ആത്മാവിനെ തൊട്ടുണര്‍ത്തുന്ന ഗാനങ്ങളുമായി പനച്ചിക്കലച്ചന്‍

ആത്മാവിനെ തൊട്ടുണര്‍ത്തുന്ന ഗാനങ്ങളുമായി ഫാ. മൈക്കിള്‍ പനച്ചിക്കല്‍. വിന്‍സെന്‍ഷ്യന്‍ സഭയുടെ കോട്ടയം പ്രോവിന്‍സ് അംഗമായ അദ്ദേഹം ഗാനരചനയില്‍ മാത്രമല്ല പ്രേഷിതരംഗത്തെ സംഭാവനകളിലും അനര്‍ഘമായ സംഭാവനകളാണ് കാഴ്ച വച്ചിരിക്കുന്നത്. ബൈബിള്‍ – സമ്പൂര്‍ണ്ണരൂപം മാതൃഭാഷയില്‍, തന്‍റെ ശബ്ദത്തില്‍ ഭക്തിസാന്ദ്രമായി വായിച്ച് ശബ്ദലേഖനം ചെയ്ത് പ്രചരിപ്പിച്ച ലോകത്തിലെ ഏകവ്യക്തിയാണ് പനച്ചിക്കലച്ചന്‍. സ്വന്തമായി നിരവധി ഗ്രന്ഥങ്ങളും ഗാനങ്ങളും കവിതകളും രചിച്ചിട്ടുള്ള പനച്ചിക്കലച്ചന്‍റെ ഭക്തിഗാനമേഖലയിലെ അതുല്യസംഭാവനയാണ് 11 ഗാനങ്ങളായി, സൃഷ്ടി മുതല്‍ ഉത്ഥാനം വരെയുള്ള രക്ഷാകരചരിത്രത്തിലെ നാഴികക്കല്ലുകളായ സംഭവങ്ങളെ കോര്‍ത്തിണക്കിയതും ജെറി അമല്‍ദേവ് സംഗീതസംവിധാനം നിര്‍വ്വഹിച്ചതുമായ (ദൈവികസാന്നിധ്യം) “ഡിവൈന്‍ മീലിയൂ” (Divine Mileu) എന്ന ഗാനശേഖരം.

ഭാരതത്തിലെ വിന്‍സെന്‍ഷ്യന്‍ സഭ 7 ഭാഷകളില്‍ പുറത്തിറക്കുന്ന “വചനോത്സവം” എന്ന മാസികയുടെ സ്ഥാപകനും പ്രസാധകനുമാണ് ഫാ. പനച്ചിക്കല്‍. മാധ്യമപഠനത്തില്‍ ബിരുദവും മലയാളത്തില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുള്ള അദ്ദേഹം സപ്തതിയുടെ നിറവിലും ഇപ്പോള്‍ പാലായിലെ വിന്‍സെന്‍ഷ്യന്‍ സെമിനാരിയില്‍ താമസിച്ചുകൊണ്ട് കേരളത്തില്‍ പ്രേഷിതരംഗത്ത് മാധ്യമശുശ്രൂഷയിലൂടെ സജീവമാണ്. പാലായിലെ അന്തിനാട് സ്വദേശിയാണ് അദ്ദേഹം.

കടപ്പാട്: ഫാദര്‍ വില്യം നെല്ലിക്കല്‍
www.vaticannews.va

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.