വീണ്ടും തളിർക്കുന്ന ആൾവൃക്ഷം

[avatar user=”Sheen” size=”125″ align=”right” /]

രണ്ടു ദിവസം കൂടി കഴിഞ്ഞാൽ അയാൾ നാട്ടിൽ മടങ്ങിയെത്തും. പോയതുപോലെയല്ല അയാൾ മടങ്ങി വരുന്നത്. പോകുമ്പോൾ അയാൾ അയാൾക്കു മാത്രമറിയാവുന്ന വെറുമൊരു പുരോഹിതനായിരുന്നു. ആഴമുള്ള കറുത്ത നിറത്തിൽ പാസ്പോർട്ടിൽ അച്ചടിച്ചിരുന്ന ഫാദർ ടോം എന്ന ആ പേരിനപ്പുറത്തേക്ക് അയാളുടെ അസ്തിത്വത്തിന് ശിഖരങ്ങളുണ്ടായിരുന്നില്ല. എന്നാൽ നാളെ അയാൾ മടങ്ങിയെത്തുന്നത് ലോകം മുഴുവൻ ശിഖരങ്ങൾ പടർത്തിയ ഒരു വടവൃക്ഷമായാണ്. ഭൂമിയുടെ ഹൃദയത്തോളം വേരുകളാഴ്ത്തിയ ഒരാൾവൃക്ഷം!

‘തീവ്രവാതം’ വീശിയടിക്കുന്ന, അസഹിഷ്ണുതയുടെ പൊള്ളിക്കുന്ന കരിവേനൽ അയാൾ അതിജീവിച്ചത് ഹൃദയമുള്ളവരുടെ കവിളുകളിലൊഴുകിയ കണ്ണീർപ്പാടുകളിലൂടെ വേരോടിച്ചാണ്. കഴിഞ്ഞ ഒന്നര വർഷമായി ലോകം മുഴുവൻ അയാളുടെ മടങ്ങിവരവിനു വേണ്ടി എത്ര നൊമ്പരപ്പെട്ടു എന്നത് ഇനിയും തിട്ടപ്പെടുത്താനാവാത്ത ഒരു കണക്കാണ്.

സ്വർഗ്ഗത്തിലെ സർവ്വ സൈന്യാധിപന്റെ പക്കലേക്ക് ലോകം മുഴുവൻ കണ്ണീരുപ്പിട്ടയച്ച ഒരു ഭീമഹർജിയുടെ ഉത്തരമാണ് തീവ്രവാദികളുടെ തടവറയിൽ നിന്നുള്ള അയാളുടെ മോചനം എന്നു മാത്രമേ പറയാൻ കഴിയുന്നുള്ളൂ.

ഒന്നര വർഷം മുമ്പ് യെമനിൽ തന്റെ കൺമുമ്പിൽ നാലു സന്യാസിനികൾ വെടിയേറ്റു വീഴുമ്പോൾ അയാൾ ഒരിക്കലും കരുതിയിട്ടുണ്ടാവില്ല ഇനിയൊരു മടക്കം ഉണ്ടാവുമെന്ന്. വെടിയൊച്ചകൾക്കൊപ്പം രക്തവും ഭയവും മണക്കുന്ന ആ വീട്ടിൽ നിന്ന് കൈകാലുകൾ കെട്ടി ഒരു വാഹനത്തിനുള്ളിലേക്ക് അവരയാളെ വലിച്ചെറിയുമ്പോൾ നിണമണിഞ്ഞ തിരുവസ്ത്രത്തിനുള്ളിൽ സ്വപ്രാണനും കയ്യിൽ പിടിച്ച് അയാളിലെ പുരോഹിതൻ ചൊല്ലിയ അവസാനത്തെ ഒപ്പീസിന് ആയിരം ഒപ്പീസുകളുടെ വിലയുണ്ടായിരുന്നിരിക്കണം. ഉയരുന്ന പുകപടലങ്ങൾക്കിടയിലൂടെ ഒന്നര വർഷം മുമ്പ് ദിശയറിയാതെ ഓടിമറഞ്ഞ ആ വാഹനത്തോടൊപ്പം അയാളും വെറുമൊരോർമ്മയായി! പിന്തുടരാൻ ഒന്നും ബാക്കി വയ്ക്കാത്ത നാലു കബന്ധങ്ങൾക്കൊപ്പം വിറങ്ങലിച്ച ഒരോർമ്മ!

ഒന്നര വർഷം! മരണത്തിന്റെ മണമുള്ള ഇടനാഴികളിൽ ഏതാണ്ട് 557 ദിനരാത്രങ്ങൾ. ഇടയ്ക്കിടെ അടുത്തു വരുന്ന കാലടിയൊച്ചകൾ. മരണത്തിന്റെ തീയതി നിശ്ചയിക്കാനുള്ള അടക്കിപ്പിടിച്ച ചർച്ചകൾ. വിലപേശലുകൾ…! രണ്ടു തവണയാണ് വീഡിയോ ദൃശ്യങ്ങളിൽ പിന്നീട് നാമയാളെ കണ്ടത്! തികച്ചും പരിക്ഷീണനായി, നിരാലംബനായി, ആരുടെയും സഹായമെത്താത്തതിൽ ആകുലപ്പെട്ട് അയാൾ കേഴുകയായിരുന്നു. ഒരുപക്ഷേ നമുക്കു കാണാനാവാത്ത ഒരു തോക്കിൻ മുനയുടെ ലോഹത്തണുപ്പ്‌ പിൻകഴുത്തിൽ സ്പർശിക്കുമ്പോൾ അയാൾക്കങ്ങനെയേ പറയാൻ കഴിയുമായിരുന്നുള്ളൂ എന്നാണോ?

വേണ്ട…! പത്രത്തിൽ അയാളുടെ തിരോധാനം ഒരു വാർത്തയായി വായിച്ചു നെടുവീർപ്പിടുക മാത്രം ചെയ്ത നമുക്ക് കൂടുതൽ പറയാൻ എന്തവകാശം! അയാളുടെ മോചനത്തിന്റെ നന്മകളെക്കുറിച്ച് ഓർമ്മിക്കേണ്ട ഇടങ്ങളിലൊക്കെ ആ മോചനത്തിന്റെ പിതൃത്വം നിർണ്ണയിക്കാനുള്ള ഡി എൻ എ ടെസ്റ്റുകൾ നടത്താൻ മത്സരിച്ചു കൊണ്ടിരുന്ന നമുക്ക്, മരണത്തിൽ നിന്നു മടങ്ങി വരുന്ന അയാളെ സ്വീകരിക്കാൻ എന്തു യോഗ്യതയാണുള്ളത്?

ഇക്കഴിഞ്ഞ സെപ്റ്റംബർ പതിമൂന്നിന് മോചിതനായ അയാൾ നേരെ പോയത് റോമാ നഗരിയിലേക്കാണ്. പോപ്പ് ഫ്രാൻസിസിന്റെ സെന്റ് പീറ്റേഴ്സിലേക്ക്. ലോകത്തിനു വേണ്ടി ഒഴുക്കാൻ ചങ്കിൽ ചോരയും മിഴികളിൽ കണ്ണീരും ഇപ്പോഴും ബാക്കിയുള്ള വത്തിക്കാനിലെ വലിയപ്പന്റെ വീട്ടിലേക്ക്! ആ വീട്ടിലെ ഒരിളയ മകനാണയാൾ. അരക്ഷിതാവസ്ഥയുടെ ആഴങ്ങളിൽ നിന്ന് ആ ഭവനം അയാളെ ഉയർപ്പിക്കും. അമ്മയുടെ ഉദരം പോലെ അതയാളെ ബലപ്പെടുത്തും! ഹൃദയാകാശങ്ങൾ ശാന്തമാകും വരെ അയാളാ തള്ളച്ചിറകിൻ കീഴിൽ മറഞ്ഞിരിക്കട്ടെ. പൂർണ്ണ വളർച്ചയെത്തി ഒരു രണ്ടാം ജന്മമെടുക്കാൻ അയാൾ നന്നായി ഒരുങ്ങട്ടെ!

‘എല്ലാ വഴികളും റോമിലേക്ക്’ എന്നുള്ള പഴമൊഴിയോർമ്മിപ്പിച്ച് ഇപ്പോൾ ലോകം മുഴുവൻ അയാളെ പിൻതുടരുകയാണ്. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ പപ്പരാസികളുടെ കണ്ണുകൾ അയാളെ എപ്പോഴും തേടുന്നുണ്ട്. വിദൂരങ്ങളിൽ നിന്ന് ഒരുപാടു ഹൃദയങ്ങൾ അയാളുടെ വാക്കുകളെ തിരയുന്നുണ്ട്. നിരന്തര പ്രാർത്ഥനയുടേയും ദൈവകരുണയുടേയും അതിജീവനത്തിന്റെയും നയതന്ത്രജ്ഞതയുടേയും ഒക്കെ ഫലമായി മടങ്ങിയെത്തിയ അയാൾക്ക് എന്തായിരിക്കും നമ്മോടു പറയാനുണ്ടാവുക?

ഈ വരുന്ന ഒക്ടോബർ മൂന്നിന് വൈകുന്നേരം തിരുവനന്തപുരം ഗിരിദീപം കൺവൻഷൻ സെന്ററിൽ, ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും കർദ്ദിനാൾ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവായ്ക്കും ഒപ്പം, നമ്മെക്കാണാൻ അയാൾ വരുന്നു; ദ ഗ്രേറ്റ്ഫാദർ ടോം ഉഴുന്നാലിൽ!

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.