ഞങ്ങടെ വികാരിയച്ചൻ സൂപ്പറാണൂട്ടോ – ‘ജീസസ് ബീറ്റ്‌സ്’ ചാനലിന്റെ അച്ചനെക്കുറിച്ച്

മരിയ ജോസ്

ചാലക്കുടി-മേലൂരങ്ങാടിയിൽ ഐശ്വര്യ ബേക്കറി നടത്തുന്ന ജോഷി ചേട്ടന്റെ മകൻ അലക്സ് ജോഷിയുടെ ന്യൂസ് റീഡിംഗ്. പയ്യൻ കലക്കീട്ടോ. കുട്ടികളുടെ ഉള്ളിലെ കഴിവുകൾ വളർത്തിയെടുക്കാൻ മേലൂർ-നടുത്തുരുത്ത് ഇടവക വികാരി സജോ പടയാട്ടിൽ അച്ചൻറെ വ്യത്യസ്തമായ ആശയമാണ് ഇതിനു പിന്നിൽ. ഇതുമാത്രമല്ലട്ടോ ഇനിയും ഉണ്ട് സംഭവങ്ങൾ. തന്റെ ഇടവകയിൽ ഉറങ്ങിക്കിടന്നിരുന്ന ഒരു വായനശാലയെയും പുള്ളി ഉഷാറാക്കിയെടുത്തു. ഇടവക ജനങ്ങളുടെ നന്മകൾ  വളർത്തിയെടുക്കാൻ, ഇന്നിന്റെ ലോകത്തോട് പടവെട്ടാൻ തക്ക  ആത്മവിശ്വാസമുള്ളവരാക്കി മാറ്റുവാൻ സജോ അച്ചൻ  നടത്തുന്ന പരിശ്രമങ്ങളിലൂടെ ഒന്ന് കണ്ണോടിക്കാം

സഭയിൽ നിന്ന് കിട്ടിയത് സഭയ്ക്കായി 

അങ്കമാലി ഡീ പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ നിന്ന് മൾട്ടി മീഡിയയിൽ ബിദുരാനന്തര ബിദുരം പൂർത്തിയാക്കിയതിനു ശേഷമാണ് സജോ പടയാട്ടിൽ  മേലൂർ-നടുത്തുരുത്ത് ഇടവകയിൽ വികാരിയായി എത്തുന്നത്. ഒരു ഗ്രാമീണ പശ്ചാത്തലത്തിൽ ഉള്ള ഒരു ചെറിയ ഇടവക. 225 കുടുംബങ്ങളിൽ നിന്നായി 138 സൺഡേ സ്‌കൂൾ കുട്ടികൾ. അംഗങ്ങൾ എല്ലാവരും ഇടത്തരം കുടുംബങ്ങളിൽ നിന്നവർ. സാജോ അച്ചൻ നടുത്തുരുത്ത് പള്ളിയിൽ എത്തുമ്പോൾ ഈ പള്ളി ഇടവകയായ ഉയർത്തിയിട്ട് ഒരു വർഷം മാത്രമേ ആയിരുന്നുള്ളു. സാധാരക്കാരായ ആളുകളുടെ ഇടയിലേക്ക് കടന്നു വന്ന അച്ചൻ അവരെ പതിയെ നിരീക്ഷിച്ചു തുടങ്ങി. അവരുടെ ഉള്ളിലേയ്ക്ക് ഇറങ്ങി, ആത്മീയവും ഭൗതികവുമായ ആവശ്യങ്ങളിൽ അവരെ കൈപിടിച്ച് നടത്തുവാൻ തുടങ്ങി.

അച്ചൻ ഈ ഇടവകയിൽ എത്തിയിട്ടിന് വെറും നാല് മാസങ്ങൾ മാത്രമേ ആയിട്ടുള്ളു എങ്കിലും ഇന്ന് ഈ ഇടവക ജനങ്ങൾ അച്ചനെ അതിയായി സ്നേഹിക്കുന്നു. കാരണം അവരുടെ ഇടയിൽ ഒരാളായി മാറുവാൻ അദ്ദേഹത്തിന് കഴിഞ്ഞു എന്നതാണ്. അതിനു കാരണം എന്താണ് എന്ന ചോദ്യത്തിന് അദ്ദേഹം പറഞ്ഞു ” സഭയാണ് എന്നെ പഠിപ്പിച്ചത്. രൂപതയിൽ  നിന്ന് കാശുമുടക്കി പഠിപ്പിച്ചു. അപ്പോൾ രൂപതയ്ക്ക്,സഭയ്ക്ക് ഞാൻ എന്താണ് നൽകുക? എനിക്ക് ലഭിച്ച അറിവുകൾ എന്റെ ഇടവക ജനത്തിനു പകർന്നു നൽകി, വിശ്വാസത്തിൽ അടിയുറച്ച വ്യക്തികളാക്കി അവരെ തിരിച്ചു സഭയ്ക്ക് നൽകുന്നു. അത് മാത്രമാണ് ഞാൻ ചെയ്യുന്നത്”

യൂട്യൂബ് ചാനൽ എന്ന ആശയത്തിലേക്ക് 

വളരെ കുറച്ചു കുട്ടികൾ മാത്രമുള്ള ഇടവകയാണ് നെടുത്തുരുത്ത് ഇന്ന് നേരത്തെ പറഞ്ഞുവല്ലോ. അതിനാൽ തന്നെ അവരെ കൈകാര്യം ചെയ്യുക എന്നതും വളരെ എളുപ്പമായിരുന്നു. ആ കുട്ടികളുമായുള്ള അടുപ്പത്തിൽ നിന്നും സജോ അച്ചന് ഒരു കാര്യം മനസിലായി. ഓരോ കുട്ടിയും വ്യത്യസ്തമായ കഴിവുകളുടെ കലവറയാണ് എന്ന്. അവയെ ശരിയായ രീതിയിൽ ഒന്ന് പരിശീലിപ്പിച്ചാലോ ? പിന്നെ അവരെ പിടിച്ചാ  കിട്ടില്ല. അതുപോലെ ഉയരാൻ കെൽപ്പുണ്ട് അവർക്കു. അതിനുള്ള വഴികൾ തേടിയുള്ള യാത്രയാണ് കുട്ടികൾക്കായി ഒരു യുട്യൂബ് ചാനൽ എന്ന ആശയത്തിന് പിന്നിൽ.

തന്റെ ആശയത്തെ ഇടവകയിലെ യുവജനങ്ങളുടെ മുന്നിൽ അച്ചൻ ഒന്ന് അവതരിപ്പിച്ചു. കാരണം ഇടവകയിലെ കുറച്ചു യുവജനങ്ങൾ മൾട്ടി മീഡിയ പഠിച്ചിട്ടുള്ളവരായിരുന്നു. അച്ചൻ ധൈര്യമായിട്ടിറങ്ങിക്കോ… ഞങ്ങളുണ്ട് കൂടെ… യുവജനങ്ങള്‍ അച്ചനു കട്ട സപ്പോര്‍ട്ട്. അവർ നൽകിയ ഉറപ്പിന്റെ ബലത്തിൽ ഈ ആശയവുമായി സൺഡേസ്കൂൾ അധ്യാപകരുടെ മുന്നിലേയ്ക്ക് എത്തി. അച്ചൻ നടത്തികാണിക്ക്. ബാക്കി ഞങ്ങൾ നോക്കാം എന്നായി അവർ. പിന്നെ കാര്യങ്ങൾ അതിവേഗം മുന്നോട്ട് നീങ്ങുന്നതാണ് കാണാൻ കഴിഞ്ഞത്.

ജീസസ് ബീറ്റ്‌സ് 

യുട്യൂബ് ചാനൽ തുടങ്ങുവാനുള്ള പരിപാടികൾ ആരംഭിച്ചു കഴിഞ്ഞപ്പോൾ അതിനു എന്ത് പേരിടും എന്നായി. പേരിനായുള്ള ആലോചനകൾക്കിടയിലാണ് പണ്ട് എറണാകുളം – അങ്കമാലി രൂപതയിൽ കുട്ടികൾക്കായി ശെമ്മാച്ചന്മാർ ചെയ്തു കൊണ്ടിരുന്ന ഒരു പരിപാടിയെക്കുറിച്ചു ഓർമ്മ വന്നത്. ഇടക്കുവെച്ചു നിന്നുപോയ ആ പരിപാടിയുടെ പേരുതന്നെ കുട്ടികൾക്കായുള്ള ചാനലിനും നല്കിയാലോ ? എല്ലാവർക്കും നൂറു ശതമാനം സമ്മതം. അങ്ങനെ പേരിനു വേണ്ടിയുള്ള അന്വേഷണം നിർത്തലാക്കി. ചാനലിന് ‘ജീസസ് ബീറ്റ്‌സ്’ എന്ന പേര് നൽകി.

ഇനി ജീസസ് ബീറ്റ്സിന്റെ പ്രവർത്തനങ്ങൾ എങ്ങനാണെന്നല്ലേ ? കുട്ടികൾ തന്നെയാണ് ഈ യൂട്യൂബ് ചാനലിലെ പരിപാടികൾ അവതരിപ്പിക്കുക. അതിനായി മതാദ്ധ്യാപകരുടെ നേതൃത്വത്തിൽ ഇടവകയിലെ കുട്ടികൾക്ക് പരിശീലനം നൽകി. വിവിധ കഴിവുകളുള്ള കുട്ടികൾക്ക് പരിശീലനം നൽകുന്നതിനായി അധ്യാപകരെ ആനിമേറ്റർമാരായി നിയോഗിച്ചു. രണ്ടാഴ്ചയിൽ ഒരിക്കൽ ഷൂട്ട് ചെയ്യുന്ന പരിപാടിൽ ചാനലിലൂടെ സംപ്രേഷണം ചെയ്യും. സംഗതി ക്ലിക്കായതോടെ എല്ലാവിധ പിന്തുണയുമായി ഇടവകക്കാരുമെത്തി. കുഞ്ഞനിയന്മാരെയും അനിയത്തിമാരെയും  ഉയരങ്ങളിലെത്തിക്കാൻ ഇടവകയിലെ യുവജനങ്ങളും കൈകോർത്തു. ചുരുക്കത്തിൽ എന്ന് ഈ സംരംഭം നടുത്തുരുത്ത് ഇടവകയുടെ മുഴുവന്റെയും പരിശ്രമത്തിന്റെയും പിൻതുണയുടെയും ഫലമായി മാറുകയാണ്. ചാനലിന്റെ ലോഗോ ഡിസൈൻ ചെയ്തതും ഇടവകയിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ഫിയ ബാവച്ചൻ എന്ന കുട്ടിയാണ്.

ഇപ്പോള്‍ ഈ ഇടവകയിലെ കുട്ടികളുടെ പരിപാടികള്‍ മാത്രമാണ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്യുന്നത്. പിന്നീട് അടുത്തുള്ള ഇടവകകളിലെ കുട്ടികളെയും ഉള്‍പ്പെടുത്താന്‍ ശ്രമിക്കും. അച്ചന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപതാ തലത്തില്‍ നിന്ന് വരെ വന്‍ പിന്തുണയാണ് ഇപ്പോള്‍ ലഭിക്കുന്നത്.

വിശ്വാസപ്രഘോഷണ വേദി 

കുട്ടികളിൽ ഒളിഞ്ഞിരിക്കുന്ന കഴിവുകൾ വളർത്തുന്നതിനൊപ്പം തന്നെ അവരിലെ വിശ്വാസത്തിനു ശക്തമായ അടിത്തറ പാകുക എന്നതാണ് ജീസസ് ബീറ്റ്സിന്റെ ലക്‌ഷ്യം. അതിനാൽ തന്നെ വിശ്വാസ സംബന്ധമായ കാര്യങ്ങളാണ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്യുക . ശാലോം പോലെയുള്ള മാസികകളിൽ വരുന്ന നല്ല കഥകൾ, അനുഭവങ്ങൾ, ശക്തമായ വിശ്വാസ ജീവിതം നയിക്കുന്നവരുടെ അസാധാരണമായ ജീവിത കഥകളെ ആധാരമാക്കിയുള്ള ഡോക്യൂമെന്ററികൾ തുടങ്ങിയ കണ്ടെത്തി കുട്ടികൾ ചാനലിലൂടെ അവതരിപ്പിക്കുന്നു. വിശ്വാസ സംബന്ധമായ കാര്യങ്ങൾക്കായുള്ള അന്വേഷണങ്ങളും അവയിലൂടെ അവർ കണ്ടെത്തുന്ന കാര്യങ്ങളും കുട്ടികളുടെ ഉള്ളിൽ സഭയെക്കുറിച്ചുള്ള സ്നേവും വർദ്ധിക്കുന്നതിനും പ്രതിസന്ധികളിൽ വിശ്വാസത്തിൽ ഉറച്ചു നിൽക്കുന്നതിനും കാരണമാകും എന്ന് സജോ അച്ചൻ സാക്ഷ്യപ്പെടുത്തുന്നു.

ഇടവകയുടെ സ്വന്തം വികാരി 

ഒരു യുട്യൂബ് ചാനലിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല സജോ അച്ചന്റെ പ്രവർത്തനങ്ങൾ. അച്ചൻ വന്നപ്പോൾ ഇടവകയിൽ ഉറങ്ങിക്കിടന്നിരുന്ന ഒരു ലൈബ്രറി ഉണ്ടായിരുന്നു. പുസ്തകങ്ങളെ ഏറെ സ്നേഹിക്കുന്ന അച്ചന് അത് സഹിക്കാൻ കഴിഞ്ഞില്ല. ഉറങ്ങിക്കിടന്ന ആ ലൈബ്രറിയെ സജീവമാക്കിയെടുത്തു ഈ വൈദികൻ. അതും കൊണ്ടും തീരുന്നില്ല ചെറുപുഷ്പ മിഷൻലീഗ്, മാതൃവേദി, വിൻസെന്റ് ഡി പോൾ, ഗ്രേസ് റിപ്പിൾസ് തുടങ്ങിയവയുടെ പ്രവർത്തനങ്ങളുമായി ഇടവക ജനങ്ങൾക്കൊപ്പം അവരിലൊരാളായി മാറിക്കൊണ്ടിരിക്കുകയാണ് അദ്ദേഹം.

ഇന്ന് ഈ ഇടവകക്കാർ അഭിമാനത്തോടെ പറയും. “ഇതാണ് ഞങ്ങടെ വികാരിയച്ചൻ ഇങ്ങനാവണം അച്ചന്മാരായാൽ.” ഇതു ഒരിടവകയുടെ മാത്രം അഭിപ്രായം അല്ല കേട്ടോ. അടുത്തുള്ള ഇടവകക്കാരും സജോ അച്ചനെക്കുറിച്ചു അങ്ങനെ തന്നെ പറഞ്ഞു തുടങ്ങി. അത് അച്ചനെ കണ്ടിട്ടല്ല. ഒരു ഇടവകയെ സമസ്ത മേഖലകളിലും പുരോഗതിയിലേയ്ക്ക് നയിക്കുവാൻ ഒരു വികാരിയച്ചൻ നടത്തുന്ന പരിശ്രമങ്ങൾ കണ്ടിട്ടാണ്.

തന്റെ തിരക്കുകൾക്കിടയിലും അദ്ദേഹം ഇന്ന് നമ്മോട് ഒരു കാര്യം ആവശ്യപ്പെടുന്നുണ്ട്. ഞങ്ങളുടെ കുട്ടികൾക്കായുള്ള യുട്യൂബ് ചാനൽ ‘ജീസസ് ബീറ്റ്‌സ്’ സബ്സ്ക്രൈബ് ചെയ്യാമോ? ഈ ചോദ്യത്തിണ് പിന്നിൽ അതിൽ നിന്ന് കിട്ടുന്ന കയ്യടിയോ  പ്രശംസയോ ഒന്നും അല്ല.  മറിച്ചു തന്റെ കുട്ടികളുടെ കഴിവുകൾ അനേകരിലൂടെ എത്തണം. അവരിലൂടെ ദൈവത്തിന്റെ വചനവും. അവരുടെ നിഷ്കളങ്കമായ അധരങ്ങളിൽ നിന്ന് പുറപ്പെടുന്ന നല്ല കാര്യങ്ങൾ ഒരാളെ എങ്കിലും വിശ്വാസത്തിൽ ഉറപ്പിച്ചാലോ? പ്രതിസന്ധിയിലായ ഒരാൾക്കെങ്കിലും ആശ്വാസമായാലോ? അത്രമാത്രം.

മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.