കർണ്ണാടക സംഗീതത്തെ ക്രിസ്തീയമാക്കിയ പാടും പാതിരി – ഫാ. പോൾ പൂവത്തിങ്കൽ സിഎംഐ

മരിയ ജോസ്

രംഗം പള്ളുരുത്തി ഭവാനീശ്വര മഹാക്ഷേത്രം. ഉത്സവത്തോടനുബന്ധിച്ച് കച്ചേരി തുടങ്ങുവാനുള്ള സമയം ആയി. സദസിന്റെ കർട്ടൻ പൊങ്ങിയപ്പോൾ നാട്ടുകാർക്ക് അത്ഭുതം. കച്ചേരി  അവതരിപ്പിക്കുന്നത് ളോഹയിട്ട ഒരു വൈദികൻ! അടക്കിപ്പിടിച്ച സംസാരങ്ങൾക്കിടയിൽ കച്ചേരി തുടങ്ങി. ക്ഷേത്രമുറ്റം പതിയെ പാട്ടിലേയ്ക്ക് അലിഞ്ഞു. ഒപ്പം അത്ഭുതങ്ങൾ കണ്ട മുഖങ്ങൾ ആസ്വാദനത്തിന്റെ ആന്തരികമായ ഒരു ഭാവത്തിലേയ്ക്കും.

ക്ഷേത്ര മുറ്റത്തെ പോലും സംഗീതത്തിന്റെ ആത്മീയതയിൽ അലിയിപ്പിച്ച ആ വൈദികനാണ് പാടും പാതിരി എന്ന പേരിൽ അറിയപ്പെടുന്ന ഫാ. പോൾ പൂവത്തിങ്കൽ സിഎംഐ. കർണ്ണാടക സംഗീതത്തിലേക്ക് ക്രിസ്തീയതയെ ആവാഹിച്ച ആ മഹാ സംഗീതജ്ഞന്‍ തന്റെ സംഗീത വിശേഷങ്ങളുമായി ലൈഫ് ഡേയ്ക്ക് ഒപ്പം ചേരുകയാണ്…

സംഗീതത്തെ വളർത്തിയ സെമിനാരി ജീവിതം

പതിനേഴാം വയസിൽ വരന്തരപ്പിള്ളി മൈനർ സെമിനാരിയിൽ  ചേരുന്നിടത്ത്  നിന്നാണ് ഫാ. പോൾ പൂവത്തിങ്കലിന്റെ സംഗീത ജീവിതത്തിലേക്കുള്ള പ്രയാണം ആരംഭിക്കുന്നത്. പാടൻകഴിവുണ്ട് എന്നാൽ അതിൽ ആഴമായ പ്രാവീണ്യം ഒന്നും ഇല്ല. അത്യാവശ്യം പള്ളിയിലെ ഗായക സംഘത്തിൽ പാടിയ പരിചയവുമായി സെമിനാരി ജീവിതത്തിലേയ്ക്ക് കടക്കുമ്പോൾ ഒരിക്കൽ പോലും അദ്ദേഹം കരുതിയിരുന്നില്ല സംഗീതലോകം തന്റെ ജീവിതം തന്നെ മാറ്റി മറിക്കും എന്ന്. സെമിനാരിയിലെത്തിയ അദ്ദേഹത്തിൻറെ കഴിവ് തിരിച്ചറിഞ്ഞ് സംഗീതം അഭ്യസിപ്പിക്കുന്നതിനായി അധികാരികൾ അയച്ചു. ആദ്യം സ്വരങ്ങളും സ്ഥാനങ്ങളും പറഞ്ഞ് കൊടുത്തത് സോദരൻ നമ്പൂതിരിയാണ്.

തുടർന്ന് ബാംഗ്ലൂർ ധർമ്മരം കോളേജിൽ പഠനത്തിനായി എത്തിയ അദ്ദേഹം, കെ. കൃഷ്ണൻ മൂർത്തി സാറിന്റെ കീഴിൽ സംഗീത പഠനം തുടർന്നു. തുടർന്നുള്ള വൈദിക പരിശീലനത്തിന്റെ സമയങ്ങളിൽ സംഗീതവുമായി ബന്ധപ്പെട്ടു ധാരാളം സമ്മാനങ്ങൾ നേടുവാൻ സാധിച്ചു. ആ സമ്മാനങ്ങളാണ് സംഗീതത്തെ കൂടുതൽ അറിയണം എന്ന ആഗ്രഹം തന്നിലേക്ക് കൊണ്ടുവന്നത് എന്ന് അച്ചൻ പറയുന്നു. അങ്ങനെ തിയോളജി പഠനത്തിനും പൌരോഹിത്യ സ്വീകരണത്തിനും ശേഷം വരന്തരപ്പിള്ളി ഇടവകയിൽ ഒരു വർഷം സേവനം ചെയ്തു. അപ്പോഴും സംഗീതത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങുവാനുള്ള ഒരു പ്രേരണ ഉള്ളില്‍ ഒരു നെരിപ്പോട് കണക്കെ അവശേഷിച്ചു.

സംഗീതത്തിന്റെ ആഴങ്ങളിലേയ്ക്ക്

സംഗീതത്തെ അറിയുവാനും പഠിക്കുവാനും ഉള്ള ആഗ്രഹം ഉള്ളില്‍ തീവ്രമായി തുടരുന്ന സമയത്താണ് അച്ചന്റെ മുന്നിലേയ്ക്ക് തിയോളജി പഠിക്കുവാനുള്ള അവസരം സഭാധികാരികള്‍ വയ്ക്കുന്നത്. എന്നാല്‍ തനിക്കു സംഗീതം പഠിച്ചാല്‍ കൊള്ളാം എന്ന ആഗ്രഹം അറിയിച്ച അച്ചനു മുന്നില്‍ പ്രതീക്ഷയുടെ പച്ചക്കൊടി വീശി സഭാധികാരികള്‍ ഒപ്പം നിന്നു. അങ്ങനെ സംഗീത മോഹവുമായി അച്ചന്‍ ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ എത്തി. അവിടെ സംഗീതത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി. വെറുതെയല്ല ഫസ്റ്റ് റാങ്കും ഗോള്‍ഡ്‌ മെഡലും നേടിയായിരുന്നു അത്.

തുടര്‍ന്ന് മദ്രാസ്‌ യൂണിവേഴ്സിറ്റിയില്‍ കര്‍ണ്ണാടക സംഗീതത്തില്‍ പിഎച്ച്ഡി പൂര്‍ത്തിയാക്കി. ആ പഠനം സംഗീതത്തില്‍ പിഎച്ച്ഡി നേടുന്ന ആദ്യ വൈദികന്‍ എന്ന ബഹുമതി നേടികൊടുത്തു. ചുരുക്കത്തില്‍ കര്‍ണ്ണാടക സംഗീതത്തെ കൂടുതല്‍ അറിയുവാനും അതിന്റെ ഉള്ളിലെ ആത്മീയ സാധ്യതകളെ തിരിച്ചറിയുവാനും കഴിഞ്ഞത് മദ്രാസ് യൂണിവേഴ്സിറ്റിയില്‍ വച്ചാണ് എന്ന് അദ്ദേഹം പറയുന്നു. ഇവിടെ വച്ചാണ് പാടും പാതിരി എന്ന വിശേഷണം അദ്ദേഹത്തിനു  ലഭിക്കുന്നത്.

ചുരുക്കത്തില്‍ അച്ചന്റെ ജീവിതം സംഗീതത്തിന്റെ ഉള്ളിലെ ആത്മീയത തേടിയുള്ള ഒരു തീര്‍ത്ഥാടനമായിരുന്നു. പട്ടം കിട്ടിയ ശേഷം സംഗീതത്തിന്റെ ആഴങ്ങളില്‍ ഒളിച്ചിരിക്കുന്ന ആത്മീയതയുടെ വേരുകള്‍ തേടിയുള്ള ആ യാത്ര എട്ടു വര്‍ഷങ്ങളോളം നീണ്ടു. ആ കാലയളവില്‍ ഒപ്പം നിന്ന സിഎംഐ സഭാ സമൂഹത്തോട് അച്ചനു തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്. കാരണം നാളിതുവരെ സംഗീതത്തിനായുള്ള തന്റെ അലച്ചിലിന് പിന്നില്‍ അവരായിരുന്നു പിന്തുണയുമായി നിന്നത്. അദ്ദേഹം ഓര്‍ക്കുന്നു.

ഗുരുസ്ഥാനീയനായി മലയാളത്തിന്റെ ഗാനഗന്ധര്‍വന്‍

സംഗീതം പഠിക്കുന്നതിനുള്ള അതിയായ മോഹവുമായി അച്ചന്‍ ചെന്നുപെട്ടത് സംഗീത ലോകത്തെ സിംഹത്തിന്റെ മടയില്‍ തന്നെയായിരുന്നു. മലയാളത്തിന്റെ ഗാനഗന്ധര്‍വന്‍ ശ്രീ യേശുദാസിന്റെ മുന്നില്‍. ദാസേട്ടനുമായുള്ള പരിചയം അച്ചന്റെ തലവര തന്നെ മാറ്റുകയായിരുന്നു. ചെറിയൊരു പരിചയത്തില്‍ നിന്ന് സൗഹൃദത്തിലേക്കും, അത് ഒരു ഗുരുശിഷ്യ ബന്ധത്തിലേയ്ക്കും വളര്‍ന്നു. ഒരു ശിഷ്യ സ്ഥാനത്ത് നിന്ന് സംഗീതത്തിലെ പിഴവുകള്‍ പറഞ്ഞു കൊടുത്ത് ദാസേട്ടന്‍ അദ്ദേഹത്തെ കൂടെ കൂട്ടി.

ഒഴിവു സമയങ്ങളില്‍ അച്ചന്‍ തന്റെ ഗുരുവിന്റെ വീട്ടില്‍ എത്തും. സംഗീതത്തെ കുറിച്ച് ചര്‍ച്ചകള്‍ നടത്തും. സംഗീതത്തെ തേടി അലയുന്ന രണ്ടു മനസുകളുടെ പഠന മുറിയായിരുന്നു ആ കൂടിക്കാഴ്ചകള്‍ പലതും. ഒപ്പം തന്നെ പല പുറം രാജ്യങ്ങളില്‍ സംഗീത കച്ചേരികള്‍ അവതരിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ അച്ചനു തുറന്നു നല്കിയതും ദാസേട്ടനാണ്. അദ്ദേഹവുമായി ഉള്ള ആഴമായ ബന്ധത്തില്‍ നിന്നാണ് “ഹിന്ദോള രാഗാര്‍ദ്രനായി….” എന്ന വളരെ ഹിറ്റായ ഗാനം കമ്പോസ് ചെയ്യുവാനുള്ള അവസരം വരുന്നതും, അത് മലയാളികളുടെ പ്രിയ ഗാനമായി മാറുന്നതും. ഇപ്പോഴും എല്ലാ കാര്യത്തിനും തനിക്കു പിന്തുണയുമായി നില്‍ക്കുന്ന ദാസേട്ടന്‍ ‘ഇതെന്റെ ശിഷ്യനാണ്’ എന്നാണ് തന്നെ മറ്റുള്ളവര്‍ക്ക്  പരിചയപ്പെടുത്തുക എന്ന് അച്ചന്‍ ഓര്‍ക്കുന്നു.

ആ ഗുരു ശിഷ്യ ബന്ധങ്ങളിൽ നിന്ന് കൊണ്ട് തന്നെ അദ്ദേഹം അച്ചനോട് ഒരു കാര്യം പറഞ്ഞു ‘അച്ചാ, അച്ചന്‍ കച്ചേരി അവതരിപ്പിക്കുന്നത് ഒരിക്കലും ഒരു വൈദികന്‍ എന്ന ഐടന്റിറ്റി മാറ്റി വച്ചിട്ടാകരുത്. അച്ചന്‍ കച്ചേരി അവതരിപ്പിക്കുന്നത് അച്ചന്റെ ളോഹ ഇട്ടുകൊണ്ട്‌ തന്നെയാകണം.’ ആ ഒരു ഉപദേശം ഇന്നുവരെ അദ്ദേഹം തെറ്റിച്ചിട്ടില്ല. ഒരു ശിഷ്യനായി ഒപ്പം നില്‍ക്കുമ്പോഴും സംഗീതത്തിന് വേണ്ടി പലതും മാറ്റി വച്ച ഒരു താപസ ജീവിതം, അതാണ് തന്നെ അദ്ദേഹത്തിലേയ്ക്ക് ആകര്‍ഷിച്ചത് എന്ന് അച്ചന്‍ വെളിപ്പെടുത്തുന്നു.

കര്‍ണ്ണാടക സംഗീതത്തിലെ ക്രിസ്തീയത

സംഗീതത്തെ തേടിയുള്ള യാത്രകളില്‍ കച്ചേരികള്‍ വല്ലാത്ത ഒരു ദൈവിക അനുഭവം പകരുന്നതായി തോന്നിയിരുന്നു. താന്‍ അനുഭവിക്കുന്ന ദൈവാനുഭവം മറ്റുള്ളവരിലേ പകര്‍ന്നു കൊടുക്കേണ്ട ആളാണല്ലോ. ആ അര്‍ത്ഥത്തില്‍ അതിനു ഏറ്റവും അനുയോജ്യമായ ഒരു അവസരം ഇതു തന്നെയാണെന്ന ഒരു തോന്നല്‍ ദൈവം ഉള്ളില്‍ നിക്ഷേപിക്കുന്നതായി തോന്നി തുടങ്ങി. ഒപ്പം തന്നെ അതില്‍ സാംസ്കാരികമായ ഒരു അനുരൂപണത്തിന്റെ സാദ്ധ്യതകള്‍ തിരിച്ചറിഞ്ഞ അച്ചന്‍  യേശുവിനെ പറ്റിയും മാതാവിനെ പറ്റിയും ഒക്കെയുള്ള കീര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തി.

അങ്ങനെ ചിട്ടപ്പെടുത്തിയ ക്രിസ്തീയ കീര്‍ത്തനങ്ങളുമായി പള്ളി മുറ്റങ്ങളില്‍ എത്തിയപ്പോള്‍ അതൊരു വലിയ തിരിച്ചറിവായി മാറുകയായിരുന്നു. ഒപ്പം കര്‍ണ്ണാടക സംഗീതത്തിന്റെ ആത്മീയ പരിവര്‍ത്തന സാധ്യതകളിലേക്ക് ക്രിസ്തീയതയെ സന്നിവേശിപ്പിക്കുകയുമായിരുന്നു. മദ്രാസ്‌ യൂണിവേഴ്സിറ്റിയിലെ പിഎച്ച്ഡി പഠനത്തിനായി തിരഞ്ഞെടുത്ത വിഷയവും ‘കര്‍ണാടക സംഗീതവും ക്രിസ്തീയതയും’ എന്നതായിരുന്നു.

പൗരോഹിത്യ ശുശ്രൂഷയെ പൂര്‍ണ്ണതയില്‍ എത്തിക്കുന്ന സംഗീതം

സംഗീത ലോകത്തെ ആഴങ്ങള്‍ തേടിയുള്ള യാത്ര. അതിനിടയില്‍ ഒരു പുരോഹിതന്റെതായ കടമകള്‍ എങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം വളരെ പെട്ടന്നായിരുന്നു. കാരണം അദ്ദേഹം തന്റെ പൗരോഹിത്യ ശുശ്രൂഷ അതിന്റെ പൂര്‍ണ്ണതയില്‍ നിര്‍വഹിക്കുന്നത് സംഗീതത്തിന്റെ അകമ്പടിയോടെയാണ്. ഒരു പുരോഹിതന്റെ ഏറ്റവും വലിയ ധര്‍മ്മമാണല്ലോ വിശുദ്ധ കുര്‍ബാന അതിന്റെ പൂര്‍ണ്ണതയില്‍ അര്‍പ്പിക്കുക എന്നത്. അച്ചന്‍ കുര്‍ബാന ചൊല്ലുമ്പോള്‍ ഒരു തംബുരു ഓണ്‍ ചെയ്തു വയ്ക്കാറുണ്ട്. അതിന്റെ അകമ്പടിയോടെ ഉള്ള കുര്‍ബാന കൂടുതല്‍ അനുഭവേധ്യമായി എന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്.

കൂടാതെ സംഗീത ജീവിതം അതൊരു ചിട്ടയായ ജീവിതമാണ്‌. സംഗീതം ശരിയായി അഭ്യസിക്കുന്ന ഒരാള്‍ ആത്മീയതയുടെ ഉച്ചകോടിയിലേയ്ക്ക് എത്തുന്നു. മനസും ശരീരവും വിശുദ്ധമാക്കിയുള്ള ഒരു ജീവിതം. ആ ജീവിതത്തിന്റെ വിശുദ്ധി അത് നാം ആയിരിക്കുന്നിടത്ത് ഒക്കെ പരത്തുവാന്‍ കഴിയും. സംഗീതം ആലപിക്കുമ്പോള്‍, കച്ചേരികള്‍ അവതരിപ്പിക്കുമ്പോള്‍ അത് കേള്‍ക്കുന്നവരില്‍ ദൈവീകമായ ഒരു അനുഭവം നിറയ്ക്കുന്നു.  കണ്ണുകള്‍ നിറയുന്നതായും ഹൃദയത്തില്‍ ഒരു ജ്വലനം ഉണ്ടാവുകയും ചെയ്യുന്നതായി പലരും അഭിപ്രായപെട്ടിട്ടുണ്ട് എന്ന് അച്ചന്‍  വെളിപ്പെടുത്തുന്നു.

അതിനാല്‍ തന്നെ സംഗീത ജീവിതം അത് തന്റെ ശുശ്രൂഷയെ കൂടുതല്‍ ബലപ്പെടുത്തുകയും സഹായിക്കുകയും മാത്രമേ ചെയ്തിട്ടുള്ളൂ എന്ന് അച്ചന്‍ വെളിപ്പെടുത്തുന്നു.

കച്ചേരിയുമായി അബ്ദുൾ കലാമിന്റെ മുന്നില്‍

2007 ഡോ എ.പി.ജെ അബ്ദുള്‍കാലം പ്രസിഡണ്ട്‌ ആയിരുന്ന സമയം അദ്ദേഹത്തിന്‍റെ മുന്‍പില്‍ കച്ചേരി അവതരിപ്പിക്കുന്നതിനു ലഭിച്ച അവസരം വലിയ ഒരു ഭാഗ്യമായി കരുതുകയാണ് അച്ചന്‍. അന്ന് ഒരു മതസൌഹാര്‍ദ്ദ കച്ചേരിയാണ്‌ അവതരിപ്പിച്ചത്. ക്രിസ്തീയമായതും ഹൈന്ദവ വിശ്വാസവുമായി ചേര്‍ന്ന് നില്‍ക്കുന്നതും മുഹമ്മദിനെ കുറിച്ചുള്ളതും ആയ കീര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയ ഒരു കച്ചേരി ആയിരുന്നു അത്.

ആ ഒരു കച്ചേരിക്ക്‌ ശേഷം അദ്ദേഹം അടുത്തു വന്ന് അദ്ദേഹത്തെ അഭിനന്ദിച്ചു. ഇത്തരം കച്ചേരികളാണ് ഇന്ന് സമൂഹത്തില്‍ ആവശ്യം എന്ന് അദ്ദേഹം പറഞ്ഞു. ആ വാക്കുകള്‍, ആ നിമിഷം അവിസ്മരണീയമായ ഒന്നായിരുന്നു എന്ന് പോള്‍ അച്ചന്‍ ഓര്‍ക്കുന്നു.

താന്‍ അവതരിപ്പിക്കുന്നതൊക്കെ മതസൌഹാര്‍ദ്ദ കച്ചേരികളാണ് എന്ന് അച്ചന്‍ പറയുന്നു. അത് ക്ഷേത്രത്തിലായാലും മറ്റു സ്ഥലങ്ങളില്‍ ആയാലും അതില്‍ ഒരു ക്രിസ്ത്യന്‍ കീര്‍ത്തനം എങ്കിലും ഉള്‍പ്പെട്ടിരിക്കും. കൂടാതെ എവിടെയൊക്കെ കച്ചേരി അവതരിപ്പിക്കുന്നുവോ അവിടെയൊക്കെ ളോഹ ധരിച്ചു കൊണ്ടാണ് അച്ചന്‍ പരിപാടി അവതരിപ്പിക്കുക.

പുതിയ ശുശ്രൂഷാ മേഖലയിലേയ്ക്ക്

അച്ചന്റെ മറ്റൊരു പ്രവര്‍ത്തന മേഖലയാണ് തൃശൂരിലെ വോക്കോളജി ക്ലിനിക്. ശബ്ദ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് വ്യായാമത്തിലൂടെയും മറ്റും ചികിത്സ നല്‍കുന്ന ഒരു സ്ഥലമാണ്‌ ഈ വോയിസ്‌ ക്ലിനിക്. അമേരിക്കയിലെ കോളറാഡോയില്‍ നിന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ വോയിസ് ആന്‍ഡ്‌ സ്പീച്ചില്‍ നിന്ന് ലോക പ്രശസ്ത ശബ്ദ ശാസ്ത്രജ്ഞനായ പ്രൊ. ഡോ ഇന്‍ഗോയുടെ കീഴില്‍ വോക്കൊളജി പഠനം പൂര്‍ത്തിയാക്കിയ അച്ചന്‍ ഒരിക്കലും ഒരു ക്ലിനിക്ക് തുടങ്ങുന്നതിനോ ചികിത്സ നല്‍കുന്നതിനോ ഒന്നും അല്ല ആ കോഴ്സ് പഠിച്ചത്. സ്വന്തം ശബ്ദത്തെ ഒന്ന് മെച്ചപ്പെടുത്തണം അത്രമാത്രം ആയിരുന്നു മനസ്സില്‍. എന്നാല്‍ ദൈവം തന്നെ പ്രത്യേകമായ വിധത്തില്‍ ഒരുക്കുകയായിരുന്നു എന്ന് അച്ചന്‍ പറയുന്നു.

ഒരിക്കല്‍ ഒരു ചെറുപ്പക്കാരനെയും കൊണ്ട് അച്ചന്റെ പക്കല്‍ ഒരു സുഹൃത്ത് എത്തി. ആ യുവാവിനു പെണ്‍കുട്ടികളുടെ ശബ്ദം ആയിരുന്നു. എന്ത് ചെയ്യണം എന്ന് അറിയില്ല. എങ്കിലും ചില വ്യായാമങ്ങള്‍ ചെയ്യിപ്പിച്ചു. ഏകദേശം പതിനഞ്ചു മിനിറ്റ് ശബ്ദ  വ്യായാമത്തിന് ശേഷം ആളുടെ ശബ്ദം ശരിയായി.” കണ്ടു നിന്നവര്‍ക്ക് ശരിക്കും അത്ഭുതമായി. അവര്‍ക്ക് മാത്രമല്ല എനിക്കും” ആ നിമിഷത്തെ കുറിച്ച് അച്ചന്‍ പറയുന്നത് ഇങ്ങനെയാണ്. പിന്നീടാണ് അതിന്റെ സാധ്യതകളെ കുറിച്ചു ചിന്തിക്കുന്നതും അനേകര്‍ക്ക്‌ പ്രതീക്ഷ നല്‍കുവാന്‍ ഒരു ക്ലിനിക്ക് തുടങ്ങുന്നതും.

എല്ലാ ബുധനാഴ്ചയും രാവിലെ തുടങ്ങുന്ന ശുശ്രൂഷ രാത്രി ഒന്‍പതു മണി വരെ നീളും. ഇവിടെ വിക്കുള്ള ആളുകളും സ്ട്രോക്ക് വന്നു സംസാരിക്കാന്‍ കഴിയാത്തവരും തുടങ്ങി ധാരാളം ആളുകള്‍ വന്നു സുഖം പ്രാപിച്ചു പോകുന്നു. അതിനൊക്കെ പിന്നില്‍ അനുദിനം താന്‍ അര്‍പ്പിക്കുന്ന കുര്‍ബാനയില്‍ നിന്ന് ശക്തി പകരുന്ന ദൈവമാണ് എന്ന് അച്ചന്‍ ഉറച്ചു വിശ്വസിക്കുകയാണ്.

അംഗീകാരങ്ങള്‍ 

സംഗീത ജീവിതം പല അംഗീകാരങ്ങളും അച്ചന്റെ ജീവിതത്തിലേയ്ക്ക് കൊണ്ട് വന്നു. കേന്ദ്ര ഗവണ്മെന്റിന്റെ മിനിസ്ട്രി ഓഫ് കള്‍ച്ചറിന്റെ സീനിയര്‍ ഫെലോഷിപ്പ് അവാര്‍ഡ്, ശാസ്ത്രീയ സംഗീതത്തിന് കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, കെസിബിസിയുടെ മാധ്യമ പുരസ്‌കാരം, ന്യൂയോര്‍ക്കിലെ മിലേനിയം സരസ്വതി അവാര്‍ഡ്, ടെക്സസില്‍ നിന്ന് റിയോ ഗ്രാന്റ് അവാര്‍ഡ്, തൃശൂര്‍ അതിരൂപതയുടെ മീഡിയ അവാര്‍ഡ്, തൃശൂര്‍ കലസദന്‍ അവാര്‍ഡ്, മേരി വിജയം അവാര്‍ഡ് തുടങ്ങിയവയാണ് പ്രധാന പുരസ്കാരങ്ങള്‍

പ്രധാന സംഭാവനകള്‍

“ഹിന്ദോള രാഗാര്‍ദ്രനായി…” എന്ന ഭക്തി ഗാനം ചിട്ടപ്പെടുത്തിയത് പോള്‍ അച്ചന്റെ പ്രധാനപ്പെട്ട ഒരു സംഭാവനയാണ്. കൂടാതെ സീറോ മലബാര്‍ സഭയിലെ കൂദാശകള്‍ക്ക് ഉപയോഗിക്കുന്ന ഗാനങ്ങള്‍ അച്ചന്‍ തയ്യാറാക്കിയവയാണ്.

കര്‍ണ്ണാടക സംഗീതം പള്ളിമുറ്റങ്ങളിലേയ്ക്ക് എത്തിച്ചതിനു പിന്നില്‍ അച്ചന്റെ വളരെ നാളത്തെ പരിശ്രമം ഉണ്ട്. കൂടാതെ അര്‍ണ്ണോസ് പാതിരിയുടെ പുത്തന്‍പാന ഭരതനാട്യം അവതരിപ്പിക്കുന്നതിനു പാകത്തില്‍ ചിട്ടപ്പെടുത്തിയതും ക്രിസ്തീയ ക്ലാസിക്കല്‍ നൃത്തത്തിന് സംഗീതം തയ്യാറാക്കിയതും അച്ചന്റെ നേതൃത്വത്തിലാണ് എന്നതും വളരെ പ്രധാനപ്പെട്ട ഒന്നാണ്. കര്‍ണ്ണാടക സംഗീതത്തിന്റെ രാഗങ്ങളെ  അടിസ്ഥാനമാക്കി കുര്‍ബാന ചിട്ടപ്പെടുത്തിയിട്ടുണ്ട്. അത് അദ്ദേഹത്തിന്‍റെ വലിയ ഒരു സംഭാവനയാണ്. കൂടാതെ വിവിധ ഭാഷകളില്‍ ഭജനുകള്‍, ദേശീയ ഉദ്ഗ്രഥന ഗാനങ്ങള്‍, വിശുദ്ധ കലകളുടെ അവതരണം തുടങ്ങിയവയും അച്ചന്റെ സംഭാവനയാണ്.

തൃശ്ശൂര്‍ ചേതന മ്യൂസിക്ക് അക്കാദമിയിലെ പ്രിന്‍സിപ്പലായി സേവനം ചെയ്യുന്ന അദ്ദേഹത്തിൻറെ അടുത്ത സ്വപ്നം ഒരു ഗാനാശ്രമം എന്നതാണ്. മനുഷ്യന്റെ ഹൃദയത്തിലേയ്ക്ക് കടന്നു ചെന്ന് മാറ്റങ്ങള്‍ സൃഷ്ടിക്കുവാന്‍ കഴിയുന്ന വലിയ ഒരു മാധ്യമമാണ് സംഗീതം. ആത്മീയതയുടെ നിലയ്ക്കാത്ത പ്രവാഹമായി ആ സംഗീതത്തെ മാറ്റുവാന്‍ ഫാ. പോള്‍ പൂവത്തിങ്കല്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അതിന്റെ പൂര്‍ണ്ണതയില്‍ നിര്‍വ്വഹിക്കുവാന്‍ ദൈവം അനുഗ്രഹിക്കട്ടെ…

മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.