ഒരിടം തരണേ തലചായ്ച്ചുറങ്ങാന്‍… എന്ന നോമ്പുകാല ഹിറ്റ് ഗാനത്തിന്റെ പിറവിയിലേയ്ക്ക് 

മരിയ ജോസ്
ഒരിടം തരണേ തലചായ്ച്ചുറങ്ങാന്‍…..
കുരിശയാലും മതിയേ…
അതുമാത്രം മതിയേ….

ഒരയുസ്സിന്റെ മുഴുവന്‍ വേദനകളും ദുഃഖങ്ങളും കുരിശോട് ചേര്‍ത്തുവയ്ക്കുവാന്‍ വെമ്പല്‍കൊളളുന്ന അനേകം മനുഷ്യരുടെ ആത്മാവിനെ തൊട്ടുണര്‍ത്തിയ രണ്ടു വരികള്‍. നോമ്പുകാലത്തിന്റെ ആത്മീയചൈതന്യത്തിലെയ്ക്ക് അനേകരെ എത്തിച്ച ഈ വരികള്‍ ഇന്ന് അനേകം അധരങ്ങളില്‍ ഒരു പ്രാര്‍ത്ഥനയായി ആവര്‍ത്തിക്കപ്പെടുമ്പോള്‍ ദൈവതിരുമുന്‍പില്‍ തലതാഴ്ത്തി നില്‍ക്കുന്ന ഒരു വൈദികനുണ്ട് – ഫാ. മാത്യൂസ് പയ്യപ്പിള്ളി. ദൈവം തന്റെ ഹൃദയത്തില്‍ നിക്ഷേപിച്ച ആ വരികള്‍ക്ക് പിന്നിലേയ്ക്ക് സഞ്ചരിക്കുകയാണ് മാത്യൂസച്ചനും ഒപ്പം ലൈഫ് ഡേയും…

എട്ടു വര്‍ഷം മുന്‍പ് ദൈവം നല്‍കിയ സമ്മാനം 

ഒരിടം തരണേ തലചായ്ച്ചുറങ്ങാന്‍…. എന്ന രണ്ടുവരി പാട്ട് രൂപം കൊള്ളുന്നത് എട്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്‌. അച്ചനായതിനു ശേഷം തൃശൂരിലെ ചെന്നായ്പ്പാറയിലുള്ള ആകാശപ്പറവകളുടെ ഭവനത്തില്‍ സേവനം ചെയ്യുന്ന സമയം. അവിടെ വച്ച് കണ്ടുമുട്ടിയ ഒരു കുടുംബം തങ്ങളുടെ ദുഃഖങ്ങള്‍ അച്ചനോട് പങ്കുവെച്ചു. എവിടെയെങ്കിലും ഒരു ആശ്വാസം കണ്ടെത്തുവാന്‍ ഒരിടം ഉണ്ടാവുക എന്നത് മനുഷ്യര്‍ എല്ലാരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ്. ആ ദിവസങ്ങളില്‍ ആ കുടുംബത്തിനായി പ്രാര്‍ത്ഥിക്കുമ്പോള്‍ മനസ്സില്‍ അറിയാതെ കടന്നുവന്ന രണ്ടു വരികളായിരുന്നു ഇത്.

മുന്‍കൂട്ടി ആലോചിച്ചു തയ്യാറാക്കിയതോ ഒരു പാട്ടെഴുതാനായി ഇരുന്നപ്പോള്‍ ലഭിച്ച വരികളോ അല്ലാത്തതിനാല്‍ തന്നെ, ദൈവം തനിക്കു നല്‍കിയ അമൂല്യമായൊരു സമ്മാനമാണ് ഇതെന്ന് വിശ്വസിക്കുവാനാണ് മാത്യൂസച്ചന്‍ ആഗ്രഹിക്കുന്നത്.

സമയത്തിന്റെ പൂര്‍ണ്ണതയില്‍ മനുഷ്യമനസ്സുകളെ കീഴടക്കി കുരിശിലൊരിടം

എട്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് മനസ്സിലേയ്ക്ക് ദൈവം നിക്ഷേപിച്ച രണ്ടു വരികള്‍. പിന്നെ എന്തുകൊണ്ട് ആ വരികള്‍ പുറത്തെത്തുവാന്‍ ഇത്രയും കാലതാമസം എടുത്തു എന്ന് ചോദിച്ചാല്‍ അതിന്, ദൈവനിയോഗം എന്നല്ലാതെ അച്ചനു മറ്റൊരു ഉത്തരം നല്‍കാനില്ല. കാരണം, ആദ്യവര്‍ഷങ്ങളില്‍ മൂളിപ്പാട്ടുകളായി മനസ്സില്‍ കിടന്ന ഈ വരികള്‍ വേദനകളുടെ വേളകളില്‍ കുരിശിലേയ്ക്ക് നോക്കുവാന്‍ – അവിടെ ഇടം കണ്ടെത്തുവാന്‍ അച്ചനെ പ്രേരിപ്പിച്ചിരുന്നു.

അച്ചനില്‍ നിന്നും കേട്ട ഈ വരികള്‍ക്ക് ഒരാളുടെ മനസ്സിനെ മുഴുവന്‍ കര്‍ത്താവിന്റെ കുരിശിലേയ്ക്ക് ചേര്‍ക്കുവാനുള്ള വശ്യശക്തിയുണ്ടെന്നു പലരും പറഞ്ഞപ്പോഴും ആ പാട്ട് അച്ചന്റെ മനസ്സില്‍ ദൈവം സൂക്ഷിച്ചു. കാലത്തിന്റെ പൂര്‍ണ്ണതയില്‍ കൂടുതല്‍ ശോഭയോടെ അനേകരെ ദൈവത്തിലേയ്ക്ക് അടുപ്പിക്കാന്‍ തന്നെ. ഏതാണ്ട് രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പാണ്‌ നോമ്പുകാലത്ത് ഒരു പരിപാടി ചെയ്യുവാനും അതിന് ‘കുരിശിലൊരിടം’ എന്ന പേര് നല്‍കാനുമുള്ള പ്രചോദനം ഉള്ളില്‍ നിന്നുണ്ടാകുന്നത്. അന്നുമുതല്‍ കുരിശിലൊരിടം എന്ന പരിപാടിക്കായി ശ്രമിക്കുന്നുണ്ടെങ്കിലും അത് സാധിച്ചത് ഈ വര്‍ഷം ആയിരുന്നു. ആ കുരിശിലൊരിടത്തിനെ അനേകരിലെത്തിക്കുക എന്ന നിയോഗത്തിനായി ദൈവം തയ്യാറാക്കിയത് ലൈഫ് ഡേ എന്ന ഓണ്‍ലൈന്‍ മാധ്യമത്തെയും.

രണ്ടു വരിയില്‍ നിന്ന് ഒരു പാട്ടിലേയ്ക്ക് 

തിരുവനന്തപുരം കലാഗ്രാമവും ലൈഫ് ഡേ ഓണ്‍ലൈനും ചേര്‍ന്നൊരുക്കിയ ഒരു മിനിറ്റ് നീളുന്ന നോമ്പുകാല ചിന്തയാണ് കുരിശിലൊരിടം. ഈ നോമ്പുകാല ചിന്തയിലൂടെയാണ്‌ രണ്ടുവരി പാട്ട് ലക്ഷക്കണക്കിന്‌ ആളുകള്‍ ഏറ്റെടുത്തതും. കൊച്ചുകുഞ്ഞുങ്ങള്‍ പോലും നെഞ്ചേറ്റിയ ആ വരികള്‍ നോമ്പുകാല ചിന്തകളെ ധന്യമാക്കി സൂപ്പര്‍ ഹിറ്റിലേയ്ക്ക് എത്തി. ആ രണ്ടുവരികള്‍ അനേകരുടെ കണ്ണുകളെ ഈറനയിപ്പിച്ചു. നിനക്ക് മുന്‍പില്‍ ഒരു കുരിശുണ്ട് അവിടേയ്ക്ക് നോക്കുവാന്‍ അനേകരോട് ദൈവം ആഹ്വാനം ചെയ്തു ആ വരികളിലൂടെ. അതോടെ രണ്ടു വരികളുടെ ബാക്കിക്കായി ആളുകള്‍ ആവശ്യപ്പെട്ടു. അങ്ങനെയാണ് ഈ പാട്ടിന്റെ ബാക്കി എങ്ങനെയാകണം എന്നതിനെക്കുറിച്ച് മാത്യൂസച്ചന്‍ ചിന്തിക്കുന്നതുപോലും.

ആ രണ്ടു വരിയുടെ ബാക്കി എഴുതുന്നതിനെക്കുറിച്ച് പിന്നീടൊരിക്കല്‍ പോലും അച്ചന്‍ ചിന്തിച്ചിട്ടില്ലായിരുന്നു. എന്നാല്‍, കൂടുതല്‍ ആളുകള്‍ പാട്ടിന്റെ ബാക്കി ഭാഗത്തിനായി ആവശ്യപ്പെട്ടെത്തിയപ്പോള്‍ അത് ചെയ്യാന്‍ താന്‍ നിര്‍ബന്ധിതനാവുകയായിരുന്നു എന്ന് അച്ചന്‍ വെളിപ്പെടുത്തുന്നു. ആദ്യമൊക്കെ പേടിയായിരുന്നു.  ഇതുവരെയുള്ള വരികള്‍ പകര്‍ന്ന ദൈവാനുഭവത്തെ അതിന്റെ പൂര്‍ണ്ണതയില്‍ കൊടുക്കുവാന്‍ ബാക്കി വരികള്‍ക്ക് കഴിയുമോ എന്ന ഭയം. അതിനാല്‍ തന്നെ ഏറെ പ്രാര്‍ത്ഥനയോടെയാണ് ബാക്കി വരികള്‍ എഴുതുവാന്‍ ആരംഭിച്ചത്.

ഏറെ പ്രാര്‍ത്ഥനയോടെ എഴുതിയ ആ പാട്ടിന്റെ റെക്കോര്‍ഡിംഗ് പൂര്‍ത്തിയായിരികുകയാണ് ഇപ്പോള്‍. വൈകാതെ തന്നെ കുരിശിലൊരിടം മുഴവന്‍ പാട്ട് ജനങ്ങളിലേയ്ക്ക് എത്തും. ആദ്യ രണ്ടുവരികള്‍ പകര്‍ന്ന ദൈവാനുഭവം അതിന്റെ പൂര്‍ണ്ണതയില്‍ പകരുവാന്‍ ബാക്കി വരികള്‍ക്ക് ആകട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് നമുക്ക് കാത്തിരിക്കാം.

നന്ദി മാത്രം 

രണ്ടു വരികളില്‍ നിന്ന് ഒരു മുഴുനീള പാട്ടിലേയ്ക്ക് എത്തുമ്പോഴും അനേകം അധരങ്ങളില്‍ ഒരു പ്രാര്‍ത്ഥനയായി കുരിശിലൊരിടം മാറുമ്പോഴും ഒന്നുമാത്രമേ അച്ചനു പറയാനുള്ളൂ. ദൈവം തനിക്കു സമ്മാനിച്ചത്‌ കൊണ്ട് മാത്രമാണ് ഈ വരികള്‍ എത്രയധികം ആളുകളിലേയ്ക്ക് എത്തിയത്. കുരിശിലൊരിടം ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ അത് ഒരിക്കല്‍ പോലും ഇത്രയധികം ആളുകളിലെയ്ക്കെത്തും എന്ന് അച്ചന്‍ വിചാരിച്ചിരുന്നില്ല. വിചാരിക്കാത്തതിനപ്പുറം നേട്ടം നല്‍കിയത് താന്‍ എഴുതിയതുകൊണ്ടല്ല ദൈവം നല്‍കിയത് ഒന്നുകൊണ്ട് മാത്രമാണെന്ന് വിശ്വസിക്കുന്ന അച്ചന്‍ എല്ലാം ദൈവദാനം ആണെന്ന് പറഞ്ഞുവയ്ക്കുന്നു.

കുരിശിലൊരിടം എന്ന പാട്ടിന്റെ പൂര്‍ണ്ണരൂപം ലഭിക്കുവാനായി lifeday.online എന്ന ഞങ്ങളുടെ ഫേസ്ബുക്ക്‌ പേജ് ഫോളോ ചെയ്യുക. അല്ലെങ്കിൽ അമിഗോസ് കമ്മ്യൂണിക്കേഷന്സിന്റെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

കൂടാതെ നോമ്പിലെ പുണ്യദിനങ്ങൾ കൂടുതൽ ദൈവനുഗ്രഹപ്രദമാക്കുവാൻ ആത്മീയധ്യാനവും ഗാനവും കോർത്തിണക്കിയ കുരിശിലൊരിടം ഒരു മിനിറ്റ് വീഡിയോ എല്ലാ ദിവസവും ലഭിക്കുവാൻ https://www.facebook.com/lifedayonline/ എന്ന Facebook Page Follow ചെയ്യുക. WhatsApp ഇൻബോക്സിൽ Private message ആയി ലഭിക്കുവാൻ, +91 8078805649 ഈ നമ്പർ Lifeday എന്ന് നിങ്ങളുടെ ഫോണിൽ സേവ് ചെയ്തു, Meditation എന്ന് WhatsApp മെസ്സേജ് അയക്കുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.