ഒരിക്കല്‍ അവര്‍ വിവാഹത്തിന് ഒരുങ്ങി: ഇപ്പോള്‍ അയാള്‍ വൈദികനും അവള്‍ സന്യാസിനിയുമാണ് 

പരസ്പരം അറിഞ്ഞു, സ്നേഹിച്ചു, വിവാഹത്തിനായി തയ്യാറെടുത്തു. വിവാഹത്തിനായി ഒരുങ്ങിയ അവരുടെ ഉള്ളിൽ എനിക്കായി നിങ്ങളുടെ ജീവിതം തരുമോ എന്ന ദൈവത്തിന്റെ ചോദ്യം മുഴങ്ങി. ആ ചോദ്യത്തിന് ആമ്മേൻ പറഞ്ഞു സന്യസ്ത ജീവിതത്തിലേയ്ക്ക് കാലെടുത്തുവെച്ചു. ഇത് ഫാ. ഒലിവേരയുടെയും  സിസ്റ്റര്‍ മരിയെയുടെയും ജീവിതം. ഏറെ അത്ഭുതം നിറഞ്ഞ ദൈവവിളിയുടെ കഥയാണ് ഈ സന്യസ്ഥര്‍ക്ക് ലോകത്തോട് പറയുവാനുള്ളത്.

വിശ്വാസത്തിലേയ്ക്ക് അടുപ്പിച്ച സൗഹൃദം 

ജാവിയര്‍ ഒലിവേരായും മരിയെ ഡെ ലായും കത്തോലിക്കാ കുടുംബങ്ങളിലാണ് ജനിച്ചതും വളര്‍ന്നതും. ചെറുപ്പം മുതലേ ഇരുവർക്കു൦  നന്നായി അറിയാമായിരുന്നു. അവരുടെ കുടുംബങ്ങൾ നല്ല സൗഹൃദം പുലർത്തിയിരുന്നു. വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ എപ്പഴോ ജാവിയര്‍ തന്റെ വിശ്വാസത്തിൽ നിന്ന് അകന്നുപോയി. അങ്ങനെ മുന്നോട്ട് പോകുന്നതിനിടയിലാണ് വിദ്യാഭ്യാസം ഒലിവേരായെയും മരിയെയും അടുപ്പിക്കുന്നത്. ബ്യൂണസ് ഐറിസിലെ നാഷണൽ യൂണിവേഴ്സിറ്റിയിൽ  ഒലിവേരായെയും ലാ പ്ലാറ്റയിലെ നാഷണൽ യൂണിവേഴ്സിറ്റിയിൽ മേരിയും പഠിക്കുന്ന സമയം. അവരുടെ സൗഹൃദം വിവാഹത്തിലേക്ക് വഴിതെളിക്കുന്നു ഒരു ബന്ധമായി വളർന്നു.

അവർ ഒരുമിച്ചു പുസ്തകങ്ങള്‍ വായിക്കുകയും  കോഫീ ഷോപ്പില്‍ പോകുകയും  അര്‍ജന്റീനയിലെ കത്തോലിക്കാ ഗ്രന്ഥകാരന്മാരുടെ കോണ്‍ഫറന്‍സുകളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. മരിയെയുടെ  സൗഹൃദം വിശ്വാസത്തിൽ നിന്ന് അകന്നിരുന്ന ഒലിവേരായെ വിശ്വാസത്തിലേയ്ക്ക് അടുപ്പിക്കുവാൻ തുടങ്ങി. “ഞാന്‍ ഞായറാഴ്ച കുര്‍ബാനകളില്‍ പങ്കെടുക്കുവാനും പ്രാര്‍ത്ഥിക്കുവാനും തുടങ്ങി. തങ്ങള്‍ ഒരുമിച്ച് ജപമാല ചൊല്ലുവാന്‍ ആരംഭിച്ചു. എല്ലാറ്റിനും മരിയെയോടാണ് നന്ദി പറയേണ്ടത്”. ഫാ. ഒലിവേരാ പറയുന്നു. അങ്ങനെ മനോഹരമായ ഒരു ജീവിതവുമായി മുന്നോട്ട് പോവുകയായിരുന്നു അവർ. തങ്ങളുടെ ഇരുപത്തി ഒന്നാമത്തെ വയസിൽ അവർ വിവാഹം ചെയ്യുവാൻ തീരുമാനിച്ചു.

അപ്രതീക്ഷിതമായ വഴിത്തിരിവ് 

അങ്ങനെ ഇരിക്കുമ്പോഴാണ് മരിയെയുടെ മൂത്ത സഹോദരൻ സെമിനാരിയിൽ ചേരണം എന്ന ആഗ്രഹം അറിയിക്കുന്നത്. “സഹോദരന്റെ തീരുമാനം തികച്ചും അപ്രതീക്ഷിതമായിരുന്നു. ഞങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല” എന്ന് സിസ്റ്റർ ഓർക്കുന്നു. ഒടുവിൽ സഹോദരനെ സെമിനാരിയിൽ അയക്കുവാനായി മരിയെ തയ്യാറായി. അതിനായി പോകുമ്പോൾ തന്റെ ഭാവി വരനായ ഒലിവേരായെയും ഒപ്പം കൂട്ടി. എല്ലാം ഉപേക്ഷിച്ചു വൈദികനാകുവാനുള്ള സഹോദരന്റെ തീരുമാനം അവരെ അത്ഭുതപ്പെടുത്തി.

മടങ്ങി വരുമ്പോൾ അവരുടെ സംസാരം സഹോദരന്റെ തീരുമാനത്തെക്കുറിച്ചു സന്യാസ ജീവിതത്തെക്കുറിച്ചും ആയിരുന്നു. പിന്നീടുള്ള അവരുടെ സംസാരം ദൈവവിളിയെക്കുറിച്ചു മാത്രമായി. തങ്ങളെ ദൈവം വിളിച്ചാൽ  എന്താകും സംഭവിക്കുക എന്ന് അവർ ചിന്തിച്ചു തുടങ്ങി. ഈ സമയം തന്നെ തന്റെ ഉള്ളിലും നിനക്ക് എന്തുകൊണ്ട് ഒരു വൈദികനായിക്കൂടാ എന്ന ചോദ്യം ഉയരുന്നതായി ഒലിവേരായ്ക്ക് തോന്നി. വിവാഹ ജീവിതമാണോ അതോ പൗരോഹിത്യ ജീവിതമാണോ നല്ലത്, എവിടെയാണ് തനിക്കു കൂടുതല്‍ നന്മ ചെയ്യാൻ കഴിയുന്നത് തുടങ്ങിയ കാര്യങ്ങൾ അദ്ദേഹത്തെ അലട്ടിക്കൊണ്ടിരുന്നു. ഒടുവിൽ  അത് മരിയെയോട് തുറന്നു പറയുവാൻ അദ്ദേഹം തീരുമാനിച്ചു.

ഒലിവേരാ മരിയെയോട് ഈക്കാര്യം തുറന്നു പറഞ്ഞപ്പോൾ താനും ഇതേക്കുറിച്ചു തന്നെയാണ് ചിന്തിച്ചു കൊണ്ട് ഇരുന്നതെന്ന മറുപടിയായാണ് അവിടെനിന്നും കിട്ടിയത്. എങ്കിലും അവർ പെട്ടെന്ന് ഒരു തീരുമാനം എടുത്തില്ല. തങ്ങളുടെ വിളിയെക്കുറിച്ചു ബോധ്യപ്പെടുവാൻ അവർ രണ്ടു വർഷം കാത്തിരുന്നു. ഒടുവിൽ ഒലിവേരാ സെമിനാരിയിലും മരിയെ മഠത്തിലും ചേർന്നു. വൈദിക പഠനത്തിന് ശേഷം 2008-ല്‍ 31-മത്തെ വയസ്സില്‍ ജാവിയര്‍ ഒലിവേരാ സാന്‍ റാഫേല്‍ രൂപതയിലെ പുരോഹിതനായി പട്ടം സ്വീകരിച്ചു. മരിയെ സിസ്റ്റേഴ്സ് ഓഫ് മെഴ്സിഫുള്‍ ജീസസ് സന്യാസിനി സഭയില്‍ നിന്നും നിത്യവ്രതം സ്വീകരിച്ചു.

ദൈവവിളിയെക്കുറിച്ചു നിരവധി പുസ്തകങ്ങൾ തയ്യാറാക്കിയിട്ടുള്ള ഫാ. ഒലിവേരാ ഇപ്പോള്‍ യൂണിവേഴ്സ്റ്റിറ്റി അധ്യാപകനായി സേവനം ചെയ്യുന്നു. തെക്കന്‍ ഫ്രാന്‍സിലെ ഫ്രെജുസ് ടൂലോന്‍ രൂപതയില്‍ പ്രേഷിത പ്രവര്‍ത്തനത്തിലാണ് സി. മരിയെ. “ദൈവം ഞങ്ങളെ വിളിച്ചത് ഏകദേശം ഒരേ സമയത്താണ്. ഞങ്ങൾ ഇപ്പോഴും സുഹൃത്തുക്കളാണ്. ഞങ്ങൾ മാത്രമല്ല ഞങ്ങളുടെ കുടുംബങ്ങളും” എന്ന് സി. മരിയെ പറയുന്നു. കൂടുതൽ നന്മ ചെയ്യുവാൻ ഇടവരുത്തണേ എന്ന പ്രാർത്ഥനയിൽ ഇരുവരും മുന്നോട്ട് പോവുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.