‘ക്രിസ്തുവിന്റെ തണലിൽ’ ജെൻസൺ അച്ചൻ

സുനീഷ വി.എഫ്.

ഇന്ന് വൈകുന്നേരം അത്താഴത്തിന് എന്തു വിളമ്പും എന്നു ചിന്തിച്ച് തല പുകയ്ക്കാത്ത അമ്മമാരില്ല. അതുപോലെ എല്ലാ ദിവസവും തന്റെ അജഗണത്തിന് എന്തു നൽകുമെന്നോർത്ത് പ്രാർത്ഥനയോടെ ദൈവതിരുസന്നിധിയിലായിരിക്കുന്ന ഒരു പുരോഹിതനുണ്ട്. തന്റെ ആശ്രമ ദൈവാലയത്തിൽ എല്ലാ ദിവസവും ഉച്ചക്കു ശേഷം ദിവ്യകാരുണ്യ സന്നിധിയിൽ ധ്യാനിക്കുന്ന ഈ പുരോഹിതന് ഓരോ ദിവസവും ധ്യാനിക്കേണ്ട വചനഭാഗത്തെ അനേകരിലേയ്ക്കെത്തിക്കുക എന്ന വലിയ ഉത്തരവാദിത്വമാണുള്ളത്.

ഇത്രയുമൊക്കെ വായിക്കുമ്പോഴേക്കും ആരാണത് എന്ന ചിന്ത നമ്മുടെ മനസ്സിലേക്ക് ഓടിയെത്തിയിട്ടുണ്ടാകും. വയനാട്ടിലെ കായക്കുന്ന് ലാസലറ്റ് ആശ്രമത്തിലെ ഫാ. ജെൻസൺ ചെന്ദ്രാപ്പിന്നി ആണ് സുവിശേഷ പ്രഘോഷണത്തിന്റെ പുതുമാധ്യമമായി മാറിയിരിക്കുന്നത്.

കഴിഞ്ഞ ഒന്നര വർഷമായി നമുക്കായി എന്നും വൈകുന്നേരങ്ങളിൽ പിറ്റേ ദിവസത്തെ വചനവിചിന്തനങ്ങൾ നൽകിക്കൊണ്ടാണ് സുവിശേഷത്തെ അച്ചൻ ജനകീയമാക്കി മാറ്റിയത്. ആൽഫി എന്ന പെൺകുട്ടിക്ക് സ്വന്തം വൃക്ക ദാനം ചെയ്തുകൊണ്ട്, സുവിശേഷം എന്നാൽ പങ്കുവയ്ക്കലാണ് എന്ന് തന്റെ ജീവിതം കൊണ്ട് തെളിയിച്ചു ഈ വൈദികൻ.

366 ചിന്തകൾ, 366 വചനവിചാരങ്ങൾ; ‘ക്രിസ്തുവിന്റെ തണലിൽ’ എന്ന പേരിൽ എല്ലാ ദിവസവുമുള്ള തന്റെ വചനവിചിന്തനങ്ങളെ കൂട്ടിച്ചേർത്ത് ഒരു പുസ്തകമാക്കി മാറ്റി പ്രസിദ്ധീകരിച്ചിരിക്കുകയാണ് ജെൻസൺ അച്ചൻ. വിശ്രമത്തിലാണെങ്കിലും തന്റെ പുസ്തകത്തെക്കുറിച്ചും സർജറിക്കു ശേഷമുള്ള തന്റെ അനുഭങ്ങളെക്കുറിച്ചുമെല്ലാം ഫാ. ജെൻസൺ ലാസലറ്റ് ലൈഫ് ഡേ -യോട് പങ്കുവയ്ക്കുകയാണ്.

‘ലളിതഭാഷയുടെ മധ്യസ്ഥൻ’

ജെൻസനച്ചന്റെ വചനവിചിന്തനങ്ങളുടെ വായനക്കാരിൽ 75 ശതമാനവും സാധാരണക്കാരാണ്. അതിനാൽ തന്നെ അത് എല്ലാവർക്കും മനസ്സിലാകുന്ന ഒന്നായിരിക്കണമെന്ന് അച്ചന് നിർബന്ധവുമുണ്ടായിരുന്നു. 2020 -ലെ 50 നോമ്പിൽ ആരംഭിച്ച എഴുത്ത് ഇന്നും അനുസ്യൂതം തുടരുന്നത് ദൈവത്തിന്റെ പ്രത്യേക ഇടപെടലാണെന്നാണ് അച്ചൻ പറയുന്നത്.

“ഇത് എന്റെ ഏഴാമത്തെ പുസ്തകമാണെങ്കിലും ഇതിന് പ്രത്യേകതകൾ അല്പം കൂടുതലാണ്. ഓരോ ദിവസവും ദൈവം എന്നെകൊണ്ട് എഴുതിച്ചതാണെന്നു മാത്രമേ എനിക്ക് പറയാൻ കഴിയൂ. ഇത് എന്റെ സ്വപ്നത്തേക്കാളുപരിയായി ദൈവത്തിന്റെ സ്വപ്നമാണ്. ജെൻസൺ എന്ന ഒരു വ്യക്തിക്കോ, പുരോഹിതനോ ചെയ്യാൻ കഴിയുന്ന ഒന്നല്ല അത്.

ഒരു കാലഘട്ടത്തിൽ ഞാൻ ചിന്തിച്ചിരുന്നു, എല്ലാ ദിവസവും ഇത് എങ്ങനെ എഴുതാൻ സാധിക്കും എന്ന്. എങ്കിലും ദൈവം ഒരാളെ സ്പർശിച്ചാൽ പിന്നെ അസാധ്യമായത് ഒന്നുമില്ല. ഓരോ ദിവസവും ദൈവസന്നിധിയിൽ പോയി കരഞ്ഞുകൊണ്ടാണ് പല ചിന്തകളും പങ്കുവയ്ക്കുന്നത്. ഒരു ക്രെഡിറ്റും എനിക്കിതിൽ അവകാശപ്പെടാനില്ല. ദൈവം ചെയ്യിപ്പിച്ചു, ഞാൻ ഒരു ഉപകരണമായി നിന്നു കൊടുത്തു. അവിടുന്നുമായി മല്പിടുത്തത്തിനൊന്നും പോയില്ല” – അച്ചൻ വെളിപ്പെടുത്തുന്നു. ദൈവത്തിന്റെ മുൻപിൽ എന്നും താഴ്മയോടെ ആയിരിക്കുന്ന അച്ചൻ എല്ലാം അവിടുത്തേക്കായി സമർപ്പിക്കുകയാണ്; ഈ പുസ്തകവും.

സമൂഹമാധ്യമങ്ങൾ ഉപയോഗിക്കാൻ അല്പം പോലും ആഗ്രഹമില്ലാത്ത ഒരു പുരോഹിതനിലൂടെ അതേ മാധ്യമം ഉപയോഗിച്ചു കൊണ്ടു തന്നെ സുവിശേഷം അറിയിക്കാൻ നിയോഗിക്കുകയായിരുന്നു ദൈവം. എല്ലാ കാര്യത്തിലും ഒരു നന്മ കാണാൻ സാധിക്കണം എന്ന ചിന്തയുടെ ഏറ്റവും മഹത്തായ ഒരു ഉദാഹരണമാണ് അച്ചന്റെ ഈ നവമാധ്യമ സുവിശേഷപ്രഘോഷണം. ക്രിസ്തു സുവിശേഷം പ്രഘോഷിച്ചത് രാജാക്കന്മാമാരോടോ, ഉന്നതശ്രേണിയിലുള്ളവരോടോ അല്ലായിരുന്നു. മറിച്ച് ഏറ്റവും സാധാരണക്കാരോടായിരുന്നു. സത്യത്തിൽ ജെൻസൺ അച്ചന്റെ ഏറ്റവും വലിയ വായനക്കാർ എന്നതും ഈ സാധാരണക്കാർ തന്നെയാണ്. ഏകദേശം ഒരു ലക്ഷം ആളുകളിലേക്കാണ് ദിവസവും അച്ചന്റെ സുവിശേഷചിന്തകൾ കടന്നുചെല്ലുന്നത്. കൊച്ചുകൊച്ചു കഥകളിലൂടെയും സംഭവങ്ങളിലൂടെയും ക്രിസ്തുവിന്റെ ഏറ്റവും ആഴമുള്ള വചനങ്ങൾ ഏറ്റവും ലളിതമായ രീതിയിൽ അച്ചൻ വിവരിക്കുന്നു.

ഇതൊക്കെ തന്നെയും പലപ്പോഴും നമ്മുടെ ഓരോരുത്തരുടെയും ജീവിതം തന്നെയാണ്. അതിനാൽ തന്നെ വായനക്കാർക്ക് ഈ വചനചിന്തകൾ ധ്യാനിക്കാനും വളരെ എളുപ്പമാണ്. ഉത്തരം കിട്ടാത്ത എത്ര വലിയ ചോദ്യമാണെങ്കിലും അതിനൊക്കെയുള്ള ഉത്തരം നമുക്ക് വിശുദ്ധ ബൈബിളിൽ നിന്ന് ലഭ്യമാകുമെന്ന് ജെൻസൺ അച്ചൻ തന്റെ എഴുത്തുകളിലൂടെ വിശദമാക്കിത്തരുന്നുണ്ട്.

ഒറ്റ സ്ക്രോൾ;  എല്ലാ തലമുറക്കുമുള്ള ഫുൾ പാക്കേജ്

തിരക്കിന്റെ ലോകത്ത് നീണ്ട വായനക്ക് എല്ലാവർക്കും വേണ്ടത്ര സമയം കിട്ടാറില്ല. എന്നാൽ ജെൻസനച്ചന്റെ കുറിപ്പുകൾ കിട്ടിയാൽ ആരും വായിക്കാതെ പോകില്ല. കാരണം അത് അത്ര സിംപിളാണ്. മൊബൈൽ ഫോണിലായാലും കമ്പ്യൂട്ടറിലായാലും ഒറ്റ സ്ക്രോളിനു വായിച്ചുതീർക്കാൻ പറ്റുന്ന ‘മിനി ബൈബിൾ’ എന്നോ, ‘ഗോസ്പൽ ബോൺസായ്’ എന്നോ ഒക്കെ നമുക്കതിനെ വിളിക്കാം. കാരണം നർമ്മരസം ചേർത്ത് കാച്ചിക്കുറുക്കിയുള്ള ആ എഴുത്തിൽ എത്ര വലിയ വചനഭാഗമാണെങ്കിലും വായിക്കുന്നവരുടെ മനസ്സിൽ അത് അലിഞ്ഞുചേരും.

ഒരു നിമിഷമെങ്കിലും പ്രാർത്ഥിക്കാതെ, അതിനെക്കുറിച്ചു ചിന്തിക്കാതെ വായനക്കാരന് കടന്നുപോകാൻ സാധിക്കുകയില്ല. ഒരൊറ്റ സ്ക്രോളിൽ വായനക്കാരനെ ഇരുത്തിച്ചിന്തിപ്പിക്കാൻ കഴിയുക എന്നത് ഒരു തികവാർന്ന എഴുത്തുകാരനു മാത്രം സാധിക്കുന്ന ഒരു കാര്യവുമാണ്. അതിനാൽ തന്നെ ഈ ഒരു എഴുത്തിന്റെ പിന്നിലെ ആ വലിയ കഠിനാദ്ധ്വാനവും പ്രാർത്ഥനയും വളരെ വലുതാണ്.

 “അച്ചാ, ഇന്ന് എഴുതിയത് എന്റെയും കൂടി കഥയാണ് കേട്ടോ”, “അച്ചാ, എന്റെ സംശയത്തിനുള്ള ഉത്തരം ഇന്നത്തെ എഴുത്തിലുണ്ടായിരുന്നു”, “അച്ചന്റെ എഴുത്ത് വലിയ ആശ്വാസവും പ്രതീക്ഷയും നൽകുന്നു” എന്നൊക്കെ മെസ്സേജുകളിലൂടെയും ഫോൺ വിളികളിലൂടെയും നേരിട്ടും നൽകിക്കൊണ്ട് അനേകം ആളുകളാണ് ഓരോ ദിവസവും അച്ചന്റെ വചനധ്യാനത്തോട് പ്രതികരിക്കുന്നത്. അതു തന്നെയാണ് അച്ചന്റെ എഴുത്തിനുള്ള ഏറ്റവും വലിയ പ്രേരകശക്തിയും.

ചിലരൊക്കെ സ്വാനുഭവങ്ങൾ മറ്റുള്ളവർക്ക് ഉപകാരപ്രദമാകുവാൻ അച്ചനോട് എഴുതാൻ ആവശ്യപ്പെടാറുമുണ്ട്. ഒരു വലിയ ഉത്തരവാദിത്വമായിട്ടാണ് ജെൻസനച്ചൻ ഈ ഒരു ശുശ്രൂഷയെ കാണുന്നത്. അതുകൊണ്ടു തന്നെ അച്ചന് സന്തോഷവും നന്ദിയും നൽകിയ ഒരുപാട് അവസരങ്ങൾ ഈ എഴുത്തിലൂടെ ഉണ്ടായിട്ടുണ്ട്.

ഗൾഫിൽ ജോലി ചെയ്യുന്ന ഒരു സഹോദരി അച്ചനോട് പങ്കുവച്ച ഒരു കാര്യമാണ് അച്ചന്റെ ഓർമ്മയിൽ പെട്ടെന്ന് ഓടിയെത്തിയത്. നാട്ടിലെ തന്റെ പ്രായമായ അമ്മയും അഞ്ചിലും നാലിലും പഠിക്കുന്ന മക്കളും ഒരുമിച്ചിരുന്നാണ് വൈകുന്നേരം അച്ചന്റെ തിരുവചന വിചിന്തനം ദിവസവും വായിക്കുന്നത്. “ഇത് വലിയൊരു അനുഭവമാണ്. ഇന്നത്തെ തലമുറയും പഴയ ഒരു തലമുറയും ഒരുമിച്ചിരുന്നു ഇത് വായിക്കുക എന്നത് വലിയൊരു കാര്യം തന്നെയാണ്. ഏതു പ്രായക്കാർക്കും ഇത് സ്വീകാര്യമാണെന്നും അതോടൊപ്പം ദൈവവചനത്തിനു മുൻപിൽ യാതൊരു വലിപ്പച്ചെറുപ്പവുമില്ല എന്നും ഇത് സൂചിപ്പിക്കുന്നു. വ്യത്യസ്തമാർന്ന പ്രായവും ജീവിതസാഹചര്യങ്ങളുമാണ് എല്ലാവർക്കുമുള്ളതെങ്കിലും വായിക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്യുന്നത് അവിടുത്തെ വചനമാണല്ലോ എന്നുള്ളതാണ് എനിക്ക് ഏറ്റവും സന്തോഷം നൽകുന്നത്” – അച്ചൻ വാചാലനായി.

അൾത്താരക്കു മുന്നിലെ മധ്യാഹ്നങ്ങൾ

ജെൻസനച്ചന്റെ മധ്യാഹ്നങ്ങൾ മിക്കവാറും എല്ലാ ദിവസവും അൾത്താരക്കു മുൻപിലാണ്. ‘അന്നന്നു വേണ്ട ആഹാരം ഇന്ന് ഞങ്ങൾക്ക് തരേണമേ’ എന്ന് പ്രാർത്ഥിക്കുന്നതു പോലെ ‘ദിവ്യകാരുണ്യ സന്നിധിയിൽ അവിടുത്തെ വചനം ഏത് രീതിയിൽ ഇന്ന് കൊടുക്കാൻ പറ്റും ദൈവമേ’ എന്ന ചോദ്യവുമായാണ് അച്ചൻ ആയിരിക്കുക. കാരണം, അവിടുത്തെ പ്രത്യേക കരുണയില്ലാതെ ഒരു വാക്കു പോലും തനിക്ക് ഒറ്റക്ക് എഴുതാൻ സാധിക്കുകയില്ലെന്നാണ് അച്ചൻ പറയുന്നത്. പിറ്റേ ദിവസത്തെ വചനഭാഗത്തിനുള്ള ചിന്തകളാണ് ഓരോ ദിവസവും വൈകുന്നേരങ്ങളിൽ അച്ചൻ പങ്കുവയ്ക്കുന്നത്. അത് തലേ ദിവസം തന്നെ വായിച്ചുകൊണ്ടായിരിക്കും അച്ചൻ ധ്യാനിക്കുന്നത്. എന്തിനേറെപ്പറയുന്നു, ഉറക്കത്തിൽ പോലും ഈ വചനഭാഗമാണെന്നു പറഞ്ഞു ചിരിക്കുകയാണ് ഈ പുരോഹിതൻ.

ദിവ്യകാരുണ്യത്തിന്റെ തിരുസന്നിധിയിൽ ആയിരുന്നു കൊണ്ട് അന്നന്നുള്ളത് കർത്താവിന്റെ പക്കൽ നിന്ന് വാങ്ങിയെടുക്കുകയാണ് അച്ചന്റെ പതിവ്. “ചിലപ്പോഴൊക്കെ വചനഭാഗത്തിനു ചേരുന്ന യാതൊന്നും ഓർമ്മയിലോ, മനസ്സിലോ ഉണ്ടാകില്ല. ഒരു വർഷത്തെ ലിറ്റർജിക്കൽ കലണ്ടറിൽ ഒരേ വചനഭാഗം അഞ്ചു തവണയൊക്കെ ആവർത്തിച്ചു വരാറുണ്ട്. അത് അഞ്ചു സംഭവങ്ങളിൽ അഞ്ചു തരത്തിൽ അവതരിപ്പിക്കേണ്ടതുണ്ട്.  അപ്പോഴൊക്കെ ഞാൻ അവിടുത്തോട് പറയും, ‘കർത്താവേ നീ ആയിട്ടാണ് ഇതിനു തുടക്കമിട്ടത്. വെറുതേ നീ നിന്നെത്തന്നെ നാണം കെടുത്തല്ലേ. ഞാൻ സ്വന്തമായി എന്തെങ്കിലും എഴുതിവിട്ടാൽ അത് നിന്റെ ആകില്ല കേട്ടോ’ എന്ന്. ഇതൊക്കെ പറഞ്ഞു കഴിയുമ്പോഴായിരിക്കും ഒരു ഫോൺ കോളിലൂടെയോ, ചില വ്യക്തികളിലൂടെയോ ഒക്കെയായി ദൈവം സംസാരിക്കുക. ഇതുപോലുള്ള അത്ഭുതങ്ങൾ ഇടയ്ക്കിടെ സംഭവിക്കാറുണ്ട്. അപ്പോഴൊക്കെ എന്റെ വിശ്വാസവും ആദ്യത്തേതിൽ നിന്ന് കൂടുതലാകും” – അച്ചൻ പറയുന്നു.

വചനം പങ്കുവച്ചു; പിന്നാലെ കിഡ്നിയും

വചനം പങ്കുവയ്ക്കപ്പെടാനുള്ളതാണ്. അത് ജെൻസനച്ചൻ നന്നായി ചെയ്യുന്നുമുണ്ട്. ജീവൻ നൽകുക, അതിൽ ഭാഗം ചേരുക എന്നൊക്കെ പറയുന്നത് വളരെയധികം ദൈവികമായ ഒരു കാര്യമാണ്. വചനം മാത്രമല്ല ദൈവം ദാനമായി നൽകിയ ജീവിതവും മറ്റുള്ളവർക്കായി പകുത്തു നൽകാമെന്നു സ്വജീവിതം കൊണ്ട് കാണിച്ചുതരികയാണ് ഈ പുരോഹിതൻ. സ്വയം മുറിഞ്ഞ യേശുവിന്റെ ശരീരവും രക്തവും കഴിഞ്ഞ 16 വർഷമായി വിശുദ്ധ ബലിയിലൂടെ കൈകളിലും മനസ്സിലും ഏന്തുന്ന ജെൻസൺ അച്ചൻ സ്വന്തം കിഡ്‌നി ആൽഫിയെന്ന പെൺകുട്ടിക്ക് ദാനം ചെയ്തിരുന്നു. അതും ഒരു ദൈവികപദ്ധതിയുടെ ഭാഗമായാണ് ഈ പുരോഹിതൻ കാണുന്നത്.

രണ്ടര വർഷം മുൻപ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്തിരുന്നെങ്കിലും മറ്റു പല കാരണങ്ങൾ കൊണ്ടും അന്നത് വേണ്ടെന്നു വയ്ക്കുകയായിരുന്നു. എന്നാൽ പിന്നീട് ഈ ഒരു കാര്യം മനസ്സിലിട്ട് പ്രാർത്ഥിച്ച് മുൻപോട്ട് പോയി. എല്ലാ കാര്യങ്ങളും അനുകൂലമായി വരുന്നുണ്ടെന്നു മനസിലാക്കിയ അച്ചൻ മാനസിക-ശാരീരിക- ആത്മീയ ഒരുക്കങ്ങൾ നടത്തിയിരുന്നു.

“നമ്മിലൂടെ ഒരാൾ ജീവിക്കുന്നു എന്നുള്ളത് ഏറ്റവും മഹത്തരമാണ്. ദൈവികമായ ഒരു പ്രവർത്തനമാണത്. അതുകൊണ്ടു തന്നെ എല്ലാത്തരത്തിലും അങ്ങേയറ്റം ഞാൻ ഒരുങ്ങാൻ പരിശ്രമിച്ചിരുന്നു. എന്റെ പല ഇഷ്ടങ്ങളെയും വേണ്ടെന്നു വച്ചുകൊണ്ട് പ്രാർത്ഥനയോടെ ഞാൻ ഇതിനായി ഒരുങ്ങി. ലാ സലറ്റ് മാതാവിന്റെ 175 -ആം പ്രത്യക്ഷീകരണ വർഷമാണിത്. ഞങ്ങളുടെ സഭ വിവിധ പ്രവർത്തനങ്ങളിലൂടെയാണ് ഇത് ആഘോഷിക്കുന്നത്. സഭാധികാരികളോട് അനുവാദം ചോദിക്കുമ്പോൾ ഈ ഒരു എളിയ പരിശ്രമത്തെ അതിനോട് ചേർത്തുവയ്ക്കാനാണ് ഞാൻ ആവശ്യപ്പെട്ടതും. എല്ലാവിധ പിന്തുണയും നൽകികൊണ്ട് എന്റെ സന്യാസ സഭ എന്നെ അനുവദിച്ചു” – അച്ചന്റെ വാക്കുകളിൽ നന്ദി നിറയുകയാണ്.

സർജറിക്കു ശേഷമുള്ള വിശ്രമദിനങ്ങളിൽ അച്ചൻ തൃശൂരുള്ള തന്റെ ഭവനത്തിൽ മാതാപിതാക്കളോടൊപ്പമായിരുന്നു. അവരുടെ സ്നേഹവും കരുതലും ഒരു കൊച്ചുകുഞ്ഞിനെയെന്ന പോലെ ഒരിക്കൽക്കൂടി അനുഭവിച്ചറിയാൻ കഴിഞ്ഞത് ദൈവം തനിക്ക് രണ്ടാമതായി ഒരുക്കിവച്ച വലിയ സമ്മാനമായിട്ടാണ് അച്ചൻ കരുതുന്നത്. ഇപ്പോഴും വിശ്രമത്തിൽ തന്നെയാണെങ്കിലും ദൈവമേല്പിച്ച ‘എഴുത്ത് എന്ന ഈ വലിയ ഉത്തരവാദിത്വം അച്ചൻ സന്തോഷത്തോടെ തുടരുകയാണ്.

പുസ്തകപ്രകാശനം ഓരോ വായനക്കാരനും

ഒരു പുസ്തകം പുറത്തിറങ്ങുമ്പോൾ ഒരു പ്രകാശനച്ചടങ്ങ് സംഘടിപ്പിക്കുക സാധാരണമാണ്. എന്നാൽ ‘ക്രിസ്തുവിന്റെ തണലിൽ’ എന്ന ഈ പുസ്തകത്തിന്റെ പ്രകാശനം നിർവഹിക്കാനുള്ള അവസരം അച്ചൻ ഓരോ വായനക്കാരനും നൽകി. അച്ചന്റെ എഴുത്തുകളെ ഇത്രയധികം ജനകീയമാക്കിയത് വായനക്കാരാണ്. അതിനാൽ തന്നെ അത് തുറക്കുന്ന ഓരോ വായനക്കാരനുമാണ് അത് പ്രകാശനം ചെയ്യുന്നത് എന്നത് അച്ചന് ഏറെ സന്തോഷം നൽകുന്നു. തപാലിലൂടെ ലഭിക്കുന്ന പുസ്തകം ലഭിച്ചു എന്നു പറഞ്ഞുള്ള വിളികൾ അച്ചനെ തേടി ഇപ്പോൾ എത്തുന്നു.

പുസ്തകം ആക്കുന്നതിനു പണച്ചിലവുണ്ടായിരുന്നു. അതിനാൽ ഒരു 500 കോപ്പിയുടെ തുക ആദ്യമേ കാണേണ്ടതുണ്ടായിരുന്നു. ദൈവത്തോട് പ്രാർത്ഥിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിലൂടെ അതിന്റെ പരസ്യം എല്ലാവരിലേക്കും എത്തിച്ചു. അത്ഭുതമെന്ന പോലെ 750 കോപ്പിയുടെ പണം അച്ചന് ലഭിച്ചു. സോഫിയ പബ്ലിക്കേഷന്സിലൂടെയാണ് അച്ചന്റെ പുസ്തകം പുറത്തിറങ്ങിയത്.

തനിക്കുള്ളതെല്ലാം ദൈവത്തിനു സമർപ്പിച്ചുകൊണ്ട് അവിടുത്തെ തൂലികയായി മാറിക്കൊണ്ടിരിക്കുന്ന ജെൻസനച്ചന് നന്ദി മാത്രമേ ഉള്ളൂ. ഓരോ ദിവസവും വചനാധിഷ്ഠിതമായ ഒരു ജീവിതവും ചിന്തയും തനിക്കും മറ്റുള്ളവർക്കും ഉണ്ടാകാൻ ദൈവം തന്നെ തിരഞ്ഞെടുത്തതിൽ ഈ പുരോഹിതൻ അവിടുത്തെ തിരുസന്നിധിയിൽ താഴ്മയോടെ ആയിരിക്കുകയാണ്. വചനത്തിൽ സ്വയം ഉരുകിക്കൊണ്ട് തന്നെ പൂർണ്ണമായും അവിടുത്തേക്ക് സമർപ്പിക്കാനാണ് ഈ പുരോഹിതൻ ഓരോ നിമിഷവും ആഗ്രഹിച്ചുകൊണ്ടിരിക്കുന്നത്.

കൊച്ചുകൊച്ചു ചിന്തകളിലൂടെ ദൈവത്തെയാണ് അച്ചൻ അനേകരിലേക്കെത്തിക്കുന്നത്. പങ്കുവയ്ക്കപ്പെടലിന്റെ വക്താവായി മാറിയ ദൈവത്തിന്റെ വിശുദ്ധ പുരോഹിതൻ. സുവിശേഷ പ്രഘോഷണത്തിന്റെ നവമാധ്യമമായ ജെൻസനച്ചന് ലൈഫ്ഡേയുടെ ആശംസകൾ!

സുനീഷ വി.എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.