അഞ്ച് ഭൂഖണ്ഡങ്ങള്‍, 69 രാജ്യങ്ങള്‍ – മാത്യു നായ്കംപറമ്പിലച്ചന്റെ വചന പ്രഘോഷണം

വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തിലെ ഒരു പ്രധാനപ്പെട്ട സെമിനാരിയില്‍ നടന്ന സംഭവമാണ്.  ദൈവശാസ്ത്ര ക്ലാസ്സാണ് രംഗം. പോട്ട – ഡിവൈന്‍ ധ്യാനകേന്ദ്രങ്ങള്‍ വളര്‍ന്നുവരുന്ന കാലമായിരുന്നു അത്; ആളുകള്‍ വെള്ളപ്പാച്ചില്‍ പോലെ അവിടേയ്ക്ക് ഒഴുകുന്ന കാലം! അദ്ധ്യാപകനായ വൈദികനോട് വൈദികാര്‍ത്ഥികള്‍ രണ്ട് ചോദ്യങ്ങള്‍ ചോദിച്ചു: ഒന്ന്, “അച്ചന്‍ പോട്ടയില്‍ ധ്യാനിക്കാന്‍ പോയിട്ടുണ്ടോ?” രണ്ട്, “ധ്യാനകേന്ദ്രത്തെക്കുറിച്ചുള്ള അഭിപ്രായം?” ആദ്യത്തേതിന്റെ ഉത്തരം ‘ഇല്ല’ എന്നായിരുന്നു. രണ്ടാമത്തേതിന്റെ ഉത്തരം ഒരു പ്രസ്താവനയായിരുന്നു: ‘ഞാന്‍ പോട്ടയില്‍ ധ്യാനിക്കാന്‍ പോയിട്ടില്ല. പക്ഷേ, കേരളം ബൈബിള്‍ വായിക്കാന്‍ തുടങ്ങിയത് അവരു കാരണമാണ്.’

ആ പ്രസ്താവന സത്യമായിരുന്നു. മലയാളി ക്രിസ്ത്യാനികളെ ബൈബിള്‍ വായിക്കാന്‍ പഠിപ്പിച്ച പ്രധാന ഉറവിടങ്ങളിലൊന്ന് പോട്ട – ഡിവൈന്‍ ധ്യാനകേന്ദ്രങ്ങളാണ്. അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ദൈവത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉപകരണങ്ങളില്‍ ഒരാളായിരുന്നു വിന്‍സെന്‍ഷ്യന്‍ സഭാംഗമായ ഫാ. മാത്യു നായ്ക്കംപറമ്പില്‍.

നായ്ക്കംപറമ്പിലച്ചന്റെ ധ്യാനങ്ങള്‍ ജനങ്ങളെ വചനത്തിലേയ്ക്കും അതുവഴി ഈശോയിലേയ്ക്കും അടുപ്പിച്ചു എന്ന കാര്യത്തിന് രണ്ടുപക്ഷമില്ല. അഞ്ചു വന്‍കരകളിലും വചനം പ്രസംഗിച്ചയാള്‍, അനേകലക്ഷം ജനങ്ങളെ ക്രിസ്തുവിലേയ്ക്ക് അടുപ്പിച്ചയാള്‍, കരിസ്മാറ്റിക് പ്രസ്ഥാനത്തിലൂടെ വന്ന് ലോകസുവിശേഷവത്ക്കരണ പ്രസ്ഥാനം ആരംഭിച്ചയാള്‍, ആദിമസഭയിലെ പോലെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ദൈവം ഉപകരണമാക്കിയ ആള്‍, അനേകായിരം വൈദിക-സന്യസ്ത ദൈവവിളികള്‍ക്ക് കാരണമായ തീക്ഷ്ണമതിയായ വിന്‍സെന്‍ഷ്യന്‍ വൈദികന്‍, ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്കായി മദ്ധ്യസ്ഥപ്രാര്‍ത്ഥന നടത്തുന്നത് തന്റെ പ്രത്യേക ദൈവവിളിയായി തിരിച്ചറിഞ്ഞ് എല്ലാ ദിനവും കുറഞ്ഞത് മൂന്നു മണിക്കൂറുകളെങ്കിലും അതിനായി ചിലവഴിക്കുന്ന ആത്മീയാചാര്യന്‍, ചെല്ലുന്ന ഇടങ്ങളിലെല്ലാം സുവിശേഷത്തിന്റെ നവലോകം വിരിയിച്ച പ്രഘോഷകന്‍… അങ്ങനെയുള്ള ഏറെ വിശേഷണങ്ങളുണ്ട് ഫാ. മാത്യു നായ്ക്കംപറമ്പിലിന്. ലക്ഷക്കണക്കിനു ജനങ്ങളെ ക്രിസ്തുവിനുവേണ്ടി നേടിയ ഖ്യാതിയുള്ള അച്ചന് ഈ വരുന്ന 2021 മാര്‍ച്ച്‌ 14 -ന് 74 വയസ്സ് പൂര്‍ത്തിയാകും. ദൈവത്തിന്റെ കൈപിടിച്ചു നടന്ന ആ ജീവിതത്തിലേയ്ക്ക് ഒന്നു കടന്നുചെല്ലുന്നത് മനോഹരവും നമ്മുടെ ജീവിതത്തിന് മുതല്‍ക്കൂട്ടുമാകും എന്നത് തീര്‍ച്ചയാണ്.

ആത്മീയതയുടെ തുടക്കം വീട്ടില്‍ നിന്ന്

ദൈവഭക്തരായ മാതാപിതാക്കളെ കണ്ടുവളര്‍ന്ന ബാല്യമായിരുന്നു അച്ചൻ്റേത്. പള്ളിയില്‍ പോക്കും സന്ധ്യാപ്രാര്‍ത്ഥനയുമെല്ലാം ജീവിതത്തിന്റെ ഭാഗമാക്കിത്തരാന്‍ ചെറുപ്പത്തിലേ മാതാപിതാക്കള്‍ക്ക് കഴിഞ്ഞിരുന്നു. അച്ചന്‍ ജനിച്ചത് പാലാ, പ്രവിത്താനത്താണെങ്കിലും രണ്ടു വയസ്സുള്ളപ്പോള്‍ കുടുംബം മലബാറിലേയ്ക്ക് കുടിയേറി. കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി എന്ന സ്ഥലത്തായിരുന്നു സ്‌കൂള്‍ പഠനം. ഏഴാം ക്ലാസ്സില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ അച്ചനും കൂട്ടുകാരനും കൂടി ഡാര്‍ജിലിംഗിലേയ്ക്ക് ഒളിച്ചോടാന്‍ പദ്ധതിയിട്ടു. ഡാര്‍ജിലിംഗില്‍ ചെന്ന് മിഷന്‍ പ്രവര്‍ത്തനം നടത്തുക എന്നതായിരുന്നു ലക്ഷ്യം. പക്ഷേ, അത് നടന്നില്ല.

വി. ഡൊമിനിക് സാവിയോയും മരിയ ഗൊരേത്തിയും കൊച്ചുത്രേസ്യാ പുണ്യവതിയുമെല്ലാം കൂട്ടുകാരാണെന്ന് തോന്നിയിരുന്ന നിർമ്മലമായ ബാല്യമായിരുന്നു അച്ചൻ്റേത്. വിശുദ്ധരുടെ ജീവചരിത്രങ്ങള്‍ വായിച്ചതും വിശുദ്ധരെക്കുറിച്ച് പറഞ്ഞുകേട്ടതുമെല്ലാം അത്രമാത്രം സ്വാധീനം ആ ജീവിതത്തില്‍ ചെലുത്തിയിട്ടുണ്ടായിരുന്നു. അതിന്റെ ഫലമായിരുന്നു ദൈവവിളി സ്വീകരിച്ച് ഒരു വൈദികനായിത്തീരാനുള്ള തീരുമാനം. മിഷനറി തീക്ഷ്ണതയും വടക്കേ ഇന്ത്യയില്‍ പോയി സുവിശേഷം പ്രഘോഷിക്കണമെന്ന ആഗ്രഹവുമൊക്കെയായിരുന്നു മനസ്സില്‍. വിന്‍സെന്‍ഷ്യന്‍ സഭയില്‍ ചേര്‍ന്ന് നീണ്ട വര്‍ഷങ്ങളിലെ പരിശീലനത്തിനുശേഷം 1976 ഡിസംബര്‍ 21-ന് അദ്ദേഹം തിരുപ്പട്ടം സ്വീകരിച്ചു.

കരിസ്മാറ്റിക് രീതിയില്‍ നിന്ന് ലോകസുവിശേഷവത്ക്കരണ ദൗത്യത്തിലേയ്ക്ക്

പൗരോഹിത്യസ്വീകരണത്തിനുശേഷം പത്തു വര്‍ഷക്കാലം നായ്ക്കംപറമ്പിലച്ചന്‍ കരിസ്മാറ്റിക് റിന്യൂവലിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു. പന്തക്കുസ്താ നാള്‍ മുതല്‍ ‘കരിസ്മാറ്റിക്’ രീതികള്‍ സഭയില്‍ ആരംഭിച്ചുവെങ്കിലും നമ്മള്‍ ഇന്ന് അറിയുന്ന ‘കരിസ്മാറ്റിക് റിന്യൂവല്‍’ ആരംഭിക്കുന്നത് 1966-ല്‍ അമേരിക്കയിലാണ്. അവിടുത്തെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഒരുമിച്ചു പ്രാര്‍ത്ഥിച്ചതിന്റെ ഫലമായാണ് അതിന്റെ തുടക്കം. 1970-കളില്‍ ഇന്ത്യയില്‍, മുബൈയില്‍ അതിന്റെ തുടക്കമായി. അധികം വൈകാതെ അതിന്റെ അലടയികള്‍ കേരളത്തിലുമെത്തി.

നായ്ക്കംപറമ്പിലച്ചന്‍ തന്നെത്തന്നെ ഒരിക്കലും ഒരു കരിസ്മാറ്റിക് ധ്യാനഗുരുവായി അടയാളപ്പെടുത്തുകയോ കരുതുകയോ ചെയ്യുന്നില്ല. കരിസ്മാറ്റിക് ധ്യാനം നടത്തിക്കൊണ്ടിരുന്ന കാലത്താണ് അച്ചന്‍ പോട്ടയില്‍

ശുശ്രൂഷയ്ക്കായി എത്തുന്നത്. വിന്‍സെന്‍ഷ്യന്‍ സഭയുടെ തനതുധ്യാനമായ ‘പോപ്പുലര്‍ മിഷന്‍’ ധ്യാനത്തിലേയ്ക്കാണ് അച്ചന്‍ വന്നത്; അതിന്റെ ‘ഫോളോ അപ്’ നടത്താന്‍. കരിസ്മാറ്റിക് ധ്യാനമല്ലെങ്കിലും ‘കാരിസം’ ഉപയോഗിച്ചുള്ള ഒരു ധ്യാനമാണിത്. ഇത് രണ്ടിനെയും കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള ലോകസുവിശേഷവത്ക്കരണ ദൗത്യമായിരുന്നു നായ്ക്കംപറമ്പിലച്ചന്‍ ആദ്യത്തെ പത്തു വര്‍ഷ കരിസ്മാറ്റിക് ധ്യാനങ്ങള്‍ക്കുശേഷം നിര്‍വ്വഹിച്ചിരുന്നത്. എന്നുവച്ചാല്‍, പോപ്പുലര്‍ മിഷന്‍ ധ്യാനത്തിന്റെ ഫോളോ അപ് പ്രോഗ്രാമിനെ ‘ലോകസുവിശേഷവത്ക്കരണ’ പ്രോഗ്രാമാക്കി മാറ്റി. വിന്‍സെന്‍ഷ്യന്‍ സഭ അതിനെ അംഗീകരിക്കുകയും ചെയ്തു.ഡിവൈന്‍ ആത്മീയ കേന്ദ്രത്തിന്റെ എക്കാലത്തെയും നേടുംതൂണായ ബഹുമാനപ്പെട്ട ജോര്‍ജ് പനക്കല്‍ അച്ചനോട് ചേര്‍ന്നായിരുന്നു പിന്നീടു നായ്ക്കംപറമ്പിലച്ചന്റെ പ്രഘോഷണ ജീവിതം തുടര്‍ന്നത്. 

കേരളത്തിനകത്തും പുറത്തുള്ള പ്രഘോഷണം

വി. മര്‍ക്കോസിന്റെ സുവിശേഷത്തില്‍ അവസാന അദ്ധ്യായം അവസാന വാക്യം പറയുന്നത് ഇപ്രകാരമാണ്: ‘കര്‍ത്താവ് അവരോടു കൂടെ പ്രവര്‍ത്തിക്കുകയും തുടര്‍ന്നു നടന്ന അടയാളങ്ങള്‍ കൊണ്ട് വചനം സ്ഥിരീകരിക്കുകയും ചെയ്തു’ (മര്‍ക്കോ. 16:20). വചനത്തെ, കര്‍ത്താവ് അടയാളങ്ങള്‍ കൊണ്ട് ബലപ്പെടുത്തി. അതുതന്നെയായിരുന്നു അച്ചന്റെ ധ്യാനത്തിലൂടെയും ഈശോ ചെയ്തിരുന്നത്. അനേകം അത്ഭുതങ്ങള്‍ ഈശോ പ്രവത്തിച്ചു. അച്ചന്റെ പുതിയ ധ്യാനരീതിക്ക് കേരളത്തിലുടനീളം വലിയ സ്വീകാര്യത ലഭിച്ചു. മഴ കാത്തിരുന്ന വേഴാമ്പലിനെപ്പോലെ വിശ്വാസികളും അല്ലാത്തവരും  ദൈവവചനത്തിനായി കാത്തിരുന്നു. ലഭ്യമാകുന്ന ഇടങ്ങളിലേയ്ക്ക് പ്രവഹിച്ചു. തുടങ്ങിയ സമയത്തു തന്നെ തുടര്‍ച്ചയായി അമ്പത്തിരണ്ട് ആഴ്ചകളില്‍ കണ്‍വന്‍ഷനുകള്‍ ദൈവം ഒരുക്കി! ആദ്യകാല കണ്‍വന്‍ഷനുകളൊക്കെത്തന്നെ കേരളത്തിലായിരുന്നു. അക്കാലത്ത് നാല്‍പതിനായിരം ജനങ്ങള്‍ കണ്‍വന്‍ഷനുകളില്‍ എത്തിയത് വലിയൊരു മുന്നേറ്റമായിരുന്നുവെന്നത് വിസ്മരിക്കാന്‍ പറ്റില്ല.

അതേ കാലത്തു തന്നെ കേരളത്തിനു പുറത്തേയ്ക്കും ധ്യാനത്തിനായി പോയിത്തുടങ്ങി. ഇന്ത്യയിലെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും അച്ചന്‍ ധ്യാനിപ്പിച്ചിട്ടുണ്ട് എന്നത് ദൈവത്തിന്റെ വലിയ കൃപ തന്നെ. ചെന്ന ഇടങ്ങളിലെല്ലാം ദൈവം അത്ഭുതങ്ങളിലൂടെ വചനത്തെ സ്ഥിരീകരിക്കുകയും ചെയ്തു. ഭോപ്പാലില്‍ വച്ചു നടന്ന ഒരു അത്ഭുതം അച്ചന്‍ എല്ലായിടത്തും തന്നെ പങ്കുവയ്ക്കാറുണ്ട്.  അത് ഇപ്രകാരമാണ്.

ഭോപ്പാലില്‍ മൂവായിരം പേരുടെ കണ്‍വന്‍ഷന്‍ നടത്തുമ്പോള്‍ ആദ്യത്തെ രണ്ടു ദിവസം ധാരാളം രോഗശാന്തികള്‍ നടന്നു. മൂന്നാമത്തെ ദിവസം ഒരു തളര്‍വാതരോഗിയെ ആളുകൾ കൊണ്ടുവന്നു കിടത്തിയിരുന്നു. അയാള്‍ ഒരു മുസ്ലീം സഹോദരനായിരുന്നു. അയാളുടെ ചേട്ടന്‍ ആദ്യത്തെ രണ്ടു ദിവസം വന്ന് വചനം കേട്ട്, അത്ഭുതങ്ങള്‍ കണ്ട് തിരിച്ചുപോയ ആളാണ്. അതിനുശേഷം പതിനെട്ടു വര്‍ഷങ്ങളായി തളര്‍ന്നുകിടക്കുന്ന അനുജനെ കൂട്ടിക്കൊണ്ടു വന്നതായിരുന്നു. രാവിലെ ഒമ്പതു മുതല്‍ സ്റ്റേജിന്റെ തൊട്ടുമുമ്പിലാണ് അയാളെ കിടത്തിയിരുന്നത്. പന്ത്രണ്ടു മണിക്ക് വിശുദ്ധ കുര്‍ബാന എഴുന്നള്ളിച്ചു വച്ചുകൊണ്ടുള്ള ആരാധന ആരംഭിച്ചു. ആ സമയത്ത് അത്ഭുതകരമായി, തളര്‍ന്നുകിടന്നിരുന്ന ആള്‍ കൈയ്യും കാലും ഇളക്കാന്‍ തുടങ്ങി. അല്‍പസമയത്തിനുള്ളില്‍ അയാള്‍ എഴുന്നേറ്റ് ആളുകളുടെ ഇടയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കാന്‍ തുടങ്ങി. ദൈവം അയാളെ പൂര്‍ണ്ണമായി സുഖപ്പെടുത്തി! മുഹമ്മദ് റാഫി എന്നായിരുന്നു അയാളുടെ പേര്. ആ സംഭവം ആ നാട്ടുകാർക്കിടയിൽ ഏറെ ചലനങ്ങളുണ്ടാക്കി. അങ്ങനെ എത്രയെത്ര അത്ഭുതങ്ങളാണ് ഓരോ സ്ഥലത്തും സംഭവിച്ചത്.

അഞ്ചു വന്‍കരകളിലും സുവിശേഷം പ്രഘോഷിക്കാനായി യാത്ര

ഇന്ത്യയില്‍ മാത്രം സുവിശേഷപ്രഘോഷണം ഒതുക്കിയ വ്യക്തിയായിരുന്നില്ല നായ്ക്കംപറമ്പിലച്ചന്‍. അഞ്ചു ഭൂഖണ്ഡങ്ങളിലും സുവിശേഷം പ്രഘോഷിക്കുവാന്‍ അദ്ദേഹത്തിനു സാധിച്ചു. ആദ്യം പോയത്, ഗള്‍ഫ് രാജ്യങ്ങളിലേയ്ക്കാണ്. ദുബായ്, ഒമാന്‍, ഷാര്‍ജ, ഖത്തര്‍, സൗദി അറേബ്യ തുടങ്ങിയ ഇടങ്ങളിൽ വചനം പങ്കുവച്ചു. അവിടങ്ങളില്‍ മിക്കവാറും വീടുകളായിരുന്നു പ്രഘോഷണകേന്ദ്രങ്ങള്‍. പിന്നീട് നേപ്പാളില്‍ വചനവുമായി ചെന്നെത്തി. അന്ന് അവിടെ വചനം പ്രസംഗിക്കാനുള്ള സ്വാതന്ത്ര്യമില്ലായിരുന്നു. ഒളിച്ചാണ് അവിടെ ധ്യാനിപ്പിച്ചതെന്നു പറയാം.

പിന്നീട് അമേരിക്ക, ജര്‍മ്മനി, ഫ്രാന്‍സ്, ഓസ്ട്രിയ, ഇറ്റലി, ഇംഗ്ലണ്ട്, സ്വിറ്റസര്‍ലണ്ട്, കാനഡ, മെക്‌സിക്കോ, പെറു, അര്‍ജന്റീന, ബൊളീവിയ, സിംബാബ്‌വേ, ടാന്‍സാനിയ, മലാവി, കെനിയ, ഉഗാണ്ട, സ്വീഡന്‍, യുക്രൈന്‍, റഷ്യ, ബെല്ലാര്‍വൂസ് തുടങ്ങി 69 രാജ്യങ്ങളില്‍ ധ്യാനിപ്പിക്കാനായി പോയിട്ടുണ്ട്. ഇവിടങ്ങളിലും വചനം പറയുക മാത്രമായിരുന്നില്ല, ദൈവം അടയാളങ്ങള്‍ നല്‍കുക കൂടി ചെയ്യുന്നുണ്ടായിരുന്നു.

ടാന്‍സാനിയയില്‍ നടന്ന ഒരു അത്ഭുതം അവിടുത്തെ ആളുകളില്‍ വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിന് ഇടയാക്കി.

ടാന്‍സാനിയയില്‍ നമാങ്ക എന്ന സ്ഥലത്ത് ധ്യാനം നടക്കുകയാണ്. പാവപ്പെട്ടവരുടെ പ്രദേശമാണ്. അവിടെ മഴ പെയ്യാത്തതിനാല്‍ കടുത്ത വരള്‍ച്ചയും ജലക്ഷാമവും മൂലം ആളുകള്‍ കഷ്ടപ്പെട്ടിരിക്കുകയായിരുന്നു. പണം കൊടുത്ത് വെള്ളം വാങ്ങാനുള്ള വക ആ പാവങ്ങളുടെ കയ്യില്‍ ഇല്ലാതാനും. കടുത്ത ചൂടായിരുന്നുവെങ്കിലും ആളുകൾ ധ്യാനത്തിനെത്തി. ധ്യാനദിവസങ്ങളില്‍ തന്നെ മഴ പെയ്തു. എല്ലാവര്‍ക്കും വലിയ സന്തോഷമായി. ധ്യാനത്തിന്റെ മൂന്നാം ദിവസം ദിവ്യബലിയുടെ സമയത്ത് ആകാശത്തില്‍ മഴമേഘങ്ങള്‍ നിറഞ്ഞത് അത്ഭുതമെന്നോണം എല്ലാവരും കണ്ടു. കര്‍ത്താവ് അത്ഭുതം പ്രവര്‍ത്തിച്ചതാണ് എന്നതിന് സംശയമില്ല. അനേകരെ വിശ്വാസത്തിലേയ്ക്കും മാനസാന്തരത്തിലേയ്ക്കും നയിക്കുന്നതിനും വേണ്ടിയാണ് ഇത്തരം അത്ഭുതങ്ങൾ ദൈവം ഒരുക്കുന്നത്.

ഒരിക്കല്‍ മെക്‌സിക്കോയില്‍ അമേരിക്കന്‍ കരിസ്മാറ്റിക് ശുശ്രൂഷകര്‍ സംഘടിപ്പിച്ച ഒരു കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ അച്ചന്‍ പോയി. അവിടെ വച്ചു നടന്ന അത്ഭുതവും അവിടുത്തെ ജനങ്ങളുടെ ചിന്താരീതിയെ മാറ്റിമറിച്ചു.

ഇരുപതിനായിരത്തോളം പേരുടെ ആ സമ്മേളനത്തില്‍ പതിമൂന്നു വയസ്സോളം പ്രായം തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയെയും കൊണ്ട് അവളുടെ അമ്മ പ്രാര്‍ത്ഥിക്കാന്‍ വന്നു. അവള്‍ക്ക് നടക്കാന്‍ പറ്റില്ലായിരുന്നു. മെക്‌സിക്കോക്കാരിയായ ആ പെണ്‍കുട്ടിയെ അമേരിക്കയില്‍ കൊണ്ടുപോയി ചികിത്സിച്ചിട്ടും സുഖപ്പെടാത്തതാണ്. അന്ന് ഡോക്ടര്‍ പറഞ്ഞത്: ‘ഇവളെ സുഖപ്പെടുത്താന്‍ പറ്റില്ല. ഇവള്‍ ജീവിതത്തില്‍ സ്വന്തം കാലില്‍ നടക്കില്ല’ എന്നാണ്. ആ ശുശ്രൂഷയുടെ മധ്യത്തില്‍ പരിശുദ്ധാത്മാവ് അച്ചനെക്കൊണ്ട് ഇപ്രകാരം പറയിപ്പിച്ചു: ‘വീല്‍ച്ചെയറില്‍ ഇരിക്കുന്നവര്‍ അത് വലിച്ചറിഞ്ഞിട്ട് യേശുനാമത്തില്‍ എഴുന്നേറ്റു നടക്കുക.’ അപ്പോള്‍ത്തന്നെ അവള്‍ ക്രച്ചസ് വലിച്ചെറിഞ്ഞു. എഴുന്നേറ്റു നടന്നു. ഇരുപതിനായിരം പേരുടെ മുന്നില്‍, യേശു തന്നെ സുഖപ്പെടുത്തിയെന്ന് അവള്‍ സാക്ഷ്യപ്പെടുത്തി. അപ്പോള്‍ത്തന്നെ അവളുടെ അമ്മയും മുന്നോട്ടുവന്ന് സാക്ഷ്യം സ്ഥിരപ്പെടുത്തി. ആ ഇരുപതിനായിരം പേർ മാത്രമല്ല, അവരുടെ പരിചയക്കാരും നാട്ടുകാരും ക്രിസ്തുവിലേയ്ക്ക് വരാൻ ഈ സംഭവം കാരണമായി.

മേല്‍പ്പറഞ്ഞ രാജ്യങ്ങളിലെല്ലാം അച്ചന്‍ സുവിശേഷം പ്രഘോഷിച്ചത് അവിടുത്തെ മലയാളികളോടു മാത്രമല്ലായിരുന്നു എന്ന് ഓര്‍മ്മിക്കണം. ഓരോ രാജ്യത്തെയും തദ്ദേശീയരോടായിരുന്നു അച്ചന്റെ പ്രസംഗം. വിവര്‍ത്തനം ചെയ്തു സഹായിക്കാന്‍ നിരവധി ആളുകള്‍ ഓരോ സ്ഥലത്തും ഉണ്ടായിരുന്നു.

ഇത്രയധികം വര്‍ഷങ്ങളായി ഇത്രയധികം രാജ്യങ്ങളില്‍ ഏകദേശം എത്ര ജനങ്ങളോട് അച്ചന്‍ ഈശോയെക്കുറിച്ച് പറഞ്ഞിട്ടുണ്ടാവും? ഒരു സാധാരണക്കാരനോ, സാധാരണ വൈദികനോ, സാധാരണ വചനപ്രഘോഷകനോ ചിന്തിക്കാന്‍ പറ്റാത്തത്ര അധികം ജനങ്ങള്‍ നേരിട്ട് അച്ചനില്‍ നിന്ന് ഈശോയെക്കുറിച്ച് കേട്ടിട്ടുണ്ട്. എണ്ണമെടുത്താല്‍ ലക്ഷങ്ങള്‍ പിന്നിട്ട് കോടിയില്‍ എത്തിയേക്കും.

ദൈവവിളികളുടെ വിളനിലം

ഇന്ന് ഇന്ത്യന്‍ കത്തോലിക്കാ സഭയിലുള്ള അനേകായിരം വൈദികരും സന്യസ്തരും അച്ചന്‍ നേതൃത്വം കൊടുത്തിട്ടുള്ള ധ്യാനങ്ങളില്‍ പങ്കെടുത്ത് ദൈവവിളി സ്വീകരിച്ചിട്ടുള്ളവരാണ് എന്നു പറയുന്നത് അതിശയോക്തി കലര്‍ന്ന ഒരു വാക്യമല്ല. അനവധി മെത്രാന്മാരെയും രൂപതാ വൈദികരെയും പുരുഷ-വനിതാ സന്യാസ സമൂഹങ്ങളിലെ സന്യസ്തരെയും അച്ചന്റെ ധ്യാനങ്ങള്‍ നേരിട്ട് സ്വാധീനിച്ചിട്ടുണ്ട്. അങ്ങനെ ദൈവവിളി സ്വീകരിച്ച് വൈദികരും സന്യസ്തരുമായവരെ പിന്നീട് അച്ചന്‍ തന്നെ കാണാനിടയായിട്ടുണ്ട്.

ഒരിക്കല്‍ അച്ചന് വിന്‍സെന്‍ഷ്യന്‍ സഭയുടെ തന്നെ മുംബൈയിലുള്ള താബോര്‍ ധ്യാനകേന്ദ്രത്തില്‍ ചെന്നപ്പോള്‍ അവിടെ ഉണ്ടായിരുന്ന കൊച്ചച്ചന്‍ ഓടിവന്നു. എന്നിട്ട് അച്ചനോടു പറഞ്ഞു: ‘അച്ചാ, അച്ചന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഗള്‍ഫില്‍ ധ്യാനിപ്പിച്ചപ്പോള്‍ ഞാനും അതില്‍ സംബന്ധിച്ചിരുന്നു. അന്നാണ് വൈദികനാകണം എന്ന ചിന്ത ആദ്യമായി മനസ്സില്‍ വന്നത്.’

ഗള്‍ഫില്‍ വച്ചു നടത്തിയ ധ്യാനങ്ങളില്‍ നിന്ന് പിന്നെയും നിരവധി ദൈവവിളികള്‍ ഉണ്ടായിട്ടുണ്ട്. ഒരിക്കല്‍ നാഗ്പൂരില്‍ ചെന്നപ്പോള്‍ അവിടെ വച്ചു കണ്ട അച്ചനും, പണ്ട് ഹൈസ്‌ക്കൂളില്‍ പഠിക്കുമ്പോള്‍ അച്ചന്റെ ധ്യാനം കൂടി ദൈവവിളി തിരിച്ചറിഞ്ഞ് സെമിനാരിയില്‍ ചേര്‍ന്നതാണ്.

ഒരു വിന്‍സെന്‍ഷ്യന്‍ സഭാംഗം ഇക്കഴിഞ്ഞ ദിവസം നവമാധ്യമങ്ങളില്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ ഒരു അനുഭവം പങ്കുവച്ചത് ഇപ്രകാരമാണ്: ആ അച്ചന്‍ റോമില്‍ പഠിച്ചിരുന്ന കാലം. ആഫ്രിക്കക്കാരും ലാറ്റിന്‍ അമേരിക്കക്കാരും യൂറോപ്യന്‍സും അടങ്ങിയ ഒരു സന്യാസിനീ സമൂഹം ഒരു ദിവസം അച്ചനെ അവരുടെ സമൂഹത്തിലേയ്ക്ക് പ്രാര്‍ത്ഥിക്കാനായി വിളിച്ചു. ആ വിളിച്ചതിന്റെ പിന്നില്‍ ഒറ്റക്കാരണമേ ഉള്ളൂ – ആ അച്ചന്‍ നായ്ക്കംപറമ്പിലച്ചന്റെ സഭാംഗമാണ് എന്നതാണ് ആ കാരണം! ഏതൊക്കെ ഭൂഖണ്ഡങ്ങളിലെ എത്രായിരം ആളുകളെ ആ മഹാനായ വിന്‍സെന്‍ഷ്യന്‍ സഭാംഗം സ്വാധീനിച്ചിട്ടുണ്ടാവും!

എല്ലാവരെയും സ്വാധീനിക്കുന്ന വ്യക്തിത്വം

മെത്രാന്മാരെയും വൈദികരെയും സന്യസ്തരെയും മാത്രമല്ല അദ്ദേഹം സ്വാധീനിച്ചിരിക്കുന്നത്. ഡോക്ടര്‍മാര്‍, രാഷ്ട്രീയക്കാര്‍, നിയമപാലകര്‍, എഞ്ചിനീയര്‍മാര്‍, അദ്ധ്യാപകര്‍ തുടങ്ങി സമൂഹത്തിലെ നാനാതുറകളിലുള്ളവര്‍ അദ്ദേഹത്തിന്റെ ആത്മീയസ്വാധീനത്തില്‍പ്പെട്ടിട്ടുള്ളവരാണ്. അദ്ദേഹത്തിന്റെ അടുത്തുവന്നവരാരും മതതീവ്രവാദി ആകുകയോ വിപ്ലവകാരി ആകുകയോ ചെയ്തിട്ടില്ല. മറിച്ച്, വന്നവരെല്ലാം അവരവരുടെ മേഖലകളെ വിശുദ്ധീകരിക്കുന്നവരായി മാറി. അച്ചനില്‍ നിന്നും ദൈവം പ്രതീക്ഷിച്ചതും അതു തന്നെ.

സമാധാനം പുലര്‍ന്ന കുടുംബങ്ങള്‍

നായ്ക്കംപറമ്പിലച്ചന്റെ ധ്യാനം കൂടിയിട്ട് എത്രയോ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ഭാവാത്മകമായ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്! പരിപൂര്‍ണ്ണമായി ഒരാള്‍ മദ്യപാനം നിര്‍ത്തുമ്പോള്‍ അയാളും ഭാര്യയും അവരുടെ കുടുംബവും രക്ഷപ്പെടുകയാണ്. അങ്ങനെ രക്ഷപെട്ട എത്രയോ കുടുംബങ്ങള്‍ കേരളത്തിലുണ്ട്. ധ്യാനത്തിന്റെ ഫലമായുണ്ടാകുന്ന സമാധാനം എത്രയോ കുടംബങ്ങളില്‍ നവചൈതന്യത്തിന്റെ തിരി തെളിച്ചിരിക്കന്നു. സ്‌നേഹിക്കുന്ന ദമ്പതികളും അപ്പനോടുള്ള ഭയം മാറിയ കുട്ടികളും പ്രാര്‍ത്ഥനയിലും പഠനത്തിലും ശ്രദ്ധിക്കുന്ന കൗമാരക്കാരും കൃത്യമായ ലക്ഷ്യത്തോടെ നീങ്ങുന്ന യുവതീയുവാക്കളും അത്തരം ധ്യാനങ്ങളുടെ ഫലമായി സൃഷ്ടിക്കപ്പെട്ടു എന്നത് വിസ്മരിക്കാനാവാത്ത കാര്യമാണ്.

ജനലക്ഷങ്ങള്‍ അക്കാര്യത്തില്‍ അച്ചനോട് കടപ്പെട്ടിരിക്കും. കുടുംബപ്രാര്‍ത്ഥനകള്‍ക്കും വ്യക്തിപരമായ പ്രാര്‍ത്ഥനകള്‍ക്കും വന്ന ഭാവാത്മകമായ മാറ്റങ്ങള്‍ ഓര്‍മ്മിക്കുക. പണ്ട്, കഷ്ടിച്ച് അഞ്ചു മിനിറ്റ് പ്രാര്‍ത്ഥിച്ചവര്‍ ഇന്ന് മണിക്കൂറുകളോളം പ്രാര്‍ത്ഥിക്കുന്നു. ആഴ്ചയില്‍ ഒരുനേരം ഉപവസിക്കാന്‍ മടിച്ചിരുന്നവര്‍ ആഴ്ചയില്‍ നാലും അഞ്ചും പ്രാവശ്യം ഉപവസിക്കുന്നു. സന്ധ്യാപ്രാര്‍ത്ഥനയ്‌ക്കൊപ്പം ബൈബിള്‍ വായിക്കാന്‍ തുടങ്ങി. സന്ധ്യാപ്രാര്‍ത്ഥനയ്‌ക്കൊപ്പം ഗാനങ്ങള്‍ പതിവായി ആലപിച്ചുതുടങ്ങി. വളര്‍ന്നുവന്ന മദ്ധ്യസ്ഥപ്രാര്‍ത്ഥനാ ഗ്രൂപ്പുകള്‍ എത്രയോ നിയോഗങ്ങള്‍ക്കുവേണ്ടിയാണ് ഓരോ ദിനവും പ്രാര്‍ത്ഥിക്കുന്നത്! കുടുംബങ്ങളെ പ്രാര്‍ത്ഥനാകേന്ദ്രങ്ങളാക്കി മാറ്റിയതിന് അച്ചന്റെ ധ്യാനങ്ങള്‍ക്ക് പങ്കുണ്ട്.

ഉയര്‍ന്നുവന്ന പ്രാര്‍ത്ഥനാമന്ദിരങ്ങള്‍

അച്ചന്‍ ധ്യാനിപ്പിക്കാനായി പോയ രാജ്യങ്ങളിലെല്ലാം പിറകെ, വിന്‍സെന്‍ഷ്യന്‍ പ്രാര്‍ത്ഥനാഭവനങ്ങള്‍ ഉയര്‍ന്നു. ഇന്ത്യയ്ക്കു പുറത്ത് മറ്റു രാജ്യങ്ങളില്‍ ഇത്രയധികം പ്രാര്‍ത്ഥനാഭവനങ്ങള്‍ – ധ്യാനകേന്ദ്രങ്ങളുള്ള മറ്റൊരു സമര്‍പ്പിതസമൂഹവും ഇന്ന് ഇന്ത്യയില്‍ ഉണ്ടെന്നു തോന്നുന്നില്ല. നായ്ക്കംപറമ്പിലച്ചന്റെ നേരിട്ടുള്ള പ്രേരണയാലും ഇടപെടലാലും ഇന്ത്യയ്ക്കകത്തും പുറത്തുമായി അമ്പതിലധികം ധ്യാനകേന്ദ്രങ്ങള്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. അവിടെയൊക്കെ ഇപ്പോള്‍ തദ്ദേശീയഭാഷയില്‍ വചനം പ്രസംഗിക്കപ്പെടുകയും ചെയ്യുന്നു.

അത്മായസഹോദരങ്ങളെ ആത്മീയനേതൃത്വത്തില്‍ എത്തിക്കല്‍

അത്മായസഹോദരങ്ങള്‍ ധ്യാനിപ്പിക്കാനായി ഇത്രമാത്രം അവസരങ്ങള്‍ നല്‍കിയിട്ടുള്ള മറ്റൊരു ധ്യാനഗുരു ഉണ്ടോ എന്നറിയില്ല. പോട്ട – ഡിവൈന്‍ ധ്യാനകേന്ദ്രങ്ങള്‍ വഴി ഉണ്ടായിട്ടുള്ള അത്മായശുശ്രൂഷകരും അത്മായ വചനപ്രഘോഷകരും കേരളത്തിന് പുതിയ കാഴ്ചയായിരുന്നു. നായ്ക്കംപറമ്പിലച്ചന്‍ നേതൃത്വം നല്‍കുന്ന എല്ലാ ധ്യാനങ്ങളിലും അത്മായസഹോദരങ്ങള്‍ പ്രസംഗിച്ചിരുന്നു. അച്ചന്റെ നേതൃത്വത്തില്‍ അത്മായര്‍ വചനം വായിക്കാനും പഠിക്കുവാനും പ്രഘോഷിക്കുവാനും തുടങ്ങി എന്നുള്ളത് വലിയ മാറ്റമാണ് കേരളസഭയില്‍ കൊണ്ടുവന്നത്.

മദ്ധ്യസ്ഥപ്രാര്‍ത്ഥനയിലൂടെയുള്ള സുവിശേഷപ്രഘോഷണം

നായ്ക്കംപറമ്പിലച്ചന്‍ ലോകത്തിലെ എല്ലാ രാജ്യങ്ങളിലും ശാരീരികമായി പോയിട്ടില്ല. പക്ഷേ, ആത്മീയമായി പ്രാര്‍ത്ഥനയില്‍ അച്ചന്‍ എല്ലാ രാജ്യങ്ങളിലും പോയിട്ടുണ്ട്. തന്റെ മദ്ധ്യസ്ഥപ്രാര്‍ത്ഥനയില്‍ അദ്ദേഹം ലോകത്തിലെ എല്ലാ രാജ്യങ്ങള്‍ക്കായും ജനതകള്‍ക്കായും ഓരോ ദിവസവും പ്രാര്‍ത്ഥിക്കുന്നു. ഓരോ ദിവസവും അച്ചന്‍ മൂന്നു-നാല് മണിക്കൂറുകള്‍ മദ്ധ്യസ്ഥപ്രാര്‍ത്ഥനയ്ക്കായി മാറ്റിവയ്ക്കുന്നു.

പണ്ടൊക്കെ സ്വന്തം കാര്യങ്ങള്‍ക്കുവേണ്ടി മാത്രമായിരുന്നു പ്രാര്‍ത്ഥന. എന്നാല്‍ ഇപ്പോള്‍ ലോകത്തിലെ എല്ലാ മനുഷ്യര്‍ക്കായും പരിശുദ്ധാത്മാവിന്റെ വരദാനങ്ങള്‍ക്കായും ആത്മീയ അനുഗ്രഹങ്ങള്‍ക്കായും അച്ചന്‍ മദ്ധ്യസ്ഥപ്രാര്‍ത്ഥന നടത്തുന്നു. ലോകസുവിശേഷീകരണത്തിനുവേണ്ടിയും  നേതാക്കന്മാരുടെ വിശുദ്ധീകരണത്തിനുമായുള്ള പ്രാര്‍ത്ഥനകളാണ് ഇപ്പോള്‍ ഓരോ ദിനവും ഉണര്‍ത്തുന്നത്. അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ തനിക്കുവേണ്ടിയുള്ള കാര്യങ്ങള്‍ കൂടി ദൈവം നടത്തിത്തരുന്നു എന്നതാണ് അച്ചന്റെ അനുഭവം.

കാണാത്ത ദേശങ്ങള്‍ക്കായും നേതാക്കള്‍ക്കായും പ്രാര്‍ത്ഥിക്കുന്ന എത്രപേര്‍ ലോകത്തിലുണ്ട് എന്ന് ചിന്തിച്ചുനോക്കിയാല്‍ അച്ചന്‍ ചെയ്യുന്ന കാര്യത്തിന്റെ മാഹാത്മ്യം നമുക്ക് വെളിപ്പെടും. മദ്ധ്യസ്ഥപ്രാര്‍ത്ഥനയിലൂടെ ഓരോ ദിനവും ലോകം മുഴുവന്‍ യാത്ര ചെയ്യുന്ന ആളാണ് അച്ചന്‍.

സ്വന്തമായി ഒന്നുമില്ലാത്ത ഒരാള്‍   

സ്വന്തമായി ഒന്നുമില്ലാത്ത ആളാണ് നായ്ക്കംപറമ്പിലച്ചന്‍. ധ്യാന ശുശ്രൂഷയില്‍ നിന്നു ലഭിക്കുന്ന പണത്തിന്റെ കുറച്ചുഭാഗം പാവപ്പെട്ടവര്‍ക്ക് ഏതെങ്കിലും വിധത്തില്‍ എത്തിച്ചുകൊടുക്കും. പണത്തിന്റെ കൂടുതല്‍ ഭാഗവും ഇനിയും തുടങ്ങാന്‍ പോകുന്ന ധ്യാനകേന്ദ്രങ്ങളുടെ ശുശ്രൂഷകള്‍ക്കായി പ്രൊവിന്‍ഷ്യാള്‍ അച്ചനെ ഏല്‍പ്പിക്കും. മിച്ചമുളളവ താമസിക്കുന്ന ആശ്രമത്തിലെ സുപ്പീരിയറുടെ കയ്യില്‍ നല്‍കുകയും ചെയ്യും. സമര്‍പ്പിത സമൂഹങ്ങളില്‍ അങ്ങനെയാണ് രീതി. വിധേയത്വത്തോടെയും സന്തോഷത്തോടെയും അച്ചനത് പൂര്‍ണ്ണതയില്‍ നിര്‍വഹിക്കുന്നു.‌   

അച്ചന്റെ ജീവിതത്തില്‍ ഒരിക്കലും പണത്തിലും സുഖസൗകര്യങ്ങളിലും കണ്ണുടക്കിപ്പോയിട്ടില്ല. അച്ചന്‍ പറയുന്നത്, ‘ഏറ്റവും വലിയ ദൈവശുശ്രൂഷ ചെയ്യുന്നവരാരും മുന്‍കൂട്ടി പണം പിരിച്ചിട്ടല്ല അങ്ങനെ ചെയ്യുന്നത്’ എന്നാണ്. അതിന് അദ്ദേഹം ഉദാഹമണമായി വി. മദര്‍ തെരേസയെയാണ് ചൂണ്ടിക്കാണിക്കുന്നത്.

അധികാരികളോട് എക്കാലത്തും വിധേയന്‍

മെത്രാന്മാരുടെയും വിന്‍സെനഷ്യന്‍ സഭാധികാരികളുടെയും എല്ലാ നിര്‍ദ്ദേശങ്ങളും പാലിക്കാന്‍ അദ്ദേഹം എക്കാലത്തും ശ്രമിച്ചിരുന്നു. അനുസരണവും വിധേയത്വവും പുലര്‍ത്തുന്നതില്‍ അദ്ദേഹം എല്ലാവര്‍ക്കും മാതൃകയാണ്. ജനലക്ഷങ്ങളാണ് എന്നെ കേള്‍ക്കാന്‍ വരുന്നത്, ഞാനൊരു വലിയ ധ്യാനപ്രഘോഷകനാണ് എന്ന ഭാവമൊന്നും അദ്ദേഹത്തെ നയിച്ചിട്ടില്ല. അധികാരസ്ഥാനത്തു നിന്നും പൂര്‍ണ്ണമായി മാറിനില്‍ക്കാനും അദ്ദേഹം ശ്രമിച്ചിരുന്നു. പദവികളോ ഉന്നതസ്ഥാനങ്ങളോ അദ്ദേഹത്തെ ഒരിക്കലും മോഹിപ്പിച്ചിരുന്നില്ല. ക്രിസ്തുവിനെ ജനങ്ങള്‍ക്ക് നല്‍കുന്നതിലായിരുന്നു എക്കാലത്തും അദ്ദേഹത്തിന്റെ ശ്രദ്ധ.

കത്തോലിക്കാ സഭയുടെ വിശ്വസ്തനായ പോരാളി

പെന്തക്കുസ്താ പ്രസ്ഥാനങ്ങള്‍ കേരളത്തിലെ കത്തോലിക്കരെ പല രീതിയിലും സ്വാധീനിച്ച് അവരിലേയ്ക്ക് ആകര്‍ഷിച്ചുകൊണ്ടിരിക്കുന്ന കാലത്ത്, അണക്കെട്ടു പോലെ ആ പ്രവാഹത്തെ തടഞ്ഞ കര്‍ത്താവിന്റെ പ്രവാചകനാണ് ബഹുമാനപ്പെട്ട നായ്ക്കംപറമ്പിലച്ചന്‍. റീത്ത് വ്യത്യാസം കൂടാതെ വചനത്തിലൂടെയും കൂദാശകളിലൂടെയും എല്ലാ വിഭാഗക്കാരെയും അദ്ദേഹം ക്രിസ്തുവില്‍ ഒന്നിപ്പിച്ചു. കേരളത്തിന്റെ ആത്മീയ തലസ്ഥാനം പോലയാണ് പോട്ടയും ഡിവൈനും അക്കാലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നത്. അച്ചന്റെയും മറ്റ് വൈദികരുടെയും വചനപ്രഘോഷണം, കത്തോലിക്കാ സഭയില്‍ നിന്നും മറ്റ് പ്രസ്ഥാനങ്ങളിലേയ്ക്കുള്ള ആളുകളുടെ ഒഴുക്ക് കുറച്ചു എന്നത് ഒരു വശം മാത്രമാണ്. മറുവശത്ത് ലക്ഷക്കണക്കിന് ആളുകള്‍ കത്തോലിക്കാ സഭയിലേയ്ക്ക് വരാനിടയായി എന്നതാണ്.

എത്രയോ ലക്ഷം ജനങ്ങളാണ് അച്ചന്റെ പ്രസംഗങ്ങളാലും പ്രവര്‍ത്തനങ്ങളാലും കത്തോലിക്കാ സഭയില്‍ വന്നുചേര്‍ന്നിരിക്കുന്നത്. ആ ഒരു ക്രെഡിറ്റ് കേരള കത്തോലിക്കാ സഭയിലെ മറ്റൊരാള്‍ക്കും അവകാശപ്പെടാനാകുമെന്നു തോന്നുന്നില്ല. പക്ഷേ, അദ്ദേഹം ഒരിക്കലും താന്‍ ചെയ്ത കാര്യങ്ങളെക്കുറിച്ച് വലുതായോ പുകഴ്ത്തിയോ സംസാരിക്കാറില്ല. പറയുന്നതെല്ലാം ദൈവം പ്രവര്‍ത്തിച്ചു, ദൈവം ചെയ്യാന്‍ പറഞ്ഞു, ദൈവം ചെയ്യിപ്പിച്ചു എന്നു മാത്രമാണ്.

തന്നെ ശ്രവിക്കാന്‍ വരുന്ന ആളുകളോട് അടയാളങ്ങളിലൂടെ സുവിശേഷം പറയുന്നു. അത് അനുഭവിക്കന്ന വ്യക്തികള്‍ക്ക് മാനസാന്തരം സംഭവിക്കുന്നു. അത് മാമ്മോദീസയിലേയ്ക്ക് നയിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടില്‍ ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ആളുകളെ ക്രിസ്തുവിനെ അറിയിച്ച ആളുകളിലൊരാള്‍ നായ്ക്കംപറമ്പിലച്ചനായിരിക്കും. ലോകസുവിശേഷവത്ക്കരണം എന്ന ദൗത്യത്തിനായാണല്ലോ ദൈവം അദ്ദേഹത്തെ തെരഞ്ഞെടുത്തിരിക്കുന്നത്.

2015 – ല്‍ റോമില്‍ വച്ചു നടന്ന വൈദികരുടെ ധ്യാനത്തില്‍ 15 മിനിറ്റുകളിലധികം വചനവും അനുഭവവും പങ്കുവയ്ക്കാന്‍ സാധിച്ചത് ജീവിതത്തിലെ വലിയൊരു സംഭവമായി അച്ചന്‍ കരുതുന്നു. 93 രാജ്യങ്ങളില്‍ നിന്നായി 1200  വൈദികര്‍ പങ്കെടുത്ത ധ്യാനമായിരുന്നു അത്.

കൊറിയയിലേയ്ക്കും ചൈനയിലേയ്ക്കും 

റോമില്‍ വച്ചു നടന്ന വൈദികരുടെ ധ്യാനത്തില്‍ പങ്കെടുത്ത ഒരു ദക്ഷിണ കൊറിയ വൈദികന്‍, ഫാ. പീറ്റര്‍ ആണ് അവിടെയ്ക്ക് വചനം പ്രസംഗിക്കാന്‍ ക്ഷണിച്ചത്. അവിടെ പതിനായിരം പേരുടെ കണ്‍വന്‍ഷനില്‍ നേതൃത്വം നല്കാന്‍ ദൈവം അനുവദിച്ചു. ഉത്തര കൊറിയയുടെ ആക്രമണം ഭയന്ന്  ദക്ഷിണ കൊറിയക്കാര്‍ കഴിയുന്ന സമയമായിരുന്നു അത്. ഇനി ഒരു യുദ്ധം താങ്ങാന്‍ അവര്‍ക്ക് ശക്തിയില്ല. മധ്യസ്ഥ പ്രാര്‍ത്ഥനയായിരുന്നു അച്ചന്റെ പരിഹാര മാര്‍ഗം.  ഉത്തര കൊറിയയിലെ ജനങ്ങളെയും നേതാക്കളെയും സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കാന്‍ അച്ചന്‍ താന്‍ ധ്യനിപ്പിച്ച കൊറിയക്കാരെ ആഹ്വാനം ചെയ്തു. അവരത് കേട്ടു, പ്രാര്‍ത്ഥന ആരംഭിച്ചു. അച്ചനും എന്നും അതേ നിയോഗതോടെ പ്രാര്‍ത്ഥിക്കുന്നു.

കൊറിയയ്ക്ക് ശേഷം ചൈനയില്‍ പോകാനായിരുന്നു പദ്ധതി. അത് പൂര്‍ണ്ണമായും സാധിച്ചില്ല. ചൈനയിലെ രണ്ട് പ്രത്യേക ഭരണമേഖലകളിൽ ഒന്നായ മകാവുവില്‍ ചെല്ലാനും അവിടെ വി. കുര്‍ബാന അര്‍പ്പിക്കാനും സാധിച്ചു. അച്ചന്റെ ഇപ്പോഴത്തെ മധ്യസ്ഥ പ്രാര്‍ത്ഥനകളില്‍ ചൈനയിലെ പീഡിപ്പിക്കപ്പെടുന്ന സഭയും അവിടുത്തെ ഭരണകൂടവും നിറഞ്ഞു നില്‍ക്കുന്നു.

നഥാനിയേലിനെ പോലെ ഒരാള്‍

നിഷ്‌കളങ്കനായ ഇസ്രായേല്‍ക്കാരന്‍ എന്നാണ് നഥാനിയേലിനെ ഈശോ വിശേഷിപ്പിക്കുന്നത്. നായ്ക്കംപറമ്പിലച്ചനെയും അങ്ങനെ വിശേഷിപ്പിക്കുന്നതില്‍ ഒട്ടും തെറ്റില്ല. നിഷ്‌കളങ്കതയുടെ ആള്‍രൂപമാണ് അദ്ദേഹം. പണ്ടൊരു വിശുദ്ധനോട് കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു: ‘ദേ, ഒരു കാള പറന്നുപോകുന്നു.’ പറന്നുപോകുന്ന കാളയെ കാണാന്‍ വിശുദ്ധന്‍ ആകാശത്തേയ്ക്കു നോക്കിയപ്പോള്‍ മറ്റുള്ളവര്‍ അദ്ദേഹത്തെ കളിയാക്കി. ‘ഒരു സന്യാസി കള്ളം പറയുന്നു എന്നതിനേക്കാള്‍ കാള പറന്നുപോകുന്നു എന്നു വിശ്വസിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്’ എന്നാണ് സഹസന്യാസിമാരുടെ കളിയാക്കലുകള്‍ക്കു മറുപടിയായി വിശുദ്ധന്‍ പറഞ്ഞത്.

ഇതിനു സമാനമായ നിഷ്‌കളങ്കഹൃദയമാണ് നായ്ക്കംപറമ്പിലച്ചനും ഉള്ളതെന്നു പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല. അച്ചന്‍ ഒരു വിശുദ്ധമായ സന്യാസ-പൗരോഹിത്യജീവിതമാണ് നയിക്കുന്നത്. അദ്ദേഹത്തിന്റെ വചനപ്രഘോഷണവും അനുദിനം മണുക്കൂറുകള്‍ നീളുന്ന മദ്ധ്യസ്ഥപ്രാര്‍ത്ഥനയും പാവങ്ങളോടുള്ള കരുതലും അദ്ദേഹത്തിലൂടെ നടന്ന അത്ഭുതങ്ങളും അതിന്റെ തെളിവാണ്.

ക്രിസ്തുവിനുവേണ്ടി ജീവിക്കുന്ന എല്ലാവരും തന്നെപ്പോലെയാണെന്നാണ് അച്ചന്റെ വിചാരവും വിശ്വാസവും. ക്രിസ്തുവിനായി ജീവിതം മാറ്റിവച്ച ഒരാള്‍ വിശുദ്ധമല്ലാത്ത ജീവിതം നയിക്കുമെന്ന് അച്ചന് ചിന്തിക്കാന്‍പോലും സാധിക്കുന്ന കാര്യമല്ല.

2021-ലെ വിവാദം

സി. അഭയയുടെ മരണവുമായി ബന്ധപ്പെട്ട് 2021-ല്‍ നായ്ക്കംപറമ്പിലച്ചന്‍ പറഞ്ഞ ഒരു കാര്യം വിവാദമായി. യഥാര്‍ത്ഥത്തില്‍ അത് നായ്ക്കംപറമ്പിലച്ചന്‍ പ്രവചിച്ച കാര്യമല്ല. മറ്റൊരാള്‍ പറഞ്ഞ കാര്യത്തെ അച്ചന്‍ ആവര്‍ത്തിച്ചതാണ്. പക്ഷേ, അങ്ങനെ പറഞ്ഞതില്‍ – ആവര്‍ത്തിച്ചതില്‍ – അദ്ദേഹത്തിനു തെറ്റു പറ്റി. നായ്ക്കംപറമ്പിലച്ചനെപ്പോലെ ആദരണീയനായ ഒരാളില്‍ നിന്ന് അത് ആരും പ്രതീക്ഷിച്ചില്ല. തനിക്ക് തെറ്റു പറ്റിയെന്നു ബോദ്ധ്യമായ അച്ചന്‍ ഉടനെ തന്നെ നിരുപാധികം ക്ഷമ ചോദിക്കാന്‍ തയ്യാറാകുകയും ക്ഷമാപണസന്ദേശം വീഡിയോയിലൂടെ പുറത്തുവിടുകയും ചെയ്തു.

തെറ്റു പറ്റുന്നത് മാനുഷികമാണ്. അതിനെ തിരുത്തുന്നതും ക്ഷമ ചോദിക്കുന്നതും ശ്രേഷ്ഠമായ ഒന്നാണ്. 74 വയസ്സുള്ള വയോധികനായ വൈദികന് തെറ്റുപറ്റിയപ്പോള്‍ വെകാതെ തന്നെ മാപ്പ് ചോദിക്കാന്‍ അദ്ദേഹം തയ്യാറായത് മനോഹരമായ ഒരു കാര്യം തന്നെ.

നായ്ക്കംപറമ്പിലച്ചനും ഒരു മനുഷ്യനാണ്. അദ്ദേഹത്തിന് തെറ്റു പറ്റാം. തെറ്റുപറ്റാത്തത് ദൈവത്തിനു മാത്രമാണ്. തെറ്റുപറ്റാത്ത ദൈവത്തിലേയ്ക്ക് ആളുകളെ കൊണ്ടുചെന്നെത്തിക്കുകയാണ് അദ്ദേഹത്തന്റെ ദൗത്യം. ആ ദൗത്യം അദ്ദേഹം നിര്‍വ്വഹിക്കുകയും ചെയ്യുന്നു. ക്രിസ്തുശിഷ്യര്‍ക്ക് പരാജയം സംഭവിക്കുന്നതും അവര്‍ തിരുത്തി കൂടുതല്‍ ശക്തിയോടെ ക്രിസ്തുസാക്ഷ്യം തുടരുന്നതും ചരിത്രത്തില്‍ ആദ്യം സംഭവിക്കുന്നതല്ല. മൂന്നു വര്‍ഷം കൂടെ നടന്ന ശിഷ്യപ്രമുഖനായ വി. പത്രോസ് ശ്ലീഹായാണ്, താന്‍ ക്രിസ്തുവിന അറിയില്ല എന്ന് മൂന്നു പ്രാവശ്യം തള്ളിപ്പറഞ്ഞത്. പക്ഷേ, തെറ്റു മനസ്സിലാക്കിയ അദ്ദേഹം ഹൃദയം നൊന്തു കരയുകയാണ് (മത്തായി 26:27). അതിനൊക്കെ ശേഷമാണ് അദ്ദേഹത്തെ ഈശോ, തന്റെ ആടുകളെ മേയ്ക്കാനുള്ള ദൗത്യം ഏല്‍പ്പിക്കുന്നത് (യോഹ. 21:15-19).

ആദ്യം പറഞ്ഞതില്‍ അച്ചന് തെറ്റു പറ്റി എന്നതിന് രണ്ടുപക്ഷമില്ല. പക്ഷേ, അദ്ദേഹം മാപ്പ് പറഞ്ഞതിനുശേഷവും, ആ വയോധികനായ വൈദികന്‍ ചെയ്ത എല്ലാ മഹത്കാര്യങ്ങളെയും തമസ്‌ക്കരിക്കുകയും ഇല്ലാതാക്കുകയും ചെയ്യാന്‍ ശ്രമിക്കുന്നവരുടെ യഥാര്‍ത്ഥ ലക്ഷ്യം എന്തായിരിക്കും? തീര്‍ച്ചയായും അദ്ദേഹം വിമര്‍ശനത്തിന് അതീതനല്ല. എങ്കിലും, ഇനിയും വിമര്‍ശിക്കും മുമ്പ് ആ ജീവിതത്തില്‍ ക്രിസ്തുവിനായി ചെയ്ത കാര്യങ്ങളെ ഒന്ന് അടുത്തറിയാന്‍ ശ്രമിക്കുകയെങ്കിലും ചെയ്യുക.

മാപ്പ് പറഞ്ഞിട്ടും വിമര്‍ശനം തുടരുന്നവരോട് എന്തു തോന്നുന്നു എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. “വിമര്‍ശനം ഒരു രീതിയില്‍ സഹനമാണ്. എന്നെ വിമര്‍ശിക്കുന്നവര്‍ക്കു വേണ്ടിയും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എന്നെ വിമര്‍ശിക്കുന്നവരും എന്റെ സഹോദരന്മാരാണ്.  അതിനാല്‍ തന്നെ, ഞാന്‍ അവര്‍ക്കായി മധ്യസ്ഥ പ്രാര്‍ത്ഥന തുടര്‍ച്ചയായി നടത്തുന്നു. ഓരോ സഹനവും വലിയ ഉയര്‍ത്തെഴുന്നേല്‍പ്പിനായിട്ടാണ് ദൈവം അനുവദിക്കുന്നത് എന്നു ഞാന്‍ വിശ്വസിക്കുന്നു.”  

ഗ്വാഡലൂപ്പെയിലെ മാതാവും മഞ്ഞുകാലത്തെ പൂക്കളും

നായ്ക്കംപറമ്പിലച്ചന് പരിശുദ്ധ അമ്മയോട് വലിയ ഭക്തിയാണ്. മെക്സിക്കോയിലെ ഗ്വാഡലൂപ്പയിൽ മാതാവ് പ്രത്യക്ഷപ്പെട്ട സംഭവം അച്ചൻ ഒരു പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. അതിപ്രകാരമാണ്.

ഗ്യാഡലുപ്പെയിൽ മാതാവ് ഒരാൾക്ക് പ്രത്യക്ഷപ്പെട്ട് മെത്രാനച്ചനെ കാണണമെന്നു പറഞ്ഞു. അയാൾ മാതാവ് പറഞ്ഞത പോലെ ചെയ്തു. പക്ഷേ, പറഞ്ഞതു മുഴുവൻ ചെയ്തില്ല. മറ്റൊരു വഴിയിലൂടെ അയാൾ യാത്ര ചെയ്തപ്പോൾ പരിശുദ്ധ അമ്മ അയാൾക്കു മുൻപിൽ വീണ്ടും പ്രത്യക്ഷപ്പെട്ടു. എന്നിട്ടു പറഞ്ഞു:

‘നീ ഒരിക്കല്‍ക്കൂടി എന്നെ സഹായിക്കണം. പഴയതുപോലെ മെത്രാനച്ചനെ കണ്ട് എന്റെ ആഗ്രഹം ഒരിക്കല്‍ക്കൂടി അറിയിക്കുക. അവര്‍ അടയാളം വീണ്ടും ചോദിക്കും. ഈ പ്രാവശ്യം അടയാളം ഇതായിരിക്കും, തൊട്ടടുത്തുള്ള ഈ മലമുകളില്‍ നീ കയറുക. അവിടെ മുഴുവന്‍ വിരിഞ്ഞുനില്‍ക്കുന്ന ധാരാളം പൂക്കള്‍ കാണും. അത് പറിച്ചെടുക്കണം. ബിഷപ്‌സ് ഹൗസില്‍ കൊണ്ടുപോയി അവ കാണിച്ചാല്‍ അവര്‍ വിശ്വസിച്ചുകൊള്ളും.’ അന്ന് വലിയ രാജ്യമായ മെക്‌സിക്കോയില്‍ എവിടെയും പൂക്കളില്ലാത്ത കാലമായിരുന്നു – മഞ്ഞുകാലം.

വിശ്വാസത്തോടെ അവന്‍ ആ മല കയറി. വസന്തകാലത്തിലെന്നപോലെ അവിടെ നിറയെ പൂക്കള്‍ കണ്ടു. മേല്‍മുണ്ട് നിറയെ അവന്‍ അത് ശേഖരിച്ചു. ബിഷപ്പിന്റെ അരമനയില്‍ ചെന്നു. പഴയ കാര്യങ്ങള്‍ ആവര്‍ത്തിച്ചു. അവര്‍ അടയാളം ചോദിച്ചു. ഇതാണ് അടയാളം, മേല്‍മുണ്ട് നിറയെ പുത്തന്‍ പൂക്കള്‍. അതും ബിഷപ്പിന്റെ സ്‌പെയിനിലുള്ള നാട്ടിന്‍പുറത്തു വിരിയുന്ന തരത്തിലുള്ള റോസാപ്പൂക്കള്‍. അവര്‍ക്ക് വിശ്വാസമായി. പറഞ്ഞ കാര്യങ്ങളെല്ലാം സമ്മതിച്ചു. അവന് ആശ്വാസമായി. ആഹ്ലാദത്തോടെ അവന്‍ പൂക്കള്‍ നിറഞ്ഞ ആ മേല്‍മുണ്ട് മുകളിലേയ്ക്ക് ഉയര്‍ത്തിയപ്പോള്‍ അവനു പ്രത്യക്ഷപ്പെട്ട സ്ത്രീയുടെ പച്ച പെയിന്റടിച്ച ഒരു രൂപം അതില്‍ തെളിഞ്ഞുവന്നു. ഇന്നും അഞ്ഞൂറു കൊല്ലങ്ങള്‍ക്കു ശേഷം അവിടെയുള്ള ദേവാലയത്തില്‍ അത് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അല്‍പം പോലും കേടു വന്നിട്ടില്ല.

മഞ്ഞുകാലത്ത് പൂക്കൾ വിരിയിച്ച പരിശുദ്ധ അമ്മ നായ്ക്കംപറമ്പിലച്ചൻ്റേയും പ്രിയ മാതാവാണ്. ആ അമ്മയുടെ സംരക്ഷണവും തണലും എപ്പോഴും അച്ചൻ്റെ ബലമാണ്.

ഈശോ അച്ചനെ തെരഞ്ഞെടുത്തതും മഞ്ഞുകാലത്ത് പൂക്കൾ വിരിയിക്കുന്നതു പോലത്തെ അത്ഭുതങ്ങളും അനുഭവങ്ങളും തൻ്റെ ജനത്തിനു നൽകാനായിട്ടാണ്. കേരളത്തിലും ഇന്ത്യയിലും ലോകത്തിലും അവിശ്വാസത്തിൻ്റെ മഞ്ഞു കാലത്ത് വചനത്തിൻ്റെ പൂക്കൾ വിരിയിക്കാനാണ് അച്ചനെ ദൈവം തെരഞ്ഞെടുത്തനുഗ്രഹിച്ചിരിക്കുന്നത്. അച്ചനിലൂടെ ദൈവമത് സാധിക്കുകയും ചെയ്യുന്നു.

(ബഹുമാനപ്പെട്ട  ഫാ. മാത്യു നായ്ക്കംപറമ്പിലുമായി നടത്തിയ സംഭാഷണം, ‘കാറ്റ് അതിനിഷ്ടമുള്ളിടത്തെയ്ക്ക് വീശുന്നു’ എന്ന പുസ്തകം, വിന്‍സന്‍ഷ്യന്‍ സഭാംഗങ്ങളുമായി നടത്തിയ സംഭാഷണം, അച്ചന്റെ ധ്യാനങ്ങളില്‍ പങ്കെടുത്തവരുടെ അനുഭവങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ‘ടീം ലൈഫ് ഡേ’ തയ്യാറാക്കിയ ഫീച്ചര്‍)

8 COMMENTS

  1. 🙏🙏🙏 May God bless him more and more! Fr. Mathew is a man of God and he spends hours and hours in front of the Blessed Sacrament. He is very gentle and compassionate, imitating his Master.

  2. നായിക്കൻ പറമ്പിൽ അച്ചൻ ഇക്കാര്യത്തിൽ ഒരു പിശക് പറ്റി എന്നത് ശരിയാണ് അദ്ദേഹം ഈ സന്ദേശം കേട്ടിട്ട് prayer group കാരോട് sr. അഭയ യ്ക്ക് വേണ്ടി പ്രാർത്ഥിക്കണം എന്നാണ് പറഞ്ഞത് ആ സന്ദേശം അദ്ദേഹം വിശ്വസിക്കാൻ കാരണം അദ്ദേഹം അത്തരത്തിൽ ധാരാളം സന്ദേശം കിട്ടുകയും അതൊക്കെ സത്യമായി ഭവിക്കുകയും ചെയ്തിട്ടുള്ളതുകൊണ്ടാണ്. അദ്ദേഹം ഇന്ന് കത്തോലിക്കാ സഭയിൽ ജീവിച്ചിരിക്കുന്ന വൈദീകരിൽ എറ്റവും അധികം ആത്മാക്കളെ നേടു കയും പതിനായിരങ്ങൾക്ക് മാനസാ ന്തരവും മാമ്മോദീസയും നൽകിയിട്ടുള്ള വൈദീകനാണ്. മുസ്ലിമായ എന്റെ പ്രോജക്ട് മാനേജരുടെ പേര് അദ്ദേഹം പറയുകയുണ്ടായി,. കേരള കത്തോലിക്കാ സഭയ്ക്കു പരിശുദധആത്മാവിന്റെ പുതു ജീവനും അഭിഷേക പകർച്ചയും നൽകിയത് ഈ അച്ചനും പനയ്ക്കൽ അച്ചനും ചേർന്നാണ്, നായ്ക്കാൻ പറമ്പിൽ അച്ചനും പനയ്ക്കൽ അച്ചനും ഈശോ മിശിഹാ ചെയ്തത് പോലെ അത്ഭുതങ്ങൾ ഈശോയുടെ നാമത്തിൽ ചെയ്തവരാണ്,അവർ ആൾ ത്താര വണക്കത്തിനു യോഗ്യരായ വിശുദ്ധരായി തീരും സ്വഭാവീകമായി സാത്താൻ സേവ നടത്തുന്നവർക്ക് അവരോട് എതിർപ്പുണ്ടാവും. തന്നെതന്നെയും തനിക്കുള്ളവയും ഈശോയുടെ നാമത്തിൽ ലോകത്തിന് നൽകുന്ന ആ ധ്ധ്യാത്മീകതയാണ് കത്തോലിക്കാ സന്യാസം, അതിനേക്കാൾ ഉയർന്ന ഒരു മാനം ഇല്ല എന്ന് ദാമ്പത്യ വും രാജ്യത്വവും ഉപേക്ഷിച്ചു സന്യാസം സ്വീകരിച്ച ബുദ്ധൻ തന്നെ കാണിച്ചു തന്നിട്ടുണ്ട് , അവരെ പേർ താ റ ടി ച്ചു എന്നു കരുതി അവർക്കൊ സഭയ്ക്കോ ഒന്നുമില്ല സഹതാപം മാത്രം, ജയ് Christ,ജയ് നായ്കം പറമ്പിൽ, ജയ് catholic church

  3. ബഹുമാനപ്പെട്ടമാത്യു അച്ചൻ എന്നെന്നും യേശുവിന് പ്രിയപ്പെട്ട വിശുദ്ധനായ വൈദികനാണ്. May God Blessv, Father

  4. നിങ്ങളുടെ അഭിപ്രയത്തിനോട് എനിക്ക് യോച്ചിപ്പില്ല .

  5. ONNALLA, rande tette (that too VERY PUBLIC) enikariam. STILL I am very EDIFIED, INSPIRED and CHALLENGED by Fr. Mathew Naikomparampil.

    This ONLY SHOWS Fr. Mathew Naikomparampil is NOT CONFIRMED in God’s Grace LIKE MOTHER MARY or PERHAPS like those loose tongued TERI PARAYAYANS or terikundans all over.

  6. പ്രശസ്തി ക്കു വേണ്ടിപ്രവചന നാടകം നടത്താതിരിക്കട്ടെ..ഇയാളെ നാളെ വിശുദ്ധനക്കുമായിരിക്കും.. മുഖത്തെ ക്രൂരത സ്വഭാവത്തിൽ.. പ്രസംഗത്തിൽ ഉണ്ടാകാതിരിക്കട്ടെ…. യേശു അത്രയും നാണം കെട്ടു കഴിഞ്ഞു ഇനി… സാധാരണ മനുഷ്യർ ഇയാളെകൊണ്ട് തലതാഴ്ത്തി നടക്കാൻ ഇടയ്ക്കല്ലേ.. please…

  7. ഈ ലേഖനത്തിൽ എഴുതിയിരിക്കുന്ന
    കാര്യങ്ങാൻ നൂറു ശതമാനവും ശരിയാണ്. നായ്ക്കംപറമ്പിൽ അച്ചനെ അടുത്ത് അറിയാവുന്ന ആർക്കും ഈ സത്യങ്ങൾ നിഷേധിക്കാൻ കഴിയില്ല.. പോട്ടാ-ഡിവൈൻ ശുശ്രുഷകളിലൂടെ കേരളം ബൈബിൾ വായിക്കാൻ പഠിച്ചു എന്ന് ആമുഖത്തിൽ പറഞ്ഞിരിക്കുന്നത് തികച്ചും ശരിയാണ്. ഞങ്ങൾ ഏറെ -ആദരിക്കുന്ന പണ്ഡിത വൈദീകൻ ആധികാരികമായി പറയുന്നത് ആ ക്ലാസ്സിൽ പങ്കെടുക്കവെ ഞാനും കേട്ടതാണ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.