സൈക്കിളോടിച്ച് മനുഷ്യഹൃദയങ്ങളിലേയ്ക്ക് കയറിയ ഒരു കുമ്പസാരക്കാരൻ

വീടുകൾക്കു മുൻപിൽ സൈക്കിൾ മണിയൊച്ച കേൾക്കുമ്പോൾ അവിടുത്തുകാർക്കറിയാം അതാരാണെന്ന്. തങ്ങളുടെ ഇടവക വികാരിയച്ചന്‍  വന്നതാണ്! മറ്റൊന്നിനുമല്ല, വിശ്വാസികളെ കുമ്പസാരിപ്പിക്കാൻ, രോഗീലേപനം നൽകുവാൻ, അവരോടൊപ്പം വിശുദ്ധ ബലി അർപ്പിക്കാൻ!

പെറുവിലെ ലിമയിൽ, ഫാ. പോൾ റിവാസ് അൽഫാരോ എന്ന യുവ വൈദികന്‍  തന്റെ സൈക്കിൾ ഓടിച്ചുകയറിയത് അനേകം വിശ്വാസികളുടെ ഹൃദയങ്ങളിലേക്കായിരുന്നു. അവരുടെ ആത്മീയജീവിതത്തിൽ വരുത്തിയ മാറ്റങ്ങൾക്ക് അദ്ദേഹം ദൈവത്തോടൊപ്പം തന്നെ തന്റെ സൈക്കിളിനെയും ചേർത്തുപിടിച്ചു. ഒരു സൈക്കിൾ, തന്റെ ആടുകളുടെ ആത്മീയ ഉന്നമനത്തിന്റെ ഭാഗമായി മാറിയ കഥ 32-കാരനായ അച്ചന്റെ വാക്കുകളിലൂടെ കേൾക്കാം.

2019 ഒക്ടോബർ 28-ന് പൗരോഹിത്യം സ്വീകരിച്ചപ്പോൾ അന്നേ ദിവസം പെറുവിയൻ സഭ ‘അത്ഭുതങ്ങളുടെ പ്രഭു’വിന്റെ പ്രത്യേക ദിനം ആചരിക്കുകയായിരുന്നു. ആ ദിനത്തിൽ പട്ടമേറ്റതിനാലാകണം ഫാ. അൽഫാരോയും ഇന്ന് ചെറിയ ചെറിയ അത്ഭുതങ്ങൾ കാണിച്ചുകൊണ്ടിരിക്കുന്നത്.

“ശരീരത്തിൽ കൊളസ്‌ട്രോൾ ഉയർന്നതിനാൽ ആരോഗ്യം വീണ്ടെടുക്കുന്നതിനായി മേലധികാരികൾ എനിക്ക് സൈക്കിളാണ് സമ്മാനിച്ചത്. എന്നാൽ ആ സൈക്കിൾ കൊണ്ട് എന്റെ ഇടവകജനങ്ങളെ എങ്ങനെ സഹായിക്കാമെന്ന് ഞാൻ ചിന്തിച്ചു. അങ്ങനെയാണ് ഹോം ഡെലിവറി സംവിധാനം പോലെ എല്ലാ വീടുകളിലും ചെന്ന് കുമ്പസാരം നടത്തിയാലോ എന്ന് ആലോചിച്ചത്. വിശ്വാസികൾ നിരവധി ഉണ്ടായിരുന്നെങ്കിലും വിശുദ്ധ കുർബാനയിലും മറ്റു തിരുകര്‍മ്മങ്ങളിലും പങ്കെടുക്കുവാൻ വളരെ കുറച്ചു വിശ്വാസികൾ മാത്രമേ ദൈവാലയത്തിൽ കടന്നുവരാറുണ്ടായിരുന്നുള്ളൂ. കോവിഡ് കാരണവും ആളുകൾ പുറത്തിറങ്ങുന്നത് വളരെ കുറവാണ്. അതിനാൽ എന്റെ ആടുകളെ അന്വേഷിച്ചിറങ്ങേണ്ടത് എന്റെ കടമയെന്ന് എനിക്ക് മനസ്സിലായി. കാണാതെപോയ ആടിന്റെ ഉപമ നമുക്കറിയാമല്ലോ. അങ്ങനെ ഞാനെന്റെ സൈക്കിളിൽ യാത്ര തുടങ്ങി. ആദ്യ ദിനത്തിൽ നാലു പേരെയാണ് കുമ്പസാരിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്‌ച കൊണ്ട് 32 വിശ്വാസികളെ അവരുടെ വീടുകളിൽ പോയി കുമ്പസാരിപ്പിക്കുവാൻ സാധിച്ചു. എല്ലാവരും തന്നെ പ്രായമേറിയവരും ആയിരുന്നു” – ഫാ. അൽഫാരോ പറയുന്നു.

കോവിഡ് മഹാമാരിയിൽ ഏകദേശം 1, 80,000 ആളുകളാണ് മരണമടഞ്ഞത്. അതിനാൽ തന്നെ സുരക്ഷാക്രമീകരണങ്ങള്‍ നടത്തിയാണ് അച്ചൻ പുറത്തിറങ്ങുന്നത്. മുഖത്ത് ഷീൽഡും മാസ്കും അതുപോലെ ഇരുട്ടിയാലും തിരിച്ചുവരുന്നതിനായി ലൈറ്റും ഒക്കെ കൈയ്യിൽ കരുതുന്നു. ഒരു കാർ തനിക്കില്ല എന്നുള്ളതിന്റെ പരാതികളൊന്നും ഈ യുവവൈദികനില്ല. തന്റെ സൈക്കിളിന്റെ സൗകര്യങ്ങൾ കൊണ്ട് അനേകരുടെ ഹൃദയങ്ങളെ ക്രിസ്തുവിനോട് ചേർത്തുനിർത്തുകയാണ് അദ്ദേഹം.

‘സൈക്കിൾ മിഷനിൽ’ അടുത്തതായി അദ്ദേഹം ഏറ്റവും ദൂരത്തേക്ക് പോകുവാനൊരുങ്ങുകയാണ്. “എന്റെ ഒരു സുഹൃത്ത്, അവന് കുമ്പസാരിക്കണമെന്ന് ആവശ്യപ്പെട്ടു. ഞാൻ സമൂഹമാധ്യമങ്ങളിൽ ചെയ്ത പോസ്റ്റ് കണ്ടിട്ടായിരുന്നു അവൻ എന്നെ വിളിച്ചത്. പക്ഷേ, അവൻ 70 കിലോമീറ്റർ ദൂരെയാണ് താമസിക്കുന്നത്. ഞാൻ വെളുപ്പിന് നാല് മണിക്ക് യാത്ര തുടങ്ങും എന്ന് സുഹൃത്തിനെ വിളിച്ചുപറഞ്ഞിട്ടുണ്ട്. വളരെ നീണ്ട ഒരു യാത്രയാണെങ്കിലും പാപങ്ങൾ മോചിക്കപ്പെടുമ്പോൾ അവന് ദൈവത്തെ കണ്ടുമുട്ടുവാനുള്ള ഒരു സാധ്യതയാണല്ലോ എന്നിലൂടെ സംഭവിക്കുവാൻ പോകുന്നത്. അതിനാൽ തീർച്ചയായും ഞാൻ പോകാനൊരുങ്ങുകയാണ്” – അദ്ദേഹം പറഞ്ഞു.

ഫാ. അൽഫാരോ ജനങ്ങൾക്കിടയിലേക്കിറങ്ങിയപ്പോൾ ആത്മീയദാരിദ്ര്യത്തെപ്പോലെ തന്നെ, ഭക്ഷണത്തിനും വെള്ളത്തിനും മറ്റ് അടിസ്ഥാനസൗകര്യങ്ങൾക്കും ദാരിദ്ര്യമനുഭവിക്കുന്ന ഒരുപാട് ജനങ്ങളെ കാണാന്‍ ഇടയായി. അതോടെ, ആത്മീയതയോടൊപ്പം അദ്ദേഹം ഭക്ഷണവും മറ്റ് അടിസ്ഥാനസൗകര്യങ്ങളും ആളുകള്‍ക്ക് നല്കാന്‍ ആരംഭിച്ചു. കഴിഞ്ഞ ക്രിസ്തുമസിന് 1000 കുട്ടികൾക്കാണ് പ്രഭാതഭക്ഷണം ഒരുക്കിയത്. ഇതിനായി അച്ചനെ സഹായിച്ചത് ഇടവക പരിധിക്കുള്ളിലെ പോലീസ് സ്റ്റേഷനിലെ നിയമപാലകരും. ‘പെറുവിനായി ഒരുമിക്കാം’ എന്ന കാമ്പെയ്ൻ ഇപ്പോൾ അദ്ദേഹം ആരംഭിച്ചിട്ടുണ്ട്. മരുന്നുകളും ഭക്ഷണവും മറ്റു ജീവൻരക്ഷാ ഉപകരണങ്ങളും എല്ലാം ആവശ്യമാണ്. അതുകൊണ്ടു തന്നെ ഈ സംരംഭം കൂടുതൽ ആളുകളിലേക്കെത്തിക്കുവാൻ ശ്രമിക്കുകയാണ് ഈ പുരോഹിതൻ.

മാസ്കുമിട്ട് മുഖത്ത് ഷീൽഡും വച്ച് സൈക്കിളൊരു ലൈറ്റും വച്ച് അദ്ദേഹം പോകാനൊരുങ്ങുകയാണ്.  സൈക്കിൾ സ്റ്റാൻഡിൽ നിന്ന് മാറ്റി അതിൽ കയറുന്നതിനിടയിൽ പിന്നിൽ ക്രിസ്തുവും കയറുന്നുണ്ടെന്ന് ഉറപ്പാണ്. അതെ, ആ പുരോഹിതൻ സൈക്കിൾ ചവിട്ടിക്കൊണ്ട് നീങ്ങുകയാണ്; ക്രിസ്തുവിനെയും കൊണ്ട്. തന്റെ ആടുകൾക്കിടയിലേക്ക്… കർത്താവിനെ കാണിച്ചുകൊടുക്കുവാൻ…

സുനിഷ നടവയല്‍

സുനീഷാ നടവയല്‍ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.