ദൈവത്തിന്റെ ഉപകരണങ്ങളാക്കി മാറ്റുന്ന വൈദിക പരിശീലനം – ഫാ. ജോയി ഐനിയാടന്‍

പൗരോഹിത്യം. ദൈവജനത്തെ ദൈവത്തിനായി ഒരുക്കുന്ന അതിവിശുദ്ധമായ ഒരു വിളി. ദൈവത്താല്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മാത്രം കരഗതമാകുന്ന ഈ വിളിക്ക് ആമ്മേന്‍ പറയുന്ന ഒരു വ്യക്തിയെ ആ ഒരു ദൗത്യ നിര്‍വഹണത്തിനായി ചെത്തി ഒരുക്കുന്ന കാലഘട്ടമാണ് സെമിനാരി പരിശീലന കാലഘട്ടം.

എന്താണ് സെമിനാരി പരിശീലനത്തിന്റെ പ്രത്യേകത? ആ പരിശീലനം എങ്ങനെ ഒരു അര്‍ത്ഥിയുടെ ജീവിതത്തെ സ്വാധീനിക്കുന്നു തുടങ്ങിയ ധാരാളം സംശയങ്ങള്‍ക്ക് ഉത്തരം നല്‍കുകയാണ് വടവാതൂര്‍ സെമിനാരിയിലെ റെക്ടർ ഫാ. ജോയി ഐനിയാടന്‍.

ദൈവവിളിയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍

കുടുംബാന്തരീക്ഷമാണ് ദൈവവിളിയെ സ്വാധീനിക്കുന്ന ഏറ്റവും പ്രധാന ഘടകം. നല്ല പ്രാര്‍ത്ഥനാന്തരീക്ഷമുള്ള കുടുബത്തില്‍ നിന്ന് ദൈവവിളികളുണ്ടാകും. മാതാപിതാക്കള്‍ വൈദികരേയും സന്യസ്തരേയും കുറിച്ച് എങ്ങിനെയാണോ വീട്ടില്‍ സംസാരിക്കുന്നത് അതിനനുസരണമായിരിക്കും ദൈവവിളിയോടുള്ള ആഭിമുഖ്യം മക്കളില്‍ രൂപം കൊള്ളുന്നത്. വൈദികരേയും സന്യസ്തരേയും വലിയ ആദരവോടെ കാണുന്ന കുടുംബങ്ങളില്‍ നിന്ന് ഇന്നും ദൈവവിളികളുണ്ട്. പല കുടുംബങ്ങളില്‍ നിന്നും ഒറ്റപുത്രന്മാരാണ് സെമിനാരിയില്‍ ചേര്‍ന്നിട്ടുള്ളത്. ഇപ്പോള്‍ ഈ സെമിനാരിയില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിയുടെ ആകെയുള്ള രണ്ട് സഹോദരന്മാരും സെമിനാരിയില്‍ പഠിക്കുകയാണ്. മറ്റൊരു സെമിനാരിക്കാരന്റെ മൂന്നു സഹോദരന്മാരില്‍ രണ്ടു പേരും സെമിനാരിയില്‍ തന്നെയാണ്. ഈ രണ്ടു കുടുംബങ്ങളിലേയും മാതാപിതാക്കള്‍ തങ്ങളുടെ ഇടവകകളില്‍ മതബോധനരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നവരാണ്. പ്രാര്‍ത്ഥനാന്തരീക്ഷമുള്ള കുടുംബമാണ് ദൈവവിളിയുടെ സമൃദ്ധമായ വിളവുനല്‍കുന്ന വിളനിലങ്ങള്‍ എന്നു നിസ്സംശയം പറയാം.

ദൈവവിളികള്‍ കുറഞ്ഞുവരുന്നതിന് പ്രധാനകാരണങ്ങള്‍

കാരണങ്ങള്‍ പലതുണ്ട്. ഇന്നത്തെ സാമൂഹ്യസമ്പര്‍ക്കമാധ്യമങ്ങള്‍ തന്നെയാണ് ദൈവവിളികള്‍ കുറഞ്ഞു വരുന്നതിന്റെ പ്രധാന കാരണമെന്നെനിക്കു തോന്നുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായി വ്യാപൃതനാകുന്ന ഒരു വ്യക്തിക്ക് സ്വസ്ഥമായിരിക്കാന്‍ സമയം കിട്ടുകയില്ല. തിരുസന്നിധിയില്‍ സ്വസ്ഥമായിരുന്നാലല്ലേ ദൈവത്തിന്റെ ശബ്ദം കേള്‍ക്കാന്‍ സാധിക്കൂ. സോഷ്യല്‍ മീഡിയ ആവശ്യത്തിന് മാത്രം ഉപയോഗിക്കുകയും, പ്രാര്‍ത്ഥനയ്ക്കും തിരുവചനവായനയ്ക്കും ധ്യാനത്തിനും സമയം കണ്ടെത്താന്‍ കഴിയുകയും ചെയ്യുന്ന യുവതീയുവാക്കള്‍ക്ക് ദൈവം തങ്ങളെ നയിക്കുന്ന മാര്‍ഗങ്ങളെക്കുറിച്ചുള്ള അവബോധവും തിരിച്ചറിവുമുണ്ടാകും. അതോടൊപ്പം വൈദികരും സന്യസ്തരുമായുള്ള നല്ല സൗഹൃദവും ദൈവികപദ്ധതികളെ തിരിച്ചറിയുന്നതിന് സഹായകമാകും.

വൈദിക പരിശീലനത്തിന്റെ വിവിധ തലങ്ങള്‍

വൈദികപരിശീലനം ക്രിസ്തുവിനോടൊപ്പമുള്ള ഒരു തീര്‍ത്ഥാടനമാണ്. ദൈവപിതാവിന്റെ ഭവനത്തിലേക്ക് ദൈവപുത്രന്‍ തന്നെ മനുഷ്യമക്കളെ ദൈവമക്കളായി രൂപാന്തരപ്പെടുത്തുന്ന ഒരു പുനര്‍സൃഷ്ടികര്‍മ്മം തന്നെയാണത്. മനുഷ്യനായി അവതരിച്ച ദൈവപുത്രന്റെ ഭൗമികയാത്രയില്‍ ആത്മനാ പങ്കുചേരുമ്പോള്‍ ഈ തീര്‍ത്ഥാടനത്തിന്റെ വിവിധ തലങ്ങളെക്കുറിച്ചുള്ള വ്യക്തതയുണ്ടാകും. മനുഷ്യ ശരീരമെടുക്കുന്ന ദൈവപുത്രന്‍ ശരീരത്തെ നിഗ്രഹിക്കുകയല്ലല്ലോ, മറിച്ച് ശരീരത്തെ വചനസംവാഹകരായി രൂപപ്പെടുത്തുകയല്ലേ ചെയ്യുന്നത്.

ഗ്രാമങ്ങളിലും പട്ടണങ്ങളിലും ചുറ്റിസഞ്ചരിച്ച് വചനം പ്രഘോഷിക്കുന്നതിന് തന്റെ ശരീരമാകുന്ന മാധ്യമമല്ലേ ക്രിസ്തുനാഥന്‍ ഉപയോഗിക്കുന്നത്? കുരിശിലെ ദിവ്യയാഗത്തിന് തന്റെ ശരീമല്ലേ പീഡനമേല്‍ക്കുന്നതിനും അവഹേളിതനാകുന്നതിനും വിട്ടു കൊടുക്കുന്നത്? ആ ശരീരം തന്നെയല്ലേ രൂപാന്തരം പ്രാപിച്ച് അള്‍ത്താരയിലെ ബലിവേദിയില്‍ ദൈവജനത്തിന് ആത്മീയഭോജനപാനീയങ്ങളായി മാറുന്നത്? പീഡിപ്പിച്ച് കീഴടക്കി ഭരിക്കേണ്ട അപകടകാരിയായ ശത്രുവല്ല മനുഷ്യശരീരം. ദൈവകൃപയുടെ സ്വീകര്‍ത്താവും പ്രസരണ സ്രോതസുമായി മനുഷ്യശരീരത്തെ കാണാന്‍ ദൈവപുത്രന്‍ നമ്മെ പഠിപ്പിച്ചു. ഈ കാരണങ്ങളാല്‍ തന്നെ ശരീരം-മനസ്-ആത്മാവ് എന്ന സമഗ്രമനുഷ്യദര്‍ശനം അടിസ്ഥാനമാക്കിത്തന്നെ വൈദിക പരിശീലനത്തെ കാണാന്‍ നമുക്ക് കഴിയണം.

ആരോഗ്യമുള്ള ശരീരവും ശാന്തമായ മനസും ദൈവകൃപനിറഞ്ഞ ആത്മാവും ക്രിസ്തുവിന്റെ പുരോഹിതന് ഉണ്ടായിരിക്കണം. ആരോഗ്യമുള്ള ശരീരം രൂപപ്പെടുത്തുന്നതിന് നല്ല ഭക്ഷണവും ചിട്ടയായ വ്യായാമവും വിശ്രമവും ആവശ്യമാണ്. ദൈവാത്മാവ് നയിക്കുന്നിടത്തേക്ക് ശരീരം എത്തിച്ചേരണമെങ്കില്‍ ശരീരത്തിന് ആരോഗ്യവും ശക്തിയും വേഗവും വഴക്കവും വേണം. ഈ കാരണങ്ങള്‍ കൊണ്ടു തന്നെ ചിട്ടയായ വ്യായാമവും യോഗയും കരാട്ടെയും ഫുട്ബോള്‍, വോളിബോള്‍, ബാസ്‌ക്കറ്റ്ബോള്‍, ബാറ്റ്മിന്റണ്‍, തുടങ്ങിയ കളികളും സെമിനാരിവിദ്യാര്‍ത്ഥികളുടെ ദിനചര്യയുടെ ഭാഗമായി മാറുന്നു. അതോടൊപ്പം തന്നെ കായികാധ്വാനവും പ്രകൃതി സ്നേഹവും വളര്‍ത്തുന്നതിന് സഹായകമാകുന്ന പച്ചക്കറി കൃഷിയും പൂന്തോട്ടപരിപാലനവും അവര്‍ കൃത്യതയോടെ ചെയ്യുന്നു.

മൈനര്‍ സെമിനാരിയിലെ പ്രാരംഭ പരിശീലനത്തിനുശേഷം മേജര്‍ സെമിനാരിയിലേക്ക് പ്രവേശിക്കുന്ന വൈദികവിദ്യാര്‍ത്ഥി മൂന്നു വര്‍ഷത്തെ തത്വശാസ്ത്രപഠനവും നാലുവര്‍ഷത്തെ ദൈവശാസ്ത്രപഠനവും വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ മാത്രമേ തിരുപ്പട്ട സ്വീകരണത്തിന് യോഗ്യത നേടൂ. ചിട്ടയായ തത്വശാസ്ത്രപഠനം വഴിയായി സത്യാന്വേഷണത്തിനായുള്ള മനസിന്റെ രൂപീകരണം തന്നെയാണ് ലക്ഷ്യം വയ്ക്കുന്നത്. മനുഷ്യയുക്തിയുടെ സാധ്യതകളും പരിമിതികളും തിരിച്ചറിയാനും കഠിനാധ്വാനം ചെയ്ത് അറിവ് ആര്‍ജിക്കാനും മനുഷ്യപരിമിതികളെ പരിഹരിക്കുന്ന ദൈവിക വെളിപാടിന്റെ സാധ്യതകളെ മനസിലാക്കി തിരുവചനങ്ങളിലൂടെ വെളിവാക്കപ്പെട്ട ദൈവികരഹസ്യങ്ങള്‍ അപഗ്രഥിച്ച് മനസിലാക്കാനും ദൈവശാസ്ത്രപഠനം സാഹായകമാകും. പ്രശ്നസങ്കീര്‍ണ്ണമായ കാര്യങ്ങളെ അപഗ്രഥിച്ച് മനസിലാക്കാനും ഏതൊരു കാര്യത്തിന്റെയും സത്തയും അലങ്കാരവും വേര്‍തിരിച്ചറിയാനും സെമിനാരികളില്‍ നല്‍കുന്ന ചിട്ടയായ ബൗദ്ധികപരിശീലനം സഹായകമാകും.

വൈദികപരിശീലനത്തില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന കാര്യം വൈദികവിദ്യാര്‍ത്ഥി ദൈവവുമായി ആഴമേറിയ ആത്മബന്ധത്തില്‍ വളരുന്നതിന് അനുകൂലമായ സാഹചര്യമൊരുക്കുക എന്നതാണ്. വിശുദ്ധകുര്‍ബാന അര്‍പ്പണവും ദിവ്യകാരുണ്യ ആരാധനയും യാമപ്രാര്‍ത്ഥനകളും തിരുവചനധ്യാനവും ആത്മപരിശോധനയും ആത്മീയഗ്രന്ഥപാരായണവും വഴിയായി വിശുദ്ധിയില്‍ വളരാനും ദൈവസ്നേഹത്തില്‍ ആഴപ്പെടാനും സെമിനാരിക്കാര്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്നു. സദാസമയവും തിരുസന്നിധിയിലാണ് തങ്ങളെന്ന അവബോധത്തില്‍ വളരുന്നതിന് അനുസൃതമായിരിക്കും ദൈവികമനുഷ്യരായി അവര്‍ രൂപപ്പെട്ടുവരുന്നത്.

പൗരോഹിത്യവും പ്രതിസന്ധികളും

ആധുനികലോകം പുതുമയുടെ പിന്നാലെ അന്ധമായി മുന്നേറുകയല്ലേ എന്നു പലപ്പോഴും തോന്നാറുണ്ട്. പുതുമയാര്‍ന്നതെന്തോ അത് കൗതുകപൂര്‍വ്വം വീക്ഷിക്കുക, ആസ്വദിക്കുക, സ്വന്തമാക്കുക, ഇത് ഇന്നത്തെ തലമുറയുടെ സ്വഭാവമായി മാറിക്കഴിഞ്ഞു. പുതുമയാര്‍ന്നതെല്ലാം നന്മയ്ക്കുതകുന്നതാണോ എന്നു പരിശോധിക്കാന്‍ ആര്‍ക്കും സമയമില്ല. കാലത്തിന്റെ കുത്തൊഴുക്കിനനുസരിച്ച് സുഖമായി ഒഴുകി നീങ്ങാനാണ് എല്ലാവര്‍ക്കും ഇഷ്ടം. ഇന്നത്തെ കമ്പോളവ്യവസ്ഥിതിയുടെ അടിമകളായി ധനവും ജീവിതമൂല്യങ്ങളും കുടുംബ മഹിമയും നഷ്ടമാക്കുന്ന ‘അടിപൊളി’ ജീവിതം നയിക്കുന്ന യുവതലമുറയെ സമഗ്രവിമോചനത്തിന്റെ സ്വര്‍ഗീയപാതയിലൂടെ വഴിനടത്തുക എന്നതു തന്നെയാണ് ഇന്നു ക്രിസ്തുവിന്റെ പുരോഹിതന്‍ നേരിടു പ്രധാനവെല്ലുവിളി. ഒഴുക്കിനെതിരെ നീന്തുക ഒട്ടും എളുപ്പമല്ല. ചെറുത്തുനില്‍ക്കാന്‍ ത്രാണിയില്ലാത്തതിനാല്‍ പല പുരോഹിതരും ‘നിലനില്‍പിന്റെ ദൈവശാസ്ത്രത്തിന്റെ’ വക്താക്കളായി മാറുന്ന ദയനീയ കാഴ്ച കാണാന്‍ കഴിയും.

അവതരിച്ച ദൈവപുത്രന്റെ ലാളിത്യവും എളിമയും ദാരിദ്ര്യവും ദൈവാശ്രയ ബോധവും ജീവിത ശൈലിയാക്കുന്നതിനേക്കാള്‍ എളുപ്പം ദൈവപുത്രന്റെ വിജയശ്രീലാളിതമായ രണ്ടാം വരവിന്റെ മഹിമയെ വര്‍ണ്ണിക്കാനും അതുവഴിയായി തങ്ങളുടെ സുഖജീവിതത്തെ ന്യായീകരിക്കാനുമാണ് കൂടുതല്‍ സുഖം. നമ്മളറിയാതെ നമ്മുടെ സമൂഹത്തില്‍ ഇത്തരം ദൈവശാസ്ത്രവിശകലനങ്ങളും ദേവാലയ നിര്‍മ്മാണ ശൈലികളും തിരുന്നാളാഘോങ്ങളും രൂപപ്പെട്ടു കൊണ്ടിരിക്കുന്നത് തിരിച്ചറിയാന്‍ പോലും കഴിയാത്തവിധം അന്ധമാകുന്നു നമ്മുടെ ആന്തരീകനേത്രങ്ങള്‍. ക്രിസ്തു വിഭാവനം ചെയ്ത ദൈവരാജ്യനിര്‍മ്മിതിക്കായി നാം പ്രവാചകധീരതയോടെ മുന്നേറേണ്ടിയിരിക്കുന്നു. സഭയെയും സമൂഹത്തെയും നന്മയുടെ പാതയിലൂടെ നയിക്കുന്ന ധീരരായ പ്രവാചകരുടെ അപര്യാപ്ത തന്നെയാണ് ഇന്നു സഭ നേരിടുന്ന പ്രധാന വെല്ലുവിളി.

പ്രതിസന്ധികളും സെമിനാരി പരിശീലനവും

സെമിനാരിയില്‍ എല്ലാം മുറപോലെ നടക്കുന്നു. കൃത്യസമയത്ത് പ്രാര്‍ത്ഥിക്കുന്നു, ക്ലാസുകള്‍ ചിട്ടയായി നടക്കുന്നു, മുറുമുറുപ്പും പരാതിയുമില്ല, അനുസരണമുള്ള നല്ല സെമിനാരിക്കാര്‍ തന്നെയാണ് ഇവിടെയും. പക്ഷേ, തങ്ങളുടെ ജീവിതത്തെ ക്രിസ്തുവിന്റെ ശിഷ്യത്വവുമായി ഹൃദയപരമാര്‍ത്ഥതയോടെ താരതമ്യപ്പെടുത്തുന്ന പരിശീലകരും പരിശീലനാര്‍ത്ഥികളും കുറഞ്ഞുവരുന്നു.

അനുസരണമുള്ള സഭാശുശ്രൂഷകരെ ലഭിച്ചാല്‍ നാം സംതൃപ്തരായി. ദൈവമക്കളെ നന്മയുടെ വഴിയിലൂടെ നയിക്കുന്ന ആത്മീയ ആചാര്യന്മാരെയാണ് നമുക്ക് ആവശ്യം. ദൈവാത്മാവിനാല്‍ നിറഞ്ഞ് ജനമദ്ധ്യത്തില്‍ ക്രിസ്തു സാന്നിധ്യമാകുന്ന പുരോഹിതരെ നമുക്കു വേണം. ദൈവാത്മാവിനാല്‍ നിറയാനുള്ള തീവ്രമായ ആഗ്രഹത്തോടെയുള്ള പ്രാര്‍ത്ഥന, നന്മതിന്മകള്‍ തിരിച്ചറിയുന്ന വിവേകമാര്‍ജിക്കാനുള്ള തുറവിയോടെയുള്ള സത്യാന്വേഷണയജ്ഞം, കാലത്തിന്റെ ചുവരെഴുത്തുകളെ വായിച്ചെടുക്കാനുള്ള ഉള്‍ക്കാഴ്ച ലഭിക്കുന്ന സാമൂഹ്യപ്രവര്‍ത്തനപരിചയം, ദൃശ്യമാധ്യമലോകത്തിലെ മാറ്റങ്ങള്‍ ശ്രദ്ധയോടെ മനസിലാക്കാനുള്ള ലോകപരിചയം എന്നിവയെല്ലാം നമ്മുടെ ശ്രദ്ധയില്‍ വരേണ്ട കാര്യങ്ങളാണ്. നിസംഗതയില്‍ നിന്നുമുള്ള ഒരു ഉയിര്‍ത്തെഴുല്‍ന്നേല്‍പ്പു തന്നെയാണ് ഇതിനാവശ്യം. ‘ഇത്രയുമൊക്കെ ചെയ്താല്‍പോരെ?’ എന്ന് ചോദിക്കുന്നതിനു പകരം ‘ഇനിയും എന്താണെനിക്കു കുറവ്’ എന്ന ചോദ്യമാണ് നാം ചോദിക്കേണ്ടതും ഉത്തരം കണ്ടെത്തേണ്ടതും.

കാഴ്ചപ്പാടുകളില്‍ മാറ്റം വരുത്തുന്ന സെമിനാരി പരിശീലനം

സെമിനാരിയില്‍ നിന്നും പുറത്തിറങ്ങുമ്പോഴാണ് അവര്‍ ലോകമെന്തെന്ന് അറിയുന്നത്. മനുഷ്യന്റെ പ്രയാസങ്ങളും ആകുലതകളും അറിയാന്‍ ഒത്തിരി അവസരങ്ങളുണ്ട്. ‘പ്രാര്‍ത്ഥിക്കാം കേട്ടോ എന്ന മറുപടിക്ക് അപ്പുറം എങ്ങിനെയാണ് പ്രശ്നപരിഹാരം തേടേണ്ടത് എന്നു ചിന്തിക്കുന്നവര്‍ വളരെ കുറച്ചുപേര്‍ മാത്രമേയുള്ളു. ചെറിയ കാര്യങ്ങള്‍ കൂടി അടിപൊളി ആഘോഷങ്ങളാക്കുന്ന പ്രവര്‍ത്തനശൈലിയാണ് പലരുടേതും. അതുകൊണ്ട് തന്നെ ഗൗരവമായ സാമൂഹ്യപ്രശ്നങ്ങളോ കുടുംബ പ്രശ്നങ്ങളോ അവരെ ബാധിക്കുന്നേയില്ല. തലപുകഞ്ഞ് ആലോചിക്കാനുള്ള സമയവുമില്ല. സമൂഹത്തില്‍ ചലനങ്ങള്‍ സൃഷ്ടിക്കാനാകാതെ, പ്രശ്നങ്ങളിലൊന്നും ഇടപെടാതെ, സുഗമമായി ഇവരുടെ ആത്മീയശുശ്രൂഷ മുന്നോട്ടു പൊയ്‌ക്കൊണ്ടിരിക്കും. എന്നാല്‍, സ്വയം മറന്ന്, ദൈവജനത്തിന്റെ വിമോചനത്തിനായി യാഗമായി മാറാന്‍ സദാ ഉത്സുകരായ ധാരാളം വൈദികര്‍ സഭയിലുണ്ട് എന്നത് പ്രതീക്ഷയുണര്‍ത്തുന്ന കാര്യമാണ്.

കഴിവുകളെ പോഷിപ്പിക്കുന്ന സെമിനാരി പരിശീലനം

ദൈവം നല്‍കിയ കഴിവുകളേയും അഭിരുചികളേയും കണ്ടെത്താനും വളര്‍ത്താനും സെമിനാരികളില്‍ ധാരാളം അവസരങ്ങളുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള സാഹിത്യസമാജങ്ങളും, കലാമത്സരങ്ങളും നാടകമത്സരങ്ങളൂം കായികാഭ്യാസങ്ങളുമെല്ലാം സെമിനാരികളിലുണ്ട്. ഈ അവസരങ്ങള്‍ ഉപയോഗപ്പെടുത്തുന്നതു വഴി സെമിനാരിക്കാര്‍ക്കെല്ലാം ലഭ്യമായ കഴിവുകളില്‍ അനുദിനം വളരാനും ആത്മവിശ്വാസമാര്‍ജിക്കാനും കഴിയും.

ദൈവജനത്തിന്റെ ഇടയന്മാരാക്കി രൂപാന്തരപ്പെടുത്തുന്നു

സമൂഹത്തില്‍ നിന്നും തിരഞ്ഞെടുത്ത് ദൈവജനത്തിന്റെ ഇടയന്മാരായി രൂപപ്പെടുത്തി സമൂഹത്തിലേക്ക് തന്നെ തിരിച്ചയക്കുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം. ആടുകള്‍ ഉറങ്ങുമ്പോള്‍ ജാഗ്രതയോടെ ഉണര്‍ന്നിരിക്കുന്ന അജപാലകനേ ആടുകള്‍ക്ക് സുരക്ഷിതത്വം നല്‍കാന്‍ കഴിയൂ. ആത്മീയവും ബൗദ്ധികവുമായ ഉണര്‍വാണ് ദൈവജനത്തിന്റെ അജപാലകനായി നിയോഗിക്കപ്പെടുന്ന പുരോഹിതന്റെ സ്വഭാവസവിശേഷത. അബദ്ധസിദ്ധാന്തങ്ങളേയും വ്യജപ്രവാചകരേയും തിരച്ചറിയാനുള്ള ബുദ്ധികൂര്‍മ്മതയും ആത്മീയവെളിച്ചവും പരിശീലനകാലത്ത് ആര്‍ജിച്ചെടുക്കുന്ന പുരോഹിതനു മാത്രമേ സമൂഹത്തെ നേര്‍വഴിയിലൂടെ നയിക്കാന്‍ കഴിയൂ. പ്രശ്നസങ്കീര്‍ണ്ണമായ ഈ ലോകത്തില്‍ നന്മതിന്മകളെ വിവേചിച്ചറിഞ്ഞ് നന്മയുടെ പാതയിലൂടെ അജഗണത്തെ നയിക്കാന്‍ വിവേകവും ധാര്‍മ്മികശക്തിയും ദൈവാശ്രയബോധവുമുള്ള പുരോഹിതരെയാണ് ഇന്നിന്റെ ആവശ്യം. ഈ ലക്ഷ്യങ്ങളോടു കൂടിത്തന്നെയാണ് സെമിനാരികളിലെ പരിശീലനപരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. ഈ പരിശീലനപരിപാടികളോട് ഹൃദയപരമാര്‍ത്ഥതയോടെ സഹകരിക്കുന്ന വൈദികവിദ്യാര്‍ത്ഥിക്ക് ഇന്നത്തെ സമൂഹത്തിന്റെ പ്രശ്നങ്ങളെ അപഗ്രഥിച്ച് മനസിലാക്കി ദൈവജനത്തെ നേര്‍വഴിയിലൂടെ നയിക്കാന്‍ സാധിക്കും.

സെമിനാരി പരിശീലനത്തിന്റെ അടിസ്ഥാന ഘടകങ്ങള്‍

മാനവരക്ഷക്കായി സ്വയം യാഗമായിതീര്‍ന്ന നിത്യപുരോഹിതനായ ക്രിസ്തുവിന്റെ സഹന-മരണ-ഉത്ഥാനങ്ങളെ ധ്യാനിച്ച് അനുദിനബലിയര്‍പ്പണത്തിലൂടെ ആത്മീയവിശുദ്ധീകരണം പ്രാപിക്കാന്‍ വൈദികവിദ്യാര്‍ത്ഥികളെ സജ്ജരാക്കണമെന്നതു തന്നെയാണ് പരിശീലനത്തിന്റെ പ്രഥമവും പ്രധാനവുമായ കാര്യം. ക്രിസ്തുവിനേപ്പോലെ തന്നെ ഇന്ന് ഇവിടെ ദൈവജനത്തനായി യാഗമായിത്തീരേണ്ടവനാണ് ഒരോ പുരോഹിതനും എന്ന ബോധ്യത്തില്‍ ആഴപ്പെടാന്‍ വൈദികപരിശീലനം സാഹായകമാകണം. മനുഷ്യപരിമിതികളെയും ബലഹീനതകളെയും തിരിച്ചറിഞ്ഞ് ദൈവകൃപയില്‍ ആശ്രയിച്ച് മുന്നേറാന്‍ ദൈവമാതാവായ പരിശുദ്ധ കന്യാകാമറിയത്തിന്റെ ജീവിതമാതൃക പ്രചോദനമാകണം. ഒപ്പം പരിശുദ്ധ ദൈവമാതാവിന്റെ മദ്ധ്യസ്ഥതയില്‍ ആശ്രയിക്കാനും തിന്മയുടെ ശക്തികളില്‍ നിന്നും സംരക്ഷണം തേടാനും സെമിനാരി പരിശീലകാലത്ത് തന്നെ ഒരോ വൈദീകാര്‍ത്ഥിക്കും കഴിയണം. ശാസ്ത്രീയമായ ദൈവശാസ്ത്രപഠനത്തോടൊപ്പം ആഴമേറിയ തിരുവചനധ്യാനവും ജീവിതശൈലിയായി രൂപപ്പെടുത്തണം. സഭാപ്രബോധനങ്ങളെ ആദരവോടെ കാണാനും പരിശുദ്ധാത്മാവ് നല്‍കുന്ന ആത്മീയവെളിച്ചത്തില്‍ പ്രവാചകധീരതയോടെ തിരുവചനം വ്യാഖ്യാനിക്കാനും പരിശീലിക്കണം. ക്രിസ്തുവിനേപ്പോലെ തന്നെ ഒരോ പുരോഹിതനും കരുണാമയനായ സ്വര്‍ഗ്ഗപിതാവിന്റെ കാണപ്പെടുന്ന രൂപമായി മാറണം. ആന്തരീകസ്വാതന്ത്ര്യമുള്ളവനും സമന്വയത്തിന്റെയും സൗഹൃദത്തിന്റെയും വക്താവുമാകണം പുരോഹിതന്‍. എല്ലാക്കാര്യങ്ങളിലും ഉപരിനന്മയും ശാശ്വതമായ സന്തോഷവും പരിപൂര്‍ണ്ണതയും തേടുന്നവനാകണം ക്രിസ്തുവിന്റെ പുരോഹിതന്‍.

സെമിനാരി വിദ്യാര്‍ത്ഥികളുടെ ഐക്യം

പരസ്പരസഹകരണവും ഐക്യവും വളര്‍ത്താന്‍ സഹായകമാകുന്ന കര്‍മ്മപരിപാടികള്‍ സെമിനാരി പരിശീലനകാലത്ത് അത്യന്താപേക്ഷിതമാണ്. ഏല്‍പിക്കപ്പെടുന്ന ചെറുതും വലുതുമായ കാര്യങ്ങള്‍ മറ്റുള്ളവരുമായി ആലോചിച്ച് കൃത്യതയോടെ പ്ലാന്‍ചെയ്ത് പരസ്പരസഹകരണത്തോടെ നിര്‍വഹിക്കുന്നതിന് ഒട്ടേറെ അവസരങ്ങള്‍ സെമിനാരിയില്‍ ലഭ്യമാകും. അതോടൊപ്പം തന്നെ വിജയപരാജയങ്ങള്‍ അധികാരികളുടെ സാന്നിധ്യത്തില്‍ ക്രിയാത്മകമായി വിലയിരുത്താനും അവസരങ്ങളുണ്ടാകും. ഇവയെല്ലാം ഭാവിയില്‍ അജപാലനരംഗത്ത് എല്ലാവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനും ദൈവജനത്തിന്റെ ഐക്യം എവിടെയും സംരക്ഷിക്കുന്നതിനും സഹായകമാകും.

പൗരോഹിത്യം നല്‍കുന്ന പ്രത്യാശ

സഭ വലിയ പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോഴും ധാരാളം യുവതീയുവാക്കള്‍ തങ്ങളുടെ ദൈവവിളി തിരിച്ചറിഞ്ഞ് സഭാസേവനത്തിനായി ഇറങ്ങിതിരിക്കുന്നു എന്നത് പ്രത്യാശാജനകമായ കാര്യമാണ്. അവരുടെ പ്രതീക്ഷക്കൊത്തവിധം ദൈവരാജ്യമൂല്യങ്ങളെ സംരക്ഷിച്ച് സധൈര്യം മുന്നേറാന്‍ സഭാമക്കള്‍ക്കേവര്‍ക്കും കഴിയണം.

നവവൈദികര്‍ക്കുള്ള സന്ദേശം

ജനമദ്ധ്യത്തില്‍ ക്രിസ്തു സാന്നിധ്യമായി മാറുക. ക്രിസ്തു ഇന്ന് , ഇവിടെ എന്നിലൂടെ ജീവിക്കണമെന്ന ഉറച്ചബോധ്യത്തോടെ ദൈവ പരിപാലനയില്‍ ആശ്രയിച്ച് മുന്നേറുക. ദൈവം നിങ്ങളിലൂടെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നതും ദൈവമക്കളിലേക്ക് നിങ്ങളുടെ കരങ്ങളിലൂടെ അനുഗ്രങ്ങള്‍ സമൃദ്ധമായി വര്‍ഷിക്കുന്നതും കാണാന്‍ നിങ്ങള്‍ക്ക് കഴിയും. എപ്പോഴും സന്തോഷമായിരിക്കുക. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.