നാസികൾ ശിരച്ഛേദം നടത്തിയ ഫാ. ജാൻ മച്ചാ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്

നാസി രഹസ്യപ്പോലീസായ ഗസ്റ്റപ്പോകൾ ശിരച്ഛേദം നടത്തിയ ഫാ. ജാൻ മച്ചായെ നവംബർ 20-ന്  വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തും. ദക്ഷിണ പോളണ്ടിലെ ക്രൈസ്റ്റ് ദി കിംഗ് കത്തീഡ്രലിൽ വച്ചായിരിക്കും കർദ്ദിനാൾ മർസെല്ലോ സെമാരാരോ, രക്തസാക്ഷിയായ ഈ വൈദികനെ  വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയർത്തുക.

1939-ൽ നാസികൾ പോളണ്ട് കീഴടക്കിയപ്പോൾ ഫാ. ജാൻ മച്ചാ, ഉറ്റവർ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് സംരക്ഷണം നൽകിപ്പോന്നു. ‘താഴ്വരയിലെ ലില്ലിപ്പൂവ്’ എന്ന പേരിലുള്ള നാസികൾക്കെതിരെയുള്ള ഒരു സംഘടനയിലും അദ്ദേഹം അംഗമായിരുന്നു. കാറ്റോവിസിലെ ഒരു റെയിൽവേ സ്റ്റേഷനിൽ വച്ച് 1941 സെപ്റ്റംബർ അഞ്ചിന് ഗെസ്റ്റപ്പോ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. പിന്നീട് 1942 ജൂലൈ 17-ന് അദ്ദേഹത്തിന് വധശിക്ഷ വിധിച്ചു. മാപ്പ് ചോദിച്ചുകൊണ്ട് അദ്ദേഹത്തിന്റെ അമ്മ മോചനത്തിനായി ഒരുപാട് ശ്രമങ്ങൾ നടത്തിയെങ്കിലും 1942 ഡിസംബർ മൂന്നിന് അദ്ദേഹത്തെ തൂക്കിലേറ്റി. മരിക്കുമ്പോൾ അദ്ദേഹത്തിന് 28 വയസ് സുമാത്രമായിരുന്നു പ്രായം. പുരോഹിതനായിട്ട് 1257 ദിവസം മാത്രം ജീവിച്ച അദ്ദേഹത്തിന്റെ ഭൗതികശരീരം ഇതുവരെ കണ്ടെത്താനായിട്ടില്ല.

2011-ൽ ഈ വൈദികനെക്കുറിച്ച് ഒരു ഡോക്യുമെന്ററി ചിത്രം പുറത്തുവന്നിരുന്നു. ‘വിതൗട് വൺ ട്രീ, എ ഫോറെസ്റ് വിൽ സ്റ്റേ എ ഫോറസ്‌റ്റ്‌’ എന്നായിരുന്നു സംവിധായകൻ ഡാഗ്മര ദ്രാസഗ തിരഞ്ഞെടുത്ത പേര്. വധശിക്ഷയ്ക്ക് തൊട്ടുമുമ്പ് ഫാ. മച്ചാ തന്റെ കുടുംബത്തിന് എഴുതിയ കത്തിലെ ഒരു വാചകമാണിത്. 2019 നവംബർ 29 -ന് അദ്ദേഹത്തെ ഫ്രാൻസിസ് മാർപ്പാപ്പ രക്തസാക്ഷിയായി പ്രഖ്യാപിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.