പഠനം കഴിഞ്ഞാലും പിന്തുടര്‍ന്ന് തോല്‍പ്പിച്ചുകൊണ്ടിരിക്കുന്ന അധ്യാപക സ്‌നേഹം

ഫാ. ഷീൻ പാലക്കുഴി

ചില അധ്യാപകര്‍ അങ്ങനെയുമുണ്ട്. പഠനം കഴിഞ്ഞാലും പരീക്ഷകള്‍ കഴിഞ്ഞാലും നമ്മെ വെറുതെ വിടില്ല. കണ്ണില്‍ ചോരയില്ലാതെ പിന്നെയും പിന്നെയും അവര്‍ നമ്മെ തോല്‍പ്പിച്ചു കൊണ്ടേയിരിക്കും.

രണ്ടു പതിറ്റാണ്ടു മുമ്പത്തെ ചില സംഭവങ്ങളാണ്. ജോര്‍ജ്ജുകുട്ടി എന്ന ഒരു അധ്യാപകനെക്കുറിച്ചാണ്. ആ പേരുള്ള കുറെയേറെ അധ്യാപകര്‍ അക്കാലത്ത് സ്‌കൂളിലുണ്ടായിരുന്നെങ്കിലും താന്‍ പഠിച്ച സ്‌കൂളില്‍ തന്നെ അധ്യാപകനും പ്രധാനാധ്യാപകനുമായി, അവിടെ നിന്നു തന്നെ വിരമിക്കുകയും ചെയ്ത് സ്വയം അടയാളപ്പെടുത്തിയ ഒരു ജോര്‍ജ്ജുകുട്ടി മാത്രമേ സ്‌കൂളിലുണ്ടായിരുന്നുള്ളൂ; കെ.എം. ജോര്‍ജ്ജുകുട്ടി എന്ന ഗൗരവക്കാരനായ ജോര്‍ജ്ജൂട്ടി സാര്‍!

ഗംഭീരമായി പഠിപ്പിക്കുകയും അതുകൊണ്ടു തന്നെ തന്റെ കുട്ടികള്‍ അതിഗംഭീരമായി പഠിക്കുകയും ചെയ്യണമെന്ന നീതിശാസ്ത്രവും നിര്‍ബന്ധബുദ്ധിയും അദ്ദേഹത്തെ വ്യത്യസ്തനാക്കി. നീട്ടിപ്പിടിച്ച കൈവെള്ളയില്‍ നടുവിരലിനു മീതെ മിന്നല്‍പ്പിണര്‍ പോലെ നീളത്തില്‍ വീഴുന്ന ചൂരല്‍ക്കഷായത്തില്‍ അരച്ചുകലക്കി ഊര്‍ജ്ജതന്ത്രവും രസതന്ത്രവും കുട്ടികള്‍ മട്ടുവരെ ഊറ്റിക്കുടിച്ചു. ഒരു പരീക്ഷയിലും ഒരാളും തോറ്റിരുന്നില്ല; തോല്‍വികള്‍ തന്നെ അദ്ദേഹത്തെ ഭയന്ന് നാടുവിട്ട കാലം. അക്കാലത്ത് മുട്ടുവിറയ്ക്കാതെ വിദ്യാര്‍ത്ഥികളാരും അദ്ദേഹത്തിനു മുന്നില്‍ നിന്നിട്ടില്ല.

പഠിച്ച കാലത്തൊന്നും ഒരിക്കലും അദ്ദേഹത്തിനു മുന്നില്‍ തോറ്റിട്ടില്ല. എന്നാല്‍, അദ്ദേഹം എന്നെ തോല്‍പ്പിക്കാന്‍ തുടങ്ങിയത് അതിനു ശേഷമാണ്. പത്താം ക്ലാസിലെ അവസാന പരീക്ഷയില്‍ അദ്ദേഹത്തിന്റെ വിഷയത്തിന് സ്‌കൂളിലേറ്റവും കൂടുതല്‍ മാര്‍ക്കു വാങ്ങിയ കുട്ടി ഉപരിപഠനത്തിന്റെ മറ്റു സാധ്യതകളെല്ലാം ചവിട്ടിയരച്ച് സെമിനാരിയില്‍ ചേരാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ ആദ്യം അദ്ദേഹം ആശ്ചര്യപ്പെട്ടു. പിന്നെ സന്തോഷാശ്രുക്കളോടെ അനുഗ്രഹിച്ചയച്ചു.

പിന്നീട് തന്റെ മുന്നില്‍ വന്നിരുന്ന തലമുറകളോടെല്ലാം ആ ഉദാഹരണം പങ്കുവച്ച്, ശിഷ്യന്‍ പുരോഹിതവൃത്തി തെരഞ്ഞെടുത്തതിലുള്ള ആനന്ദം മറയില്ലാതെ പ്രകടിപ്പിച്ചു. ഇപ്പോഴും ഒരവസരം കിട്ടിയാല്‍ എവിടെയും അദ്ദേഹമതു പറയും. സമര്‍ത്ഥരായ മറ്റു ശിഷ്യര്‍ ഏറെയുണ്ടെങ്കിലും ദൈവവിചാരത്തിനു പോയ ശിഷ്യന്‍ കഴിഞ്ഞേ അദ്ദേഹത്തിന്റെ മനസ്സില്‍ അവര്‍ക്ക് സ്ഥാനമുണ്ടായിരുന്നുള്ളൂ എന്നത് ഒരു സ്വകാര്യ അഹങ്കാരമായിത്തന്നെ എനിക്ക് കരുതാതെ വയ്യ! അങ്ങോട്ട് ആദരിക്കുന്നതിന്റെ ഒരു പത്തിരട്ടിയെങ്കിലും ഇങ്ങോട്ടു സ്‌നേഹിച്ചാണ് അദ്ദേഹം എന്നെ തോല്‍പ്പിച്ചുകളഞ്ഞത്!

സെമിനാരി പഠനകാലത്ത് വല്ലപ്പോഴും വീണുകിട്ടുന്ന അവധിക്ക് നാട്ടിലെത്തുമ്പോള്‍ കുര്‍ബാനയൊക്കെ കഴിഞ്ഞ് പള്ളിയില്‍ നിന്നിറങ്ങി മുറ്റത്തൊരു കോണില്‍ എന്നെ കാണാന്‍ വേണ്ടിത്തന്നെ അദ്ദേഹം കാത്തുനില്‍ക്കും. പുറത്തിറങ്ങുമ്പോള്‍ തിരക്കൊഴിഞ്ഞ് ഒരു വാക്കു മിണ്ടും. സുഖവിവരം തിരക്കും. ഒരു പുഞ്ചിരി. അദൃശ്യമായ ഒരനുഗ്രഹം. മനസ്സു നിറഞ്ഞ് അദേഹം മടങ്ങുമ്പോള്‍ തോറ്റുപോയത് വീണ്ടും ഞാന്‍ തന്നെയായിരുന്നു. അത്രയും കരുതുന്ന ഒരാള്‍ ഇങ്ങോട്ടുവന്ന് കാണുംമുമ്പ് അങ്ങോട്ടുപോയി ഒന്നു കാണാന്‍ കഴിഞ്ഞില്ലല്ലോ! പോഴന്‍…!

വൈദികനായി ആദ്യമായി ബലിയര്‍പ്പിച്ച വേളയില്‍ ആ സമ്മേളനവേദിയില്‍ വന്ന്, അന്നോളം എന്നെ പഠിപ്പിച്ച മുഴുവന്‍ അധ്യാപകരുടെയും പ്രതിനിധിയായി, ഹൃദയം തൊട്ട് ഒരാശംസ പറഞ്ഞു. പിന്നെ കരങ്ങള്‍ മുത്തി ആശ്ലേഷിച്ചു. പണ്ട് നടുവിരലില്‍ ചോര തുടുപ്പിച്ച ചൂരല്‍ക്കഷായത്തിന്റെ മുദ്ര പതിഞ്ഞ അതേ കൈവെള്ളയില്‍ കണ്ണീരോടെ അദ്ദേഹം മുഖമമര്‍ത്തി. ഗൗരവക്കാരനായ ആ പഴയ ഗുരുനാഥന്റെ കണ്ണുനീരുതിര്‍ന്ന് കൈത്തലം നനഞ്ഞു. ഉള്ളില്‍ തിണിര്‍ത്തു കിടന്ന ചൂരല്‍പ്പാടുകള്‍ അദ്ദേഹം കണ്ണുനീരുകൊണ്ട് കഴുകിക്കളഞ്ഞതുപോലെ! പതിനൊന്നു വര്‍ഷം സെമിനാരിയില്‍ പഠിച്ചെങ്കിലും മൂപ്പെത്താത്ത അന്നത്തെ പതിനഞ്ചുകാരന്‍ കുട്ടി ഉള്ളിലിരുന്ന് വാവിട്ടു നിലവിളിച്ചു.

പിന്നെ, അന്നുമുതല്‍ ഇന്നുവരെയുള്ള പതിനൊന്നു വര്‍ഷവും ഞാന്‍ എവിടെയായിരുന്നാലും മേല്‍വിലാസം തപ്പിപ്പിടിച്ച് മുടങ്ങാതെ അദ്ദേഹം ക്രിസ്തുമസ് കാര്‍ഡുകളയയ്ക്കുമായിരുന്നു. ചുരുങ്ങിയ വാക്കുകളില്‍, ഒരു അധ്യാപകന്റെ അക്ഷരവടിവില്‍ കുറിച്ച പതിവു തെറ്റാത്ത ആ ആശംസ ഇത്തവണയുമെത്തി. സത്യത്തില്‍ കുറ്റബോധം തോന്നി. ഇന്നുവരെയും ഒരാശംസ തിരിച്ചയയ്ക്കാന്‍ മെനക്കെട്ടിട്ടില്ല. മേല്‍വിലാസം കണ്ടെത്താന്‍ ശ്രമിച്ചിട്ടില്ല. ഒരു വരിയും കുറിച്ചിട്ടില്ല അദ്ദേഹത്തെക്കുറിച്ച്. ആരോടും പറഞ്ഞിട്ടുമില്ല ആ നിഗൂഢസ്‌നേഹത്തെക്കുറിച്ച്. ഒന്നും തിരിച്ചുകൊടുക്കാതെ എല്ലാം ഇങ്ങോട്ടുമാത്രം വാങ്ങിശീലിച്ചവനെ ലോകതോല്‍വി എന്നല്ലാതെ എന്തു വിളിക്കാന്‍!

ചില അധ്യാപകര്‍ അങ്ങനെയാണ് പഠനം കഴിഞ്ഞാലും പരീക്ഷകള്‍ കഴിഞ്ഞാലും കണ്ണില്‍ ചോരയില്ലാതെ പിന്നെയും പിന്നെയും നമ്മെ തോല്‍പ്പിച്ചുകൊണ്ടിരിക്കും. ഇല്ല! ഇനിയെങ്കിലും എനിക്കു ജയിക്കണം! സ്‌നേഹം കൊണ്ടു തോല്‍പ്പിക്കുന്ന ആ അധ്യാപകനെക്കുറിച്ച് ഈ ലോകത്തോട് എനിക്കു വിളിച്ചുപറയണം! എന്റെയുള്ളിലുമില്ലേ നീലകണ്ഠാ, ചെറിയ ചെറിയ വിജയങ്ങള്‍ മോഹിക്കുന്ന ഒരു മനസ്സ്!

ഫാ. ഷീന്‍ പാലക്കുഴി