ഫാ. ജോസഫ് തൊണ്ടിപ്പറമ്പിൽ നിര്യാതനായി

മാനന്തവാടി രൂപതാംഗമായ ഫാ. ജോസഫ് തൊണ്ടിപ്പറമ്പിൽ (69) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. വിശുദ്ധനാട് സന്ദർശനത്തിലായിരിക്കെ ഈജിപ്‌തിലെ കെയ്‌റോയിൽ വച്ചായിരുന്നു അന്ത്യം. ഇന്ത്യയിലെ അറിയപ്പെടുന്ന ബൈബിൾ പണ്ഡിതനായിരുന്നു അദ്ദേഹം. പരേതന്റെ ആത്മാവിനായി പ്രാർത്ഥിക്കാം.

കഴിഞ്ഞ അഞ്ചു വര്‍ഷക്കാലമായി പാലാരിവട്ടം പി.ഓ.സി-യില്‍ ബൈബിള്‍ പരിഭാഷകനായി സേവനം ചെയ്തുവരികയായിരുന്നു.

എറണാകുളം അതിരൂപതയിലെ കിഴക്കമ്പലത്ത് തൊണ്ടിപ്പറമ്പില്‍ ദേവസ്യ-ഏലിയാമ്മ ദമ്പതികളുടെയ ഏഴ് മക്കളില്‍ അഞ്ചാമനായി 1950 ജനുവരി 18-ാം തീയതി ജോസഫസച്ചന്‍ ജനിച്ചു. സെന്‍റ് തോമസ് സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തലശ്ശേരി മൈനര്‍ സെമിനാരിയില്‍ ചേര്‍ന്ന അദ്ദേഹം പൂന പേപ്പല്‍ സെമിനാരിയില്‍ നിന്ന് തിയോളജിയും പൂര്‍ത്തിയാക്കി. അഭിവന്ധ്യ മാര്‍ ജേക്കബ് തൂങ്കുഴി പിതാവില്‍ നിന്നും 1975 ഡിസംബര്‍ 31-ാം തീയതി വൈദികപട്ടം സ്വീകരിച്ചു. 1976 മുതല്‍ 1980 വരെ അഭിവന്ധ്യ പിതാവിന്‍റെ സെക്രട്ടറിയും ചാന്‍സലറുമായിരുന്നു. ഈ കാലയവളവില്‍ തന്നെ തൃശ്ശിലേരി ഇടവകയുടെ വികാരിയായും സേവനം ചെയ്തു.

1980-ല്‍ ഉപരിപഠനത്തിനായി റോമിലേക്ക് പോയ അച്ചന്‍ 1984-ല്‍ റോമിലെ ബിബ്ലിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സേക്രഡ് സ്ക്രിപ്ച്വറില്‍ ലൈസന്‍ഷ്യേറ്റും 1989-ല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ബിബ്ലിക്കല്‍ തിയോളജിയില്‍ ഡോക്ടറേറ്റും കരസ്ഥമാക്കി. 1989 മുതല്‍ 1993 വരെ ഒണ്ടയങ്ങാടി മാര്‍ട്ടിന്‍ ഡി പോറസ് പള്ളിവികാരിയായിരുന്നു. 1993 മുതല്‍ 2014 വരെയുള്ള കാലഘട്ടത്തില്‍ ആലുവ പൊന്തിഫിക്കല്‍ സെമിനാരിയില്‍ പ്രൊഫസറും തദവസരത്തില്‍ തന്നെ ആലുവ സെമിനാരി വൈസ് റെക്ക്ട്ടരായും പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വൈസ് പ്രസിഡന്‍റായും ശുശ്രൂഷ ചെയ്തു. 2014-ല്‍ ആലുവ പൊന്തിഫിക്കല്‍ സെമിനാരിയില്‍ നിന്നും വിരമിച്ച അച്ചന്‍, വിവിധ സെമിനാരികളില്‍ വിസിറ്റിംഗ് പ്രൊഫസറായും പാലാരിവട്ടം പി.ഓ.സി.യില്‍ ബൈബിള്‍ പരിഭാഷകനായും സേവനം ചെയ്തുവരികയായിരുന്നു.

എളിമയും കഠിനാദ്ധ്വാനവും മുഖമുദ്രയാക്കിയ അച്ചന്‍ ജീവിതത്തിന്‍റെ ഭൂരിഭാഗവും സെമിനാരി വിദ്യാര്‍ത്ഥികളുടെ പരിശീലനത്തിനായി ചിലവഴിച്ചു. വിശുദ്ധ ഗ്രന്ഥത്തിലെ ഗഹനമായ ചിന്തകള്‍ നര്‍മ്മത്തില്‍ ചാലിച്ച് മനസ്സിലാക്കി കൊടുക്കുന്നതിനുള്ള അച്ചന്‍റെ കഴിവ് വിദ്യാര്‍ത്ഥികളായ വൈദികരും മെത്രാന്മാരും നന്ദിപൂര്‍വ്വം അനുസ്മരിക്കാറുണ്ട്. സ്വതസിദ്ധമായ ശൈലിയിലൂടെയുള്ള അച്ചന്‍റെ വചനപ്രഘോഷണത്തിലൂടെയും ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിലൂടെയുള്ള വചനപ്രഘോഷണ പരമ്പരകളിലൂടെയും പലതരത്തിലുള്ള എഴുത്തുകളിലൂടെയും ലോകത്തുടനീളം, അനേകരെ ദൈവത്തിലേക്ക് അടുപ്പിക്കാന്‍ അച്ചന് സാധിച്ചു. നന്മയുടെയും സ്നേഹത്തിന്‍റെയും ദീപം അനേകര്‍ക്ക് കൈമാറി ദൈവസന്നിധിയിലേക്ക് യാത്രയായ അച്ചന്‍റെ പാവനസ്മരണക്ക് മുമ്പില്‍ മാനന്തവാടി രൂപതാകുടുംബം നിറമിഴികളോടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

കടപ്പാട്: Office of the PRO
Diocese of Mananthavady
Bishops House, Mananthavady- 670 645