വി. നുന്‍സിയോ സുള്‍പ്രിസിയോയുടെ വികാരിയച്ചന്‍ കോട്ടയത്തുണ്ട്

മരിയാ ജോസ്

മരിയാ ജോസ്

“വിശുദ്ധന്റെ തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്ന ആ ദേവാലയത്തില്‍ ഇരുന്നു പ്രാര്‍ത്ഥിക്കുമ്പോള്‍ ആത്മീയമായ വലിയ ഉണര്‍വ് ലഭിച്ചിരുന്നു.” പറയുന്നത് ഫാ. ടോണി പനികോട് എം സി ബി എസ്. ഫ്രാന്‍സിസ് പാപ്പാ കഴിഞ്ഞ ദിവസം (ഒക്ടോബർ 14, 2019) വിശുദ്ധ പദവിയിലേയ്ക്ക് ഉയര്‍ത്തിയ നുന്‍സിയോ സുള്‍പ്രിസിയോയുടെ നാട്ടില്‍, അദ്ദേഹത്തിന്‍റെ തിരുശേഷിപ്പ് സ്ഥിതിചെയ്യുന്ന പോസ്കോ സണ്‍സോണെസ്കോയിലെ ദേവാലയത്തില്‍ രണ്ടു വര്‍ഷം ഇടവക വികാരിയായി സേവനം ചെയ്ത വ്യക്തിയാണ് ടോണി അച്ചന്‍.

വി. നുന്‍സിയോ സുള്‍പ്രിസിയോ അവിടെയുള്ള വിശ്വാസികളില്‍ ചെല്ലുത്തിയ സ്വാധീനം, അവിടുത്തെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകള്‍, ദേവാലയ അന്തരീക്ഷം തുടങ്ങിയവ ലൈഫ് ഡേ യോട് പങ്കു വയ്ക്കുകയാണ് ഫാ. ടോണി.

വി. നുന്‍സിയോ സുള്‍പ്രിസിയോയുടെ നാട്ടിലേയ്ക്ക്

ഫാ. ടോണി പനികോട് എം സി ബി എസ്.

“ഇറ്റലിയില്‍ വൈദിക ശുശ്രൂഷ ചെയ്യുന്നതിനായി ആണ് ഞാന്‍ പോയത്. ഇറ്റലിയില്‍ എത്തി ഒരു വര്‍ഷത്തിനു ശേഷം ആണ് നുന്‍സിയോയുടെ നാട്ടിലേയ്ക്ക് എത്തുന്നത്. ആദ്യമായി സ്നാപക യോഹന്നാന്റെ നാമധേയത്തിൽ ഉള്ള ആ ദേവാലയത്തില്‍ എത്തുന്ന രംഗം ഇപ്പോഴും എന്റെ മനസിലുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം അത് അത്ര രസകരമായ രംഗം ആയിരുന്നില്ല. കൂടെ വന്ന അച്ചന്മാര്‍ക്ക് തിരക്കുണ്ടയിരുന്നതിനാല്‍ എന്റെ ഒപ്പം നില്‍ക്കുവാന്‍ കഴിഞ്ഞില്ല. ഒറ്റപ്പെട്ടുപോയ ഒരു അവസ്ഥ. പരിചിതമല്ലാത്ത സ്ഥലം. ചുറ്റും മലനിരകള്‍. കൂരിരുട്ട്. ശരിക്കും പേടി നിറഞ്ഞ ഒരു സാഹചര്യത്തില്‍ ഒരു വിധത്തില്‍ കഴിച്ചു കൂടിയ ദിനമായിരുന്നു 2008 ലെ സെപ്തംബര്‍ 22. ആദ്യം ഉണ്ടായിരുന്ന പേടി പിന്നീട് മാറി.

എല്ലാം കൊണ്ടും വ്യത്യസ്തത നിറഞ്ഞ ഒരു അന്തരീക്ഷം ആയിരുന്നു അവിടെ. അഞ്ഞൂറോളം ആളുകള്‍ മാത്രമുള്ള ഒരു ഇടവക. ഇറ്റാലിയന്‍ ഭാഷയില്‍ അത്യാവശ്യം അറിവുമായി കടന്നു ചെന്ന എനിക്ക് ആദ്യ ദിനങ്ങള്‍ അത്ര സുഖകരമായിരുന്നില്ല. ഇടവകയില്‍ താമസിച്ചു ശുശ്രൂഷ ചെയ്യാന്‍ കടന്നു വന്ന ആദ്യ വൈദികനായിരുന്നു ഞാന്‍. കേരളത്തില്‍ ആവേശപൂര്‍വമുള്ള കുര്‍ബാനയിലെ പങ്കാളിത്തം ഒക്കെ സ്വപ്നം കണ്ടു ആദ്യ ദിവസം കുര്‍ബാന ചെല്ലാന്‍ കയറിയ എനിക്ക് നിരാശയായിരുന്നു തിരികെ കിട്ടിയത്. കുര്‍ബാന ചൊല്ലിയതിലെ പ്രശ്നം അല്ല, ആ വലിയ പള്ളിക്കുള്ളില്‍ ഒരു പത്തു പേര്‍ കാണും. അത് യുവജനങ്ങളോ തീക്ഷണ മതികളായ വീട്ടമ്മമാരോ ആണെന്ന് വിചാരിച്ചാല്‍ നിങ്ങള്‍ക്കു തെറ്റി. എല്ലാവരും നല്ല പ്രായം ചെന്നവര്‍. അതില്‍ അഞ്ചുപേര്‍ കാഴ്ച്ച കുറവുള്ളവര്‍, നാലുപേര്‍ ചെവികേള്‍ക്കാന്‍ കഴിയാത്തവര്‍.” ചെറു ചിരിയോടെ അച്ചന്‍ പറഞ്ഞു.

ആവേശം മുഴുവന്‍ ചോര്‍ന്നു എങ്കിലും ഇതും തന്റെ കടമയാണ് എന്ന് കരുതിയ നിമിഷം മുതല്‍ അവയെ ഒക്കെ ഏറ്റവും മനോഹരമായി നിര്‍വഹിക്കുവാന്‍ കഴിഞ്ഞു എന്ന് അച്ചന്‍ സാക്ഷ്യപെടുത്തുന്നു.

വ്യത്യസ്തതകള്‍ നിറഞ്ഞ പ്രവര്‍ത്തന മേഖല

അതിരാവിലെ എഴുന്നേറ്റ് റെഡി ആയി കുര്‍ബാനയ്ക്കെത്തുന്ന കേരളത്തിലെ പതിവ് ഒന്നും പോസ്കോ സണ്‍സോണെസ്കോയില്‍ നടക്കില്ല. ശക്തമായ മഞ്ഞു വീഴ്ച്ച അനുഭവപ്പെടുന്ന സ്ഥലമാണ്‌ പോസ്കോ സണ്‍സോണെസ്കോ. അതിരാവിലെ പള്ളിയുടെ നടകളില്‍ വീണു കിടക്കുന്ന മഞ്ഞു നീക്കം ചെയ്തു ഇടവക ജനങ്ങള്‍ക്ക്‌ പള്ളിയിലേയ്ക്കുള്ള വഴി തെളിക്കുക എന്ന ജോലിയോടെയാണ് ഇവിടെ വൈദികന്റെ ഒരു ദിവസം ആരംഭിക്കുന്നത്. അതിരാവിലെ എഴുന്നേറ്റു കോട്ട് ഒക്കെ ഇട്ട് മഞ്ഞു കോരുന്ന ഒരു വൈദികന്റെ ചിത്രം ഓര്‍ക്കുമ്പോള്‍ നമുക്ക് ചിരി വരുമായിക്കും. പക്ഷെ അവിടെ അങ്ങനെയാണ്. അതൊക്കെ ഏറ്റവും സന്തോഷകരമായി ചെയ്തിരുന്നു.

ഇവിടെ സേവനം ചെയ്യുന്ന അച്ചന്മാരുടെ മറ്റൊരു ജോലിയാണ് വിശുദ്ധന്റെ ജീവിതം ദേവാലയം സന്ദര്‍ശിക്കുന്നവര്‍ക്ക് പറഞ്ഞു കൊടുക്കുക എന്നത്. ഇറ്റലിയിലെ വളരെ പ്രസിദ്ധമായ ഒരു ദേവാലയമായിരുന്നു അത്. ദിവസേന ധാരാളം ആളുകള്‍ ഇവിടെ പ്രാര്‍ത്ഥിക്കുവാനായി എത്തും. ആദ്യമായി എത്തുന്നവര്‍ക്ക് വിശുദ്ധന്റെ ജീവിതം, അത്ഭുതങ്ങള്‍ തുടങ്ങിയവ പറഞ്ഞു കൊടുക്കുന്ന ഔദ്യോഗിക വ്യക്തിയായി ഞാനും രണ്ടു വര്‍ഷം സേവനം ചെയ്തു.

വി. നുന്‍സിയോ സുള്‍പ്രിസിയോ

1817 ല്‍ പോസ്കോ സണ്‍സോണെസ്കോയില്‍ മരിയ റോസാ ലുച്ചാനി ഡോമെനിക്കോ ദമ്പതികളുടെ മകനായി നുന്‍സിയോ ജനിച്ചു. വളരെ ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട അദ്ദേഹം തന്റെ വല്യമ്മയുടെ പക്കല്‍ എത്തി. എന്നാല്‍ അധികം വൈകാതെ തന്നെ വല്യമ്മയും മരിച്ചു. തുടര്‍ന്നുള്ള ജീവിതം അദ്ദേഹത്തിന്‍റെ ഒരു അങ്കിളിന്‍റെ ഒപ്പമായിരുന്നു. കള്ളുകുടിയനായ അദ്ദേഹത്തിന്‍റെ ഒപ്പമുള്ള ആലയിലെ ജോലി നുന്‍സിയോയ്ക്ക് അസഹനീയമായ ഒന്നായിരുന്നു. അങ്കിള്‍ നുന്‍സിയോയെ ക്രൂരമായി മര്‍ദിച്ചിരുന്നു. ആലയിലെ ജോലിക്കിടയില്‍ കാലില്‍ പറ്റിയ മുറിവ് കരിയാതെ വരുകയും വികൃതമാവുകയും ചെയ്തതോടെ നുന്‍സിയോ ആ ജോലി ഉപേക്ഷിച്ചു.

കാലിലെ മുറിവില്‍ പൊടി കയറുന്നത് കൂടുതല്‍ പ്രശ്നമാകും എന്ന് കരുതി ഇടക്ക് പൊതു പൈപ്പിലെ വെള്ളത്തില്‍ നിന്ന് കാല് കഴുകാന്‍ എത്തുന്ന നുന്‍സിയോയെ സ്ത്രീകള്‍ കല്ലെറിഞ്ഞു ഓടിക്കുമായിരുന്നു. രോഗം പകരും എന്നതായിരുന്നു അവര്‍ കണ്ടെത്തിയ ന്യായം. ഒടുവില്‍ ഇപ്പോഴത്തെ പള്ളി സ്ഥിതിചെയ്യുന്ന സ്ഥലത്തിനു പിറകിലായി ഉള്ള അരുവിയില്‍ എത്തിയ നുന്‍സിയോ അവിടെ കാലു കഴുകുകയും മുറിവ് വെച്ച് കെട്ടുകയും ചെയ്തു. ആ സ്ഥലത്ത് ആത്മീയമായ ഒരു ശാന്തത അനുഭവിക്കുവാന്‍ കഴിഞ്ഞ നുന്‍സിയോ അവിടെ എത്തുകയും മുറിവ് വെച്ച് കെട്ടുകയും തുടര്‍ന്ന് മണിക്കൂറുകളോളം പ്രാര്‍ത്ഥനയില്‍ മുഴുകുകയും ചെയ്തിരുന്നു. നാളുകള്‍ക്ക് ശേഷം പട്ടാളക്കാരനായ തന്റെ അങ്കിളിനു ഒപ്പം അക്വിലായിലുള്ള ആശുപത്രിയില്‍ എത്തിയ നുന്‍സിയോയെ അവിടെ ഉണ്ടായിരുന്ന വൌച്ചികര്‍ എന്ന വ്യക്തി സ്വന്തം മകനെപോലെ സ്വീകരിക്കുകയും ആവശ്യമായ ചികിത്സകള്‍ നല്‍കുകയും ചെയ്തു.

തീവ്രമായ വേദനയുടെ നിമിഷങ്ങളിലും മാതാവിനോട് പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്ന ആ യുവാവിന്റെ ജീവിതം അനേകര്‍ക്കു മാതൃകയായിരുന്നു. സദാ സമയവും കൊന്ത ചൊല്ലുവാന്‍ നുന്‍സിയോ ശ്രമിച്ചിരുന്നു. തന്റെ പത്തൊന്‍പതാം വയസില്‍ നുന്‍സിയോ മരണമടഞ്ഞു. അദ്ദേഹത്തിന്‍റെ മരണ വാര്‍ത്ത അറിഞ്ഞ ആ നാട്ടുകാര്‍ പറഞ്ഞു “ഞങ്ങളുടെ വിശുദ്ധന്‍ മരിച്ചു പോയി”

സാന്‍ ജോവാനേ ബത്തിസ്തോ ദേവാലയം

വളരെ പ്രത്യേകതകള്‍ നിറഞ്ഞ ഒരു വലിയ ദേവാലയമാണ് സാന്‍ ജോവാനേ ബത്തിസ്തോ ദേവാലയം. വലിയ ഒരു മലയുടെ മുകളിലാണ് ദേവാലയം സ്ഥിതി ചെയ്യുന്നത്. വളഞ്ഞു പുളഞ്ഞുള്ള വഴികൾ താണ്ടി വേണം ദേവാലയത്തിൽ എത്താൻ. ദേവാലയത്തിന്റെ അൾത്താര ഒരു വലിയ മലയോടു ചേർന്ന് ഇരിക്കുന്ന വിധത്തിലാണ് നിർമ്മിച്ചിരിക്കുക. ഈ ദേവാലയത്തിന്റെ അൾത്താരയിൽ ആണ് വിശുദ്ധന്റെ തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുക. അൾത്താരയുടെ പിന്നിലായി ഒരു ചെറിയ അരുവി ഉണ്ട്. പുറത്തു നിന്ന് നോക്കിയാൽ ഒരു ചെറിയ പൊത്തുപോലെ തോന്നിക്കുന്ന ആ ഉറവയിൽ നിന്നുള്ള വെള്ളം അനേകം ആളുകൾക്കു രോഗസൗഖ്യം നൽകുന്നു.

നിരവധി ആളുകളാണ് ഈ ദേവാലയത്തിൽ അനുദിനം വരുകയും വിശുദ്ധനോട് പ്രാർത്ഥിക്കുകയും സൗഖ്യം പ്രാപിക്കുകയും ചെയ്യുന്നത്. അൾത്താരയിലെ ഉറവയിൽ നിന്നുള്ള ജലം അനേകർക്കു സൗഖ്യദായകമായി മാറുന്നു. വിശുദ്ധന്റെ മധ്യസ്ഥതയിൽ സംഭവിക്കുന്ന അത്ഭുതങ്ങളുടെ ഓർമ്മയ്ക്കായി സൗഖ്യം ലഭിച്ചവർ അവരുടെ സ്ട്രച്ചറുകൾ, ഊന്നു വടികൾ, പ്ലാസ്റ്ററുകൾ, ബാന്റേജുകൾ തുടങ്ങിയവ പള്ളിയുടെ ഒരു ഭാഗത്ത് നിക്ഷേപിക്കുന്ന ഒരു പതിവ് ഇവിടെ ഉണ്ട്.

അങ്ങനെ നിക്ഷേപിച്ച വസ്തുക്കളുടെ ഇടയിൽ രണ്ടു കുഞ്ഞു ശവപ്പെട്ടികൾ കാണാൻ ഇടയായി. അതിനെക്കുറിച്ചു അന്വേഷിച്ചപ്പോഴാണ് മരിച്ചു പോയ രണ്ടു കുട്ടികൾക്ക് വിശുദ്ധനോട് പ്രാർത്ഥിച്ചതിന്റെ ഫലമായി ജീവൻ തിരിച്ചു കിട്ടിയതിന്റെ ഓർമയ്ക്കായി സൂക്ഷിച്ചിരിക്കുന്നവയാണ് ആ കുഞ്ഞു ശവപ്പെട്ടികൾ എന്ന് അറിയുന്നത്. കൂടാതെ ഒരിക്കൽ വലിയ ഒരു കല്ല് മലമുകളിൽ നിന്ന് അടർന്നു വന്നു ദേവാലയത്തിനു മേൽ പതിച്ചപ്പോൾ ആ അള്‍ത്താര തകരാതെ സംരക്ഷിച്ചത് വിശുദ്ധനാണ് എന്ന് ആ നാട്ടുകാർ വിശ്വസിക്കുന്നു.

വിശുദ്ധ നുൻസിയോ മരിച്ച ദിവസമായ മെയ് അഞ്ചാം തിയതി ആണ് ഇവിടെ പെരുന്നാൾ ആചരിക്കുന്നത്. അന്നേ ദിവസം നുൻസിയോ സഞ്ചരിച്ച മലയിടുക്കുകളിലൂടെ ആഘോഷമായ തിരുനാൾ പ്രദക്ഷിണം നടത്തുന്നു. കൂടാതെ വി. നുൻസിയോ മാമ്മോദീസ സ്വീകരിച്ച മാമ്മോദീസ തൊട്ടിയും ഈ ദേവാലയത്തിലാണ് സ്ഥിതി ചെയ്യുന്നത്. നുൻസിയോ ജോലി ചെയ്തിരുന്ന ആലയും മറ്റും അതേ പോലെ തന്നെ ഇവിടുത്തുകാർ നിലനിർത്തിയിരിക്കുന്നു.

ഇടവക ജനങ്ങൾ

ആദ്യം പത്തുപേർ വന്നിരുന്നത് പിന്നീട് അൻപതും നൂറും എന്ന നിലയിലേയ്ക്ക് വന്നു. വിശുദ്ധ കുർബാനയിൽ പങ്കാളിത്വം വർധിച്ചു. ആദ്യം മാറി നിന്ന് നിരീക്ഷിച്ച അവര്‍ പിന്നീട് സഹകരിച്ചു തുടങ്ങി എന്ന് അച്ചന്‍ സാക്ഷ്യപെടുത്തി. യുവജനങ്ങള്‍ക്കായി പ്രത്യേക പരിപാടികള്‍ നടത്തി.” ആ ഇടവകയില്‍ നിന്ന് പോയതിനു ശേഷവും ആദ്യ കുര്‍ബാന സ്വീകരിക്കുന്ന കുട്ടികളെയും കൊണ്ട് ഞാന്‍ നുന്‍സിയോയുടെ തിരുശേഷിപ്പ് സൂക്ഷിക്കുന്ന പള്ളിയിലേയ്ക്ക് എത്തും. അവരെ അവിടെ വെച്ച് കുമ്പസാരിപ്പിക്കുകയും ക്ലാസുകള്‍ നല്‍കുകയും ചെയ്യുക ഒരു ശീലമായിരുന്നു. അത് കുട്ടികള്‍ക്ക് ആത്മീയമായ ഒരു അനുഭവം പകര്‍ന്നിരുന്നു” അച്ചന്‍ പറഞ്ഞു.

ഇടവക ജനങ്ങള്‍ക്ക്‌ വിശുദ്ധന്റെ ജീവിതം എന്നും ഒരു മാതൃകയും വഴികാട്ടിയുമായിരുന്നു. ആത്മീയമായ സംഘര്‍ഷങ്ങളില്‍ ആ ദേവാലയം പകരുന്ന സ്വര്‍ഗീയമായ ശാന്തത വളരെ വലുതായിരുന്നു. താന്‍ ആയിരുന്ന ആ രണ്ടു വര്‍ഷം വിശുദ്ധന്റെ തിരുശേഷിപ്പിനു അരികെ ഇരുന്നു പ്രാര്‍ത്ഥിക്കുവാന്‍ ധാരാളം സമയം ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ അച്ചന്‍ അതിനെ തനിക്കു ലഭിച്ച ഏറ്റവും വലിയ അനുഗ്രഹമായാണ് കാണുന്നത്. ഇപ്പോള്‍ കുടമാളൂര്‍ സംപ്രീതിയുടെ ഡയറക്ടർ ആയി സേവനം ചെയ്യുന്ന അച്ചനെ സ്നേഹത്തോടെ വിളിച്ചു വിവരങ്ങള്‍ അന്വേഷിക്കുന്ന ധാരാളം ഇറ്റലിക്കാര്‍ ഉണ്ട്.

പറഞ്ഞു തീര്‍ന്നില്ല പതിവായി വിളിക്കാറുള്ള ഇറ്റലിക്കാരി അമ്മച്ചിയുടെ കോള്‍ വന്നു. 84 വയസുണ്ട് അമ്മച്ചിക്ക്. അവിടുത്തെ വിശേഷങ്ങള്‍ ഒക്കെ പങ്കു വയ്ക്കാനുള്ള വിളിയാണ്. പുതിയ വിശേഷങ്ങളുമായി അച്ചന്‍ സംസാരത്തിലേയ്ക്ക് കടന്നു. ചെറു പുഞ്ചിരിയോടെ…

മരിയാ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.