഷ്യൻ സന്യാസ സമൂഹത്തിൽ ചേർന്നതിനു ശേഷമാണ്. ഫാ. വിപിൻ സിഎംഐക്കു ഒപ്പം തന്നെ വിനിൽ സിഎംഎഫും കോമഡി ഉത്സവ വേദിയിൽ എത്തിയിരുന്നു. ഇരുവരും ഒരുമിച്ചു ‘വിശ്വം കാക്കുന്ന നാഥാ…’ എന്ന പാട്ടു പാടിയപ്പോൾ അത് വിശ്വാസത്തിന്റെ മറ്റൊരു പ്രഘോഷണ വേദിയായി മാറുകയായിരുന്നു.

      വിപിൻ അച്ചനും വിനിൽ അച്ചനും ഒരുമിച്ചാണ് തിരുപ്പട്ടം സ്വീകരിച്ചത്. ഇവരുടെ തിരുപ്പട്ട സ്വീകരണത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചത് മാതാപിതാക്കളായ തോമസും ഏലിയാമ്മയും ആണ്. “അതിരാവിലെ മൂന്ന് മണിക്ക് എഴുന്നേറ്റ് കരുണകൊന്ത ചൊല്ലുന്ന മാതാപിതാക്കൾ പ്രാർത്ഥനയിലൂടെ തങ്ങൾക്കു നൽകുന്ന പിൻബലമാണ് ഇന്നും വിശുദ്ധിയോടെ ജീവിക്കുവാൻ തങ്ങൾക്ക് കരുത്ത് നൽകുന്നത്.” വിപിൻ അച്ചൻ പറഞ്ഞുനിർത്തി.

    സംഗീതലോകത്തിൽ അറിയപ്പെടുന്നതിന് കാരണമായ വിശുദ്ധ കുർബാന

    എല്ലാം ദൈവാനുഗ്രഹം എന്ന് പറയുവാൻ ആഗ്രഹിക്കുന്ന ഫാ. വിപിൻ കുരിശുതറ അറിയപ്പെട്ടു തുടങ്ങിയത്, അദ്ദേഹം അര്‍പ്പിച്ച  വിശുദ്ധ കുർബാന യൂട്യൂബിൽ വന്നതോടെയാണ്. അനേകം ആളുകൾ കാണുകയും ഷെയർ ചെയ്യുകയും ചെയ്ത ഈ വിശുദ്ധ കുർബാനയുടെ സ്ഥാപനവിവരണം ‘ശുഭമന്തുപാരാളി’ എന്ന രാഗത്തിലായിരുന്നു ചെല്ലിയിരുന്നത്. ഇതുകണ്ട ആരോ ഒരാൾ ആ സ്ഥാപനവിവരണം മാത്രം എഡിറ്റ് ചെയ്ത് എടുക്കുകയും അപ്‌ലോഡ് ചെയ്യുകയും ചെയ്തു. അങ്ങനെ വീണ്ടും അനേകം ആളുകളിലേക്ക്‌ അച്ചന്റെ ബലിയര്‍പ്പണ വീഡിയോ എത്തുന്നതിന് ഇടയാക്കി.

    കോമഡി ഉത്സവവേദിയിലൂടെ തന്റെ സന്യാസ സമൂഹത്തിനും ദൈവജനത്തിനും മുന്നിൽ വിശ്വാസത്തിന്റെ സാക്ഷ്യമായി മാറുവാൻ കഴിഞ്ഞ സന്തോഷത്തിലാണ് അദ്ദേഹം.സംഗീതം, അത് തന്റെ പൗരോഹിത്യ ധർമ്മത്തെ കൂടുതൽ അനുഭവേദ്യമായ രീതിയിൽ വിശ്വാസികൾക്ക് പകരുവാൻ സഹായകമാണെന്ന് വെളിപ്പെടുത്തുന്ന അച്ചൻ, പാട്ടുപാടുന്ന അച്ചന്മാർക്കും പാടാത്ത അച്ചന്മാർക്കും ദൈവം പൗരോഹിത്യത്തിലൂടെ ചൊരിയുന്ന കൃപാവരം ഒന്നാണെന്നും ആര് ചൊല്ലിയാലും കർത്താവിന്റെ ബലി അത് പൂർണ്ണതയിൽ ഉൾക്കൊള്ളുവാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നതെന്നും വിനയപൂർവ്വം ഓർമ്മിപ്പിച്ചു.

    മണപ്പുറം ലിറ്റിൽ ഫ്‌ളവർ ആശ്രമത്തിലെ അംഗവും അതിനു കീഴിലുള്ള സെന്റ് തെരേസാസ് ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപകനും ഒപ്പം എറണാകുളം അങ്കമാലി അതിരൂപതയിലെ നോർത്ത് പാണാപള്ളി സെന്റ് ജോസഫ് ഇടവകയുടെ വികാരിയുമാണ് ഇപ്പോൾ ഫാ. വിപിൻ കുരിശുതറ സിഎംഐ. അല്പനേരത്തെ സംഭാഷണത്തിനു ശേഷം ഫോൺ വയ്ക്കുമ്പോൾ അച്ചന് അടുത്ത ക്ലാസിന് കയറുവാനുള്ള സമയമായിരുന്നു…

    മരിയ ജോസ്