ഫാ. ഹെന്റി പട്ടരുമഠത്തിലിനെ പൊന്തിഫിക്കല്‍ ബൈബിള്‍ കമ്മീഷന്‍ അംഗമായി പാപ്പാ നിയോഗിച്ചു

തിരുവചനത്തിന്റെ വ്യാഖ്യാനപഠനത്തിനുള്ള റോമിലെ ബൈബിള്‍ വിജ്ഞാനീയത്തിനുളള പൊന്തിഫിക്കല്‍ വിദ്യപീഠത്തിന്റെ ഡീനും വ്യാഖ്യാന പഠനവിഭാഗത്തില്‍ പ്രവര്‍ത്തിക്കവെയുമാണ് ഫ്രാന്‍സിസ് പാപ്പാ ജനുവരി 10-ന് ഇറക്കിയ വിജ്ഞാനപത്തിലൂടെ ഫാ. ഹെന്റി പട്ടരുമഠത്തിലിനെ വത്തിക്കാന്റെ പൊന്തിഫിക്കല്‍ ബൈബിള്‍ കമ്മിഷന്റെ അംഗമായി നിയമിച്ചത്.

ഈശോസഭയുടെ കേരള പ്രൊവിന്‍സ് അംഗമാണ് ഫാ. ഹെന്റി പട്ടരുമഠത്തില്‍. ബൈബിള്‍ വ്യാഖ്യാന വൈജ്ഞാനികത്തില്‍ ആഗോളതലത്തില്‍ പ്രഗത്ഭരായ അദ്ധ്യാപകരെയും പ്രേഷിതരെയും സൃഷ്ടിക്കുന്ന റോമിലെ പൊന്തിഫിക്കല്‍ ബൈബിള്‍ വിദ്യാപീഠത്തിന്റെ ചുക്കാന്‍ പിടിക്കുകയും പ്രഫസറായി സേവനമനുഷ്ഠിക്കുകയും ചെയ്യുന്ന പ്രഥമ ഇന്ത്യക്കാരനാണ് ഫാ. ഹെന്റി.

വരാപ്പുഴ അതിരൂപതയിലെ പൊറ്റക്കുഴി ചെറുപുഷ്പം ഇടവകയില്‍ പട്ടരുമഠം ജോര്‍ജ്ജ് – ക്യാതറീന്‍ ദമ്പതികളുടെ പുത്രനാണ് ഫാ. ഹെന്റി പട്ടരുമഠത്തില്‍. കോളേജ് വിദ്യാഭ്യാസത്തിനുശേഷം 1986-ല്‍ ഈശോസഭയില്‍ ചേര്‍ന്നു. 1995-ല്‍ പൗരോഹിത്യം സ്വീകരിച്ചു. റോമിലെ പൊന്തിഫിക്കല്‍ ബൈബിള്‍ വിദ്യാപീഠത്തില്‍ നിന്നു തന്നെ അദ്ദേഹം ബൈബിള്‍ വ്യാഖ്യാനപഠനത്തില്‍ 2001-ല്‍ ലൈസന്‍ഷിയേറ്റും തുടര്‍ന്ന് ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബൈബിള്‍ വിജ്ഞാനീയത്തില്‍ 2007-ല്‍ ഡോക്ടര്‍ ബിരുദവും കരസ്ഥമാക്കി.

മലയിലെ പ്രസംഗം – വിശകലനവും വ്യാഖ്യാനവും, സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് മത്തായിയുടെ സുവിശേഷം പഠിപ്പിക്കുന്ന ക്രിസ്തുശിഷ്യത്വം, യാത്രി ബൈബിള്‍ പഠനവും ധ്യാനവും എന്നിവ ഫാ. പട്ടരുമഠത്തിലിന്റെ ശ്രദ്ധേയമായ രചനകളാണ്. കൂടാതെ ബൈബിള്‍സംബന്ധിയായ നിരവധി ലേഖനങ്ങളും പ്രബന്ധങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്.

ബൈബിള്‍ വ്യാഖ്യാനപഠനത്തിനുള്ള ലോകത്തെ ഏറ്റവും പഴക്കമുള്ളതും സമുന്നതവുമായ വിദ്യാപീഠമാണ് റോമിലെ പൊന്തിഫിക്കല്‍ ബൈബിള്‍ ഇന്‍സ്റ്റിറ്റ്യൂട്ട്. 1909-ല്‍ വിശുദ്ധനായ 10-ാം പിയൂസ് പാപ്പാ സ്ഥാപിച്ചതാണ് ഈ ബൈബിള്‍ വ്യാഖ്യാനപഠനത്തിനുള്ള വിദ്യാപീഠം. തിരുവെഴുത്തുകള്‍ ശരിയായി വ്യാഖ്യനിക്കപ്പെടണം എന്ന ലക്ഷ്യവുമായിട്ടാണ് പൊന്തിഫിക്കല്‍ ബൈബിള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഈശോസഭാംഗങ്ങളുടെ നേതൃത്വത്തില്‍ സ്ഥാപിതമായത്.

തിരുവചനം അര്‍ത്ഥഗര്‍ഭമായും ശരിയായും വ്യാഖ്യാനിക്കുവാന്‍ ബൈബിള്‍ വിജ്ഞാനിയവും പൗരസ്ത്യ സാംസ്‌കാരികതയും ഭാഷകളുടെ പഠനവും കൂട്ടിയിണക്കിയ ശാസ്ത്രീയസങ്കേതമാണിത്.ഈ അത്യപൂര്‍വ്വ സ്ഥാപനത്തില്‍ 2021-ലെ അദ്ധ്യയന വര്‍ഷത്തില്‍ ലൈസന്‍ഷിയേറ്റിനും ഡോക്ടറല്‍ ബിരുദത്തിനുമായി ലോകത്തിന്റെ 75 വിവിധ രാജ്യങ്ങളില്‍ നിന്നായി 100-ലധികം വിദ്യാര്‍ത്ഥികള്‍ ഗവേഷണപഠനം നടത്തുന്നുണ്ട്.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.