ഫാ. സ്റ്റീഫന്‍ ജി. കുളക്കായത്തില്‍ ലോക കേരളസഭാംഗം

കൊച്ചി: കേരളത്തിനകത്തും പുറത്തും വസിക്കുന്ന ഇന്ത്യന്‍ പൗരന്മാരായ കേരളീയരുടെ പൊതുവേദിയെന്ന നിലയില്‍ കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ലോക കേരളസഭ(LKS)യുടെ അംഗമായി കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) മുന്‍ ജനറല്‍ സെക്രട്ടറിയും കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ (കെആര്‍എല്‍സിബിസി) മുന്‍ ഡപ്യൂട്ടി സെക്രട്ടറിയുമായിരുന്ന ഫാ. സ്റ്റീഫന്‍ ജി. കുളക്കായത്തിലിനെ നോമിനേറ്റ് ചെയ്തു.

ലോകകേരളസഭ. 351 അംഗങ്ങള്‍ ഉള്‍പ്പെട്ട ഈ സഭയില്‍ കാനഡയില്‍ നിന്നുള്ള പ്രതിനിധിയായാണ് ഫാ. സ്റ്റീഫനെ തിരഞ്ഞെടുത്തിട്ടുള്ളത്. കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റംഗങ്ങളും നിയമസഭാംഗങ്ങളും ലോക കേരളസഭയിലെ അംഗങ്ങളാണ്. ഇവര്‍ക്കു പുറമേ പ്രവാസികളായ 170 പേരെയും വിവിധ മേഖലകളിലെ പ്രമുഖരേയുമാണ് സംസ്ഥാന സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്തിട്ടുള്ളത്.

ലോകകേരളസഭയുടെ ആദ്യ സമ്മേളനം 12, 13 തീയതികളിലായി തിരുവനന്തപുരം നിയമസഭാമന്ദിരത്തില്‍ ചേരും. കേരളത്തിന്റെ പൊതുനന്മ മുന്‍നിര്‍ത്തിയുള്ള പ്രായോഗിക പ്രവര്‍ത്തനങ്ങളും പരിപാടികളും ആസൂത്രണം ചെയ്തവതരിപ്പിക്കുന്നതിന് അവസരമൊരുക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് സര്‍ക്കാര്‍ നിലപാട്.

ഇപ്പോള്‍ കാനഡ ടൊറന്റോയില്‍ സേക്രഡ് ഹാര്‍ട്ട് കേരള റോമന്‍ കാത്തലിക് കമ്മ്യൂണിറ്റിയുടെ (SHKRCC) വക്തവായി സേവനമനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന ഫാ. സ്റ്റീഫന്‍ ജി. കുളക്കായത്തില്‍ കൊല്ലം രൂപതാ വൈദികനാണ്. 2006 മുതല്‍ 2012 വരെ ആറുവര്‍ഷക്കാലം കെആര്‍എല്‍സിബിസി ഡപ്യൂട്ടി സെക്രട്ടറിയും കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറിയുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള ലത്തീന്‍ സമുദായത്തിന്റെ ജിഹ്വയായ ജീവനാദം വാരികയുടെ സര്‍ക്കുലേഷന്‍-മാര്‍ക്കറ്റിംഗ് മാനേജരായും കൊല്ലംരൂപത കെസിവൈഎം ഡയറക്ടറായും ഫാ. സ്റ്റീഫന്‍ ജി. കുളക്കായത്തില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.