ഇടവകകളില്‍ എല്ലാവരുടെയും പ്രിയപ്പെട്ട തോമസ്‌ കണ്ണംപള്ളിയച്ചന്‍

    വിശ്വാസ സമൂഹത്തെ എന്നും നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തിയ തോമസ്‌ കണ്ണംപള്ളിയച്ചന്‍ യാത്രയായി. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അച്ചന്‍ ഇന്നലെ രാവിലെയാണ് അന്തരിച്ചത്. അച്ചന്റെ മൃതസംസ്കര ചടങ്ങുകള്‍ വ്യാഴാഴ്ച (11 ഒക്ടോബർ, 2018) ഒരു മണിക്ക് ചങ്ങനാശ്ശേരി കണ്ണവട്ടയിലെ സ്വഭവനത്തില്‍ ആരംഭിക്കും. ചങ്ങനാശ്ശേരി വെരൂർ പള്ളിയിലാണ് മൃതദേഹം സംസ്കരിക്കുന്നത്.

    കടന്നുപോയ ഇടവകകളില്‍ എല്ലാം വിശ്വാസികളെ ചേര്‍ത്തു പിടിച്ച വ്യക്തിയായിരുന്നു കണ്ണംപള്ളിയച്ചന്‍. സ്വതസിദ്ധമായ നര്‍മ്മ സംഭാഷണത്തിലൂടെ ജനഹൃദയങ്ങളില്‍ തനിക്കായി ഒരു പ്രത്യേക സ്ഥാനം കണ്ടെത്തുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. തികഞ്ഞ മരിയ ഭക്തനായിരുന്ന അച്ചന്‍ തന്റെ പക്കല്‍ പ്രാര്‍ത്ഥനാ സഹായം തേടി എത്തുന്നവരെ എല്ലാം പരിശുദ്ധ അമ്മയുടെ സന്നിധിയിലേയ്ക്ക് നയിച്ചിരുന്നു. അമ്മയിലൂടെ ഈശോയിലേയ്ക്ക് എന്ന ആത്മീയ ദര്‍ശനം മുറുകെ പിടിച്ചിരുന്ന വ്യക്തിയായിരുന്നു കണ്ണംപള്ളിയച്ചന്‍. കടന്നു പോയ ഇടവകകളില്‍ എല്ലാം തന്നെ സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും ഒക്കെ മുഖമായിരുന്നു അച്ചന്. സഹായം തേടി എത്തിയ ആരെയും വെറും കയ്യോടെ അയയ്ക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല.

    രോഗത്തിന്റെ അവസരത്തിലും അതിനെ ഒക്കെ തന്റെതായ നര്‍മ്മ ശൈലിയില്‍ നിസാരമായി കാണുവാനും തന്നെ സന്ദര്‍ശിക്കുവാന്‍ എത്തുന്നവര്‍ക്ക് മുന്നില്‍ പ്രസന്ന വദനനായി ഇരിക്കുവാനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. തന്റെ വേദനകളില്‍ ദുഖിച്ചിരിക്കുന്നതായി അദ്ദേഹത്തെ ഒരിക്കല്‍ പോലും കണ്ടിട്ടില്ല. തന്റെ പക്കല്‍ എത്തുന്ന ഓരോരുത്തരിലേയ്ക്കും ഒരു പോസിറ്റീവ് എനര്‍ജി പകരുന്ന അദ്ദേഹത്തെ പ്രായവ്യത്യാസമില്ലാതെ എല്ലാവരും സ്വീകരിച്ചു, സ്നേഹിച്ചു.

    ദൈവദാസന്‍ മാര്‍ മാത്യു കാവുകാട്ട് പിതാവില്‍ നിന്നും പട്ടം സ്വീകരിച്ച കണ്ണംപള്ളിയച്ചന്‍ മരണമടഞ്ഞതും പിതാവിന്റെ ചരമ ദിനത്തില്‍ തന്നെയാണ്. മേരികുളം, ചമ്പക്കുളം, പെരുന്തേനരുവി, ബഥനി ഹില്‍സ്, പേഴുപ്പാറ, വെള്ളാരംകുന്ന് സെന്റ്‌ മേരീസ്, അട്ടപ്പളം സെന്റ്‌ തോമസ്‌, ആര്യങ്കാവ്, മുട്ടാര്‍, ഫാത്തിമാപുരം, എടത്വ, പാറമ്പുഴ, നെടുംകുന്നം, തെക്കക്കര തുടങ്ങിയ പള്ളികളില്‍ സേവനം ചെയ്ത അച്ചന്‍ ചങ്ങനാശേരി അതിരൂപതയുടെ അസിസ്റ്റന്റ്റ് പ്രൊക്യുറേറ്റര്‍ ആയും പ്രവര്‍ത്തിച്ചിരുന്നു.

    വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.