സുഷമ സ്വരാജിന്റെ വേർപാടിൽ വേദനയോടെ ഫാ. ഉഴുന്നാലിൽ

സുഷമ സ്വരാജിന്റെ ആകസ്മിക മരണത്തിൽ അതിയായ വേദനയുണ്ടെന്നും താൻ അവരുടെ കുടുംബത്തിനായി പ്രാർത്ഥിക്കുന്നുവെന്നും ഫാ. ടോം ഉഴുന്നാലിൽ. ഇപ്പോൾ ബാംഗ്ളൂരിലുള്ള ഫാ. ടോം, ഇന്നത്തെ ദിവ്യബലിയിൽ പ്രത്യേകമായി സുഷമ സ്വരാജിനും കുടുംബത്തിനുമായി പ്രാർത്ഥിച്ചിരുന്നുവെന്നും ചൂണ്ടിക്കാട്ടി.

തന്റെ ജീവിതത്തിൽ മറക്കാനാവാത്ത ഓർമ്മയാണ് അവരുടെ സ്നേഹവും കരുതലും. ഐ.എസ് ഭീകരരില്‍ നിന്ന് രക്ഷപ്പെട്ട് വത്തിക്കാനിലെത്തിയപ്പോൾ, അന്ന് കേന്ദ്ര വിദേശകാര്യ മന്ത്രിയായിരുന്ന സുഷമ സ്വരാജ് ദീർഘസമയം  ടെലിഫോണില്‍ സംസാരിക്കുകയും തന്റെ മോചനത്തിൽ ഏറെ ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്ത കാര്യം ഫാ. ഉഴുന്നാലിൽ ഓർക്കുന്നു. ഇന്ത്യയിലെത്തിയപ്പോൾ ഏറെ സന്തോഷത്തോടെയാണ് തന്നെ മന്ത്രി സുഷമ സ്വീകരിച്ചത്. തനിക്ക് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.

ഫാ. ടോം ഉഴുന്നാലിന്റെ മോചനവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ മെത്രാൻസംഘം സുഷമ സ്വരാജുമായി സംസാരിച്ചപ്പോഴെല്ലാം അവർ ഇക്കാര്യം താല്പര്യത്തോടെ കേൾക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്ത കാര്യവും പിന്നീട് പല മെത്രാന്മാരും തന്നോട് പറഞ്ഞ കാര്യവും അദ്ദേഹം സൂചിപ്പിച്ചു.

ഫാ. ടോം ജീവിച്ചിരിപ്പില്ലെന്ന് പ്രചരിക്കുന്ന റിപ്പോര്‍ട്ട് തെറ്റാണെന്ന് സുഷമ സ്വരാജാണ് ആദ്യം മാധ്യമപ്രവർത്തകരോട് വ്യക്തമാക്കിയത്. മോചിതനായി റോമിലെത്തിയ ശേഷം ഫാ. ടോമുമായി സംസാരിച്ച വിവരം സുഷമ തന്നെയാണ്  തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ലോകത്തെ അറിയിച്ചത്.

പാലാ സ്വദേശിയായ ടോം ഉഴുന്നാലിനെ തെക്കന്‍ യമനിലെ ഏദനില്‍ വെച്ചാണ് ഭീകരർ തട്ടിക്കൊണ്ടു പോയത്. മിഷണറീസ് ഓഫ് ചാരിറ്റി നടത്തുന്ന വൃദ്ധസദനത്തിലായിരുന്നു അന്ന് ഫാ. ടോം. യെമന്‍ സര്‍ക്കാരിന്റെ താല്‍പര്യ പ്രകാരമായിരുന്നു ഫാ. ടോം അവിടെ ജോലിക്കെത്തിയത്. മോചിതനായി തിരിച്ചെത്തിയ ശേഷം ഇന്ത്യയിലെ സലേഷ്യൻ സഭയുടെ ആസ്ഥാനമായ ബാംഗ്ളൂരിൽ പ്രാർത്ഥനയിൽ ചെലവഴിക്കുകയാണ് ഫാ. ടോം.

ജയ്മോൻ കുമരകം

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.