രണ്ടാം ലോക മഹായുദ്ധകാലത്ത് യഹൂദരെ രക്ഷിക്കാൻ സഹായിച്ച വൈദികൻ വിശുദ്ധപദവിയിലേക്ക്

യഹൂദരെ കൂട്ടക്കൊല ചെയ്ത രണ്ടാം ലോക മഹായുദ്ധ സമയത്ത് അവരെ രക്ഷിക്കാൻ സഹായിച്ച ഒരു ഫ്രാൻസിസ്കൻ വൈദികനാണ് ഫാ. പ്ലാസിഡോ കോർട്ടിസ്. ആഗസ്റ്റ് 30 -ന് ഫ്രാൻസിസ് പാപ്പാ ദൈവദാസപദവിയിലേക്ക് ഉയർത്തിയ വ്യക്തികളിലൊരാളാണ് ഈ വൈദികൻ. അദ്ദേഹത്തിന്റെ ജീവിതം വായിച്ചറിയാം…

നാസി അധിനിവേശത്തിൽ നിന്ന് ജൂതന്മാരെയും ബ്രിട്ടീഷ് യുദ്ധത്തടവുകാരെയും രക്ഷിക്കാൻ സഹായിച്ച വ്യക്തിയാണ് ഫാ. പ്ലാസിഡോ. അദ്ദേഹം ഒരു ഭൂഗർഭ ശൃംഖലയുമായി രഹസ്യമായി ആശയവിനിമയം നടത്തി അവരെ സഹായിച്ചു. വി. മാക്സിമിലിയൻ കോൾബെയെപ്പോലെ, ഒരു കത്തോലിക്ക പ്രസിദ്ധീകരണത്തിന് നേതൃത്വം നൽകുകയും അങ്ങനെ അദ്ദേഹത്തെ നാസികൾ പീഡിപ്പിക്കുകയും പിന്നീട് അദ്ദേഹത്തെ കൊലപ്പെടുത്തുകയുമായിരുന്നു.

ഇപ്പോൾ ക്രൊയേഷ്യയുടെ ഭാഗമായ ക്രെസ് ദ്വീപിൽ 1907 -ലായിരുന്നു അദ്ദേഹത്തിന്റെ ജനനം. 13 -ആമത്തെ വയസ്സിൽ, സെമിനാരിയിൽ പ്രവേശിക്കുകയും 1924 -ൽ വ്രതവാഗ്ദാനത്തിനു ശേഷം പ്ലാസിഡോ എന്ന പേര് സ്വീകരിക്കുകയും 1930 -ൽ 23 -ാമത്തെ വയസ്സിൽ പുരോഹിതനായി നിയമിക്കപ്പെടുകയും ചെയ്തു. പാദുവയിലെ വി. അന്തോണിയുടെ ബസിലിക്കയിൽ വർഷങ്ങളോളം അദ്ദേഹം സേവനമനുഷ്ഠിച്ചു. അവിടെ ഇറ്റാലിയൻ കത്തോലിക്കാ മാസികയായ ഇൽ മെസ്സാഗെറോ ഡി സാന്റ് അന്റോണിയോ (ദി മെസഞ്ചർ ഓഫ് സെന്റ് ആന്റണി) ഡയറക്ടറായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വായനക്കാരുടെ എണ്ണം 5,00,000 -ത്തോളം വർദ്ധിച്ചു.

പാദുവയിലെ ജർമ്മൻ അധിനിവേശത്തിനു ശേഷം, അദ്ദേഹം സ്വിറ്റ്സർലൻഡിലെ ജൂത ജനതയെയും സഖ്യകക്ഷികളെയും സുരക്ഷിതരാക്കാൻ സഹായിച്ചു. തന്റെ പ്രിന്റിംഗ് പ്രസ്സ് ഉപയോഗിച്ച് തെറ്റായ രേഖകൾ നിർമ്മിക്കാൻ റെസിസ്റ്റൻസുമായി ബന്ധപ്പെട്ടിരുന്ന ഒരു ഭൂഗർഭ ഗ്രൂപ്പിന്റെ ഭാഗമായിരുന്നു അദ്ദേഹം. 1944 ഒക്ടോബറിൽ, രണ്ട് ജർമ്മൻ ഓഫീസർമാർ അദ്ദേഹത്തെ കബളിപ്പിക്കുകയും രേഖകൾ കൈമാറുന്നുണ്ടെന്ന് തിരിച്ചറിയുകയും ചെയ്തു. അങ്ങനെ കോർട്ടിസിനെ ഉടൻ അറസ്റ്റ് ചെയ്യുകയും ട്രൈസ്റ്റെയിലെ ഒരു ഗസ്റ്റപ്പോ ബങ്കറിലേക്ക് കൊണ്ടുപോകുകയും അവിടെ വച്ച് ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. എന്നാൽ, തന്റെ സഹകാരികളുടെ പേരുകൾ അദ്ദേഹം വെളിപ്പെടുത്തിയില്ല.

ആഴ്ചകൾ നീണ്ട പീഡനങ്ങൾക്കു ശേഷം, 1944 നവംബറിൽ 37 -ആമത്തെ വയസ്സിൽ അദ്ദേഹം പോലീസ് കസ്റ്റഡിയിലിരിക്കെ മരണപ്പെട്ടു. പാദുവയിലെ സെന്റ് ആന്റണീസ് ബസിലിക്കയിൽ അദ്ദേഹം ഉപയോഗിച്ചിരുന്ന കുമ്പസാരക്കൂട് ഇന്നും പൂജ്യമായി സൂക്ഷിക്കുന്നു.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.