ഉയിരേകിയവൻ ഉടലേകി… അപൂർവ്വഗാനം പിറന്ന കഥയുമായി മാത്യൂസ് അച്ചനും കൂട്ടുകാരും

സുനീഷ വി.എഫ്.

ഉയിരേകിയവൻ ഉടലേകി
എനിക്കായവൻ കുർബാനയായി
എൻ കുറവുകളിൽ നിറവായിടാൻ
എനിക്കായവൻ കുർബാനയായി…

റോസ്‌പ്രിയ എന്ന അനുഗ്രഹീതഗായികയുടെ മനോഹരമായ ശബ്ദത്തിൽ ആസ്വാദകരുടെ കാതുകളിലേക്കൊഴുകിയെത്തുന്ന ഒരു ഭക്തിഗാനമാണിത്. ഒരു പാട്ടിലൂടെ ദിവ്യകാരുണ്യത്തെ അനുഭവിക്കാൻ കഴിയുക എന്നൊക്കെ പറയുന്നത് വെറുംവാക്കല്ലെന്ന് ഈ ഗാനം ശ്രവിച്ചവർക്കു മനസ്സിലാകും. ഒരിക്കൽ കേട്ടുകഴിഞ്ഞാൽ വീണ്ടും വീണ്ടും കേൾക്കുവാനും ദിവ്യകാരുണ്യ അനുഭവത്തിലേക്ക് ലയിച്ചുചേരുവാനും പ്രേരിപ്പിക്കുന്ന പ്രത്യേകമായ ഒരു ദൈവാനുഭവമാണ് ഈ ഗാനം അനേകർക്ക്‌ പകർന്നുകൊണ്ടിരിക്കുന്നത്.

ഒരു പാട്ടിലൂടെ ദിവ്യകാരുണ്യ ഈശോയെ അനുഭവവേദ്യമാക്കുവാൻ കഴിയുക എന്നൊക്ക പറയുന്നത് ഈ ഗാനത്തിന്റെ കാര്യത്തിൽ വളരെ അർത്ഥവത്താണ്. കാരണം ഇത് എഴുതപ്പെട്ടത് പരിശുദ്ധ കുർബാനയുടെ തിരുനാൾ ദിനത്തിന്റെ പിറ്റേദിവസമാണ്. കാസർഗോഡ് ജില്ലയിലെ ചെറുപ്പനത്തടി സെന്റ് മേരീസ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ പ്രിൻസിപ്പാളിന്റെ ഓഫീസ് മുറിയിൽ വച്ച് എഴുതപ്പെട്ട ഈ ഗാനം തിരുവനന്തപുരത്തുള്ള ഒരു സംഗീതസംവിധായകന്റെ കൈകളിലെത്തിയതും മറ്റൊരു വലിയ ദിവ്യകാരുണ്യ അത്ഭുതമാണ്. ദൈവം തന്നെ പ്രത്യേക താൽപര്യമെടുത്ത് ഒരുക്കിയെടുത്ത ഒരു ഗാനം എന്ന് ഇതിനെ വിശേഷിപ്പിക്കാതിരിക്കാൻ കഴിയില്ല. ഈ അപൂർവ്വഗാനം പിറന്ന കഥയാണ് ഇന്ന് ലൈഫ് ഡേ പങ്കുവയ്ക്കുന്നത്.

ഒരു സിസ്റ്റർ ആയ കോളേജ് പ്രിൻസിപ്പാളിന്റെ ആദ്യഗാനം; അതും ഓഫീസ് മുറിയിൽ വച്ച് എഴുതപ്പെട്ടത്.

ഡോ. സി. ജീവ ചാക്കോ എംഎസ്ജെ കാസർഗോഡ് ചെറുപ്പനത്തടി സെന്റ് മേരീസ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ പ്രിൻസിപ്പാളാണ്. സുവോളജിയിൽ ഡോക്ടറേറ്റ് നേടിയ ഒരു പ്രിൻസിപ്പൽ സിസ്റ്ററിന്റെ തൂലികയിൽ പിറന്ന ആദ്യഗാനമാണ് ‘ഉയിരേകിയവൻ.’ ദൈവം പറഞ്ഞെഴുതിച്ച ഈ ഗാനത്തിന്റെ രചനയുടെ പിന്നിലെ കഥ സിസ്റ്റർ തന്നെ പറയും.

“പരിശുദ്ധ കുർബാനയുടെ തിരുനാൾ ദിനമായ ജൂൺ മൂന്നാം തീയതി ഒരു അവധി ദിനമായിരുന്നു. അന്ന് മഠത്തിൽ മുഴുവൻസമയ ദിവ്യകാരുണ്യ ആരാധന ഉണ്ടായിരുന്നു. ഒരുപാട് സമയം അന്ന് ദിവ്യകാരുണ്യ ആരാധനയിലും പ്രാർത്ഥനയിലും പങ്കുചേർന്നു. പ്രാർത്ഥിക്കുക എന്നതിനേക്കാളുപരി ദിവ്യകാരുണ്യ ഈശോയെ നോക്കിയിരിക്കുകയായിരുന്നു അന്ന് ഞാൻ ചെയ്തത്. ആരാധന കഴിഞ്ഞു. പിറ്റേദിവസം വർക്കിങ് ഡേ ആണ്. കോളേജിൽ എത്തി. ഓഫീസിൽ എത്തി അവിടെ ഇരുന്നു കഴിഞ്ഞപ്പോൾ തലേദിവസത്തെ ദിവ്യകാരുണ്യ ആരാധന എന്റെ മനസ്സിലേക്കോടിയെത്തി. അതൊക്കെ ആലോചിച്ച് കുറച്ചു സമയം ഞാനങ്ങനെ ഇരുന്നു. പെട്ടന്നാണ് ഈ വരികളൊക്കെ എന്റെ മനസ്സിലേക്ക് ഓടിയെത്തുന്നത്. ഉടനെ ആ ഓഫീസ് മുറിയിൽ ഇരുന്നുകൊണ്ടു തന്നെ ഈശോ വെളിപ്പെടുത്തിത്തന്ന ആ വരികൾ ഞാൻ എഴുതി. അതുകൊണ്ടു തന്നെ ഈ വരികൾക്കുള്ള എല്ലാ ക്രെഡിറ്റും കർത്താവിനാണ്. അവിടുന്നാണ് ഈ വരികളെല്ലാം എന്നെക്കൊണ്ട് എഴുതിച്ചത്” – സിസ്റ്റർ വെളിപ്പെടുത്തി.

അതുവരെ ഒരു വരി കവിതയോ, പാട്ടോ എഴുതിയിട്ടില്ലാത്ത സിസ്റ്റർ ആദ്യമായെഴുതിയ ഈ വരികളിൽ ജീവൻ തുടിക്കുന്ന ഈശോയുടെ സാന്നിധ്യമുണ്ട്. ഒരുപാട് സമയം ഈശോയുടെ കൂടെ ഉണ്ടായിരുന്നതിനാൽ അവിടുത്തെ ആഴത്തിലുള്ള സാന്നിധ്യം നമ്മിൽ ദീർഘനേരം നിലനിൽക്കും എന്ന ഒരു തിരിച്ചറിവും ഈശോ തന്നു എന്ന് സിസ്റ്റർ സന്തോഷത്തോടെ പറയുകയാണ്.

“അധികസ്നേഹത്തിന്റെ ആത്മീയനിറവെനിക്കേകാൻ… അതുപോലെ തന്നെ ‘നിത്യമാം ജീവന്റെ നിറവെനിക്കേകുവാൻ എന്നെയും വിളിച്ചിടുന്നു… ഈ വരികളൊക്കെ എഴുതുമ്പോൾ ഞാൻ ഒരിക്കൽപോലും ഇതൊന്നും നിത്യജീവിതത്തിൽ ഉപയോഗിച്ചിട്ടില്ലാത്ത വാക്കുകളാണല്ലോ എന്നോർത്ത് അത്ഭുതപ്പെട്ടു. അധികസ്നേഹം എന്നൊക്കെയുള്ള പ്രയോഗം ശരിയാണോ എന്നു പോലും സംശയമുണ്ടായിരുന്നു. പക്ഷേ അവിടുന്ന് വെളിപ്പെടുത്തിത്തന്ന ആ വരികൾ തന്നെയാണ് ആ പാട്ടിനെ മികച്ചതാക്കി മാറ്റിയത്” – സിസ്റ്റർ പറയുകയാണ്.

മാത്യൂസ് പയ്യപ്പിള്ളി അച്ചന്റെ ഒരു ആൽബത്തിൽ സിസ്റ്റർ പാടിയിട്ടുണ്ട്. അങ്ങനെയായിരുന്നു അച്ചനെ പരിചയം. ആ പരിചയത്തിന്റെ പിൻബലത്തിൽ സിസ്റ്റർ ഉടനെ തന്നെ അച്ചന്, താൻ എഴുതിയ വരികൾ അയച്ചുകൊടുക്കുകയായിരുന്നു.

“ഇനി ഒരു പാട്ടെഴുതാൻ പറഞ്ഞാൽ ഞാൻ വെറുതെ ഇരിക്കുകയെ ഉള്ളൂ. കാരണം ഞാൻ ഒരു എഴുത്തുകാരിയേ അല്ല. അന്ന് ആ പ്രത്യേക നിമിഷത്തിൽ ഈശോ എന്നെക്കൊണ്ട് പറഞ്ഞു ചെയ്യിച്ചതു മാത്രമാണത്. ഈശോയ്ക്ക് നമ്മളെ വലിയ ഇഷ്ടമാണ്. അവിടുത്തെ കൂടെ ഇരുന്നാൽ അവൻ നമുക്ക് എല്ലാം നൽകും എന്നതിന്റെ തെളിവാണ് ഈ ഗാനം. കർത്താവ് നൽകിയതു മാത്രമേ എനിക്കുമുള്ളൂ. അതിനാൽ തന്നെ ഈ ഗാനം പൂർണ്ണമായും ദിവ്യകാരുണ്യ ഈശോയുടെ മാത്രമാണ്” – സിസ്റ്റർ പറയുന്നു.

‘എൻ കുറവുകളിൽ നിറവായിടാൻ എനിക്കായവൻ കുർബാനയായി…’ എന്ന വരികൾ നമ്മുടെ ജീവിതം തന്നെയാണ്. നമ്മുടെ ഓരോരുത്തരുടേയും ജീവിതത്തിലെ കുറവുകളിൽ അവിടുന്ന് നിറവായെത്തുന്നു എന്ന ലാളിത്യമുള്ള വരികളെ റോസ്‌പ്രിയ എന്ന ഗായിക അതീവ ഭാവശുദ്ധിയോടെയാണ് ആലപിച്ചിരിക്കുന്നത്.

മിഷനറി സിസ്റ്റേഴ്സ് ഓഫ് ജീസസ് സന്യാസ സഭയിലെ അംഗമായിരിക്കുന്ന സിസ്റ്റർ, കാസർഗോഡ് കുമ്പളയിലെ എംഎസ്ജെ കോൺവെന്റിലാണ് ഇപ്പോൾ ഉള്ളത്. സിസ്റ്റർ നല്ലൊരു ഗായികയും കൂടിയാണ്. നിരവധി ക്രിസ്ത്യൻ ഭക്തിഗാനങ്ങൾ പാടിയിട്ടുള്ള സിസ്റ്റർ പാടിയ മറ്റൊരു ഗാനം അടുത്തു തന്നെ പുറത്തിറങ്ങും.

അഞ്ചു മിനിറ്റു കൊണ്ട് ചിട്ടപ്പെടുത്തിയ സംഗീതം

വരികൾ കിട്ടി അഞ്ചു മിനിറ്റിനുള്ളിൽ സി. ജീവയുടെ ഫോണിലേക്ക് മാത്യൂസ് അച്ചന്റെ ശബ്ദസന്ദേശം എത്തി. ഉയിരേകിയവൻ ഉടലേകി… വരികൾക്ക് അച്ചൻ തനിക്ക് ദൈവം നൽകിയ സംഗീതം കൊണ്ട് ഉയിര് നൽകുകയായിരുന്നു. ഒരു പ്രതിഭയ്ക്ക് മാത്രമേ താൻ വായിക്കുന്ന ഒരോ വരികളിലും സംഗീതം കണ്ടെത്തുവാൻ സാധിക്കുകയുള്ളൂ. അത് അച്ചന് വളരെ പെട്ടന്ന് സാധിക്കും. അതുകൊണ്ടാണല്ലോ അച്ചന്റെ സംഗീതത്തിൽ പിറന്ന എല്ലാ പാട്ടുകളും മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമായ ഈണമുള്ളത്.

“എല്ലാ വരികൾക്കുള്ളിലും സംഗീതമുണ്ട്. അതുകൊണ്ടു തന്നെ സംഗീതം പ്രത്യേകമായി ഉണ്ടാക്കിയെടുക്കേണ്ട കാര്യമില്ല. ഈ വരികൾ വായിച്ചപ്പോഴും പെട്ടെന്നു തന്നെ ഈ ഈണമാണ് എന്റെ മനസ്സിലേക്കു വന്നത്. പിന്നെ റോസ്‌പ്രിയ എന്ന ഗായികയുടെ ശബ്ദം ഇതിനു മുമ്പു തന്നെ എന്റെ മനസ്സിലുണ്ടായിരുന്നു. മുൻപ് റോസ്‌പ്രിയ പാടിയ മറ്റൊരു ആൽബം ശ്രദ്ധിച്ചിരുന്നതിനാൽ ആ ശബ്ദത്തിനും കൂടി ചേരുന്ന ഒരു ഈണം എന്റെ മനസ്സിലേക്ക് പെട്ടെന്നു വരികയായിരുന്നു. പിന്നെ അതൊരു ദിവ്യകാരുണ്യഗാനമാണ്. വിശുദ്ധ കുർബാനയ്ക്കിടയിൽ ആലപിക്കാൻ കഴിയുന്ന ഈണമാവണം ഉണ്ടാകേണ്ടത് എനിക്കറിയാമായിരുന്നു. ആളുകൾക്ക് ദിവ്യകാരുണ്യ അനുഭവം നൽകാൻ സാധിക്കുന്ന തരത്തിലുള്ള ഒരു ദൈവികതയും ആ ഈണത്തിനു ഉണ്ടാകണമെന്ന് ആഗ്രഹിച്ചു” – മാത്യൂസ് അച്ചൻ വെളിപ്പെടുത്തി.

സംഗീതസംവിധാനം ചെയ്യുന്ന എല്ലാ ഗാനങ്ങളിലും വ്യത്യസ്തത പുലർത്തുന്നതാണ് അച്ചന്റെ പാട്ടുകളുടെ പ്രത്യേകത. തിരുഹൃദയ സ്നേഹത്തടാകം, സ്വർഗ്ഗത്തിന്റ വീഞ്ഞ്, കാത്തിരിക്കും കാരുണ്യം, സമുദ്രതാരമേ സ്വസ്തി തുടങ്ങിയ അനവധി ക്രിസ്ത്യൻ ഭക്തിഗാന ആൽബങ്ങളിലൂടെ 350 -ഓളം ഗാനങ്ങൾക്കാണ് അച്ചൻ ഈണം നൽകിയിരിക്കുന്നത്. ദിവ്യകാരുണ്യ മിഷനറി സന്യാസ സഭാംഗമായ മാത്യൂസ് അച്ചന്റെ സംഗീതജീവിതത്തിലെ ഏറ്റവും മികച്ച ഒരു മെലഡിയായി ഈ ഗാനത്തെ ചേർത്തുവയ്ക്കാവുന്നതാണ്.

റോസ്‌പ്രിയ എന്ന സമാനതകളില്ലാത്ത ഗായിക

വരികളും സംഗീതവും എത്ര മനോഹരമായാലും പാടുന്ന ഗായകന്റെയും ഗായികയുടെയും സ്വരമാധുരിയിലാണ് പാട്ടിന്റെ ജീവൻ ഉൾക്കൊണ്ടിരിക്കുന്നത്. ‘ഉയിരേകിയവൻ’ എന്ന ഈ ഗാനം റോസ്‌പ്രിയ എന്ന സോഫ്റ്റ് വെയർ എൻജിനീയറിന്റെ ശബ്ദത്തിലൂടെയാണ് നാം കേൾക്കുന്നത്. സ്ഥിരം ശബ്ദങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു ഗാനമാണിത്. കേൾക്കുമ്പോൾ ഒന്നുകൂടി കേട്ടിരുന്നെങ്കിൽ എന്ന് ആരും ആഗ്രഹിച്ചുപോകുന്ന ഈ ഗാനത്തിന്റെ പിന്നിൽ റോസ്‌പ്രിയ എന്ന ഈ ഗായികയുടെ സമാനതകളില്ലാത്ത ശബ്ദവും പ്രധാനപ്പെട്ടതു തന്നെ. വളരെ വ്യത്യസ്തമായ, എന്നാൽ തന്റേതായ വ്യക്തിത്വമുള്ള ശബ്ദത്തിനും ആലാപനശൈലിക്കും ഉടമയാണ് റോസ്‌പ്രിയ.

“ഈ ഗാനം കേട്ടപ്പോൾ തന്നെ വളരെയധികം ഇഷ്ടമായി. എനിക്ക് അനുയോജ്യമായ രീതിയിൽ പാടാൻ അച്ചൻ അനുവാദം തന്നിരുന്നു. ആ ഒരു സ്വാതന്ത്ര്യം തന്നതുകൊണ്ടു തന്നെ, പാടുമ്പോൾ വളരെ ഫ്രീ ആയിരുന്നു. ഈ പാട്ടിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്‌” – റോസ്‌പ്രിയ പറയുന്നു.

നാല് വയസ്സു മുതൽ ശാസ്ത്രീയസംഗീതവും ഹിന്ദുസ്ഥാനി സംഗീതവും പഠിച്ചുവരുന്ന റോസ്‌പ്രിയ തിരുവനന്തപുരത്താണ്‌ താമസിക്കുന്നത്. വെസ്റ്റേൺ പാട്ടുകളാണ് ഈ ഗായിക കൂടുതലായും പാടുന്നതെങ്കിലും അനന്യസാധാരണമായ തന്റെ ശബ്ദത്തിൽ ‘ഉയരിയേകിയവൻ’ പാടിയപ്പോൾ നിരവധി ആസ്വാദകരാണ് റോസ്‌പ്രിയയുടെ വലിയ ആരാധകരായി മാറിയിരിക്കുന്നത്. തിരുവനന്തപുരത്തുള്ള ‘വി ഭാഗ്’ എന്ന മ്യൂസിക് ബാൻഡിലും റോസ്‌പ്രിയ അംഗമാണ്. തന്റെ സംഗീതജീവിതത്തിൽ ഇതുവരെയും പാടിയ പാട്ടുകളിൽ ഏറ്റവും ഇഷ്ടപ്പെട്ടതും കൂടുതൽ ശ്രദ്ധേയമായതും ഈ ഗാനം തന്നെയാണെന്ന് റോസ്‌പ്രിയ ഉറപ്പിച്ചു പറയുന്നു.

വളരെ വ്യത്യസ്തതയാർന്ന ഈ ഗാനത്തിന് ഓർക്കസ്‌ട്രേഷൻ ചെയ്തിരിക്കുന്നത് ചന്ദു മിത്രയും ആൽബം നിർമ്മിച്ചിരിക്കുന്നത് ഫാ. സോണി എടശ്ശേരി വി സിയുമാണ്. ദിവ്യകാരുണ്യ ഈശോയെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവരാൻ ഈ ഗാനത്തിന് സാധിക്കുന്നു. ഇത് കേട്ടവർക്കൊക്കെയും ഒരേ അഭിപ്രായമാണുള്ളത് – ഹൃദ്യം, മനോഹരം, വലിയ ദൈവാനുഭവം സമ്മാനിക്കുന്ന അപൂർവ്വഗാനം!

വരികളും സംഗീതവും ആലാപനമികവും എല്ലാം ഒരുപോലെ ശ്രദ്ധിക്കപ്പെടുന്ന ഈ ഗാനം തീർച്ചയായും കേട്ടിരിക്കേണ്ട ഒന്നാണ്. അവിടുന്ന് നമ്മിൽ അലിയുന്നതുപോലെ, അവിടുത്തെ സ്നേഹത്തിൽ അലിഞ്ഞുചേരാൻ നമ്മെയും അനുവദിക്കുന്ന ഒരു മനോഹരഗാനം. കുറവുകളിൽ നിറവായിടാൻ ഒരു പ്രാർത്ഥന പോലെ ഹൃദയത്തോട് ചേർത്തുവയ്ക്കാവുന്ന ഈ ഗാനം അനേകമാളുകൾക്ക് വലിയ ദിവ്യകാരുണ്യ അനുഭവമായി മാറട്ടെ.

NB: ‘ഉയിരേകിയവൻ ഉടലേകി’ എന്ന ഗാനം ആസ്വദിക്കാൻ താഴെക്കാണുന്ന യൂ ട്യൂബ് ചാനൽ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

സുനീഷ വി.എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.