യാത്രയായ വലിയ സ്നേഹിതൻ: ഓര്‍മ്മകളിലെ സിബിയച്ചന്‍

ഫാ. സിബി നെല്ലൂർ MST യാത്രയായിട്ട് ഒരു വർഷം പൂർണ്ണമാകുന്നു  

ഞാൻ വളരെ ദുഃഖിതനാണ്.

എന്റെ പ്രിയപ്പെട്ട സ്നേഹിതൻ മരണമടഞ്ഞിരിക്കുന്നു. 

അദ്ദേഹം വലിയവനായിരുന്നു. 

അദ്ദേഹത്തെ പോലെ ഒരാളെ കണ്ടെത്തുക അസാധ്യമാണ്!

റോമിൽ, ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിലെ പഠനത്തിനിടയിലാണ് ഫാ. സിബി നെല്ലൂരിനെ കാണുന്നതും പരിചയപ്പെടുന്നതും. ആദ്യം സൗഹൃദത്തിലായിരുന്നില്ല. പിന്നീട് ഞങ്ങൾ വലിയ സ്നേഹിതരായി – വലിയ സ്നേഹിതർ!

യൂണിവേഴ്സിറ്റിയിലെ സോഷ്യൽ സയൻസ് ഫാക്കൽറ്റിയിൽ ഒരേ ഗൈഡിന്റെ കീഴിലായിരുന്നു ഗവേഷണം; ഡോ. ജേക്കബ് സ്രാമ്പിക്കൽ എസ്.ജെ – യുടെ. അതിനാൽത്തന്നെ സംസാരിക്കലും കാണലും ഇടയ്ക്കിടെ ഉണ്ടായിരുന്നു. കുട്ടികളുടെ പങ്കാളിത്തത്തോടെ എങ്ങനെ മൾട്ടി മീഡിയ ഉപയോഗിച്ച് വേദപാഠ ക്‌ളാസുകൾ കൂടുതൽ ഫലപ്രദമാക്കാം എന്നതുമായി ബന്ധപ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ വിഷയം. കത്തോലിക്കാ മാധ്യമങ്ങളുടെ സ്വാധീനത്തെകുറിച്ചും സ്വാധീനമില്ലായ്മയെക്കുറിച്ചും ഞാനും പഠിച്ചു.

ഞങ്ങൾ രണ്ടാളും അവസാന അധ്യായം എഴുതിക്കൊണ്ടിരുന്നപ്പോൾ ഡോ. ജേക്കബ് സ്രാമ്പിക്കൽ വിയന്നയിൽ വച്ചു മരണമടഞ്ഞു. തികച്ചും അപ്രതീക്ഷിതമായിരുന്നു ആ വാര്‍ത്ത‍. വലിയൊരു ആഘാതമായി അത് ഞങ്ങളിലേയ്ക്ക് കടന്നു വന്നു. 

പിന്നീട് ഞങ്ങൾ വേറെ രണ്ടു പ്രൊഫസര്‍മാരുടെ കീഴിൽ തീസിസ് തുടർന്നു. അദ്ദേഹം ഡോ. ലോയിഡ് ബോ എസ്.ജെ യുടെടെയും ഞാൻ ഡോ. ശബരിമുത്തു എസ്.ജെ യുടെയും. സത്യം പറഞ്ഞാല്‍ രണ്ടാമത്തെ തീസിസ്! വീണ്ടും വർഷങ്ങൾ എടുത്തു അത് പൂർത്തിയാകാൻ. 

അക്കാദമിക് ലൈഫിന്റെ കഷ്ട്പ്പാടുകൾ മുഴുവൻ അറിഞ്ഞ്, അതിലൂടെ ഒരുമിച്ചു ഞങ്ങൾ കടന്നുപോയി. മറ്റാര്‍ക്കും അറിയാത്ത എത്രയോ സഹനഘട്ടങ്ങള്‍, സങ്കട രാവുകള്‍, അലച്ചിലിന്റെ പകലുകള്‍… പരസ്പരം ആശ്വസിപ്പിച്ചും ശക്തിപ്പെടുത്തിയും ആ കഠിന കാലത്തെ ഞങ്ങൾ രണ്ടാളും അതിജീവിച്ചു. 

“എല്ലാം ശരിയാകും.”

“നമ്മൾ ശരിയാക്കും.”

“ഇയാൾ കാര്യങ്ങളെ കൂളായി എടുക്കൂ.”

സിബിയച്ചന്റെ വാക്കുകൾ എപ്പോഴും അങ്ങനെയൊക്കെയായിരുന്നു. പ്രതികൂല സാഹചര്യങ്ങളുടെ മുൻപിൽ തോറ്റു പിന്മാറുന്ന ആളായിരുന്നില്ല അദ്ദേഹം. പോരാടി വിജയിക്കാനുള്ള കഴിവ് ദൈവം അദ്ദേഹത്തിൽ നിക്ഷേപിച്ചിട്ടുണ്ടായിരുന്നു.

അക്കാലത്താണ് ഞങ്ങൾ ഒരുമിച്ചു വി. റീത്തയുടെ സ്ഥലമായ കാഷ്യയിൽ വച്ച് മലയാളികളായ സന്യസ്തർക്കായി ഒരു ധ്യാനം സംഘടിപ്പിച്ചത്. വി. റീത്തയുടെ വീട്, ആ വിശുദ്ധയുടെ പേരിലുള്ള കത്തീഡ്രൽ, അവിടുത്തെ മലഞ്ചെരുവ് തുടങ്ങിയ ഇടങ്ങളിൽ വച്ചായിരുന്നു ധ്യാനം. പുണ്യത്തിന്റെ പരിമളവും ഇറ്റലിയുടെ പ്രകൃതി സൗന്ദര്യവും ഒത്തുചേർന്ന ആ സ്ഥലത്തു വച്ചു നടന്ന ധ്യാനം ആർക്കും മറക്കാനാവില്ല. അതെല്ലാം കൃത്യമായി അറേഞ്ചു ചെയ്തത് സിബിയച്ചനായിരുന്നു. 

അതിനടുത്തുള്ള ഇറ്റാലിയന്‍ ഇടവകയിലെ വികാരികൂടിയായിരുന്നു അദ്ദേഹം. ഇടവക പ്രവര്‍ത്തനവും പഠനവും ഒരുമിച്ചായിരുന്നു സിബിയച്ചന്‍ കൊണ്ടുപോയിരുന്നത്. എം.എസ്.റ്റി. സമൂഹത്തിലെ മറ്റുള്ളവര്‍ക്കുകൂടി അവിടെ താമസിച്ചു റോമില്‍ പോയി പഠിക്കാനുള്ള സൗകര്യം ഉണ്ടാക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. 

പി.എച്ച്.ഡി – ക്ക് ശേഷം 2015 – ഓടെ അദ്ദേഹം ഇന്ത്യയില്‍ തിരിച്ചെത്തി. ആദ്യം ഡല്‍ഹിയിലേയ്ക്ക്. അവിടെ താമസിച്ചുകൊണ്ട് പുതിയ മിഷന്‍ പ്രദേശം കണ്ടെത്താനുള്ള അന്വേഷണ യാത്രകള്‍. ആ യാത്രകള്‍ അദ്ദേഹത്തെ എത്തിച്ചത് ഹിമാചല്‍ പ്രദേശില്‍. ഇനിയുള്ള പ്രവർത്തനങ്ങൾ ഹിമാചലിൽ ആവണം എന്നദ്ദേഹത്തിന്റെ മനസു മന്ത്രിച്ചു. അങ്ങനെയാണ് ഷിംലയില്‍ നിന്നും 115  കിലോമീറ്റര്‍ അകലെയായുള്ള പാബര്‍ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന റോഡ്രു ഗ്രാമത്തിലേയ്ക്ക് എത്തുന്നത്. റോഡ്രു എന്ന ഗ്രാമം, കാലങ്ങളായി കാത്തിരുന്നപോലെ അദ്ദേഹത്തെ തന്നിലേക്ക് ചേർത്തു വച്ചു. 

റോഡ്രു അദ്ദേഹത്തെ തേടിയെത്തുകയായിരുന്നു എന്ന് വേണം പറയാൻ. അവിടുത്തെ ജനങ്ങളെ ക്രിസ്തുവിനെയും സഭയേയും പരിചയപ്പെടുത്താനായിരുന്നു പിന്നീടുള്ള അദ്ദേഹത്തിന്റെ ജീവിതം. വാക്കിലും പ്രവർത്തിയിലും ചിന്തയിലുമെല്ലാം മിഷൻ പ്രവർത്തനം മാത്രം! ഞങ്ങൾ തമ്മിലുള്ള, ഫോണിലൂടെയും നേരിട്ടുമുള്ള സംഭാഷണങ്ങളിൽ നിറഞ്ഞു നിന്നത് മിഷനെ സംബന്ധിച്ചുള്ള വിശേഷങ്ങൾ മാത്രം. ഇതിനിടയിൽ ആപ്പിൾ തോട്ടങ്ങൾ വെഞ്ചിരിച്ചതിനെക്കുറിച്ചും ആദ്യമായി ആ ഗ്രാമത്തിലെ വീടുകളിൽ നക്ഷത്രങ്ങൾ തൂക്കിയതിനെക്കുറിച്ചും ഞങ്ങൾ സംസാരിച്ചു; ലൈഫ് ഡേ – ൽ എഴുതുകയും ചെയ്തു.

റോഡ്രുവിലെ ജനങ്ങളെയും കൊണ്ട്‌ ഓരോ വർഷവും അദ്ദേഹം കേരളം സന്ദർശിക്കുമായിരുന്നു. ഇവിടുത്തെ വിശ്വാസവും രീതികളും ആളുകളെ പരിചയപ്പെടുത്തുകയായിരുന്നു ലക്‌ഷ്യം. കേരളത്തിലെ വിവിധ ദേവാലയങ്ങൾ അവരെ കാണിച്ചു. വീടുകളിലെ സന്ധ്യാ പ്രാർത്ഥനകളിൽ അവരെയും പങ്കെടുപ്പിച്ചു. ‘ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള മതജീവിത പഠനം’ എന്ന തന്റെ സ്വപ്‍നം സാക്ഷാൽക്കരിക്കുകയായിരുന്നു അതിലൂടെ അദ്ദേഹം.

പിന്നെയൊരു ദിവസം എം.എസ്.റ്റി. സമൂഹത്തിൽ പെട്ട സിബിയച്ചന്റെ കൂട്ടുകാരനച്ചന്റെ ഒരു ഫോൺ. “ഫാ. സിബിക്ക് ലുക്കീമിയ ആണ്. ചികിത്‌സ ആരംഭിച്ചിരിക്കുന്നു.” മൂര്‍ച്ചയുള്ള ഒരു കത്തിപോലെ ആ വാക്കുകൾ എന്നിലേയ്ക്ക് തറഞ്ഞു കയറി. ഉള്ളില്‍ എവിടെയൊക്കെയോ മുറിവുണ്ടായതുപോലെ. മരണം ബ്ലഡ് കാൻസറിന്റെ രൂപത്തിൽ അദ്ദേഹത്തെ സമീപിച്ചിരിക്കുന്നു! 

അദ്ദേഹത്തിനു നേരിട്ടു പറയാനുള്ള ബുദ്ധിമുട്ടുകൊണ്ടാണ് മറ്റൊരു വൈദികൻ വഴി അറിയിച്ചത് എന്ന് പിന്നീടൊരിക്കൽ ഫാ. സിബിതന്നെ എന്നോട് പറഞ്ഞു. തിരുവനന്തപുരം റീജിണൽ കാൻസർ സെന്ററിൽ ആയിരുന്നു ചികിത്സ. അതിന്റെ ആദ്യഘട്ടം വിജയകരമായി പൂർത്തിയായി.

രോഗം രൗദ്രരൂപത്തിൽ നിന്നും ഒന്ന് പിന്മാറിയപ്പോൾ തിരികെ ഹിമാചലിനു പോകാനായിരുന്നു അച്ചന്റെ തീരുമാനം. ഇനി അല്പകാലം കേരളത്തിൽ വിശ്രമിച്ചുകൂടെ എന്ന എന്റെ ചോദ്യത്തിന് ദീപ്തി മൗണ്ടിൽ വച്ച് നൽകിയ ഉത്തരം വേറിട്ടതായിരുന്നു.

“എന്നെ വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരു സമൂഹം ഹിമാചൽപ്രദേശിലുണ്ട്. എനിക്കു രോഗം വന്നപ്പോൾ അവർ എനിക്കായി തീക്ഷ്ണമായി പ്രാർത്ഥിച്ചു. ഇപ്പോൾ സുഖം പ്രാപിച്ചപ്പോൾ ഞാൻ അവരുടെ അടുത്തേയ്ക്കു പോകാതെ എന്റെ ആരോഗ്യം മാത്രം നോക്കി ഇവിടെ ഇരുന്നാൽ എന്താണ് പ്രയോജനം? അവരെന്നെ പ്രതീക്ഷിക്കുന്നുണ്ട്. അവിടെയാണെങ്കിലും ഇവിടെയാണെങ്കിലും എവിടെയാണെങ്കിലും മരിക്കും. എങ്കിൽപ്പിന്നെ എന്റെ ജനത്തിന്റെ കൂടെ ആയിരിക്കുമ്പോൾ മരിക്കുന്നതല്ലേ കൂടുതൽ നല്ലതും അർത്ഥപൂർണ്ണവും?”

മരണം ഉറപ്പാണ്‌. എങ്കില്‍പിന്നെ ഞാന്‍ എന്റെ മിഷന്‍ തുടരുന്നതല്ലേ കൂടുതല്‍ നല്ലത് എന്ന ആ ചോദ്യത്തിന് എനിക്കു മറുപടി ഉണ്ടായിരുന്നില്ല. യാത്രയ്ക്ക് ആശംസകൾ നേർന്ന് ഞങ്ങൾ പിരിഞ്ഞു.

രോഗം മൂർച്ഛിച്ചപ്പോൾ ഹിമാചലിൽ നിന്നും അദ്ദേഹം വീണ്ടു കേരളത്തിലെത്തി. ചികിത്സ തുടർന്നു. രോഗത്തിന്റെ അസ്വസ്ഥതകൾ കുറയുന്ന ഇടവേളകളിൽ ഞങ്ങൾ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു.

അങ്ങനെയിരിക്കെ ഇക്കഴിഞ്ഞ ഒക്ടോബർ 22 – ന് രാവിലെ അദ്ദേഹത്തിന്റെ വാട്ട്സ്ആപ്പ് നമ്പറിൽ നിന്നും ഒരു സന്ദേശമെത്തി.

RIP: Rev. Fr. Siby Nelloor. Sad to inform you that our beloved confrere Rev. Fr. Cyriac (Siby) Nelloor slept in the Lord at 2.45 am today (22-10-2021). More details later.  

അദ്ദേഹം മരണമടഞ്ഞിരിക്കുന്നു!

സിബിയച്ചന്റെ നമ്പറിൽ നിന്നും അദ്ദേഹത്തിന്റെ സമൂഹാംഗങ്ങൾ അയച്ച സന്ദേശമാണ്. അതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ അതോടെ സങ്കടകരമായ ആ വാർത്തയറിഞ്ഞു.

ഒക്ടോബർ 24 – നായിരുന്നു മൃതസംസ്ക്കാരം. എം.എസ്.റ്റി സൊസൈറ്റിയുടെ കേന്ദ്രഭവനമായ ദീപ്തിയിൽ ഞാൻ കൂടുതലും പോയിരിക്കുന്നത് സിബിയച്ചനെ കാണാനായിരുന്നു. ഇത്തവണയും അതിനുവേണ്ടിത്തന്നെ! 

ഇതിനു മുൻപ് ദീപ്തിയിൽ ചെന്നപ്പോൾ സ്വീകരിക്കാൻ അദ്ദേഹമുണ്ടായിരുന്നു. അന്ന് ഞങ്ങൾ ദീപ്തി മൗണ്ടിലൂടെ ചുറ്റി നടന്നു. ജനറലേറ്റിലും സെമിനാരിയിലും പ്രായമുള്ള വൈദികർ താമസിക്കുന്ന ഇടത്തും ചെന്നു. ഒടുവിൽ അവരുടെ സെമിത്തേരിയിയിലും പോയി. അവിടെ ചെന്നപ്പോൾ അദ്ദേഹം പറഞ്ഞു.

“ഇവിടെയാണ് ഞങ്ങൾ എല്ലാവരും ഒടുവിൽ എത്തേണ്ടത്.”

ഞങ്ങൾ രണ്ടാളും ചിരിച്ചു. 

ഇപ്പോൾ ചിരി മാഞ്ഞു നിശബ്ദനായി അദ്ദേഹം കിടക്കുകയാണ്. കഠിന ദുഃഖത്തിന്റെ ആഴങ്ങളിൽ അദ്ദേഹത്തിന്റെ മാതാപിതാക്കളും സഹോദരിയും സഹോദരനും. ഞാൻ അകലെനിന്നും അഞ്ചു പേരെയും നോക്കി. നിശ്ചലമായി, നിശബ്ദനായി, നിത്യതയെ തേടി സിബിയച്ചൻ ശയിക്കുന്നു. അദ്ദേഹത്തെ നോക്കി വിവരിക്കാനാവാത്ത വേദനയിൽ മറ്റു നാലുപേരും. അവരെ ആശ്വസിപ്പിക്കാൻ ആർക്കു സാധിക്കും?

സിബിച്ചന്റെ കബറിടം ദീപ്തി മൗണ്ടിലെ, ഒരു വീടുപോലെ തോന്നിപ്പിക്കുന്ന സെമിത്തേരിയുടെ, പ്രധാന വാതിലിലൂടെ അകത്തേയ്ക്കു പ്രവേശിക്കുമ്പോൾ വലതു വശത്താണ്. ശരീരം അവിടെയും ആത്മാവ് ദൈവത്തിന്റെ സന്നിധിയിലും. ആ സ്നേഹം എപ്പോഴും നമ്മോടൊപ്പം ഉണ്ടായിരിക്കും എന്നുറപ്പാണ്.  

റോബർട്ട് ഫ്രോസ്റ്റിന്റെ ഒരു കവിതയുടെ പേര് ‘നത്തിങ് ഗോൾഡ് ക്യാൻ സ്റ്റേ’ (Nothing Gold Can Stay) എന്നാണ്. ഏറ്റവും നല്ലതും പൂർണ്ണവും ആയ യാതൊന്നും നിത്യകാലവും നിലനിൽക്കില്ല എന്ന അർത്ഥമാണ് കേവലം എട്ടു ലൈനുകൾ മാത്രമുള്ള ആ കവിതയ്ക്കുള്ളത്. സിബിയച്ചന്റെ കാര്യം ഓർക്കുമ്പോൾ അതു ശരിയാണെന്നു തോന്നുന്നു. 

ഒറ്റച്ചിറകുള്ള മാലാഖാ എന്ന പുസ്തകത്തിന്റെ തുടക്കത്തിൽ ‘ഗുരു ദക്ഷിണ’ എന്ന തലക്കെട്ടിൽ ഞങ്ങൾ ഒരുമിച്ചുള്ള ഒരു സന്ദർഭം കുറിച്ചിരുന്നു. ഡോ. ജേക്കബ് സ്രാമ്പിക്കലിന്റെ മരണ ശേഷം റോമിലെ വെറാനോ സെമിത്തേരിയിൽ വച്ചായിരുന്നു അത്.

“ആഴ്ചകൾക്കു ശേഷം വെറാനോ സെമിത്തേരിയിൽ സ്രാമ്പിക്കലച്ചന്റെ മറ്റൊരു ശിഷ്യനായ എം.എസ്.റ്റി. സമൂഹാംഗം ഫാ. സിബി നെല്ലൂരിനൊപ്പം ഞാനും എത്തി.സെമിത്തേരി ശാന്തമായിരുന്നു. ഞങ്ങൾ നിശബ്ദരായി സ്രാമ്പിക്കലച്ചന്റെ ശവകുടീരത്തിന് അല്പം അകലെയായി മരങ്ങളുടെ തണലിൽ ഇരുന്നു. പരസ്പരം സംസാരിച്ചില്ല ഞങ്ങൾ. നിശബ്ദതയിൽ സ്രാമ്പിക്കലച്ചനെ ഓർക്കുകയായിരുന്നു. കുറേക്കഴിഞ്ഞു സിബിയച്ചൻ മൗനം മുറിച്ചു. “എന്തു പറയാനാണ്. നമ്മളോടൊന്നും പറയാതെ അദ്ദേഹം പോയില്ലേ.”

ഇന്നിപ്പോൾ വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. റോമിലെ വാസവും പഠനവും അവസാനിച്ചു ഞങ്ങൾ ഇന്ത്യയിൽ തിരിച്ചെത്തി. വിവിധ മേഖലകളിൽ ശുശൂഷകൾ ആരംഭിച്ചു. അദ്ദേഹം ശുശ്രൂഷകൾ പൂർത്തിയാക്കി യാത്രയായി. ഞാന്‍ യാത്ര തുടരുന്നു. ചിലര്‍ യാത്രയാകുമ്പോള്‍ മറ്റുചിലര്‍ ഒറ്റയാക്കപ്പെടുന്നു!

കഴിഞ്ഞ ദിവസം പ്രൊഫസര്‍ ലോയിഡ് ബോ – യുടെ സന്ദേശം ഉണ്ടായിരുന്നു.

“I remember Siby well and with respect for his fine academic and personal qualities.

I will pray for him today when I celebrate Mass.

In the Lord of Life,

Lloyd”

സിബിയച്ചനോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും പ്രാര്‍ത്ഥനയും അതില്‍ നിറഞ്ഞിരുന്നു.

ഞാനും പ്രാര്‍ത്ഥിക്കുന്നു; എങ്കിലും…

ഞാൻ വളരെ ദുഖിതനാണ്.

എന്റെ പ്രിയപ്പെട്ട സ്നേഹിതൻ മരണമടഞ്ഞിരിക്കുന്നു. 

അദ്ദേഹം വലിയവനായിരുന്നു. 

അദ്ദേഹത്തെ പോലെ ഒരാളെ കണ്ടെത്തുക അസാധ്യമാണ്!

ജി. കടൂപ്പാറയിൽ mcbs

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.