ധ്യാനത്തെ ഗാനത്തിലൊതുക്കിയ പുരോഹിതൻ- ഫാ. തോമസ് ഇടയാല്‍ 

“ഓസ്തിയിൽ വാഴും ദൈവമേ, സ്നേഹത്തിന് അപദാനമേ, ആത്മാവിൻ ഭോജനമേ, ആരാധനാപാത്രമേ…” 

വർഷങ്ങളായി ദിവ്യകാരുണ്യ  ആരാധനയുടെ നിമിഷങ്ങളിൽ മുഴങ്ങി കേൾക്കാറുള്ള ഒരു ഗീതമാണ് ഇത്. ഓസ്തിയിൽ ജീവിക്കുന്നവനായ ദൈവത്തിന്റെ സ്നേഹം അതിന്റെ പൂർണ്ണതയില്‍സ്വീകരിക്കുവാൻ, ആ സാന്നിധ്യം അനുഭവേദ്യമാക്കി കൊടുക്കുവാൻ ഈ ഗാനം വഹിച്ച പങ്കു ചെറുതല്ല. ഈ ആഴമേറിയ അനുഭവത്തിന്റെ ഉറവിടം തേടിയുള്ള യാത്ര അവസാനിക്കുക തോമസ് ഇടയാല്‍ എന്ന വൈദികനിലാണ്. തനിക്കു ലഭിച്ച ദൈവാനുഭവത്തെ താളാത്മകമാക്കി മാറ്റിയ അനുഗ്രഹീത കലാകാരൻ.  അനേകരിലേയ്ക്ക് ദൈവത്തെ പകരുവാൻ സംഗീതത്തെ ഉപകരണമാക്കിയ പുരോഹിതൻ. നിരവധി വിശേഷണങ്ങൾക്കിടയിലും കാലത്തെ അതിജീവിച്ചു തന്റെ സംഗീതം അനേകരുടെ ഹൃദയങ്ങളിൽ മാറ്റങ്ങൾ സൃഷ്ടിക്കുന്നതിൽ ദൈവത്തിനു നന്ദി പറയുകയാണ് അദ്ദേഹം.

സംഗീത രചനയിലേയ്ക്ക് 

ചെറുപ്പം മുതൽ കവിത എഴുതുന്ന ശീലം ഫാ. തോമസ് ഇടയാലിന് ഉണ്ടായിരുന്നു. സെമിനാരി കാലഘട്ടത്തിലും കവിതകൾ എഴുതുന്ന ശീലം അദ്ദേഹം കൈവിട്ടില്ല. ഈ കവിതകളിൽ നിന്നാണ് അദ്ദേഹം സംഗീത രചനയിലേയ്ക്ക് യാത്ര തുടങ്ങുന്നത്. താൻ എഴുതിയ കവിതകൾക്ക് ഈണം പകർന്നപ്പോൾ അവ കൂടുതൽ മനോഹരമായും അനുഭവേദ്യവുമായും തോന്നി. ആ തോന്നലിലൂടെ ദൈവം  ഫാ. തോമസ് ഇടയാല്‍ എന്ന അനുഗ്രഹീത രചയ്താവിനെ ഉണർത്തുകയായിരുന്നു. അവിടുന്നിങ്ങോട്ട് ദൈവം കൂടെ ഉണ്ടെന്നു ഓരോ  വിശ്വാസിയേയും തോന്നിപ്പിക്കുന്ന അല്ലെങ്കിൽ ദൈവസാന്നിധ്യം അനുഭവേദ്യമാക്കുന്ന 270 ത്തോളം പാട്ടുകളാണ് അദ്ദേഹത്തിൻറെ തൂലികയിൽ നിന്ന് പിറന്നത്.

തിരുവനന്തപുരം മാർ ഇവാനിയോസിൽ പഠിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് ഫാ. തോമസ് ഇടയാല്‍ തന്റെ ആദ്യത്തെ സംഗീതം രചിക്കുന്നത്. പഠനത്തോടൊപ്പം ലൂർദ് പള്ളിയിൽ സേവനം ചെയ്ത അച്ചൻ അവിടുത്തെ ഗായക സംഘത്തിന് ആകാശവാണിയിൽ പാടുന്നതിനായി ആണ് ആദ്യ പാട്ട്  എഴുതുന്നത്. പിന്നീട് പാട്ട് എഴുതുക എന്നത് അദ്ദേത്തിന്റെ പ്രധാന ശീലമായി മാറി. അദ്ദേഹത്തിൻറെ ഉള്ളിലെ പ്രതിഭയെ തിരിച്ചറിഞ്ഞ ആളുകൾ പാട്ടുകൾ എഴുതി കൊടുക്കുക എന്ന ആവശ്യവുമായി എത്തി. നിരവധി  സംഗീത ആൽബങ്ങൾ അദ്ദേഹത്തിന്റേതായി ഉണ്ട്. താൻ തിരഞ്ഞെടുക്കുന്ന ഒരു വിഷയത്തെ കേന്ദ്രീകരിച്ചാണ് അദ്ദേഹം സംഗീതം രചിക്കുക. അദ്ദേഹത്തിന്‍റെ സംഗീതങ്ങളുടെ പ്രത്യേകതയും അത് തന്നെയാണ്.

രചനയെ ഒരു ആശയത്തിലേയ്ക്ക് കേന്ദ്രീകരിക്കുന്നു 

കവിതകൾ എഴുതുമെങ്കിലും പലപ്പോഴും പല കാര്യങ്ങളുടെയും ഒരു സംയുക്‌ത രൂപമായിരുന്നു അത്. എന്നാൽ അദ്ദേഹം താൻ എഴുതുന്ന ഓരോ പാട്ടുകളെയും ഓരോ വിഷയത്തിൽ കേന്ദ്രീകരിച്ചു എഴുതാൻ ആരംഭിക്കുന്നത് 1980  മുതലാണ്. അന്ന് എംസിബിഎസ് സഭ ദിവ്യകാരുണ്യ ധ്യാനങ്ങൾ തുടങ്ങുന്ന സമയം ആയിരുന്നു. ധ്യാനത്തിന് ആവശ്യമായ സംഗീതങ്ങൾ പ്രത്യേകിച്ച് ആരാധനാ ഗീതങ്ങൾ രചിച്ചു കൊണ്ടാണ് അദ്ദേഹം തന്റെ രചനകൾക്ക് പുതിയൊരു കെട്ടും മട്ടും നൽകിയത്. തുടർന്നുള്ള രചനകളിൽ എല്ലാം തന്നെ ഈ ഒരു സവിശേഷത കാണുവാൻ കഴിയും. ദിവ്യകാരുണ്യ ആരാധനയ്ക്കായുള്ള സംഗീതം തയാറാക്കുമ്പോൾ അതിൽ ആരാധനയും അതിനോട് അനുബന്ധമായും നിൽക്കുന്ന കാര്യങ്ങളും മാത്രം വരുവാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ദൈവത്തിന്റെ അനന്തകാരുണ്യം വെളിപ്പെടുത്തുന്ന അല്ലെങ്കിൽ പകർന്നു കൊടുക്കാൻ കെൽപ്പുള്ള വാക്കുകളും പദങ്ങളും ശ്രദ്ധയോടെ ഉപയോഗിച്ചിരുന്നു അദ്ദേഹം. തനിക്കു ദൈവം അനുഭവവേദ്യമാക്കിയ കാര്യങ്ങൾ അതിന്റെ പൂർണതയിൽ നൽകുന്നതിനുള്ള  അദ്ദേഹത്തിന്റെ പരിശ്രമത്തിന്റെ ഫലമാണ് കാലങ്ങളെ അതിജീവിച്ചു എന്നും അൾത്താരകളിൽ മുഴങ്ങുന്ന അദ്ദേഹത്തിൻറെ സംഗീതം.

സംഗീതത്തിന്റെ ലോകത്തിൽ 

ക്രിസ്തീയ ഭക്തിഗാനങ്ങളിൽ ഇടയാലച്ചന്‍റെ സംഗീതങ്ങൾക്കു ഒരു പ്രത്യേക സ്ഥാനം ഉണ്ട്. അതിനു പ്രധാനകാരണം മുൻപ് പറഞ്ഞ ആശയങ്ങളുടെ കേന്ദ്രീകരണം തന്നെ. ചിട്ടയായി ക്രമപ്പെടുത്തിയ ഒരു പ്രാർത്ഥനയായാണ് അദേഹത്തിന്റെ സംഗീതം. അല്ലെങ്കിൽ പ്രാർത്ഥനകൾ അദ്ദേഹം സംഗീതങ്ങളാക്കി മാറ്റുകയായിരുന്നു. ‘ഓസ്തിയിൽ വാഴും ദൈവമേ…’,  ‘നമ്മുടെ ദൈവമിതാ…’,  ‘അർപ്പണം, അർപ്പണം, ആത്മാർപ്പണം…’, ‘വിളിച്ചെന്നെ അനുഗ്രഹിച്ചു…’, ‘യേശുവിൻ മാധുര്യമേറും ഹൃദയമേ…’ തുടങ്ങിയ ഗാനങ്ങൾ അതിനു തെളിവാണ്. വർഷങ്ങൾ കടന്നു പോയിട്ടും ഈ പാട്ടുകൾ ഇന്നും ആരാധന മദ്ധ്യേ ഉപയോഗിക്കപ്പെടുന്നത് അവ നൽകുന്ന ആഴമേറിയ ദൈവാനുഭവം കൊണ്ട് മാത്രമാണ്.

ഇടയാലിലച്ചൻ  സമൂഹത്തിലെ വിവിധ മേഖലയിൽ ഉളവർക്കായി സംഗീതം രചിച്ചിരിക്കുന്നു. വിശുദ്ധ കുർബാനയെ കുറിച്ചുള്ള ഗീതങ്ങൾ അടങ്ങിയ ദിവ്യകാരുണ്യ ഗീതം എന്ന സംഗീത ആൽബം ഇന്നും ആളുകളെ ആരാധനയിൽ ദൈവവുമായി അടുപ്പിക്കുന്നതിനു പ്രധാന പങ്കു വഹിക്കുന്നു. താമരശ്ശേരി രൂപതയിലെ കുടുംബങ്ങൾക്കായിട്ടുള്ള സംഘത്തിന്റെ ഡയറക്ടറായി സേവനം അനുഷ്ഠിക്കുമ്പോഴാണ് കുടുംബഗീതങ്ങൾ എന്ന പേരിൽ കുടുംബങ്ങൾക്കായി ഗാനം  തയ്യാറാക്കുന്നത്. ഇത് പതിനഞ്ചു ഗാനങ്ങളുടെ സമാഹാരമായിരുന്നു.

അതിനുശേഷം അദ്ദേഹം തയ്യാറാക്കിയത് സന്യാസികൾക്കായുള്ള അർപ്പണഗീതങ്ങൾ എന്ന സിഡി ആയിരുന്നു. പതിനഞ്ചു വർഷത്തോളം അധ്യാപകനായി സേവനം ചെയ്ത അദ്ദേഹം കുട്ടികൾക്കായി ക്രിസ്റ്റീൻ ഗാനങ്ങളും സ്‌കൂളുകളിൽ ഈശ്വര പ്രാർത്ഥനയ്ക്കായി ഉള്ള ഗാനങ്ങളും രചിച്ചിട്ടുണ്ട്. കൂടാതെ നിരവധി ദേശഭക്തി ഗാനങ്ങളും അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. ആത്മഗാനമായി എന്ന സിഡി ആണ് ഇടയാലിലച്ചന്‍  അവസാനമായി പുറത്തിറക്കിയത്. 1980 – ൽ ആരംഭിച്ച സംഗീത രചനയിൽ നാളിതുവരെ 270 ത്തോളം പാട്ടുകളാണ് അച്ചൻ തയ്യാറാക്കിയത്. കൂടുതൽ പാട്ടുകൾ സൃഷ്ടിക്കുക എന്നതിനേക്കാൾ ഉപരി രചിച്ച ഗാനങ്ങളുടെ ഗുണമേന്മ കാലങ്ങൾക്കപ്പുറത്തെയ്ക്ക് നിലനിർത്തുക എന്നതാണ് പ്രധാനം എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് അദ്ദേഹം.

ധ്യാനത്തെ ഗാനത്തിലേയ്ക്കു ലയിപ്പിക്കുന്നു 

ഒരു നല്ല ഗാനം എപ്പോഴും ധ്യാനാത്മകമായിരിക്കും. ഗാനത്തെ വിശദികരിക്കുമ്പോള്‍ ഒരു ധ്യാന ചിന്ത ലഭിക്കണം എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഇടയാലിലച്ചൻ. ഒരു ധ്യാന ഗുരു കൂടിയായ അദ്ദേഹം തന്റെ  ധ്യാനചിന്തകളെ സംഗീത രൂപത്തിലാക്കുകയാണ് ചെയ്തത്. താൻ പ്രസംഗീക്കുന്നതിലും കൂടുതൽ തന്റെ പാട്ടുകൾക്ക് ആളുകളെ സ്പർശിക്കുവാൻ കഴിയുന്നുണ്ടെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. നിരവധിയാളുകൾ അത് അദ്ദേഹത്തിൻറെ അടുത്തു പറഞ്ഞിട്ടുമുണ്ട്. സങ്കടങ്ങളുടെ നിറങ്ങളിൽ ഈ പാട്ടുകൾ പങ്കുവയ്ക്കുന്ന ദൈവീകമായ സാന്നിധ്യം, ശാന്തത ഇവ അനേകരെ പ്രത്യാശയിലേയ്ക്ക് കൈപിടിച്ച് നടത്തുന്നു.

അതിനാൽ തന്നെ അച്ചൻ താൻ നടത്തുന്ന ധ്യാനങ്ങളിലും തന്റെ പാട്ടുകൾ തന്നെയാണ് ഉപയോഗിക്കുന്നത്. മറ്റുപാട്ടുകൾ ഉപയോഗിക്കേണ്ട ആവശ്യം വന്നിട്ടില്ല അദ്ദേഹത്തിന്. ചുരുക്കത്തിൽ ഇടയാലിലച്ചൻ ഗാനരചന ആരംഭിച്ചത് തന്നെ തന്റെ ധ്യാനങ്ങൾക്കു വേണ്ടിയാണ്. തന്‍റെ പൗരോഹിത്യ ശുശ്രൂഷ അതിന്റെ പൂർണ്ണതയിൽ നിർവഹിക്കുന്നതിനായി ആണ് അദ്ദേഹം സംഗീതത്തെ ഉപകരണമാക്കിയത്. തന്റെ പ്രാർത്ഥനകളിൽ ദൈവം നൽകിയ ബോധ്യങ്ങളും ചിന്തകളുമാണ് ധ്യാന ഗുരു കൂടിയായ അച്ചൻ സംഗീതമാക്കി മാറ്റിയത്. അച്ചൻ  കണ്ടെത്തിയ ദൈവത്തെ ആയിരുന്നു അദ്ദേഹത്തിന്റെ പാട്ടുകളിലൂടെ അവതരിപ്പിച്ചത്.

കവിതകളായി മാറേണ്ട സംഗീതങ്ങൾ 

ഇന്നത്തെ ക്രിസ്ത്യൻ ഭക്തി ഗാനങ്ങൾ പലപ്പോഴും വെറും പാട്ടുകളായി മാറുന്നത് വേദനാജനകമാണെന്നു അച്ചൻ പറയുന്നു. പാട്ടുകൾ അവ കവിതകളായി രൂപപ്പെടുന്നില്ല എന്നതാണ് ഇന്നത്തെ ഭക്തിഗാനങ്ങളുടെ കുഴപ്പം. പലപ്പോഴും പല വിഷയങ്ങളുടെ സംഗമമായി മാറുകയാണ് നമ്മുടെ പാട്ടുകൾ എന്ന് അച്ചൻ ചൂണ്ടിക്കാട്ടുന്നു. നല്ല പാട്ടുകൾ കവിതകളായി മാറണം. ഒരു പൂവ് വിരിയുന്നത് പോലെ അതിന്റെ കേന്ദ്ര ആശയത്തിൽ നിന്നും പൂർണ്ണയിലേക്കു വളരുന്നതാവണം സംഗീതം. എങ്കിലേ അത് അർത്ഥപൂർണ്ണവും താളാത്മകവും അനുഭവവേദ്യമാകുകയും ചെയ്യുകയുള്ളൂ എന്ന് അച്ചൻ പറയുന്നു. ഓരോ ആശയങ്ങൾ താൻ തിരഞ്ഞെടുക്കുമ്പോഴും അതിനെ സംഗീതമാക്കുമ്പോഴും ഒരു കവിതയിൽ നിന്ന് ആരംഭിക്കുവാനാണ് അച്ചൻ ശ്രമിക്കാറ്. അങ്ങനെ ജനിക്കുന്ന കവിതകൾക്ക്, ആ കവിതകളിൽ നിന്നും പുനർജനിക്കുന്ന സംഗീതത്തിന് ആളുകളെ സ്വാധീനിക്കുവാനും അവരുടെ ഉള്ളിൽ മാറ്റങ്ങൾ കൊണ്ട് വരുവാനും കഴിയും എന്ന് ഇടയാട്ടിലച്ചൻ വിശ്വസിക്കുന്നു.

മറ്റു പ്രവർത്തനമേഖലകൾ 

ഒരു സംഗീത രചയിതാവ് എന്നത്തിലും ഒരു ധ്യാനഗുരു എന്ന് അറിയപെടുന്നതിനാണ് അദ്ദേഹത്തിന് താല്പര്യം . കാരണം അദ്ദേഹം സംഗീത രചന തുടങ്ങിയത് തന്നെ തന്റെ ധ്യാനത്തെ കൂടുതൽ ലളിതമാക്കുവാൻ ആണ്.  ഇന്ന് വൈദികർക്കും സമർപ്പിതർക്കും ഇടവകകൾക്കുമുള്ള ധ്യാനങ്ങൾ നടത്തി വരുകയാണ് അദ്ദേഹം. സംഗീത രചന കൂടാതെ നിരവധി മേഖലകളിലും അദേഹം തന്റെ പ്രാവിണ്യം തെളിയിച്ചിട്ടുണ്ട്. അഞ്ചു പുസ്തകങ്ങളുടെ ഗ്രന്ഥ കർത്താവ് കൂടെയാണ് അദ്ദേഹം. കൂടാതെ ഓൾ ഇന്ത്യ റേഡിയോയിൽ വചനാമൃതം എന്ന പരിപാടിയിൽ വചനം പങ്കുവയ്ക്കുന്നത് ഇടയാലിലച്ചനാണ്. പതിനഞ്ചു  വർഷത്തോളം അധ്യാപകനായും  സേവനം ചെയ്‌തിരുന്നു.

ദൈവം തനിക്കു അനുവദിച്ചു തരുന്ന എല്ലാ മേഖലകളിലൂടെയും അവിടുത്തെ സുവിശേഷം  മറ്റുള്ളവരിലേക്ക് എത്തിക്കുക എന്നതാണ് ഈ വൈദികന്റെ ലക്ഷ്യം. അതിനായി തന്റെ കഴിവുകളെ വിനയോഗിക്കുകയാണ് അദ്ദേഹം. താൻ അനുഭവിച്ച ദൈവത്തെ സംഗീതത്തിൽ ആവാഹിച്ചുകൊണ്ട് മറ്റുള്ളവരിലേക്ക് എത്തിക്കുകയാണ് സംഗീതത്തെ പ്രാർത്ഥനയാക്കി മാറ്റിയ ഈ വൈദികൻ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ