ഭിന്നശേഷിക്കാര്‍ക്കായുള്ള മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിന് ദേശീയ പുരസ്‌ക്കാരം

കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യ (CHAI), നെതര്‍ലന്‍ഡ്‌സ് കേന്ദ്രമായി 60 -ലധികം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റിച്ചിംഗ് ലില്ലിയാനേ ഫോണ്ട്‌സ് സംഘടനയുമായി ചേര്‍ന്ന് ഭാരതത്തില്‍ ഭിന്നശേഷിയുള്ളവര്‍ക്കു വേണ്ടി മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്ക് ഏര്‍പ്പെടുത്തിയ ദേശീയ പുരസ്‌ക്കാരത്തിന് മികച്ച സാമൂഹ്യപ്രവര്‍ത്തകനും കോട്ടയം അതിരൂപതാ വികാരി ജനറാളുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിനെ തെരഞ്ഞെടുത്തു. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

സാമൂഹ്യസേവന രംഗത്ത് പൊതുവായും ഭിന്നശേഷിയുള്ളവരുടെ വളര്‍ച്ചക്ക് പ്രത്യേകമായും കഴിഞ്ഞ 24 വര്‍ഷക്കാലത്തെ വിവിധ പ്രവര്‍ത്തനങ്ങളാണ് ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.  കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗങ്ങളായ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയിലും കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയിലുമായി 18 വര്‍ഷം നല്‍കിയ നേതൃത്വവും തുടര്‍ന്ന് സീറോ മലബാര്‍ സഭയുടെ സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളുടെ ചീഫ് കോര്‍ഡിനേറ്ററായും കെ.സി.ബി.സി ജസ്റ്റീസ് പീസ് കമ്മീഷന്റെ നേതൃത്വത്തിലുള്ള കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറത്തിന്റെ ജോയിന്റ് സെക്രട്ടറിയായും ചെയ്ത സേവനങ്ങളും സംസ്ഥാന സര്‍ക്കാരുമായും ത്രിതല പഞ്ചായത്തുകളുമായും ബന്ധപ്പെട്ട് ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ക്കായി നടത്തിയ വിവിധ അവകാശ സംരക്ഷണ ഇടപെടലുകളും പരിഗണിച്ചാണ് ഫാ. മൈക്കിളിനെ പ്രത്യേക പുരസ്‌ക്കാരത്തിനായി തെരഞ്ഞെടുത്തത്.

ഭിന്നശേഷിയുള്ളവര്‍ക്കായി നടപ്പിലാക്കിയ സമൂഹാധിഷ്ഠിത പുനരധിവാസ സി.ബി.ആര്‍ പദ്ധതിയിലെ വിവിധ പ്രവര്‍ത്തനങ്ങള്‍, അഗാപ്പെ സെന്ററുകളിലൂടെയുള്ള പങ്കാളിത്താധിഷ്ഠിത പുനരധിവാസ മാതൃകകള്‍, അന്ധ-ബധിര വ്യക്തികളുടെ ശാസ്ത്രീയ പരിശീലനത്തിനായി കേരളത്തില്‍ ആദ്യമായി തുടക്കം കുറിച്ച പരിശീലനകേന്ദ്രം, ഭിന്നശേഷിയുള്ളവര്‍ക്കായുള്ള സ്വാശ്രയസംഘങ്ങള്‍, ഫെഡറേഷനുകള്‍, തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങി ഭിന്നശേഷിയുള്ളവരുടെ സുസ്ഥിര വളര്‍ച്ചക്ക് വഴിയൊരുക്കിയ ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളുടെ ഫലപ്രാപ്തിയും ദേശീയ അന്തര്‍ദേശീയ തലത്തില്‍ ഭിന്നശേഷിയുള്ളവര്‍ക്കായുള്ള സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകളുടെ പ്രതിനിധികളടങ്ങിയ ആറംഗ അവാര്‍ഡ് ജൂറി പ്രത്യേകം പരിഗണിച്ചു.

ഭിന്നശേഷിക്കാര്‍ക്കായുള്ള സി.ബി.ആര്‍ പ്രവര്‍ത്തനങ്ങളുടെ റീജിയണല്‍ റിസോഴ്‌സ് പേഴ്‌സണായി പ്രവര്‍ത്തിച്ചിട്ടുള്ള ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഭിന്നശേഷിയുള്ളവരുടെ അവകാശസംരക്ഷണ അവബോധത്തിനായി നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുകയും അന്താരാഷ്ട്ര കോണ്‍ഫറന്‍സുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കോട്ടയം അതിരൂപതാ വികാരി ജനറാളായും രാഷ്ട്രദീപിക എക്‌സിക്യൂട്ടീവ് ഡയറക്ടറായും കോട്ടയം അതിരൂപതാ സോഷ്യല്‍ ആക്ഷന്‍ കമ്മീഷന്‍ ചെയര്‍മാനായും കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെയും ഗ്രീന്‍വാലി ഡെവലപ്‌മെന്റ് സൊസൈറ്റിയുടെയും പ്രസിഡന്റായും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.