അപ്പന്മാരുടെ ശ്രദ്ധയ്ക്ക്!

  ഫാ. ഷീൻ പാലക്കുഴി

  ഒട്ടും പ്രതീക്ഷിക്കാതെയാണ് അന്ന് രാവിലെ മഴ പെയ്തത്. അതും കോരിച്ചൊരിയുന്ന മഴ! ആർത്തലച്ചു പെയ്യുന്ന സംഹാര രുദ്രിണിയായ മഴയെ കൺനിറയെ കാണാൻ വേണ്ടിയാണ് വരാന്തയിലേയ്ക്കിറങ്ങി നിന്നത്.

  പ്രവൃത്തി ദിവസമാണ്. സ്കൂളിലേയ്ക്കു വന്നുകൊണ്ടിരുന്ന കുട്ടികളെ മുഴുവൻ ഈറനണിയിച്ച് മഴ കനത്തു. കുഞ്ഞിക്കൈകളിൽ വർണ്ണക്കുടകൾ നിവർത്തി ചിലർ മഴയോട് യുദ്ധം പ്രഖ്യാപിച്ചു. പടച്ചട്ട കണക്കെ മഴക്കോട്ടുകളണിഞ്ഞ് ചിലർ ബഹിരാകാശ യാത്രക്കാരെപ്പോലെ കനത്ത മഴനൂലുകൾക്കിടയിലൂടെ മന്ദംമന്ദം നടന്നു.

  വെള്ളച്ചാലുകൾ നീന്തിക്കയറി സ്കൂൾ ബസുകൾ വന്നുകൊണ്ടിരുന്നു. കുട്ടികൾ വാഹനങ്ങളിലിരുന്ന് ചില്ലുകളിൽ കരം ചേർത്ത് മഴയെ തൊടാതെ തൊട്ടു. റിക്ഷകളുടെ പോളിത്തീൻ പ്രതലത്തിൽ വന്നു തട്ടുന്ന കനത്ത മഴത്തുള്ളികളുടെ ഒച്ചയിൽ ചിലർ മഴയുടെ കൊട്ടും പാട്ടും കേട്ടു. മഴയ്ക്കപ്പുറമുള്ള കരിനീല മാനത്ത് ചിലർ മാരിവില്ലിനെ തിരഞ്ഞു. മഴ എന്നും കുട്ടികൾക്ക് ഒരു ഉത്സവമാണ്!

  മനുഷ്യൻ മഴ കാണുന്നതിനിടയിലാണ് മഴ ചില മനുഷ്യരെ കാട്ടിത്തന്നത്! പെരുമഴയത്ത്, മുഴുവൻ നനഞ്ഞൊട്ടി രണ്ട് കുഞ്ഞുങ്ങൾ സ്കൂൾ ഗേറ്റ് കടന്നുവരുന്നു. ആറും എട്ടും വയസ് തോന്നിക്കുന്ന രണ്ട് കുരുന്നുകൾ. തുള്ളിക്കൊരുകുടം പെയ്യുന്ന മഴയെ ഭേദിച്ച് നടപ്പാതയിലൂടെ മുന്നോട്ടു നടക്കുമ്പോൾ അവർക്ക് വർണ്ണക്കുടകളോ മഴക്കോട്ടോ ഉണ്ടായിരുന്നില്ല. പക്ഷെ, ആ യാത്രയിൽ അവർ തനിച്ചായിരുന്നില്ല. ഒരാൾ അവർക്ക് കൂട്ടിനുണ്ടായിരുന്നു; അതവരുടെ അപ്പനായിരുന്നു! ഒരു കള്ളിമുണ്ടും നിറം മങ്ങിയ ഷർട്ടും ധരിച്ചെത്തിയ അയാൾ തന്റെ കൈത്തലങ്ങൾ കൊണ്ട് മഴയിൽ നിന്നും മക്കളുടെ തലയെ പൊതിഞ്ഞുപിടിക്കാൻ വൃഥാ ശ്രമിച്ചുകൊണ്ടിരുന്നു. തുള്ളിമുറിയാത്ത മഴയിൽ കുഞ്ഞുങ്ങൾ നനയാതിരിക്കാൻ അതു മതിയാവില്ലെന്ന് അറിയാമായിരുന്നിട്ടും അയാൾ കരങ്ങൾ പിൻവലിച്ചില്ല.

  അൽപം മുന്നോട്ടാഞ്ഞ് ശരീരം വില്ലുപോലെ വളച്ച് ഒരമ്മക്കിളിയെപ്പോലെ അയാൾ സ്വയം മക്കൾക്കൊരു കുടയാവാൻ ബദ്ധപ്പെട്ടു. തന്റെ നെഞ്ചിൻകൂടോട് മക്കളെ ചേർത്തുപിടിച്ച് മറ്റൊന്നും ശ്രദ്ധിക്കാതെ അയാൾ ധൃതിയിൽ നടന്നു. മക്കളാവട്ടെ കുടപോലെ ചൂടിയ അപ്പന്റെ കരസ്പർശത്തിന്റെ കരുതലിൽ വിശ്വസിച്ച് മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു. തലയിൽ പതിഞ്ഞിരുന്ന അപ്പന്റെ ചൂടുള്ള കരങ്ങളുടെ കരുതലിൽ പെരുമഴയത്തും അവർ കുളിരറിഞ്ഞില്ല!

  അപ്പനെന്ന കുടക്കീഴിൽ ഏത് മഴയും അവർക്ക് ധൈര്യമായി നനയാം. പനിച്ചു കിടത്താൻ, അപ്പന്‍ അവരെ ഒരു മഴയ്ക്കും വിട്ടുകൊടുക്കില്ലല്ലോ! യൂണിഫോമിനും തോളിലെ പുസ്തകസഞ്ചിക്കും മീതെ അയാളുടെ രണ്ട് മുഷിഞ്ഞ കോട്ടൺ ഷർട്ടുകൾ ഒരു മഴക്കോട്ടു പോലെ മക്കളെ അയാൾ ധരിപ്പിച്ചിരുന്നു. പാകമല്ലാത്ത ആ കുപ്പായം അവരുടെ കാൽമുട്ടു വരെ നീണ്ടുകിടന്നു. വീതി കൂടിയ കുപ്പായക്കൈകൾക്കുള്ളിൽ നിന്ന് കുഞ്ഞു കൈപ്പത്തികൾ മാത്രം പുറത്തെ മഴയിലേയ്ക്ക് എത്തിനോക്കി.

  കാണുന്നവർക്ക് വല്ലായ്മ തോന്നുമെങ്കിലും അതായിരുന്നു അപ്പനും മക്കൾക്കും അവരുടെ വസ്ത്രത്തിന്റെ നളപാകം! കാരണം, മഴയിൽ മാത്രമല്ല എപ്പോഴും എല്ലാക്കാര്യങ്ങളിലും അപ്പൻ പറയുന്നതായിരുന്നു അവരുടെ പാകം! മഴയിൽ കുതിർന്നിരുന്നെങ്കിലും അപ്പന്റെ വിയർപ്പുമണമുള്ള ആ ഷർട്ടിനുള്ളിൽ മറ്റാർക്കും തരാൻ കഴിയാത്ത ഒരു സുരക്ഷിതത്വം അവർ അനുഭവിക്കുന്നുണ്ടായിരുന്നു!

  സത്യത്തിൽ അപ്പൻ തന്നെയായിരുന്നു അവരുടെ വർണ്ണക്കുടയും മഴക്കോട്ടും! സ്കൂൾ വരാന്തയിൽ വച്ച് കള്ളിമുണ്ടിന്റ കോന്തല പിഴിഞ്ഞ് അപ്പൻ മക്കളുടെ തലയും മുഖവും തുവർത്തി. ‘ഒട്ടും നനഞ്ഞില്ലല്ലോ…!’ എന്ന് കവിളിൽ തട്ടി അവരെ ആശ്വസിപ്പിച്ചു. പിന്നെ വെയിലുദിച്ച പോലെ അവരുടെ കണ്ണുകളിൽ നോക്കി ഒന്ന് പുഞ്ചിരിച്ചു. ആ ഇളവെയിൽ ധാരാളം മതിയായിരുന്നു അവരുടെ എല്ലാ നനവുകളുമുണക്കാൻ! അപ്പൻെറ നനഞ്ഞ ഷർട്ടുകൾ തിരികെ നൽകി മക്കൾ ക്ലാസിലേക്കോടി!

  ‘അയ്യേ… നനഞ്ഞല്ലോ…!’ എന്ന് കൂട്ടുകാർ കളിപറഞ്ഞിട്ടും അവർക്ക് വിഷമം തോന്നിയില്ല. ‘നനഞ്ഞില്ലെന്ന്’ അപ്പൻ പറഞ്ഞിരുന്നല്ലോ! ഇനി നനഞ്ഞെങ്കിൽ തന്നെ, അപ്പന്റെ സ്നേഹമഴയിലാണ് നനഞ്ഞതെന്ന കാര്യം കൂട്ടുകാർക്കറിയില്ലല്ലോ!

  നനഞ്ഞു കുതിർന്ന ഷർട്ടുകളും ചുരുട്ടിപ്പിടിച്ച് അപ്പൻ പുറത്തേയ്ക്കു നടന്നു. അപ്പോൾ മഴ പെയ്യുന്ന കാര്യം അയാൾ മറന്നുപോയിരുന്നു. സത്യത്തിൽ അയാളുടെ ശരീരം മാത്രമേ മഴയിലൂടെ തിരിച്ചു നടക്കുന്നുണ്ടായിരുന്നുള്ളൂ. മക്കളുടെ ഈറൻ മുടിയിഴയിൽ നിന്ന് ജലമിറ്റുന്നുണ്ടാവുമോ എന്ന ആധിയോടെ അയാളുടെ ഹൃദയം അപ്പോഴും അവരെ പിന്തുടരുകയായിരുന്നു.

  ഉള്ളതു കൊടുക്കുന്നതിനേക്കാൾ ഉള്ള് കൊടുക്കുന്നവനാണ് അപ്പൻ; സ്വന്തമായത് കൊടുക്കുന്നതിനേക്കാൾ സ്വയം കൊടുക്കുന്നവനും!

  വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.