കൊള്ളക്കാർ വിളയാടുന്ന ഗ്രാമങ്ങൾ; മോഷ്ടിച്ച പള്ളിമണി തിരിച്ചേൽപ്പിച്ച കള്ളന്മാർ

വിശുദ്ധ ബലി അർപ്പിക്കുന്നതിനായി 25 കിലോമീറ്റർ കാൽനടയായി സഞ്ചരിക്കുന്ന മലയാളി മിഷനറി വൈദികനാണ് ഫാ. ജോൺസൺ തളിയത്ത് സി.എം.ഐ. ആഫ്രിക്കൻ രാജ്യമായ മഡഗാസ്കറാണ് അച്ചന്റെ പ്രവർത്തനമേഖല. മിഷൻ പ്രവർത്തനത്തിനായി 24 വർഷങ്ങൾക്കു മുൻപ് മഡഗാസ്കറിൽ എത്തിയ ഈ പുരോഹിതൻ തന്റെ ഏറ്റവും പുതിയ മിഷൻ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ്. അതിൽ കൊള്ളക്കാർ വിളയാടുന്ന ഗ്രാമങ്ങളെക്കുറിച്ചും മോഷ്ടിച്ച പള്ളിമണി തിരിച്ചേൽപ്പിച്ച കള്ളന്മാരെക്കുറിച്ചുമുള്ള വിശേഷങ്ങളുണ്ട്. 

അച്ചൻ പറഞ്ഞു തുടങ്ങി. “കൊള്ളക്കാർ വിളയാടിയിരുന്ന ഗ്രാമങ്ങളാണ് ഇവിടെ പലതും. ഇവിടുത്തെ മനുഷ്യർക്ക് വളരാൻ അവസരമുണ്ടായിട്ടും പലരും തളർന്നിരിക്കുന്നതിന്റെ പിന്നിൽ കള്ളന്മാരുടെ ആക്രമണങ്ങളാണ്. കാളകളായിരുന്നു ഒരു കാലത്ത്  കൊള്ളയ്ക്ക് വരുന്നവരുടെ ആകർഷണം. കാരണം കാളകളാണ് ആളുകളുടെ പ്രധാന സമ്പത്തും സമ്പാദ്യവും. മനുഷ്യരെ ആക്രമിച്ച് കാളകളെ കൊണ്ടുപോകും. പിന്നീട് അത് കൊലപാതകങ്ങളിലേക്ക് വഴി തെളിച്ചു. അതിനെ തുടർന്ന്, കൊള്ളക്കാർ പാവപ്പെട്ട സ്ത്രീകളെയും കുട്ടികളെയും ബന്ദികളാക്കി കൊണ്ടുപോകുന്ന പതിവും ആരംഭിച്ചു. അങ്ങനെ ദുരിതപൂർണ്ണമാണ് ഇവിടുത്തെ ജീവിതം.”

ഇങ്ങനെയൊക്കെയാണെങ്കിലും ഈ കൊള്ളക്കാരിലൂടെ ചില നന്മകൾ ഉണ്ടാകുന്നുണ്ട്. അവയെയും ജോൺസൺ അച്ചൻ ചൂണ്ടിക്കാണിക്കുന്നു. 

“മുമ്പ് കാളകൾ ധാരാളമുണ്ടായിരുന്ന വർഷങ്ങളിൽ സ്‌കൂളുകളിൽ കുട്ടികളെ കിട്ടാൻ ബുദ്ധിമുട്ടായിരുന്നു. കാരണം കുട്ടികളാണ് കാളകളെ മേയ്ക്കാനായി അയക്കപ്പെട്ടിരുന്നത്. സ്‌കൂളിൽ ചേർന്നാലും ക്‌ളാസുകൾ മുടക്കിയാണ് കുട്ടികൾ കാളകളെ തീറ്റാൻ പോയിരുന്നത്. പ്രായോഗികമായി പറഞ്ഞാൽ അറിവില്ലാത്തവരുടെ എണ്ണം കൂട്ടുന്ന ഒരു പദ്ധതി. കൊള്ളക്കാർ കൂടിയപ്പോൾ കാളകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. അധികം കുടുംബങ്ങൾക്കും ഒറ്റ കാള പോലും ഇല്ലാത്ത അവസ്ഥ. അതോടെ കുട്ടികൾ തൊഴിൽരഹിതരായി. പഠിക്കാൻ സമയമുണ്ടായി. ഫലത്തിൽ, ക്ലാസിൽ കുട്ടികൾ മുഴുവൻ സമയ വിദ്യാർത്ഥികളായി.”

പള്ളിയിലെ മണി മോഷ്ടിച്ച കള്ളനെ, കൊള്ളക്കാർ തന്നെ തിരിച്ചേൽപ്പിച്ച സംഭവവും ജോൺസൺ അച്ചൻ വിവരിക്കുന്നു.   

“ഒരു ദിവസം ഇവിടെ അടുത്തുള്ള ഒരു ദേവാലയത്തിലെ മണി മോഷ്ടിക്കപ്പെട്ടു. പലയിടങ്ങളിലും മണി തെരഞ്ഞു. പക്ഷേ, കണ്ടുകിട്ടിയില്ല. ആളുകൾക്കെല്ലാം സങ്കടമായി. അങ്ങനെ എല്ലാവരും ദു:ഖിതരായിരിക്കുമ്പോൾ, ആ രാത്രി തന്നെ മോഷ്ടാവിനേയും കൂട്ടി കുറച്ചുപേരെത്തി മണി തിരിച്ചേല്പിച്ചു. മോഷ്ടാവിനെയും മണിയേയും തിരിച്ചേൽപ്പിച്ചവർ ആരാണെന്നു കണ്ടപ്പോഴാണ് എല്ലാവരും അത്ഭുതപ്പെട്ടു പോയത്. അവർ ശരിക്കുള്ള കൊള്ളക്കാരായിരുന്നു!

ഒരു പള്ളിയിൽ നിന്നും മണി മോഷ്ടിക്കുന്നത് യഥാർത്ഥ കൊള്ളക്കാർക്കു പോലും അംഗീകരിക്കാനാവില്ല. അക്കാര്യത്തിൽ അവരുടെ ധാർമ്മികബോധം ഉയർന്നു. കൊള്ളക്കാർ തന്നെ മണിമോഷ്ടാവിനെ പിടികൂടി പള്ളിയിൽ ഏൽപ്പിച്ചു. ഇങ്ങനെ രസകരമായ കാര്യങ്ങൾ ഇവിടുത്തെ മിഷൻ പ്രവർത്തനങ്ങൾക്കിടയിൽ ഉണ്ടാകാറുണ്ട്.” ഈ സംഭവം വിവരിക്കുമ്പോൾ അച്ചന്റെ മുഖത്ത് പുഞ്ചിരി. 

ക്രിസ്തുവിനെ അറിയിക്കാൻ, അവിടുത്തെ ഉപകരണമാകാൻ എന്നും മറ്റു മിഷനറിമാർക്കും സാധിക്കട്ടെ. അരപ്പട്ട മുറുക്കി, തോൾ സഞ്ചിയും എടുത്തുകൊണ്ട്  മഡഗാസ്കറിന്റെ ഗ്രാമങ്ങളിലേക്കും വനാന്തരങ്ങളിലേക്കും സ്നേഹത്തിന്റെ സുവിശേഷവുമായി യാത്ര തുടരുന്ന ഫാ. ജോൺസൻ തളിയത്ത് എന്ന പുരോഹിതനും മറ്റെല്ലാ മിഷനറിമാർക്കും ആശംസകൾ!

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.